വായനാശീലമുള്ള ഏതൊരു മുസ്ലിമിനും അറിയാവുന്ന സംഭവമാണ് മക്കാവിജയമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ പ്രസ്തുത വിജയത്തിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. നബിതിരുമേനി(സ)യും അനുചരന്മാരും സ്വീകരിച്ച മഹത്തായ ചില സമീപനങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. യുദ്ധ സന്ദര്‍ഭത്തില്‍ പ്രവാചകന്(സ) സ്വീകരിച്ച നയനിലപാടുകളും സമീപനങ്ങളും മനസ്സിലാക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും ദൈവിക മാര്‍ഗത്തില്‍ പടപൊരുതുന്ന വിശ്വാസികള്‍ക്ക് ഗുണകരമായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഹിജ്റ ആറാം വര്‍ഷം ഹുദൈബിയയില്‍ വെച്ച് മുസ്ലിംകള്ക്കും മുശ്രിക്കുകള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുണ്ടായി. പത്തുവര്‍ഷത്തേക്കായിരുന്നു ഉടമ്പടി. മദീനയിലെ ഖുസാഅ ഗോത്രം മുസ്ലിംകളുടെപക്ഷത്തും, ബനൂബക്ര്‍ ഖുറൈശികളോട് ചേര്‍ന്നും കരാറില്‍ ഒപ്പുവെക്കുകയുണ്ടായി. രണ്ടുവര്‍ഷത്തോളം ഖുറൈശികള്‍ കരാര്‍ പാലിക്കുകയും ക്രമേണ നിബന്ധനകള്‍ ഓരോന്നോരോന്നായി ലംഘിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഹിജ്റ എട്ടാം വര്‍ഷം ബനൂബക്ര്‍ ഖുറൈശികളുടെ സഹായത്തോടെ ബനൂഖുസാഅഃയെ ആക്രമിക്കുകയും അവരുടെ ഇരുപതോളം പേരെ വധിക്കുകയും ചെയ്തു. ശേഷം രക്ഷക്കായി ബനൂഖുസാഅ ഹറമില്‍ കയറി ഒളിച്ചു.
എന്നാല്‍ ഹറമിന്റെ പരിശുദ്ധ മാനിക്കാതെ ബനൂബക്ര്‍ അവിടെ കയറി ഒളിച്ചിരുന്നവരെ കൊലപ്പെടുത്തി. ഖുസാഅ ഗോത്രക്കാരനായ അംറ് ബിന്‍ സാലിം ഒരു സംഘവുമായി പ്രവാചകന്(സ)യുടെ അടുത്തുവരികയും ബനൂബക്ര്‍ തങ്ങളോട് ചെയ്ത അക്രമത്തെക്കുറിച്ച് കവിത ചൊല്ലി വിശദീകരിക്കുകയും ചെയ്തു. അവരെ സഹായിക്കുന്ന കാര്യം ആലോചിക്കാമെന്ന് പ്രവാചകന്(സ) അവര്‍ക്ക് ഉറപ്പുനല്‍കി.
ഇത്രയുമായപ്പോള്‍ ഖുറൈശികള്‍ സന്ധി സംഭാഷണത്തിനായി അബൂസുഫ്യാനെ തിരുമേനി(സ)യുടെ അടുത്തേക്കയച്ചു. വ്യവസ്ഥയില്‍ രേഖപ്പെടുത്തിയതുപോലെ തന്നെ പത്ത് വര്‍ഷത്തേക്ക് കരാര്‍ തുടരണമെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. പക്ഷേ തിരുമേനി(സ) അത് നിരസിച്ചു. മാത്രമല്ല കരാര്ലംഘനംനടത്തിയ ഖുറൈശികളുടെ പ്രതിനിധിയായ അബൂസുഫ്യാന് മദീനയില്‍ ചെന്നപ്പോള്‍ എല്ലാവരും അവഗണിച്ചു. പ്രവാചകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അബൂബകര്‍, ഉമര്‍, ഉഥ്മാന്, അലി, ഫാത്വിമ, ഉമ്മു ഹബീബ(റ) തുടങ്ങിയവരെ അദ്ദേഹം സമീപിച്ചെങ്കിലും ആരും അതിന് തയ്യാറായി മുന്നോട്ടുവന്നില്ല.
