ചോദ്യം: ശവ്വാല്‍ നോമ്പിന്റെ പ്രാധാന്യമെന്ത്? അത് നിര്‍ബന്ധമാണോ? അത് ഇടവിട്ടാണോ നോല്‍ക്കേണ്ടത്, അതോ തുടര്‍ച്ചയായിട്ടാണോ?
ഉത്തരം: റമദാന് മാസത്തെ തുടര്‍ന്ന് ശവ്വാലിലെ ആറ് ദിവസത്തെ നോമ്പിന് വലിയ ശ്രേഷ്ഠതയുണ്ട്. നബി (സ) പറയുന്നു. ‘റമദാനില്‍ നോമ്പ് നോല്‍ക്കുകയും തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന് കാലം മുഴുവന്‍ നോമ്പെടുത്തവനെ പോലെയാണ്’.
(മുസ് ലിം)
ഇമാം നവവി പറയുന്നു. അഥവാ കാലം മുഴുവന്‍ എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായി നോമ്പനുഷ്ഠിച്ചവനെ പോലെയാണെന്നാണ്. റമദാന് അവസാനിക്കുമ്പോള്‍ ഈ നോമ്പുകള്‍ നോല്ക്കാന് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് റമദാനിലെ നോമ്പ് ‘ഖദാഅ്’ വീട്ടാനുണ്ടെങ്കില്‍, ആദ്യം ‘ഖദാഅ്’ വീട്ടാനുള്ള നോമ്പാണ്് എടുക്കേണ്ടത്. ശേഷം ശവ്വാലിലെ ആറ് നോമ്പെടുക്കണം. ഒരാള്‍ ഖദാഅ് വീട്ടാനുള്ള നോമ്പ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് പിടിച്ചാല്‍, ആ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ല. കാരണം നിര്‍ബന്ധ നോമ്പ് അവന് പിടിച്ചു വീട്ടാനുണ്ട്. നിര്‍ബന്ധ നോമ്പ് കഴിഞ്ഞതിന് ശേഷമാണ് ഐഛിക നോമ്പ് അവന് എടുക്കേണ്ടത്.
ഇവിടെ നബി (സ) പറഞ്ഞിരിക്കുന്നത് ‘റമദാനിലെ നോമ്പ് പിടിക്കുകയും പിന്നീട് അതിനെ തുടരുകയും’ ചെയ്യുക എന്നാണ്. റമദാനിലെ എല്ലാ നോമ്പും പിടിക്കാത്തവര്‍ ‘ആര് റമദാനില്‍ നോമ്പനുഷ്ഠിച്ചുവോ’ എന്ന വിഭാഗത്തില്‍ പെടില്ല. റമദാനിലെ നോമ്പ് ‘ഖദാഅ്’ ഉള്ളവരെ റമദാനില്‍ നോമ്പനുഷ്ഠിച്ചവര്‍ എന്നു പറയാന്‍ കഴിയില്ല.
ശവ്വാലിലെ നോമ്പ് തുടര്‍ച്ചയായും അല്ലാതെയും പിടിക്കാം. എന്നാല്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. നന്മകളില് കൂടുതല്‍ സ്ഥിരിത ലഭിക്കാനും നോമ്പില്ലാത്ത വേളകളിലുണ്ടാകുന്ന അലംഭാവങ്ങളില്‍ നിന്നും മാറി നില്‍ക്കാനും കൂടുതല്‍ അനുയോജ്യമതാണ്.
Add Comment