Fathwa

മഗ്‌രിബിന് തൊട്ടു മുമ്പുള്ള നോമ്പ് തുറ

ഉത്തരം: സൂര്യാസ്തമയമായെന്ന് കരുതി ഒരാള്‍ നോമ്പ് മുറിക്കുകയും എന്നാല്‍ സൂര്യന്‍ അസ്തമിച്ചിട്ടുണ്ടായിരുന്നില്ലായെന്ന് പിന്നീട് അദ്ദേഹത്തിന് വിവരം കിട്ടുകയും ചെയ്താല്‍, റമദാന് ശേഷം ആ നോമ്പ് പിടിച്ചു വീട്ടണമെന്നാണ് മദ്ഹബിന്റെ ഇമാമുമാരുടെ അഭിപ്രായം.

സൂര്യന്‍ അസ്തമിച്ചുവെന്ന് നല്ല ഉറപ്പുണ്ടെങ്കില്‍ മാത്രമേ നോമ്പ് മുറിക്കാന്‍ പാടുള്ളൂ. ഖണ്ഡിതമായ ഒരറിവ് കിട്ടുന്നതു വരെ ഇവിടെ നോമ്പുകാരന്‍ കാത്ത് നിന്നില്ല. മറിച്ച് അവന്‍ അമിതമായി ധൃതികൂട്ടി. അതിനാല്‍ ആ ദിവസത്തെ നോമ്പ് അവന്‍ നോറ്റ് വീട്ടേണ്ടതാണ്. ഇതിന് തെളിവ് അബൂബക്കര്‍ (റ) ന്റെ പുത്രി അസ്മാഇല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസാണ്. നബിയുടെ (സ) കാലത്ത് ഒരിക്കല്‍ മേഘാവൃതമായ ഒരു ദിവസത്തില്‍ അസ്തമയമായെന്ന് കരുതി ഞങ്ങള്‍ നോമ്പ് മുറിച്ചു. എന്നാല്‍ പിന്നീട് സൂര്യന്‍ വീണ്ടും വെളിവായി. അപ്പോള്‍ പ്രവാചകന്‍ ഹിശാമിനോട് പറഞ്ഞു.    ‘അവരോട് നോമ്പ് പിടിച്ചു വീട്ടാന്‍ കല്‍പ്പിക്കുക’. അഥവാ റമദാന്‍ കഴിഞ്ഞ് മറ്റേതെങ്കിലും ദിവസം നോമ്പ് പിടിച്ചു വീട്ടണം.

അതുപോലെ ഇമാം മാലികിന്റെ ‘മുവത്വ’ യില്‍ ഖാലിദുബ്‌നു അസ്്ലം എന്നൊരാളില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു സംഭവുമുണ്ട്. ഉമറുബ്‌നുല്‍ ഖത്താബ് (റ) മേഘാവൃതമായ ഒരു ദിവസം നോമ്പ് മുറിച്ചു. വൈകുന്നേരമായപ്പോള്‍ സൂര്യന്‍ അസ്തമിച്ചു എന്നു കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അപ്പോള്‍ ഒരാള്‍ വന്ന് അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ അമീറുല്‍ മുഅ്മിനീന്‍, സൂര്യന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഉമര്‍ പറഞ്ഞു. മേഘം നീങ്ങിയതാണ് അപ്പോള്‍ നമ്മള്‍ ‘ഇജ്തിഹാദ്’ ചെയ്തു.
ഫജ്ര്‍ ആയിട്ടില്ലായെന്നു കരുതി ഭക്ഷിക്കുകയും, പിന്നീട് പ്രഭാതം വെളിവാകുകയും ചെയ്ത ഒരുവനെ സംബന്ധിച്ചിടത്തോളം അവന്റെ നോമ്പ് ശരിയാകുന്നതാണ്. അവന് പിന്നീട് നോമ്പ് പിടിച്ചു വീട്ടേണ്ടതില്ല. കാരണം അവന്‍ ഭക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ രാത്രിയായിരുന്നുവെന്നതാണ്.