Fathwa

നഷ്ടപ്പെട്ട നോമ്പ്

വല്ല കാരണവശാലും റമദാനില്‍ ചില ദിവസങ്ങളില്‍ നോമ്പ് ഒഴിക്കേണ്ടിവരുകയും അടുത്ത റമദാനുമുമ്പ് അതു നോറ്റുവീട്ടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ എന്ത് ചെയ്യണം ? നോമ്പൊഴിച്ച ദിവസങ്ങളുടെ എണ്ണത്തില്‍ സംശയം ജനിച്ചാല്‍ എന്താണ് പോംവഴി ?

ശാഫിഈ, ഹമ്പലീ മദ്ഹബുകള്‍ പ്രകാരം അയാള്‍ നോമ്പു നോറ്റുവീട്ടുന്നതോടൊപ്പം തെണ്ടം നല്കുകയും വേണം. ഒരു നോമ്പിന്ന് ഒരു അഗതിക്ക് ഒരു മുദ്ദ് ആഹാരം. ഒരു മുദ്ദ് ഏകദേശം 500 ഗ്രാമില്‍ അല്പം കൂടുതല്‍ തൂക്കം വരും. സഹാബികളില്‍

പലരും ഇങ്ങനെ ചെയ്തിരുന്നതിനെ ആസ്പദമാക്കിയാണീ വിധി. മറ്റു മദ്ഹബുകള്‍ പ്രകാരം തെണ്ടം നല്‌കേണ്ടതില്ല. ഏതായാലും ഇങ്ങനെ സംഭവിച്ചാല്‍ നോമ്പ് നോറ്റു വീട്ടുക തന്നെ വേണം. ഭക്ഷണം നല്കുന്നത് നല്ല കാര്യം. നല്കിയില്ലെന്ന് വെച്ച് കുറ്റമില്ല. കാരണം, പ്രസ്തുത വിഷയത്തില്‍ സ്വീകാര്യമായ ഹദീസുകളൊന്നുമില്ല.
എണ്ണത്തിന്റെ കാര്യത്തില്‍ സംശയം ജനിക്കുന്നപക്ഷം ഓരോരുത്തരുടെയും ഉറപ്പനുസരിച്ച് പ്രവര്‍ത്തിക്കുകയോ നിവൃത്തിയുള്ളൂ. തന്റെ അനുഷ്ഠാനത്തില്‍ മനഃസംതൃപ്തി ലഭിക്കുന്നതിന് സംശയത്തിന്റെ പരിധിയിലൊരെണ്ണം കൂടുതല്‍ നോല്ക്കുകയാണ് നല്ലത്. അതിന് പ്രതിഫലം കൂടുതലായി ലഭിക്കുകയും ചെയ്യും.