എല്ലാ മതങ്ങളിലും വ്രതം നിയമമായിരുന്നു. എല്ലാ വേദങ്ങളിലും വ്രതത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ‘ഫാസ്റ്റിങ്ങ്’ (നോമ്പ്) എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ പറയുന്നു:
‘നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിക്കനുസരിച്ച് അല്പസ്വല്പം വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്.’
ആദിമമനുഷ്യര്‍ ദേഹപീഡനം ഈശ്വരപ്രീതിയുടെ മാര്‍ഗമായി ഗണിച്ചു. അന്നപാനാദികള്‍ വെടിഞ്ഞ് സ്വയം പീഡനങ്ങള്‍ക്ക് വിധേയരായി പുണ്യം നേടാന്‍ നടത്തിയ പരിശ്രമമായിരിക്കാം നോമ്പിന്റെ ആരംഭത്തിന് ഹേതുവായതെന്ന് ചില പണ്ഡിതന്മാര്‍ അനുമാനിക്കുന്നു. ഹര്‍ബര്‍ട്ട് സ്്‌പെന്‍സര്‍ നോമ്പിന്റെ ചരിത്രത്തെപ്പറ്റി തന്റെ പ്രിന്‍സിപ്പ്്ള്‍സ് ഓഫ് സോഷ്യോളജി എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:
‘ ജനങ്ങള്‍ തമോയുഗത്തില്‍ പട്ടിണികിടക്കുന്നത് പുണ്യമായി ഗണിച്ചുകാണും. ഒരു ദിവസത്തെ ഭക്ഷണം സ്വയം ഉപേക്ഷിച്ചാല്‍ അത് മരിച്ചുപോയ തങ്ങളുടെ പൂര്‍വികരില്‍ ഫലം ചെയ്യുമെന്ന് കരുതിക്കാണും. അതായിരിക്കും നോമ്പിന്റെ ആരംഭം.’
ഈ നിഗമനത്തിന് തെളിവുകളൊന്നുമില്ലെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക തന്നെ വ്യക്തമാക്കുന്നുണ്ട്. (എഡി: 12, വാ: 10, പേജ്: 94)
ഹിന്ദുമതത്തില്‍
പ്രൊഫ. ടി എം പി മഹാദേവന്‍ ഹിന്ദുമതത്തില്‍ ആചരിക്കപ്പെടുന്ന വ്രതത്തെക്കുറിച്ച് എഴുതുന്നത് കാണുക:
‘ഉത്സവങ്ങളിലും വാര്‍ഷികാഘോഷങ്ങളിലും ചില ദിവസങ്ങള്‍ വ്രതത്തിനായുമുണ്ട്. ആത്മശുദ്ധിയും ഹൃദയപരിപോഷണവുമാണതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ചില പ്രത്യേക ദിവസങ്ങളുണ്ട്. അന്ന് അധികപേരും നോമ്പനുഷ്ഠിക്കുന്നു. ആഹാരപാനീയങ്ങള്‍ വെടിയുകയും നിശാവേളകളില്‍ നിദ്രാവിഹീനരായി പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്നു. ദൈവചിന്തയിലും വിശുദ്ധഗ്രന്ഥ പാരായണത്തിലും വ്യാപൃതരാകുന്നു. ഹിന്ദുക്കളില്‍ അധികപേരും ‘വൈകുണ്ഠ ഏകാദശി’ കൊണ്ടാടുന്നു. വിഷ്ണുവുമായി ബന്ധപ്പെട്ടതാണെങ്കിലും വിഷ്ണുവിനെ ആരാധിക്കുന്നവര്‍ മാത്രമല്ല, മറ്റു പലരും അന്ന് വ്രതമനുഷ്ഠിക്കുന്നു. ഭക്തന്മാര്‍ പകല്‍ വ്രതമനുഷ്ഠിക്കുകയും രാത്രി ഉറക്കമൊഴിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ മാത്രം വ്രതമനുഷ്ഠിക്കുന്ന ചില ദിവസങ്ങളുണ്ട്. അന്ന് അവര്‍ ഐശ്വര്യത്തിന്റെ ദേവതയെ വിളിച്ച് പ്രാര്‍ഥിക്കുന്നു. ഈ ദിവസങ്ങളുടെ പ്രത്യേകത പരിഗണിച്ച് അതിന് ‘ബരത’ അല്ലെങ്കില്‍ ‘കരാര്‍’ എന്നുപറയുന്നു. ആത്മസംസ്‌കരണം മാത്രമാണ് ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത്. ആത്മാവിനുള്ള ഭക്ഷണമായി ഇതിനെ അവര്‍ കാണുന്നു’ (Outline of Hinduism, chapter:4, section: 6).
