Fathwa

സമയം തെറ്റിയ അത്താഴം

ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടങ്കില്‍ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റയും കുടിയും നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. വായില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് തുപ്പിക്കളയുകയും വേണം.

എങ്കിലേ നോമ്പ് ശരിയാവൂ. എന്നാല്‍ നിശ്ചിത സമയത്തിന് അല്‍പം നിമിഷങ്ങള്‍ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കില്‍, ചുരുങ്ങിയത് സംശയമെങ്കിലും ഉണ്ടെങ്കില്‍ ഉഷസ്സിന്റെ ഉദയം ഉറപ്പാകുവോളം ഭക്ഷിക്കാവുന്നതാണ്. ഇക്കാലത്ത് ഇത് പ്രയാസമുളള കാര്യമല്ല. ഒരു കലണ്ടറും ഘടികാരവുമില്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ.
ഇബ്‌നു അബ്ബാസിനോട് ഒരാള്‍ ചോദിച്ചു : ‘അത്താഴം കഴിച്ചുകൊണ്ടിരിക്കെ എനിക്ക് സംശയം തോന്നിയാല്‍ ഞാന്‍ നിര്‍ത്തേണ്ടതുണ്ടോ ?’ അദ്ദേഹം പറഞ്ഞു : ‘ തിന്നോളൂ, സംശയം ഇല്ലാതാകുവോളം തിന്നോളൂ.’  ഇമാം അഹ്മദ് പറഞ്ഞു : ഉഷസ്സിന്റെ കാര്യത്തില്‍ സംശയം ജനിച്ചാല്‍ ഉഷസ്സിന്റെ ഉദയം ഉറപ്പാകും വരെ ഭക്ഷിക്കാം.

ഇമാം നവവി പറയുന്നു: ഉഷസ്സില്‍ സംശയം ജനിക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നത് തുടരാന്‍ അനുവാദമുണ്ടെന്ന കാര്യത്തില്‍ ഇമാം ശാഫിഇയുടെ ശിഷ്യന്‍മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണുളളത്. ഉഷസ്സ് വേര്‍തിരിഞ്ഞുകാണുന്ന പരിധിവരെ നോമ്പിന്റെ രാത്രിയില്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊളളാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു എന്നുളളതാണ് അതിന്റെ തെളിവ്. സംശയമുള്ളൊരാള്‍ക്ക് ഉഷസ്സ് വേര്‍തിരിഞ്ഞിട്ടുണ്ടാവില്ലല്ലോ. അല്ലാഹു പറയുന്നു: ‘ഇനിമേല്‍ നിങ്ങള്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്‍ക, ഉഷസ്സിലെ വെളള നൂല്‍ കറുപ്പുനൂലുമായി വേര്‍തിരിഞ്ഞു കാണുന്നതുവരെ.’  ഇതില്‍നിന്ന്, ഉഷസ്സിന് വളരെ മുമ്പു തന്നെ പതിവായി വ്രതാനുഷ്ഠാനം  ആരംഭിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ തിരുദൂതരുടെ ചര്യയിലോ മാതൃകയില്ലാത്ത നടപടിയാണെന്ന് മനസ്സിലാക്കാം. അതൊരുതരം തീവ്രതയും അത്താഴം പിന്തിക്കുക എന്ന തിരുചര്യയുടെ നിരാസവുമാണ്.