നശ്വരമായ ചരിത്ര സംഭവങ്ങളാല്‍ സമ്പന്നമാണ് ഇസ്ലാമിക ചരിത്രം. ഇസ്ലാമിക ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ആ ചരിത്രസംഭവങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, അവ അക്കാലത്തെ മുസ്ലിംകളുടെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുസ്ലിം ഉമ്മത്തിന് മേല്‍ ആ അര്‍ഥത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പോരാട്ടങ്ങളിലാണ് ബദ്‌റിന്റെ സ്ഥാനം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് വെള്ളിയാഴ്ചയാണ് ബദ്‌റിന്റെ മണലാരണ്യം ചരിത്ര പോരാട്ടത്തിന് സാക്ഷിയായത്. ബഹുദൈവ വിശ്വാസികള്‍ക്കെതിരായ മുസ്‌ലിംകളുടെ പ്രഥമയുദ്ധമായിരുന്നു അത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ പ്രവാചകന്‍(സ)യും അനുയായികളും അവിടെ ഇസ്ലാമിക രാഷ്ട്ര നിര്‍മാണത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങി. മദീനയിലെത്തിയ പ്രവാചകന്‍(സ) അവിടെ ജീവിച്ചിരുന്ന ജൂതന്മാരുമായി മദീനാകരാര്‍ രൂപപ്പെടുത്തുകയാണ് ആദ്യമായി ചെയ്തത്. അവകാശങ്ങളുടെ സംരക്ഷണം, അക്രമം അവസാനപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്തുത കരാര്‍. ഇസ്ലാമിക പ്രബോധനത്തിനും, വ്യാപനത്തിനും ആവശ്യമായ രാഷ്ട്രീയഅജണ്ടകളാണ് അതുവഴി തിരുമേനി(സ) നടപ്പിലാക്കിയത്.
തങ്ങളെ അടിച്ചമര്‍ത്താനും, കീഴൊതുക്കാനും സൈനിക-സാമ്പത്തിക സന്നാഹങ്ങള്‍ ഖുറൈശികള്‍ ഉപയോഗപ്പെടുത്തുമെന്ന് തിരുമേനി(സ)ക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങോട്ട് ആക്രമണം വരുന്നതിനുമുമ്പ് ഖുറൈശികള്‍ക്കുമേല്‍ ആക്രമണം നടത്തി അവരെ സാമ്പത്തികവും രാഷ്ട്രീയവുമായി കീഴ്‌പ്പെടുത്തുകയാണ് നല്ലതെന്ന് തിരുമേനി(സ) കരുതി. മക്കാനിഷേധികളുടെ സാമ്പത്തിക സ്രോതസ്സ് കച്ചവടമാണെന്നും, അത് സ്തംഭിപ്പിച്ചാല്‍ അവര്‍ കഷ്ടപ്പെടുമെന്നും പ്രവാചകന്(സ) അറിയാമായിരുന്നു. അതിനാല്‍ തന്നെ മക്കക്കാരുടെ കച്ചവടയാത്രയ്ക്ക് -വിശിഷ്യ ശാമിലേക്കുള്ള യാത്രയ്ക്ക് – തടയിടുകയാണ് പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുവെപ്പെന്ന് അദ്ദേഹം കണക്കുകൂട്ടി. ശാമിലേക്കുള്ള ഖുറൈശികളുടെ യാത്രാ സംഘങ്ങളെ നേരിടാന്‍ ഏതാനും കൊച്ചുസൈന്യങ്ങളെ അദ്ദേഹം അയച്ചു . ഖുറൈശികളെയും അവരുടെ സഖ്യകക്ഷികളെയും ഒന്ന് ഭയപ്പെടുത്തുകമാത്രമായിരുന്നു ഉദ്ദേശ്യം. അതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം അവരുടെ കച്ചവട സംഘങ്ങളെ തടയുകയെന്നതായിരുന്നു. പക്ഷേ കച്ചവട സംഘങ്ങളുമായി ഏതെങ്കിലും രീതിയിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുകയുണ്ടായില്ല. അതിനാല്‍ തന്നെ ശാമിലേക്ക് കച്ചവടയാത്ര സംഘടിപ്പിക്കുകയെന്ന പതിവ് ഖുറൈശികള്‍ തുടരുകയും ചെയ്തു.