പ്രവാചകനും പത്നിയും, മകളും, അനുചരന്മാരും സ്വീകരിച്ച ഈ സമീപനത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. താന്‍ സ്ഥാപിച്ച മദീനയിലെ രാഷ്ട്രത്തിന് അദ്ദേഹവും അനുചരന്മാരും നല്കിയ സ്ഥാനമാണ് ഈ സംഭവം അടയാളപ്പെടുത്തുന്നത്. അവിവേകികളായ ഖുറൈശികളും ബനൂബക്ര്‍ ഗോത്രവും ചെയ്ത തോന്നിവാസത്തിന് ഒരു നിലക്കും വിധേയപ്പെടേണ്ടതില്ല എന്നുതന്നെയായിരുന്നു മുസ്ലിം ഉമ്മത്തിന്റെ തീരുമാനം. സര്‍വരാലും ആദരിക്കപ്പെടേണ്ട രാഷ്ട്രം നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പില്‍വരുത്താന്‍ പ്രാപ്തമായിരിക്കണം.
തിരുമേനിക്ക് പിന്നില്‍ നാലുഖലീഫമാരും, കുടുംബാംഗങ്ങളും ഒന്നിച്ച് അണിനിരന്ന സംഭവം കൂടിയാണ് ഇത്. അബൂസുഫ്യാന് തിരുമേനിയുടെ ഏറ്റവുമടുത്ത അനുയായികളെയാണ് സമീപിച്ചത്.. അവര്‍ക്ക് പ്രവാചകന്റെയടുക്കല്‍ ചെന്ന് ശുപാര്ശാസ്വരത്തില് സംസാരിക്കാമായിരുന്നിട്ടും അദ്ദേഹത്തെ ഭയപ്പെടുന്നതുപോലെയാണ് അത്തരം നീക്കത്തിന് വിസമ്മതം പ്രകടിപ്പിച്ചത്. തങ്ങളുടെ നേതാവ് എടുത്ത തീരുമാനത്തെ മാറ്റാന്‍ തങ്ങള്‍ക്കാവില്ല എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. മുസ്ലിം സമൂഹത്തില്‍ നേതാവിന് മഹത്തായ സ്ഥാനവും ആദരവുമാണ് ലഭിക്കുന്നതെന്ന് ശത്രുവിനെ ബോധ്യപ്പെടുത്താനും അതുവഴി സാധിച്ചു. ഇപ്രകാരം സൈന്യാധിപനും സൈനികര്‍ക്കും ഇടയില്‍ മാനസികൈക്യവും അനുസരണവും നിലനിര്‍ത്താന്‍ കഴിയുന്ന സൈനികശക്തിക്ക് വിജയിക്കാനാകുമെന്നും ഇതിലൂടെ തെളിയുന്നു.
ത്ര്രന്തശാലിയായ നായകന് അവസരം മുതലെടുക്കുന്നവനാണ്. ഖുറൈശികളുമായി ഉടമ്പടിയുണ്ടാക്കിയ വേള തന്റെ രാഷ്ട്രത്തിന് അടിത്തറയിടാന്‍ തിരുമേനി(സ) ഉപയോഗിച്ചു. മദീനയില്‍ ഇസ്ലാമിന്റെ വ്യാപനത്തിനും, റോ, പേര്‍ഷ്യ, ഈജിപ്ത് തുടങ്ങിയ നാടുകളിലേക്ക് ഇസ്ലാമിന്റെ സന്ദേശം വഹിച്ചുള്ള ദൗത്യനിര്‍വഹണത്തിനും അദ്ദേഹം ശ്രമിച്ചു. മദീനയില്‍ കുഴപ്പങ്ങളുണ്ടാക്കിയ ഖൈബറിലെ യഹൂദരെ തുരത്തിയോടിച്ചു. സൈന്യത്തെ അയച്ച് മുഅ്തയില്‍ വെച്ച് റോമക്കാരെ പരാജയപ്പെടുത്തി. ഇപ്പോള്‍ മദീനാരാഷ്ട്രം സുരക്ഷിതമാണ്, ശത്രുവിന്റെ ആക്രമണത്തെ ഒട്ടും ഭയക്കാതെ നിര്‍ഭയരായി വിശ്വാസികള്‍ക്ക് അവിടെ ജീവിക്കാവുന്നതാണ്. അപ്പോഴതാ ഖുറൈശികള്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. മുഹമ്മദ് കരാര്‍ ലംഘിച്ചെന്ന് ശത്രുക്കള്‍ക്ക് പറയാന്‍ അവസരമില്ല. അതിനാല്‍ മക്കയിലേക്ക് മടങ്ങാനുള്ള സുവര്ണാവസമാണ് ഇതെന്ന് പ്രവാചകന്(സ) തിരിച്ചിറിഞ്ഞു.
