Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ രണ്ട്

ഇബ്‌നു ഖല്‍ദൂന്റെ ജന്മദിനം
ക്രി.1332 മെയ് 27, ഹിജ്‌റ 732 റമദാന്‍ രണ്ടിനാണ് വിഖ്യാത ഇസ്്‌ലാമിക പണ്ഡിതനും ചരിത്രകാരനും തത്വചിന്തകനുമായിരുന്ന ഇബ്‌നു ഖല്‍ദൂന്റെ ജനനം. തുനീഷ്യയിലാണ് അദ്ദേഹം ജനിച്ചത്.*
ബിലാതുശ്ശുഹദാഅ്’ യുദ്ധം
ഫ്രഞ്ചുകാരും മുസ്്‌ലിംകളും തമ്മില്‍ നടന്ന ഘോര യുദ്ധമാണ് ‘ബിലാതുശ്ശുഹദാഅ്’ യുദ്ധം. ക്രി: 732 ഒക്ടോബര്‍ 26, ഹിജ്‌റ 114-ാം വര്‍ഷം റമദാന്‍ രണ്ടിനാണ് അബ്ദുറഹ്്മാന്‍ ഗാഫിക്കിയുടെ നേതൃത്വത്തില്‍ ഫ്രഞ്ച് സേനയുമായി പത്ത് ദിവസത്തോളം നീണ്ടുനിന്ന ബിലാതു ശുഹദാഅ് യുദ്ധം.

ശാരില്‍ മാര്‍ടെല്‍ ആയിരുന്നു ഫ്രഞ്ച് സേനാ നായകന്‍. ഫ്രാന്‍സിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുവന്ന മുസ്‌ലിം സൈന്യം ഫ്രാന്‍സിലെ നിരവധി പട്ടണങ്ങള്‍ കീഴടക്കി മുന്നേറുകയായിരുന്നു. എന്നാല്‍ ‘തൂര്‍’ ‘സവാത്തിയ’ എന്നീ പട്ടണങ്ങള്‍ക്കിടയില്‍ വെച്ച് നടന്ന യുദ്ധത്തില്‍ മുസ്്‌ലിം സൈന്യം പരാജയപ്പെട്ടു. അബ്ദുറഹ്്മാന്‍ ഗാഫിക്കിയുടെ സൈന്യം ചരിത്രത്തിലെ ഏറ്റവും വലിയ മുസ്്‌ലിം സൈന്യമായി എണ്ണപ്പെടുന്നു. അമ്പതിനായിരം പേരായിരുന്നു മുസ്്‌ലിം സൈന്യത്തിലുണ്ടായിരുന്നത്. യൂറോപ്പ് മുഴുവനും ഇസ്്‌ലാമിന്റെ കൊടിക്കീഴില്‍ വരുമായിരുന്ന ഈ യുദ്ധത്തില്‍ ഗാഫിക്കി രക്ത സാക്ഷിയാവുകയും മുസ്്‌ലിംകള്‍ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ വിജയിച്ചിരുന്നെങ്കില്‍ യൂറോപ്പില്‍ ഇസ്്‌ലാമിന്റെ ഭാവി മറ്റൊന്നാകുമായിരുന്നു.
ഉമവി പതനവും അബ്ബാസി ഉദയവും.
ഹിജ്‌റ 132 റമദാന്‍ രണ്ട്, ക്രി. 750 ഏപ്രില്‍ 13 നാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് ഡമസ്‌ക്കസില്‍ അബ്ബാസി ഖിലാഫത്തിന് അടിത്തറ പാകി അധികാരം ഏറ്റെടുക്കുന്നത്. നിലവിലെ ഉമവി രാജ ഭരണം അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഇത്.