Fathwa

തടവുകാരുടെ നോമ്പ്

ചോദ്യം: യുദ്ധത്തടവുകാരുടെയും ജയില്‍ വാസികളുടെയും നോമ്പിന്റെ വിധിയെന്താണ്? അവര്‍ക്ക് നോമ്പ് നിര്‍ബന്ധമാണോ?
ഉത്തരം: തടവുപുള്ളികള്‍ക്കും ജയില്‍ വാസികള്‍ക്കും നോമ്പെടുക്കാന്‍ പ്രയാസമായിരിക്കും. കാരണം, പകല്‍ സമയത്ത് മാത്രമേ അവര്‍ക്ക് ഭക്ഷണം ലഭിക്കൂ. അങ്ങനെ നല്‍കപ്പെട്ട ഭക്ഷണം തന്നെ രാത്രി കഴിക്കാന്‍ മാറ്റി വെയ്ക്കാന്‍ ജയിലുകളില്‍ അനുവാദം ലഭിക്കുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പ് ഒഴിവാക്കാന്‍ അവര്‍ക്ക് അനുവാദമുണ്ട്.

നബി (സ) ഒരിക്കല്‍ ഒരു യാത്രക്കാരനെ കണ്ടു. നന്നേ ക്ഷീണിച്ച് പ്രയാസത്തിലാണയാള്‍. ജനങ്ങള്‍ അയാള്‍ക്ക് ചുറ്റും കൂടി അയാളുടെ തലയിലൂടെ വെള്ളമൊഴിച്ച് അയാളുടെ ശരീരം തണുപ്പിക്കുകയാണ്. നബി (സ) കാര്യം തിരക്കി. സ്വഹാബികള്‍ പറഞ്ഞു. അയാള്‍ നോമ്പുകാരനാണ്. നബി (സ) പറഞ്ഞു: ‘യാത്രയില്‍ നോമ്പെടുക്കുന്നത് പുണ്യകരമല്ല’.
ഇത്തരം അവസ്ഥകളില്‍ നോമ്പെടുക്കുന്നതിനെ നബിതിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. ശത്രുക്കളുടെ പിടിയിലകപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരും സമാനമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. അവര്‍ക്ക് ഭക്ഷണവും പാനീയവും കൃത്യമായി ലഭിക്കില്ല. അങ്ങനെ നോമ്പെടുത്താല്‍ അവര്‍ വിശന്ന് മരിക്കേണ്ടിവരും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പ് ഒഴിവാക്കാന്‍ ഒരു മുസ്‌ലിമിന് ഇളവുണ്ട്. രോഗിയും യാത്രക്കാരനുമുള്ള ഇളവ് പോല തന്നെയാണ് ഇതും. ജയില്‍ മോചിതനായ ശേഷം മറ്റേതെങ്കിലും ദിവസങ്ങളില്‍ നോമ്പ് പിടിച്ചു വീട്ടാമെന്ന് നിയ്യത്ത് ചെയ്യുകയാണ് അവര്‍ക്ക് ഉത്തമം.
ഡോ. യൂസുഫുല്‍ ഖറദാവി ഫത് വ പറയുന്നു
അല്‍മുജ്തമഅ് വാരിക, ലക്കം 2013