ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് സ്വീകാര്യമാകുമോ?
ഇസ് ലാമിക ശരീഅത്ത് നിയമ പ്രകാരം, ഈദിന്റെ തലേന്നാള്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത്ത് ബാധകമാകൂ. ഈ സമയത്തിന് മുന്‍പ് മരണപ്പെടുന്നവര്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ റമദാനിലെ അവസാന ദിവസവും നോമ്പനുഷ്ഠിച്ച്, പെരുന്നാളിന്റെ തലേ രാത്രി സൂര്യാസ്തമയ ശേഷം മരണപ്പെടുന്ന ഏതൊരാള്‍ക്കും ഫിത്വര്‍ സകാത്ത് ബാധകമാണ്.
പ്രമുഖ സൗദി പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ മുനജ്ജദ് ഈ ചോദ്യത്തിന് മറുപടി പറയുന്നത് ഇങ്ങനെ:
ഫിത്വര്‍ സകാത്ത് പ്രയഭേദമന്യേ മുഴുവന്‍ സ്ത്രീ, പുരഷന്‍മാരുടെ മേലും നിര്‍ബന്ധമാണ്. പെരുന്നാളിന്റെ രാത്രി ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ അത് ബാധമാവുകയുള്ളൂ. റമദാനിന്റെ അവസാന രാത്രി സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. കാരണം, നബി (സ) ഇതിനെ ‘സദഖതുല്‍ ഫിത്വര്‍’ എന്നാണ് വിളിച്ചത്. ഫിത്വര്‍ എന്നാല്‍ അറബി ഭാഷയില്‍, റമദാനിലെ നോമ്പ് മുറിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈദിന്റെ തലേ ദിവസം സൂര്യന്‍ അസ്തമിക്കുമ്പോഴാണ് നോമ്പ് മുറിയുന്നത്. നോമ്പ് നോറ്റ വ്യക്തിക്ക് നോമ്പില്‍ സംഭവിച്ചു പോയ പിഴവുകള്‍, മോശം വര്‍ത്തമാനങ്ങള്‍ എന്നിവയെ ശൂദ്ധീകരിക്കാന്‍ വേണ്ടിയാണ് ഫിത്വര്‍ സകാത്ത്.
ഒരാള്‍ ഈദുല്‍ ഫിത്വര്‍ ദിവസം വരെ ജീവിക്കുകയും, ഫിത്വര്‍ സകാത്ത് നല്‍കിയിട്ടില്ലാതിരിക്കുകയും ചെയ്താല്‍, അയാളുടെ ബന്ധുക്കള്‍ അയാള്‍ക്കു വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. മേല്‍ സൂചിപ്പിച്ച പ്രകാരം, അത് നിര്‍ബന്ധമാകുന്ന സമയം വരെ അയാള്‍ ജീവിച്ചു, പക്ഷെ, നല്‍കാന്‍ കഴിയുന്നതിനു മുമ്പ് അയാള്‍ മരണപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ബന്ധുക്കള്‍ സകാത്ത് നല്‍കണം. കാരണം അത് ഒരു കടം പോലെ തന്നെയാണ്.
ചുരുക്കത്തില്‍ മരണാസന്നരോ, രോഗികളോ ഉണ്ടായിരിക്കുകയും, സകാത്ത് നല്‍കാന്‍ നിര്‍ബന്ധമായ സമയത്തിന് ശേഷം അവര്‍ മരണപ്പെടുകയും ചെയ്താല്‍, അവര്‍ക്കു വേണ്ടി ബന്ധുക്കള്‍ സകാത്ത് നല്‍കണം.
ഇവിടെ താങ്കള്‍ ചോദിച്ചതു പോലെ, ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതിനു മുമ്പ് മരണപ്പെട്ടു പോയവര്‍ക്കാണെങ്കില്‍, ഫിത്വര്‍ സകാത്തില്ല. താങ്കളുടെ പിതാമഹി, മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ധാനദര്‍മ്മങ്ങളും സ്വദഖകളും നല്‍കിയിട്ടുണ്ടെങ്കില്‍ അതവരുടെ ദാനധര്‍മ്മമായിട്ടാണ് പരിഗണിക്കപ്പെടുക, ഫിത്വര്‍ സകാത്തായിട്ടല്ല. കാരണം അവര്‍ വളരെ മുമ്പ് മരണപ്പെട്ടു പോയിട്ടുണ്ട്. മരണപ്പെട്ടു പോയവര്‍ക്ക് വേണ്ടി നല്‍കപ്പെടുന്ന സ്വദഖകള്‍ക്ക് അവര്‍ക്കും പ്രതിഫലം നല്‍കപ്പെടുമെന്നത് പ്രവാചകന്റെ ഹദീസുകളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.
Add Comment