‘ഹിന്ദുമതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍ നിന്ന് ഉപാവര്‍ത്തനം ചെയ്ത് (വിരമിച്ച്) നടത്തുന്ന വാസമാണ് ഉപവാസമെന്ന് അറിയപ്പെടുന്നത്. ഉപവാസമനുഷ്ഠിക്കുന്നവര്‍ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല, ദേഹാലങ്കാരം, സ്ത്രീ സംസര്‍ഗം, താംബൂലം തുടങ്ങിയവയും വ്രതകാലത്ത് വര്‍ജിക്കേണ്ടതുണ്ട്.
യാഗം,ഹോമം, പൂജ, ഉപാസന തുടങ്ങിയ അനുഷ്ഠാനങ്ങളിലും ഉപയനം, വിവാഹം, ശ്രാദ്ധം, പരേതര്‍ക്കുള്ള ശേഷക്രിയകള്‍ തുടങ്ങിയ ദൈവിക കര്‍മങ്ങളിലും ഹൈന്ദവ സമുദായാംഗങ്ങള്‍ ഉപവാസവ്രതം അനുഷ്ഠിക്കണമെന്ന് ശ്രുതിസമൃതികള്‍ അനുശാസിക്കുന്നു. രാത്രിയില്‍ ആഹാരം വര്‍ജിച്ചുകൊണ്ട് അടുത്ത ദിവസം ചെയ്യേണ്ട ശ്രാദ്ധം മുതലായ അനുഷ്ഠാനങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട ചില അര്‍ധോപവാസ വിധികളുമുണ്ട്.
ഒരു രാത്രിനേരം ഭക്ഷണം എന്ന അര്‍ഥത്തില്‍ ഈ പതിവിന് ‘ഒരിക്കല്‍’ എന്നും ‘ഒരിക്കലൂണ്’ എന്നും പറഞ്ഞുവരുന്നു. ഈ ‘ഒരിക്കല്‍ നോയ്മ്പ്’ ഞായര്‍, തിങ്കള്‍, വ്യാഴം, ശനി എന്നീ ആഴ്ച ദിവസങ്ങളിലും ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികളിലും ആചരിച്ചുവരുന്നു. പകല്‍ ഒരു നേരം മാത്രം ആഹാരം കഴിച്ചോ അന്നത്തേക്ക് മറ്റ് ആഹാരസാധനങ്ങള്‍ വര്‍ജിച്ചോ രാത്രിയില്‍ അത്താഴത്തിന്റെ സ്ഥാനത്ത് ചോറിന് പകരം എന്തെങ്കിലും ‘പലഹാരം’ കഴിച്ചോ ഈ വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്’ (എന്‍ ബി എസ്, വിജ്ഞാനകോശം ഉപവാസം എന്ന ശീര്‍ഷകത്തിന്റെ സംഗ്രഹം).
എല്ലാ ഹിന്ദു മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തിയ്യതികളില്‍ ബ്രാഹ്മണര്‍ നോമ്പനുഷ്ഠിക്കുന്നുണ്ട്. ഇങ്ങനെ വര്‍ഷത്തില്‍ ഇരുപത്തിനാല് നോമ്പ് പൊതുവെ അനുഷ്ഠിച്ചുവരുന്നു. ചില യോഗികള്‍ നാല്‍പത് ദിവസം അന്നപാനാദികള്‍ വെടിഞ്ഞ് വ്രതമെടുത്തിരുന്നതായി കാണാം.
