മനോഹരമായ നിലപാടുകളാല്‍ ശ്രദ്ധേയമാണ് ബദ്റിന്റെ തിരുമുറ്റം. വിശ്വാസത്തിന്റെ ശക്തിയും, നിലപാടുകളുടെ വ്യതിരിക്തതയും ബദ്റിന്റെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ചു. പിതാക്കള്‍ മക്കളോടും, സഹോദരന്മാര് സഹോദരികളോടും പടവെട്ടിയ മൈതാനമാണത്. ആദര്‍ശം അവരെ വേര്‍പിരിക്കുകയും, വാള്‍ത്തലകള്‍ അവര്‍ക്കിടയില്‍ വിധി കല്പിക്കുകയും ചെയ്തു. പീഡിതര്‍ പീഡകരെ നേരിടുകയും അവരോടുള്ള അടങ്ങാത്ത രോഷം ശമിപ്പിക്കുകയും ചെയ്തു.
അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ഉമയ്യത്ത് ബിന്‍ ഖലഫും ജാഹിലിയ്യാ കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നു. ബദ്റിന്റെ ദിവസം മകന് അലിയ്യ് ബിന്‍ ഉമയ്യയുടെ കൂടെ നില്‍ക്കുകയായിരുന്ന ഉമയ്യത് ബിന്‍ ഖലഫിന്റെ ചാരത്തുകൂടെ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് കടന്നുപോയി . കൈവശം ഏതാനും പടച്ചട്ടകളുമുണ്ടായിരുന്നു. ഇതുകണ്ട ഉമയ്യ ചോദിച്ചു. ‘നിന്റെ വാഹനത്തില്‍ എന്നെ ചുമന്നുകൂടെ? ഈ പടച്ചട്ടകളേക്കാള് ഞാനല്ലേ അതിനര്‍ഹന്‍… ഇതുപോലുള്ള ഒരു ദിവസം ഞാന്‍ കണ്ടിട്ടേയില്ല. ‘ ഇതു കേട്ട അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് പടച്ചട്ട താഴെയിട്ട് ഉമയ്യയെയും മകനേയും വാഹനപ്പുറത്തുകയറ്റി. ഉമയ്യ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിനോട് -അദ്ദേഹത്തിന്റെ മകന് അവര്‍ക്കിടയിലാണ് ഇരുന്നത്- ചോദിച്ചു. നെഞ്ചത്ത് ഒട്ടകത്തിന്റെ തൂവല്‍ വെച്ച് പോരാടിയ ആ മനുഷ്യന് ആരായിരുന്നു? അദ്ദേഹം പറഞ്ഞു ‘അത് ഹംസത് ബിന്‍ അബ്ദുല്‍ മുത്ത്വലിബ്’. ഉമയ്യ പറഞ്ഞു ‘അയാളാണ് ഞങ്ങളെ വല്ലാതെ കൈകാര്യം ചെയ്തത്’.
അബ്ദുര്‍റഹ്മാന്‍ പറയുന്നു ‘ഞാന്‍ അവരെയും കൂട്ടി മുന്നോട്ടുപോവുകയായിരുന്നു. അപ്പോഴാണ് ബിലാല്‍ (റ)എതിരെ വന്നത്. ഉമയ്യത്ത് മക്കയില്‍ വെച്ച് ബിലാലിനെ കഠിനമായി പീഡിപ്പിച്ചിരുന്നു. ഉമയ്യത്തിനെ വഹിച്ചുവരുന്ന എന്നെ കണ്ടപ്പോള്‍ ബിലാല്‍ പറഞ്ഞു ‘നിഷേധികളുടെ നായകന് ഉമയ്യ? അയാള്‍ രക്ഷപ്പെട്ടാല്‍ പിന്നെ ഞാന്‍ രക്ഷപ്പെടുകയില്ല. ഞാന്‍ ബിലാലിനോട് പറഞ്ഞു ‘ഇയാള്‍ എന്റെ ബന്ധിയാണ്’. പക്ഷെ ബിലാല്‍ ഒന്നും കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല. ‘ഇല്ല, അയാള്‍ രക്ഷപ്പെട്ടാല്‍ പിന്നെ എനിക്ക് രക്ഷയില്ല.
ബിലാല്‍ അട്ടഹസിച്ചു. ‘അല്ലാഹുവിന്റെ സഹായികളേ, നിഷേധികളുടെ നേതാവ് ഉമയ്യത്ത് ബിന്‍ ഖലഫ് ഇതാ.. ഇതുകേട്ട എല്ലാവരും ഓടിവന്നു. അവര്‍ ഞങ്ങളെ വളഞ്ഞു. ഞാന്‍ ഉമയ്യയെയും മകനെയും ചേര്‍ത്തുപിടിച്ചു. ബിലാലിന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ പുറത്തുകെട്ടി വെച്ച വാള് ഊരിയെടുത്ത് ആഞ്ഞു വീശി. വെട്ടുകൊണ്ടത് ഉമയ്യയുടെ മകനായിരുന്നു. ഇതു കണ്ട ഉമയ്യ നിലവിളിച്ചു. രക്ഷയില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘നീ തന്നെ നിന്റെ രക്ഷ കണ്ടെത്തുക. എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നു’. ബിലാലുംകൂട്ടരും അവരെ വാള് കൊണ്ട് ആട്ടിയോടിച്ചു.’ എല്ലാറ്റിനും ശേഷം ഞാന്‍ പറഞ്ഞു ‘അല്ലാഹു ബിലാലിനോട് കരുണ കാണിക്കട്ടെ, അദ്ദേഹം എന്റെ പട്ടച്ചട്ടയും നഷ്ടപ്പെടുത്തി, എന്റെ ബന്ദിയുടെ കാര്യത്തില്‍ എന്നെ വേദനിപ്പിക്കുകയും ചെയ്തു ‘.
