Fathwa

തറാവീഹ് നമസ്‌കാരവും സ്ത്രീകളും

തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്കോ പുരുഷന്‍ മാര്‍ക്കോ നിര്‍ബന്ധമല്ല. വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുളള പ്രബലമായ ഒരു സുന്നത്ത് മാത്രമാണ്. ‘ആര്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാന്‍ മാസത്തിലെ രാത്രികളില്‍ നിന്നു നമസ്‌കരിക്കുന്നുവോ അവന്റെ മുന്‍കാല പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കും’ എന്ന് തിരുദൂതര്‍ പറഞ്ഞത്

ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി, ഭയഭക്തിയോടെയും സാവകാശത്തോടെയും തറാവീഹ് നമസ്‌കരിക്കുകയും സുബ്ഹ് നമസ്‌കാരം യഥാസമയം അനുഷ്ഠിക്കുകയും ചെയ്തവന്‍ റമദാനില്‍ ‘നിന്നു നമസ്‌കരിച്ചു’ എന്നു പറയാം. നിന്നു നമസ്‌കരിച്ചവര്‍ക്കുളള പ്രതിഫലത്തിന് അയാള്‍ അര്‍ഹനാവുകയും ചെയ്തു.

ഈ കല്‍പന സ്ത്രീകളെയും പുരുഷന്‍മാരെയും ഉള്‍ക്കൊളളുന്നു. എന്നാല്‍, വീട്ടില്‍വെച്ച് നമസ്‌കരിക്കുന്നതാണ് പളളിയില്‍വെച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷഠം. പക്ഷേ, വൈജ്ഞാനികമോ സാംസ്‌കാരികമോ ആയ വല്ല ഉദ്ദേശ്യവും ഉണ്ടെങ്കില്‍ അവര്‍ പളളിയില്‍ പോകുന്നതു തന്നെയാണുത്തമം. ഇക്കാലത്ത് സ്ത്രീകള്‍ക്ക് മതവിജ്ഞാനം നല്‍കുവാന്‍ മിക്ക പുരുഷന്മാരും മെനക്കെടാറില്ല. വല്ലവരും അതിന്നാഗ്രഹിച്ചാല്‍തന്നെ സ്വന്തം നിലയില്‍ അതിന്നുളള കഴിവ് അവര്‍ക്ക് ഉണ്ടാവുകയില്ല. പിന്നെ ശേഷിക്കുന്നത് പളളികളാണ്. അതിനാല്‍, സ്ത്രീകള്‍ക്ക് അതിന്ന് അവസരം നല്‍കുകയാണ് വേണ്ടത്. മാത്രമല്ല, സ്ത്രീകള്‍ വീട്ടില്‍ തന്നെയായിരിക്കുമ്പോള്‍ ഒറ്റക്ക് തറാവീഹ് നമസ്‌കരിക്കുവാനുളള ആവേശമോ സൗകര്യമോ ഉണ്ടായെന്നു വരില്ല. പളളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമായിരിക്കും.

എന്നാല്‍, സ്ത്രീ പുറത്തു പോകുന്നത് പളളിയിലേക്കായാല്‍ പോലും  ഭര്‍ത്താവിന്റെ അനുമതിയോടെ ആവണം. കാരണം, ഭര്‍ത്താവ് കുടുംബനാഥനും അതിന്റെ ഭരണകര്‍ത്താവുമാണ്. സ്വകുടുംബത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിക്കപ്പെടും. ഒരു നിര്‍ബന്ധകാര്യം ഉപേക്ഷിക്കുവാനോ നിഷിദ്ധം പ്രവര്‍ത്തിക്കുവാനോ ഭര്‍ത്താവ് ആവശ്യപ്പെടുന്ന ഘട്ടത്തിലൊഴിച്ച് ഭര്‍ത്താവിനെ അനുസരിക്കുവാന്‍ ഭാര്യ ബാധ്യസ്ഥയുമാണ്. എന്നാല്‍ ന്യായമായ തടസ്സമുണ്ടെങ്കിലല്ലാതെ പളളിയില്‍ പോകുന്നതില്‍നിന്ന്  ഭാര്യയെ തടയുവാന്‍ ഭര്‍ത്താവിന് അവകാശമില്ല. ‘പളളിയില്‍ പോകുന്നതില്‍ നിന്ന് ദൈവദാസിമാരെ നിങ്ങള്‍ തടയരുത്’ എന്ന് നബി (സ) പറഞ്ഞത് മുസ്‌ലിം  നിവേദനം ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് രോഗിയാവുകയും പരിചരണത്തിന് ഭാര്യയുടെ സാമീപ്യവും സാന്നിധ്യവും  ആവശ്യമായി വരുകയും ചെയ്യുക എന്നത് ന്യായമായ  ശര്‍ഇയ്യായ  തടസ്സമാണ്. നമസ്‌കാരസമയം മുഴുവന്‍ ഒറ്റക്കിട്ടുപോവാന്‍ വയ്യാത്ത കൊച്ചുകുട്ടികളുണ്ടാവുകയും അവരെ നോക്കാന്‍ ആരുമില്ലാതിരിക്കുകയും ചെയ്യുകയെന്നതും ശര്‍ഇന്റെ വീക്ഷണത്തില്‍ അംഗീകരിക്കപ്പെട്ട തടസ്സമാണ്. ഇമ്മട്ടിലുളള, ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന മറ്റു തടസ്സങ്ങളുമുണ്ടാവാം.

