Fathwa

നോമ്പുകാരന്‍ മറന്ന് ഭക്ഷിച്ചാല്‍

അബൂഹുറയ്‌റയില്‍നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു തിരുവചനത്തില്‍ ഇപ്രകാരം കാണാം: ‘വല്ലവനും നോമ്പുകാരനായിരിക്കെ, മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്തുപോയാല്‍ അയാള്‍ തന്റെ വ്രതം പൂര്‍ത്തിയാക്കിക്കൊളളട്ടെ . അല്ലാഹുവാണ് അവനെ തീറ്റിച്ചതും കുടിപ്പിച്ചതും.’

ദാറഖുഥ്‌നിയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുളളത്: ‘അല്ലാഹു കൊണ്ടുവന്നുകൊടുത്ത ഒരു ആഹാരമാണത്, അതവന്‍ നോറ്റുവീട്ടേണ്ടതില്ല…’ ദാറഖുത്വ്‌നി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഹകീം എന്നിവര്‍ നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെയാണ്: ”ആരെങ്കിലും റമദാനില്‍ മറന്ന് കൊണ്ട് നോമ്പ് മുറിച്ചാല്‍ അയാള്‍ പകരം നോമ്പു നോല്‍ക്കുകയോ തെണ്ടം കൊടുക്കുകയോ വേണ്ടതില്ല.’  മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ  ചെയ്താല്‍ അത് നോമ്പിനെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്ന് ഈ തിരുവചനങ്ങള്‍ സ്പഷ്ടമായി തെളിയിക്കുന്നു. ഇത് ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് മറവി പറ്റുകയോ പിഴവ് സംഭവിക്കുകയോ ചെയ്താല്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ’ എന്ന ഖുര്‍ആന്‍ വാക്യത്തെ അന്വര്‍ഥമാക്കുകയും ചെയ്യുന്നു. ഈ പ്രാര്‍ത്ഥനക്ക് അല്ലാഹു നല്‍കിയ മറുപടി തിരുവചനങ്ങളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. ഒരു തിരുവചനത്തില്‍ ഇങ്ങനെ കാണാം : ‘പിഴവും മറവിയും മൂലവും നിര്‍ബന്ധിതമായും ചെയ്ത കാര്യങ്ങളെ അല്ലാഹു ഈ സമുദായത്തിന്റെ ബാധ്യതയില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു.’