ബുദ്ധ-ജൈന മതങ്ങളില്‍
ബുദ്ധമതത്തില്‍ അന്നപാനാദികള്‍ സ്വയം വെടിഞ്ഞു ശരീരത്തെ ക്ഷീണിപ്പിക്കുന്നതു അവശവര്‍ഗത്തോടുള്ള അനുകമ്പയായി കരുതിവരുന്നു. ചില ബുദ്ധമതാനുയായികള്‍ക്കിടയില്‍ വാവുതോറും ഉപവസിക്കുന്ന പതിവുണ്ട്. ഉമിനീര്‍ ഇറക്കുന്നത് നിഷേധിച്ചുകൊണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രത്യേകതരം ഉപവാസപരിപാടി തിബത്തിലെ ‘ലാമ’ മാരുടെ ഇടയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
കര്‍ക്കശമായ വ്രതാനുഷ്ഠാനമാണ് ജൈനമതവിശ്വാസികളുടേത്. തുടര്‍ച്ചയായി നാല്പതു ദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഗണിച്ചിരുന്നത്. ഇത്തരത്തിലുള്ള നീണ്ട നോമ്പനുഷ്ഠിച്ചിരുന്ന ധാരാളം മഠാധിപന്മാര്‍ ജൈനമതത്തിലുണ്ടായിരുന്നു. ഇന്ന് ഗുജറാത്തിലും ഡക്കാനിലും മറ്റുമുള്ള ജൈനരില്‍ ആഴ്ചകളോളം നോമ്പ് അനുഷ്ഠിച്ചുവരുന്ന സമ്പ്രദായമുണ്ട്.
പാഴ്‌സികള്‍, ഈജിപ്തുകാര്‍
പൗരാണിക ഈജിപ്തുകാര്‍ ഉത്സവദിനങ്ങളോടനുബന്ധിച്ച് വ്രതമനുഷ്ഠിച്ചിരുന്നതായി കാണാന്‍ കഴിയുന്നു. ഗ്രീക്ക് മാസങ്ങളില്‍ ഒന്നായ ‘തിസ്മൂഫീരിയ’യുടെ മൂന്നാമത്തെ ദിവസം സ്ത്രീകള്‍ക്ക് മാത്രമുള്ള വ്രതദിനമായിരുന്നു. പാഴ്‌സികള്‍ സാധാരണയായി വ്രതം അനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വേദഗ്രന്ഥങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ദേശിച്ചിട്ടുണ്ട്. മതനേതാക്കള്‍ക്ക് പഞ്ചവത്സര വ്രതം നിര്‍ബന്ധമായിരുന്നുവെന്ന് അവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ വന്ന ഒരു സൂക്തം തെളിയിക്കുന്നു. (സീറത്തുന്നബി വാ: 5, പേജ്: 212)
ജൂത മതത്തില്‍
ബാബിലോണിയന്‍ സംഭവത്തിന് ശേഷം യഹൂദികളില്‍ വ്രതം ദുഃഖസൂചകമായിട്ടാണ് ആചരിച്ചുപോന്നത്. വെളിപാടിന് ഒരുങ്ങുന്ന ജ്യോത്സ്യന്നും ആഭിചാരകന്നും വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. ദൈവകോപം ഭയപ്പെടുന്ന സന്ദര്‍ഭങ്ങളിലും യഹൂദികള്‍ വ്രതം നിര്‍ബന്ധമാക്കിയിരുന്നു. ജൂതമതത്തില്‍ പ്രായശ്ചിത്താര്‍ഥമുള്ള വ്രതം കൂടാതെ മറ്റു ധാരാളം വ്രതങ്ങളുമുണ്ട്.
ബാബിലോണിയന്‍ സംഭവത്തിന്റെ നാളുകളിലെ ജയില്‍വാസത്തിന്റെയും പീഡനത്തിന്റെയും സ്്മരണക്കായി ചില പ്രത്യേക ദിനങ്ങളില്‍ അവര്‍ ദുഃഖമാചരിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. മെയ്, ജൂണ്‍, ജൂലയ്, തിബത്ത് എന്നീ മാസങ്ങളാണ് അതിനു നീക്കിവെച്ചിട്ടുള്ളത്. ചില ‘തല്‍മൂദ്’ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ നോമ്പ് ഇസ്‌റായേലിതര ഗവണ്‍മെന്റുകള്‍ക്ക് കീഴില്‍ കഴിഞ്ഞുകൂടുമ്പോള്‍ നിര്‍ബന്ധവും സ്വന്തം ഭരണത്തിന് കീഴില്‍ ഐച്ഛികവുമാണ്.