ഹിജ്‌റ രണ്ടാം വര്‍ഷം അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഒരു കച്ചവട സംഘം ശാമില്‍ നിന്ന് മക്കയിലേക്ക് മടങ്ങുന്നതായി തിരുമേനി(സ)ക്ക് വിവരം ലഭിച്ചു. കൂടെ കച്ചവടത്തില്‍നിന്നുകിട്ടിയ സമ്പത്തുവഹിച്ച് കൊണ്ട് ഏകദേശം എഴുപതാളുകളുമുണ്ട്. മുഹാജിറുകളില്‍ പെട്ട ഏതാനും പേരെ പ്രവാചകന്‍(സ) കച്ചവടസംഘത്തെ നേരിടാന്‍ അയച്ചു. അവരോട് പറഞ്ഞു:’ഖുറൈശികളുടെ കച്ചവടസംഘമാണത്. അതില്‍ അവരുടെ സമ്പത്തുണ്ട്. നിങ്ങളതിലേക്ക് പുറപ്പെടുക, ഒരുപക്ഷേ അല്ലാഹു നിങ്ങള്‍ക്കതിനെ സൗകര്യപ്പെടുത്തിയേക്കും’. അല്ലാഹു പറയുന്നു:’രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്‍പനകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരടുമുറിച്ചുകളയാനുമാണ്’.(അന്‍ഫാല്‍ 7)
ബുദ്ധിയിലും തന്ത്രത്തിലും ആസൂത്രണപാടവത്തിലും അസാമാന്യനായ അബൂസുഫ്‌യാന്‍ മുസ്ലിംകളുടെ നീക്കം മനസ്സിലാക്കി. സംഭവഗതികള്‍ വിവരിച്ചും സഹായം തേടിയും അദ്ദേഹം ഖുറൈശികളിലേക്ക് ദൂതനെ അയച്ചു. വിവരമറിഞ്ഞ ഖുറൈശികള്‍ 950-ലധികം വരുന്ന പോരാളികളുമായി യുദ്ധത്തിന് കച്ചകെട്ടിയിറങ്ങി. അബൂസുഫ്‌യാന്‍ തീരപ്രദേശത്തിലൂടെ രഹസ്യമായി രക്ഷപ്പെട്ടിരുന്നു. ബദ്‌റിനെചുറ്റിവളഞ്ഞ് ജുഹ്ഫയിലെത്തിയ അദ്ദേഹം ഖുറൈശികള്‍ക്ക് സന്ദേശമയച്ചു’അല്ലാഹു നിങ്ങളുടെ കച്ചവടസംഘത്തെയും സമ്പത്തിനെയും രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുക’. പക്ഷേ അബൂജഹ്ല്‍ ബിന്‍ ഹിശാം മടങ്ങാന്‍ തയ്യാറായില്ല. ‘അല്ലാഹുവാണ, ബദ്‌റില്‍ -എല്ലാ വര്‍ഷവും കച്ചവടം നടക്കാറുള്ള അറബികളുടെ ചന്തയായിരുന്നു ബദ്ര്‍- എത്തുന്നതുവരെ ഞങ്ങള്‍ മടങ്ങുകയില്ല. ഞങ്ങളവിടെ മൂന്നുദിവസം താമസിക്കും, ഒട്ടകത്തെ അറുക്കും, ഭക്ഷണം കഴിക്കുകയും, മദ്യം പകരുകയും ചെയ്യും. അറബികള്‍ ഞങ്ങളെക്കുറിച്ച് കേള്‍ക്കട്ടെ, അവര്‍ ഞങ്ങളെത്തൊട്ട് എക്കാലവും ഭീതിയില്‍കഴിയട്ടെ.)
ഖുറൈശികള്‍ ബദ്‌റിലേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ തിരുമേനി(സ) റമദാന്‍ മൂന്നിന് മുന്നൂറ്റിപ്പതിമൂന്ന് അനുയായികളുമായി ബദ്‌റിലേക്ക് പുറപ്പെട്ടു. ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു മുസ്ലിംകള്‍ക്കുണ്ടായിരുന്നത്. രണ്ടും മൂന്നും പേര്‍ ഊഴമിട്ടായിരുന്നു അതിന്മേല്‍ യാത്ര ചെയ്തിരുന്നത്. നബിതിരുമേനി(സ)യും, അലിയും സൈദു(റ)ം ഒരു ഒട്ടകത്തെ പങ്കിട്ടെടുത്തു. അബൂബക്ര്‍, ഉമര്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) തുടങ്ങിയവര്‍ മറ്റൊരു ഒട്ടകത്തെയും.