തിരുമേനി(സ) പോരാട്ടത്തിന് തയ്യാറാവുകയും മുസ്ലിംകളോട് സജ്ജരാവാന്‍ കല്പിക്കുകയും ചെയ്തു. പക്ഷേ എങ്ങോട്ടാണ് യാത്ര എന്ന കാര്യം ഏറ്റവും അടുത്ത അനുയായികളില്‍ നിന്ന് പോലും അദ്ദേഹം മറച്ചുവെച്ചു. എന്നാല്‍ ഹാത്വിബ് ബിന്‍ അബീബല്‍തഅ തിരുമേനി(സ) മക്ക ആക്രമിക്കാന്‍ തയ്യാറാവുന്നതായി ഒരു സ്ത്രീയുടെ കൈവശം സന്ദേശമയച്ചു. ജിബ്രീല്‍ മുഖേന വിവരമറിഞ്ഞ പ്രവാചകന് അലി(റ), സുബൈര്‍(റ) എന്നിവരെ അയച്ച് ആ സന്ദേശം പിടിച്ചെടുക്കുകയായിരുന്നു. തിരുമേനി(സ) ഹാത്വിബിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെടുകയും ശേഷം പൊറുത്തുകൊടുക്കുകയും ചെയ്തു. ഇവിടെയും തിരുമേനി(സ) സ്വീകരിച്ച നിലപാട് പരിഗണനീയമാണ്. അനുയായികള്‍ക്ക് വിശ്വാസപരമായ ദൗര്‍ബല്യം അനുഭവപ്പെടുമ്പോള്‍ എങ്ങനെയാണ് സംസ്കരിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് പ്രവാചകന്(സ). മക്കയിലെ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍വേണ്ടി ചെയ്തതാണെന്ന ഹാത്വിബിന്റെ നിഷ്കളങ്കമായ വിശദീകരണം സ്വീകരിച്ച പ്രവാചകന് അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയായിരുന്നു.
പരിശുദ്ധ റമദാനില്‍ തിരുമേനി(സ) അനുചരന്മാരുമായി മക്കയിലേക്ക് തിരിച്ചു. ക്രൂരമായി ആട്ടിപ്പുറത്താക്കപ്പെട്ട ശേഷം പതിനായിരത്തോളം പേരുടെ അകമ്പടിയോടെ വിജയശ്രീലാളിതനായാണ് പ്രവാചകന്(സ) തിരിച്ചുവന്നത്. വഴിയില്‍ വെച്ച് പിതൃവ്യന് അബ്ബാസ്(റ) അദ്ദേഹത്തെ സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പേ ഇസ്ലാം സ്വീകരിച്ച അദ്ദേഹം പ്രവാചകന് രഹസ്യവിവരം നല്‍കുന്നതിനായി മക്കയില്‍ തന്നെ തങ്ങുകയായിരുന്നു. അവര്‍ക്കിടയില്‍ എഴുത്തുകുത്തുകള്‍ നടന്നിരുന്നു.
മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പില്‍ പടയാളികളോട് തീപ്പന്തം കത്തിക്കാന്‍ കല്പിച്ചു തിരുമേനി(സ). കയ്യില്‍ തീപ്പന്തങ്ങളുമായി വരുന്ന മുസ്ലിം ഭടന്മാരെ കണ്ട മുശ്രിക്കുകള്‍ ഭയന്നുവിറച്ചു. വാര്‍ത്തയറിയാനായി പുറത്തിറങ്ങിയ അബൂസുഫ്യാനും കൂടെയുള്ളവരും അബ്ബാസ്(റ)നെ കണ്ടുമുട്ടി. അദ്ദേഹം അവരുമായി പ്രവാചകന്റെ അടുത്തുവന്നു. തിരുമേനി(സ) അബൂസുഫ്യാന് പ്രത്യേക പരിഗണന നല്കി. അദ്ദേഹം പറഞ്ഞു:’അബൂസുഫ്യാന്റെ വീട്ടില്‍ പ്രവേശിക്കുന്നവന് നിര്‍ഭയനാണ്’. മുസ്ലിം സൈന്യത്തിന്റെ വലിപ്പം കണ്ട അബൂസുഫ്യാന് മുസ്ലിംകളുടെ ശക്തി ബോധ്യമായി. പര്‍വതത്തെ ഇളക്കാന്‍ ശേഷിയുള്ള ഭീമാകാരമായ സൈന്യത്തെ കണ്ട അദ്ദേഹം അമ്പരന്നു.
ഇവിടെയും തിരുമേനി(സ) സ്വീകരിച്ച സംസ്കരണ നയം പ്രസ്താവ്യമാണ്. ജനങ്ങള്‍ക്കിടയില്‍ സ്ഥാനമുള്ള അബൂസുഫ്യാന് അതേ സ്ഥാനം തിരുമേനി(സ) വകവെച്ചു കൊടുക്കുന്നു. കാരണം അദ്ദേഹം ഇസ്ലാം സ്വീകരിച്ചാല്‍ അദ്ദേഹത്തെ പിന്തുടര്ന്ന് മറ്റുള്ളവരും ഇസ്ലാം സ്വീകരിക്കും. ഇസ്ലാമിക പ്രബോധനത്തിന്റെ മഹത്തായ നേട്ടമായി മാറിയേക്കാം അത്. മുസ്ലിംകളോട് പോരാടരുത് എന്ന് നിര്‍ദേശിച്ചുകൊണ്ടാണ് അബൂസുഫ്യാന് മക്കയില്‍ തിരികെ പ്രവേശിച്ചത്. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു.
തക്ബീര്‍ ചൊല്ലി തല ഉയര്‍ത്തി അല്ലാഹുവിനെ സ്മരിച്ച് തിരുമേനിയും അനുയായികളും മക്കയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട മുഹാജിറുകള്‍ കൂടെ തന്നെയുണ്ടായിരുന്നു. അവരെ സ്വീകരിച്ച, അവര്‍ക്ക് സര്‍വസഹായവും നല്കിയ അന്‍സ്വാറുകള്‍ പിന്നിലും. ഉമയ്യത്ത് ബിന്‍ ഖലഫിന്റെ ക്രൂരമായ പീഢനത്തിന് ഇരയായ ബിലാല്‍(റ) ഹറമിന്റെ മുകളില്‍ കയറി ഇസ്ലാമിന്റെ വിജയപ്രഖ്യാപനം നടത്തുകയും ബാങ്കുവിളിക്കുകയും ചെയ്തു.
ഇതായിരുന്നു ചരിത്രപ്രസിദ്ധമായ മക്കാ വിജയം. ഇല്ല, വിശ്വാസവും ദൈവബോധവും മുറുകെ പിടിക്കുന്ന കാലത്തോളം വിശ്വാസി സമൂഹം ഒരിക്കലും പരാജയപ്പെടുകയില്ല. ചരിത്രം സാക്ഷി…
മക്കാ വിജയം ഉമ്മത്തിന്റെ വിജയമായിരുന്നു

Add Comment