ചില വ്രതങ്ങള്‍ പ്രാദേശികവും വിഭാഗീയവുമാണ്. വര്‍ഷാരംഭത്തിലെ ആദ്യ ദിവസത്തെ വ്രതം മിക്കവിഭാഗങ്ങളും അനുഷ്ഠിക്കുന്നു. പുരോഹിതന്മാരുടെവക നിര്‍ബന്ധമാക്കിയ വ്രതവുമുണ്ട്.
യഹൂദികള്‍ തങ്ങളുടെ വ്രതം പ്രഭാതം മുതല്‍ ആരംഭിക്കുകയും അസ്്തമയസന്ധ്യയുടെ ആദ്യനക്ഷത്രം ഉദിക്കുന്നതോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു (ജൂയിസ് എന്‍സൈക്ലോപീഡിയ, വാള്യം 5-ല്‍ നിന്നുള്ള സംഗ്രഹം).
മോശെ സീനാപര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്പത് ദിവസത്തെ അനുസ്മരിച്ചുകൊണ്ട് യഹൂദികള്‍ അത്രയും ദിവസം വ്രതമനുഷ്ഠിക്കുന്നത് പുണ്യമായി ഗണിച്ചുവരുന്നു. ‘മോശെ നാല്പത് രാവും നാല്പത് പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനോടൊപ്പം കഴിഞ്ഞു’ (പുറപ്പാട് 34: 28). അവരുടെ ആറാം മാസത്തിലെ ആരംഭം തൊട്ട് ഏഴാം മാസത്തിലെ പത്താം തിയ്യതിവരെയുള്ള നാല്പത് ദിവസം നോമ്പ് ദിവസങ്ങളാണ്. ഏഴാം മാസമായ തിശ്‌രിയയിലെ വ്രതം നിര്‍ബന്ധ വ്രതമായി ഗണിച്ചുവരുന്നു. പ്രസ്തുത വ്രതവും ജൂണ്‍ ഒമ്പതാം നാളിലെ വ്രതവും ഒരു ദിനത്തിലെ പ്രദോഷം മുതല്‍ അടുത്ത പ്രദോഷം വരെ നീണ്ടുനില്ക്കും. മറ്റുള്ള സാധാരണ വ്രതങ്ങള്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഇല്ല.
ക്രൈസ്തവരില്‍
കര്‍മശാസ്ത്രത്തിന്റെ കാര്യത്തില്‍ ക്രിസ്തുമതം മറ്റു മതങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ്. ക്രിസ്തുമതത്തിലെ ഓരോ നിയമവും കാലാനുഗതമായി മാറിമറിഞ്ഞിട്ടുണ്ട്. ക്രിസ്തീയരിലും നോമ്പ് ഒരു പ്രധാന ആരാധനയായി വിധിച്ചിട്ടുണ്ട്. ക്രിസ്തു നാല്പത്് ദിവസം അന്നപാനാദികള്‍ വെടിഞ്ഞു കഴിച്ചുകൂട്ടിയതായി പുതിയ നിയമം വിവരിക്കുന്നുണ്ട്: ‘പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് ഒരു ഭൂമിയിലേക്കു നയിച്ചു. നാല്പതുരാവും നാല്പതു പകലും അവന്‍ ഉപവസിച്ചു.’ (മത്തായി 4: 2). പഴയ നിയമങ്ങളുടെ പുനരുദ്ധാരകന്‍ മാത്രമായിരുന്നു യേശു, മോസസിന്റെ കല്പനകളില്‍ പെട്ട പ്രായശ്ചിത്തവ്രതം അനുവര്‍ത്തിക്കുകയായിരുന്നു.
