റമദാനിലെ എല്ലാ ദിനങ്ങളും പുണ്യവും അനുഗ്രഹവും നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ റമദാനിലെ ഏതാനും ദിവസങ്ങളില്‍ നോമ്പും നമസ്‌കാരവുമില്ലാതെ കഴിച്ചുകൂട്ടുന്നത് ഞങ്ങളിഷ്ടപ്പെടുന്നില്ല. അതൊഴിവാക്കുവാന്‍ ആര്‍ത്തവം തടയുന്ന ഗുളികകള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണോ? അവയില്‍ ചിലത് ദ്രോഹകാരികളല്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയും?
റമദാനില്‍ മാസമുറയെത്തുന്ന മുസ്്‌ലിം സ്ത്രീ നോമ്പു നോല്ക്കുവാന്‍ പാടില്ലെന്നും അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുകയാണ് വേണ്ടതെന്നുമുള്ള കാര്യം മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലാത്ത ഒന്നാണ്.
ശരീരം ക്ഷീണിക്കുകയും നാഡികള്‍ക്ക് മുറുക്കമേറുകയും ചെയ്യുന്ന അക്കാലത്ത് സ്ത്രീകള്‍ക്ക് അല്ലാഹു അനുവദിച്ച ഒരിളവും കാരുണ്യവുമാണത്. ആര്‍ത്തവകാലത്ത് നോമ്പൊഴിക്കല്‍ അനുവദനീയമല്ല; നിര്‍ബന്ധമാണ്. നോമ്പെടുക്കുന്ന പക്ഷം അത് സ്വീകരിക്കപ്പെടുകയോ അതിനു പ്രതിഫലം നല്കപ്പെടുകയോ ഇല്ല. അതിനു പകരം മറ്റു ദിവസങ്ങളില്‍ നോമ്പെടുത്തേ പറ്റൂ. പ്രവാചക പത്‌നിമാരും സഹാബീ വനിതകളും മറ്റു മുന്‍കാല മഹതികളും ഈ ചര്യയാണ് അനുവര്‍ത്തിച്ചു വന്നത്. അതിനാല്‍, റമദാനില്‍ മാസമുറ എത്തിയാല്‍ നോമ്പൊഴിക്കുകയും അത് മറ്റു നാളുകളില്‍ നോറ്റുവീട്ടുകയും ചെയ്യുന്നതില്‍ ഒരു കുഴപ്പവും ഇല്ല. ആഇശ പറയുകയുണ്ടായി: ‘നോമ്പ് നോറ്റുവീട്ടാന്‍ ഞങ്ങള്‍ ആജ്ഞാപിക്കപ്പെട്ടിരുന്നു; നമസ്‌കാരം അനുഷ്ഠിച്ചുതീര്‍ക്കാന്‍ ആജ്ഞാപിക്കപ്പെട്ടിരുന്നില്ല.’
പ്രകൃതിയുടേയും സ്വാഭാവികതയുടേയും താത്പര്യമനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയാണ് ഞാന്‍ ശ്രേഷ്ഠരായി കാണുന്നത്. ആര്‍ത്തവം പ്രകൃത്യായുള്ളതും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്നിരിക്കെ അതിനെ അല്ലാഹു നിശ്ചയിച്ച ക്രമത്തിന് വിടുന്നതാണുത്തമം. എന്നാല്‍ ഗര്‍ഭധാരണം തടയുന്ന ചില ഗുളികകളെപ്പോലെ, ആര്‍ത്തവം തടയാനും ഗുളികകളുണ്ടെങ്കില്‍ റമദാനിലെ ചില ദിവസങ്ങളില്‍ നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കുവാന്‍ വേണ്ടി, ശുദ്ധികാലം ദീര്‍ഘിപ്പിക്കുന്ന പ്രസ്തുത ഗുളികകള്‍ കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഒരു ഉപാധിയുണ്ട്: അത് ഒരുതരത്തിലും ദ്രോഹകാരിയല്ലെന്ന് ഉറപ്പുവരുത്തണം. ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. അതുറപ്പു കിട്ടിയ ശേഷം ഗുളിക കഴിക്കുകയും തന്‍മൂലം ആര്‍ത്തവം താമസിക്കുകയും ചെയ്താല്‍ നോമ്പ് നോല്‍ക്കാം. ആ നോമ്പ് സ്വീകാര്യമായിരിക്കും.
Add Comment