മറ്റുളളവരുടെ നമസ്‌കാരത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം കരയുകയോ ബഹളം വെക്കുകയോ ചെയ്യുന്ന കുട്ടികളെ ഉമ്മമാര്‍ കൂടെ കൊണ്ടുപോവാതിരിക്കലാണ് അഭികാമ്യം. താരതമ്യേന അല്‍പംസമയം മാത്രം മതിയാവുന്ന ഫര്‍ദ് നമസ്‌കാരങ്ങളില്‍ അത് അനുവദിക്കാമെങ്കിലും ദീര്‍ഘസമയമെടുക്കുന്ന തറാവീഹ് നമസ്‌കാരങ്ങളില്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പളളിയില്‍വെച്ച് സ്ത്രീകള്‍ സംസാരിക്കുന്നതും  പുരുഷന്‍മാര്‍ സംസാരിക്കുന്നതും ഒരുപോലെത്തന്നെ. അനാവശ്യമായി ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് അനുവദനീയമല്ല. വിശിഷ്യാ ലൗകികവിഷയങ്ങള്‍. പളളികള്‍ അതിനുളളതല്ലല്ലോ. അത് ആരാധനയുടെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. ചുരുക്കത്തില്‍, മതനിഷ്ഠയുളള സ്ത്രീ അന്യരുടെ നമസ്‌കാരത്തിനും പളളിയിലെ വിജ്ഞാന വിരുന്നുകള്‍ക്കും തടസ്സം സൃഷടിക്കുംവിധം ശബ്ദമുയര്‍ത്തി സംസാരിക്കുവാന്‍ പാടില്ലാത്തതാണ്. വല്ലതും സംസാരിക്കേണ്ടിവന്നാല്‍തന്നെ അത് പതിഞ്ഞ സ്വരത്തിലും ആവശ്യനിര്‍വഹണത്തിന് മാത്രവും ആയിരിക്കണം.

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സ്ത്രീപുരുഷന്‍മാരെ പരസ്പരം വേര്‍തിരിച്ചു നിര്‍ത്തുന്നതും പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലത്ത് ഇല്ലാതിരുന്നതും സ്ത്രീകള്‍ക്ക് ഇമാമിന്റെ ചലനങ്ങള്‍ അറിയുന്നതിന് തടസ്സം നില്‍ക്കുന്നതുമായ വന്‍ മറകള്‍ വലിച്ചിട്ട് സ്ത്രീകള്‍ക്ക് ഇടുക്കമുണ്ടാക്കുകയും അവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ അതിതീവ്രത കാണിക്കുകയും ചെയ്യുന്ന ചില പുരുഷന്‍മാരുണ്ട് . സ്ത്രീ പളളിയില്‍പോവുക എന്ന ആശയത്തെത്തന്നെ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പളളിയില്‍ ഒച്ചവെച്ച് സംസാരിക്കാന്‍ സ്വയം അനുമതി നല്‍കുന്ന ഈ പുരുഷന്‍മാരില്‍ ചിലര്‍ ഒരു സ്ത്രീക്കും സ്വന്തം അയല്‍ക്കാരിയുടെ ചെവിയില്‍ ഒന്നു മന്ത്രിക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാറില്ല. ഇത് നീതിയല്ല. ‘അല്ലാഹുവും റസൂലും വെറുക്കുന്ന ചില നിയന്ത്രണങ്ങളുണ്ട്’ എന്ന് ഒരു തിരുവചനം കാണാം. സംശയത്തിന് സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍. അത്തരത്തില്‍പ്പെട്ട ആക്ഷേപാര്‍ഹമായ ജാഗ്രതയാണിത്.

ആധുനിക കാലഘട്ടം സ്ത്രീക്കു മുമ്പില്‍ അനേകം കവാടങ്ങള്‍ തുറന്നിട്ടുണ്ട്. അവള്‍ വീട്ടില്‍നിന്ന്  പുറത്തിറങ്ങി സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും മാര്‍ക്കറ്റുകളിലും പോകുന്നു. എന്നാല്‍, പരമോത്കൃഷടവും അത്യുത്തമവുമായ ഒരിടം അവള്‍ക്ക് നിഷിദ്ധമാണ് പളളികള്‍! ദൈവത്തിന്റെ ഭവനത്തില്‍ സ്ത്രീകള്‍ക്ക്  വിശാലത നല്‍കുക എന്ന് ഞാന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അവര്‍ നല്ലത് കാണട്ടെ, ഉപദേശങ്ങള്‍ കേള്‍ക്കട്ടെ, ദീന്‍ പഠിക്കട്ടെ. അതു  വഴി അവര്‍ കുറ്റകരമോ സംശയകരമോ അല്ലാത്ത രീതിയില്‍ അല്‍പം ആശ്വാസവും മാനസികോല്ലാസവും നേടുന്നുവെങ്കില്‍ അതിലും കുഴപ്പമൊന്നുമില്ല, നിഷിദ്ധമായ സൗന്ദര്യ പ്രകടനങ്ങളൊഴിവാക്കി തികഞ്ഞ ഗൗരവത്തോടും ലജ്ജാശീലത്തോടും കൂടിയാണ് അവര്‍ പുറത്തിറങ്ങുന്നതെങ്കില്‍ !