ക്രൈസ്തവ മതഗ്രന്ഥങ്ങളില്‍ പൗലോസിന്റെ വ്രതത്തെക്കുറിച്ചും ആദ്യ കാലത്ത് യഹൂദികളായിരുന്ന ചില ക്രിസ്ത്യാനികളുടെ പ്രായശ്ചിത്ത വ്രതത്തെക്കുറിച്ചും പരാമര്‍ശം കാണാം. പൗലോസ് മരിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞതോടുകൂടി വ്രതത്തിന് നിയമസംരക്ഷണം കൊടുക്കാന്‍ ക്രൈസ്തവലോകം അതിയായി ആഗ്രഹിച്ചു. അങ്ങനെ വ്യക്തികളുടെ അഭീഷ്ടത്തിനനുസരിച്ച് അനുവദിച്ചുകൊടുത്തു. ശരീരത്തോട് പ്രതികരിക്കാതെ വിട്ടു നില്്ക്കുന്ന വ്രതം ഒരു വ്രതമല്ലെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഒരു ദിവസം, തുടര്‍ച്ചയായി നാല്പതു മണിക്കൂര്‍ ഇങ്ങനെ വിവിധതരം വ്രതങ്ങള്‍ നിലവില്‍ വന്നു. എല്ലാ വാരത്തിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കാന്‍ തുടങ്ങിയത് എ ഡി രണ്ടാം നൂറ്റാണ്ടിലാണ്. മാമോദീസ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഒന്നോ രണ്ടോ ദിവസം വ്രതമനുഷ്ഠിച്ചിരുന്നു.
ക്രൈസ്തവരിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നോമ്പിന്റെ നിയമങ്ങളെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. എ.ഡി രണ്ടും അഞ്ചും നൂറ്റാണ്ടുകള്‍ക്കിടക്കാണ് വ്രതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കുന്നതിനുള്ള നീക്കങ്ങള്‍ ഉണ്ടായത്. എ.ഡി മൂന്നാം നൂറ്റാണ്ടിലാണ് വ്രതദിനങ്ങളുടെ എണ്ണം കൃത്യമായി തീരുമാനിച്ചത്. വ്രതം അവസാനിപ്പിക്കേണ്ട സമയത്തെ സംബന്ധിച്ച് ഭിന്ന വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല.
വ്രതാനുഷ്ഠാന രീതിയിലും വ്യത്യാസങ്ങളുണ്ട്. ചിലര്‍ മാംസഭക്ഷണം വെടിയുന്നു, ചിലര്‍ മത്സ്യവും പക്ഷിമാംസവും ഉപേക്ഷിക്കുന്നു, മറ്റു ചിലര്‍ മുട്ടയും പഴവര്‍ഗങ്ങളും ത്യജിക്കുന്നു. വേറെ ചിലര്‍ ഉണക്ക റൊട്ടി മാത്രം കഴിക്കുന്നു. എല്ലാ ഭക്ഷണപാനീയങ്ങളും വെടിഞ്ഞ് വ്രതമനുഷ്ഠിക്കുന്നവരും ഉണ്ട്.
കപടദുഃഖം നടിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കുന്നതിനെ യേശു വെറുത്തിരുന്നു. അദ്ദേഹം തന്റെ അനുയായികളോട് ഇങ്ങനെ ഉപദേശിക്കുന്നു: ‘നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു സമ്മാനം നല്കുകയും ചെയ്യും.’ (മത്തായി 6:16-18)
എല്ലാവര്‍ക്കും പങ്കാളിത്തം
നോമ്പ് പൂര്‍വ മതങ്ങളിലെല്ലാം പുണ്യമായി പരിഗണിച്ചിപോന്നതായി കാണാം. വ്രതാനുഷ്ഠാനത്തിന്റെ നിയമാനുശാസനയുടെ കാര്യത്തില്‍ ഇസ്‌ലാം ഇതര മതങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നു. ചില മതങ്ങളില്‍ പ്രത്യേകം ചിലര്‍ക്ക് മാത്രമേ വ്രതം നിര്‍ബന്ധമുളളൂ. ഹിന്ദുക്കളില്‍ അബ്രാഹ്മണര്‍ക്ക് നോമ്പിന്റെ വിധി ഉഗ്രശാസിതമല്ല. പാര്‍സികളില്‍ വൈദികര്‍ക്കും യവനരില്‍ സ്ത്രീകള്‍ക്കും മാത്രമേ നിര്‍ബന്ധമുള്ളൂ. ഇസ്്‌ലാം ഈ പുണ്യത്തില്‍ എല്ലാവരെയും പങ്കാളികളാക്കിയിരിക്കുന്നു.