ഉമര്‍ ബിന്‍ ഖത്താബ്(റ) ബദ്റില്‍ തന്റെ അമ്മാവനായിരുന്ന ഹിശാം ബിന്‍ മുഗീറയെ കൊലപ്പെടുത്തുകയുണ്ടായി.
ബദ്റിലെ തടവുകാരെ മുസ്ലിം പടയാളികള്‍ ചങ്ങലകളില്‍ ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിരുമേനി തന്റെ കൂടാരത്തിലാണ്. ആയുധധാരിയായി പ്രവാചകന് കാവല്‍ നില്‍ക്കുന്നത് സഅ്ദ് ബിന്‍ മുആദ്(റ). വിശ്വാസികള്‍ ചെയ്യുന്നതില്‍ എന്തോ ഒരു അതൃപ്തി സഅ്ദ് ബിന്‍ മുആദി(റ)ന്റെ മുഖത്ത് നിന്ന് പ്രവാചകന്(സ) വായിച്ചെടുത്ത അദ്ദേഹം ചോദിച്ചു. ‘സഅ്ദ്, അവരെ ബന്ദികളാക്കുന്നതില്‍ താങ്കള്‍ക്ക് എന്തോ അതൃപ്തിയുള്ളതുപോലെ?’ സഅ്ദ് പറഞ്ഞു ‘അതേ പ്രവാചകരേ, അല്ലാഹുവാണ, ബഹുദൈവാരാധാകരെ അല്ലാഹു തകര്‍ത്തുകളഞ്ഞ ആദ്യ പോരാട്ടമാണിത്. അവരെ ബന്ദികളാക്കുന്നതിനേക്കാള് എനിക്കിഷ്ടം കൊന്നുകളയുന്നതാണ്’.
ബദ്റിലെ പോരാട്ടത്തിനിടെ ഉക്കാശഃയുടെ വാള് മുറിയുകയുണ്ടായി. അദ്ദേഹം പ്രവാചകന്(സ) യെ സമീപിച്ചു. ഒരു വിറകുകഷ്ണം ഉക്കാശഃയുടെ കയ്യില്‍ കൊടുത്ത് പ്രവാചകന്(സ) പറഞ്ഞു ‘ഉക്കാശഃ, താങ്കള്‍ ഇതുകൊണ്ട് യുദ്ധം ചെയ്യുക’. അദ്ദേഹം അത് കയ്യിലെടുത്തതും കൈ വിറച്ചു. അതുടനെ വെളുത്ത് മൂര്‍ച്ചയേറിയ ബലവത്തായ ഖഡ്ഗമായിത്തീര്ന്നു. വിശ്വാസികള്‍ വിജയം വരിക്കുന്നതുവരെ അദ്ദേഹം അതുപയോഗിച്ചാണ് പോരാടിയത്. ഔന് അഥവാ സഹായം എന്നായിരുന്നു ആ വാളിനെ വിളിച്ചിരുന്നത്. പിന്നീടുള്ള യുദ്ധങ്ങളിലെല്ലാം അദ്ദേഹം അതായിരുന്നു ഉപയോഗിച്ചിരുന്നത്. അബൂബക്ര്(റ)ന്റെ കാലത്ത് മതപരിത്യാഗികളെ നേരിട്ടപ്പോഴും അതുതന്നെയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്.
ബദ്ര് യുദ്ധം കഴിഞ്ഞശേഷം മുസ്വ്അബ് ബിന്‍ ഉമൈര്‍(റ) തന്റെ സഹോദരന് അബൂ ഉസൈര്‍ ബിന്‍ ഉമൈറിനെ ബന്ധനസ്ഥനാക്കി കൊണ്ടുപോയി. മുസ്ലിംകള്ക്കെതിരെ പോരാടിയിരുന്നു അബൂ ഉസൈര്‍. ഒരു അന്‍സ്വാരി അവന്റെ കയ്യില്‍ പിടിച്ചിരുന്നു. മുസ്വ്അബ് ആ അന്‍സ്വാരിയോട് പറഞ്ഞു ‘നീ അവന്റെ കൈ മുറുക്കിപിടിക്കണം, അവന്റെ ഉമ്മ കാശുള്ള വീട്ടില്‍ നിന്നാണ്. അവര്‍ ഒരു പക്ഷേ നിനക്ക് കാശുതന്ന് അവനെ വാങ്ങിയേക്കും’. ഇതു കേട്ട അബൂ ഉസൈര്‍ സഹോദരന് മുസ്വ്അബിനോട് ചോദിച്ചു:’ ഇതാണോ എനിക്കുവേണ്ടിയുള്ള നിന്റെ ശുപാര്‍ശ?’ മുസ്വ്അബ് പറഞ്ഞു ‘നിന്നെക്കൂടാതെ എനിക്കുള്ള സഹോദരനാണ് അവന്’.
Add Comment