Special Coverage

ബല്‍ഗ്രേഡ് പട്ടണത്തിന്റെ വിജയം

1521 ആഗസ്റ്റ് 8, ഹിജ്‌റ 927 റമദാന്‍ 4 നാണ് ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനി മധ്യയൂറോപ്പിന്റെ താക്കോല്‍ എന്നറിയപ്പെടുന്ന ബല്‍ഗ്രേഡ് പട്ടണം കീഴടക്കിയത്. ഇന്നത്തെ സെര്‍ബിയയുടെ തലസ്ഥാനമാണ് ബല്‍ഗ്രേഡ്. സുല്‍ത്താന്‍ സുലൈമാന്‍ യൂറോപ്പില്‍ ഇസ്്‌ലാമിന്റെ വ്യാപനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളാണ്.
അന്‍ത്വാകിയ വിജയം 
ഈജിപ്തില്‍ തടവിലാക്കപ്പെട്ട ലൂയിസ് ഒമ്പതാമന്റെ മരണത്തെ തുടര്‍ന്ന് ഭരണത്തിലേറിയ മംലൂകി രാജാവായിരുന്ന പേപ്രസിന്റെ കാലം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദിനങ്ങളായിരുന്നു. അക്കാലത്ത് എല്ലാ വിഭാഗങ്ങളും തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. എന്നാല്‍ ക്രൈസ്തവര്‍ മംലൂക്കികള്‍ക്കെതിരെ മംഗോളിയരുടെ സഹായം സ്വീകരിച്ചതോടെ സമാധാനത്തിന്റെയും സന്ധിയുടെയും അന്തരീക്ഷം യുദ്ധത്തിലേക്കും പോരാട്ടത്തിലേക്കും വഴിമാറി.
തങ്ങളെ വലയംചെയ്തുനില്‍ക്കുന്ന ഈ അപകടത്തെ പ്രതിരോധിക്കുകയല്ലാതെ മംലൂക്കി മുസ്ലിംകള്‍ക്ക് മറ്റുമാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ഏകശത്രുവിനെ നേരിടുന്നതിന് പകരം  മംഗോളിയരെയും കുരിശുയുദ്ധക്കാരെയും ഒന്നിച്ചുനേരിടേണ്ട സാഹചര്യമായിരുന്നു മംലൂക്കികളുടേത്. എന്നാല്‍ നിര്‍ണായകമായ സാഹചര്യത്തില്‍ സധൈര്യം തന്റേടത്തോടെ ഉറച്ചുനില്‍ക്കുകയായിരുന്നു പേപ്രസ് ചെയ്തത്. ചരിത്രത്തിലെ വിഷമകരമായ ഇത്തരം മുഹൂര്‍ത്തങ്ങളില്‍  സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അദ്ദേഹം കൈക്കൊണ്ടിരുന്നു.
ഹിജ്‌റ 663-ല്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ പേപ്രസ് സൈനികനടപടി ആരംഭിച്ചു. ശാമിലേക്കുപുറപ്പെട്ട അദ്ദേഹം ഖൈസാരിയ്യ ആക്രമിച്ചു കീഴടക്കി. ശേഷം സ്വഫ്ദ് കോട്ട വളഞ്ഞു. കുരിശുയുദ്ധക്കാരുടെ ജയിലുകളിലൊന്നായിരുന്നു അത്. പേപ്രസ്തന്നെയാണ് സൈന്യത്തെ നയിച്ചിരുന്നത്. സൈനികരുടെ ആവേശം ഇളക്കിവിടുന്നതിനാവശ്യമായ പൊടിക്കൈകള്‍ അദ്ദേഹത്തിന്നറിയാമായിരുന്നു. ഉപരോധത്തിന് സഹായിക്കുന്ന പീരങ്കികള്‍ നിര്‍മിക്കാന്‍ വേണ്ട മരത്തടികള്‍ സൈനികരോടൊപ്പം അദ്ദേഹം വലിച്ചുകൊണ്ടുവരുമായിരുന്നു. സ്വഫ്ദ് കൂടി നഷ്ടപ്പെട്ടതോടെ കുരിശുയുദ്ധക്കാര്‍ തീര്‍ത്തും നിരാശരായി. അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ചില ക്രൈസ്തവവിഭാഗങ്ങള്‍ സന്ധിക്കും അനുരജ്ഞനത്തിനും തയ്യാറായി മുന്നോട്ടുവന്നു.