പല മതങ്ങളിലും നോമ്പ് എത്രയെന്നോ എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. അത്തരം മതങ്ങളുടെ അനുയായികള്‍ സ്വാഭീഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കി. ഓരോരുത്തനും തനിക്ക് തോന്നുംവിധം നോമ്പിന്റെ എണ്ണവണ്ണങ്ങള്‍ നിര്‍ണയിച്ചു. നോമ്പിന്റെ ആത്മാവിന് അത് പോറലേല്പിച്ചു. വ്രതത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യവും ലക്ഷ്യവും നഷ്ടപ്പെട്ടു.
വ്രതനിയമങ്ങളുടെ കടിഞ്ഞാണ്‍ അല്ലാഹു സൃഷ്ടികളുടെ കൈകളില്‍ ഏല്പിച്ചിരുന്നുവെങ്കില്‍ വ്യാഖ്യാനങ്ങളുടെയും വഴുതിമാറലുകളുടെയും വാതില്‍ മലര്‍ക്കെ തുറക്കപ്പെടുമായിരുന്നു. നന്മയുടെ സംസ്ഥാപന പ്രവര്‍ത്തനങ്ങളും തിന്മയുടെ വിപാടനയത്‌നങ്ങളും അതോടെ നിലക്കുമായിരുന്നു. അല്ലാഹുവിന്റെ കല്പനയെ ശിരസ്സാവഹിക്കുകയെന്ന ഇസ്‌ലാമിന്റെ കാതലായ നിര്‍ദേശം പുകമറയ്ക്ക് പിന്നിലകപ്പെടുകയും ചെയ്യുമായിരുന്നു.
എണ്ണ-വണ്ണ നിര്‍ണയത്തിലൂടെ വ്രതാനുഷ്ഠാനത്തിലെ അമിതത്വത്തിന് തടയിട്ടു. ആത്മീയതയുടെ പേരിലുള്ള അനാവശ്യ ഭാരത്തില്‍ നിന്ന് ജനം മുക്തരായി. മതത്തിലെ അതിരുവിടലിനെ നിഷ്‌കാസനം ചെയ്തു. വ്രതാനുഷ്ഠാനത്തെ അല്ലാഹു ഒരു ആത്മീയ ഔഷധമായി നിശ്ചയിച്ചിരിക്കുന്നു. ദേഹിയെ ബാധിക്കുന്ന വൈറസിനെയും ദേഹത്തെ ബാധിക്കുന്ന രോഗബീജങ്ങളെയും നശിപ്പിക്കുന്ന ദിവ്യഔഷധം. അതിനാല്‍ത്തന്നെ അതിന് ആവശ്യമായ അളവും കണക്കും നിശ്ചയിച്ചു. ഒരു മാത്ര പോലും കൂടാത്ത, കുറയാത്ത കണിശമായ മാനദണ്ഡം. അസാധ്യമായതൊന്നും നിയമനടപടിയാക്കിയില്ല. അവശരെ പരിഗണിച്ചു. ചന്ദ്രമാസവുമായി അതിനെ ബന്ധിപ്പിച്ചുകൊണ്ട് കാലത്തിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യ-പ്രാതികൂല്യങ്ങളെ സമീകരിച്ചു. അനാവശ്യ വാദങ്ങളെ അഖിലവും മാറ്റിനിര്‍ത്തി. പ്രകൃതിമതം മുന്നോട്ടുവെച്ച വ്രതനിയമങ്ങള്‍ എല്ലാം പ്രകൃതിക്കനുയോജ്യമാണ്.
Add Comment