യാത്ര തുടര്‍ന്ന ഖുറൈശികള്‍ ബദ്‌റിലെ കിണറിനു സമീപമാണ് തമ്പടിച്ചത്. അവിടെ വെള്ളം ലഭ്യമായ സ്ഥലമാണ് തിരുമേനി(സ) തെരഞ്ഞെടുത്തത്. ഇതു കണ്ട ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) ചോദിച്ചു:’അല്ലാഹുവിന്റെ ദൂതരേ, ഇത് അല്ലാഹു നിശ്ചയിച്ചുതന്ന സ്ഥാനമാണോ, അതോ താങ്കള്‍ യുദ്ധതന്ത്രത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തതാണോ?’. തന്റെ തീരുമാനമാണെന്ന് റസൂല്‍(സ) മറുപടി പറഞ്ഞപ്പോള്‍ ഹുബാബ് വിശദീകരിച്ചു:’അല്ലാഹുവിന്റെ ദൂതരേ, ഇതല്ല നമുക്കുപറ്റിയ സ്ഥലം. നമുക്ക് കുറച്ച് അപ്പുറത്തേക്ക് മാറിയാല്‍ വെള്ളം ലഭിക്കുകയും അവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ അതാണ് ഉത്തമമായ സ്ഥലം). തിരുമേനി(സ) അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചു അപ്രകാരം ചെയ്തു.
ബദ്‌റിലെത്തിയപ്പോള്‍ പ്രവാചകന്(സ) വേണ്ടി ഒരു കൂടാരം നിര്‍മിക്കാന്‍ സഅ്ദ് ബിന്‍ മുആദ് അദ്ദേഹത്തിനോട് അനുവാദം ചോദിക്കുകയും അപ്രകാരം അത് നിര്‍മിക്കപ്പെടുകയും ചെയ്തു. ഖുറൈശികള്‍ സായുധ സജ്ജരായി പ്രമത്തതയോടെ മോടിയില്‍ ബദ്‌റിലെത്തി. തിരുമേനി(സ) തന്റെ കൂടാരത്തിലേക്ക് കയറി. കൂടെ അബൂബക്‌റു(റ)ം. റസൂല്‍(സ) ആകാശത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. കുറച്ച് നേരം തിരുമേനി(സ)ക്ക് ബോധക്ഷയം ഉണ്ടാവുകയും പെട്ടെന്നുതന്നെ ഉണരുകയും ചെയ്തു. അദ്ദേഹം പറഞ്ഞു:’അബൂബക്ര്‍, അല്ലാഹുവിന്റെ സഹായം നമുക്കെത്തിയിരിക്കുന്നു. ജിബ്‌രീലിതാ, അദ്ദേഹത്തിന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് തയ്യാറായി നില്‍ക്കുന്നു’. തിരുമേനി(സ) ആവേശഭരിതനായി പറഞ്ഞു:’അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും’.(അല്‍ഖമര്‍ 45)
അല്ലാഹു വിശ്വാസികള്‍ക്ക് വ്യക്തമായ വിജയം നല്‍കി അനുഗ്രഹിച്ചു. ബഹുദൈവവിശ്വാസികള്‍ പരാജയപ്പെടുകയും അവരില്‍ പലരും കൊല്ലപ്പെടുകയും അവശേഷിച്ചവര്‍ ബന്ദിയാക്കപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരെ ഖലീബില്‍ മറവുചെയ്യാന്‍ തിരുമേനി(സ) കല്‍പിച്ചു. മദീനയില്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നതിനായി പ്രവാചകന്‍(സ) അബ്ദുല്ലാഹ് ബിന്‍ റവാഹഃയെയും സൈദ് ബിന്‍ ഹാരിഥഃയെയും നിയോഗിച്ചു. വിജയശ്രീലാളിതരായി തിരിച്ചെത്തിയ പ്രവാചകനെയും അനുചരന്മാരെയും മദീനാവാസികള്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു.
ബദ്ര്‍ കഴിഞ്ഞ് കൃത്യം ആറുവര്‍ഷങ്ങള്‍ക്കുശേഷം ഹിജ്‌റ എട്ടാം വര്‍ഷം മക്കാവിജയത്തിന് റമദാന്‍ സാക്ഷിയായി. ബഹുദൈവവിശ്വാസത്തിന്റെ അടിവേരറുക്കുന്ന വിജയമായിരുന്നു അത്. ജനങ്ങള്‍ അല്ലാഹുവിന്റെ ദീനിലേക്ക് കൂട്ടംകൂട്ടമായി കടന്നുവന്നുകൊണ്ടിരുന്നു.
Add Comment