കുരിശുസൈന്യത്തിന്റെ സുപ്രധാന കേന്ദ്രമായിരുന്ന അന്‍ത്വാകിയ കീഴടക്കുകയായിരുന്നു പേപ്രസിന്റെ അടുത്ത ലക്ഷ്യം. ശാമിലേക്കുള്ള യാത്രാമധ്യേയാണ് അതിന്റെ സ്ഥാനം എന്നതിനാല്‍തന്നെ കുരിശുസൈന്യത്തെ സംരക്ഷിക്കുന്ന കോട്ടകൂടിയായിരുന്നു അത്. ഈ നിര്‍ണായക കേന്ദ്രം ആക്രമിക്കുന്നതിനായി പേപ്രസ് നന്നായി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കീഴ്‌പെടുത്തിക്കൊണ്ട് അന്‍ത്വാകിയയെ ഒറ്റപ്പെടുത്തി. എല്ലാ വിധ സഹായങ്ങളും നിലച്ച, തീര്‍ത്തും വളയപ്പെട്ട അവസ്ഥയായിരുന്നു അന്‍ത്വാകിയയുടെത്. ഈജിപ്തില്‍ നിന്നും പുറപ്പെട്ട് ഗസ്സ, യാഫാ, ടിപ്പോളി തുടങ്ങിയ പ്രദേശങ്ങളും വിജയിച്ചടക്കി. അതോടെ ഭയചകിതരായ അവിടത്തെ ക്രൈസ്തവനേതൃത്വം സമാധാനകാംക്ഷികളായി പേപ്രസിനെ സമീപിച്ചു. അതോടെ അന്‍ത്വാകിയക്ക് നേരെ കടന്നുചെല്ലാനുള്ള വഴി അദ്ദേഹത്തിന് എളുപ്പമായി.
പേപ്രസിന്റെ നേതൃത്വത്തില്‍ അന്‍ത്വാകിയ വളയുകയും ശക്തമായി ഉപരോധിക്കുകയും ചെയ്തു. ഹിജ്‌റ 666 റമദാനിന്റെ തുടക്കത്തിലായിരുന്നു അത്. സമാധാനപൂര്‍വം പട്ടണം വരുതിയിലാക്കാനായിരുന്നു പേപ്രസിന്റെ തീരുമാനം. എന്നാല്‍ കുരിശുയുദ്ധക്കാര്‍ കീഴടങ്ങാന്‍ നിരസിച്ചപ്പോള്‍ ആ ശ്രമം പരാജയപ്പെട്ടു. അതോടെ അദ്ദേഹം അന്‍ത്വാകിയക്ക്  മേല്‍ ശക്തമായ ആക്രമണം നടത്തി. അതിന്റെ കോട്ടമതിലുകളില്‍ പിടിച്ചുകയറി മുസ്ലിംകള്‍ പട്ടണത്തിലേക്ക് കടന്നുചെന്നു. കോട്ടയുടെ കാവല്‍ഭടന്‍മാര്‍ ഓടി ക്ഷപ്പെട്ടു. തന്റെയടുക്കല്‍ അഭയാര്‍ഥനയുമായിവന്നവരുടെ അപേക്ഷ പേപ്രസ് സ്വീകരിക്കുകയും മുസ്ലിംകള്‍ കോട്ട ഏറ്റെടുക്കുകയും ചെയ്തു.
അന്ന് മുസ്ലിംകള്‍ക്ക് ധാരാളം ഗനീമത്ത് ലഭിച്ചു. നാണയങ്ങളുടെ ആധിക്യം കാരണം അവയെല്ലാം തൂക്കിയായിരുന്നു വീതം വെച്ചിരുന്നത്.