ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ തീര്‍ത്തും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ ജീവിതവുമായും, സംസ്‌കാരവുമായും അഭേദ്യമായ ബന്ധമുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ചും.
ദൈവികദീനിന്റെ സന്ദേശവുമായി തിരുമേനി(സ) സമൂഹത്തിലിറങ്ങുകയും, സ്വഫാ പര്‍വതത്തിന് മുകളില്‍ കയറി പരസ്യമായി ജനങ്ങളെ ക്ഷണിക്കുകയും ചെയ്തത് മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും, ആദര്‍ശത്തിനും മേല്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാചകകാലശേഷവും മുസ്ലിം സമൂഹത്തിനുനേരെയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി.
വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യവും വ്യക്തവുമായ ശൈലിയിലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. തങ്ങളുടെ ശത്രുക്കളുടെ കുതന്ത്രങ്ങളെ എങ്ങനെ നേരിടണമെന്ന് വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു അത്.
ഖുര്‍ആന്‍ ചിലപ്പോള്‍ പ്രതിരോധ ശൈലിയും, മറ്റ് ചിലപ്പോള്‍ ആരോപകരുടെ വിശ്വാസവൈകല്യത്തെ തുറന്നുകാട്ടിയും അവര്‍ക്ക് മറുപടി നല്‍കി. മുസ്‌ലിംകള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവര്‍ തങ്ങളെയും തങ്ങളുടെ ആദര്‍ശത്തെയും ആഴത്തില്‍ പരിശോധിച്ചാല്‍ തങ്ങളാപതിച്ചിരിക്കുന്ന അബദ്ധകൂപത്തിന്റെ ആഴം തിരിച്ചറിയുമെന്നതിനാലാണ് അത്.
പ്രവാചക ചരിത്രത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു ബദ്ര്‍ യുദ്ധം. റമദാന്‍ പതിനേഴുമായി ബന്ധപ്പെട്ടാണ് പ്രസ്തുത ചരിത്രം ധാരാളമായി ഉദ്ധരിക്കപ്പെടാറുള്ളത്.
എന്നാല്‍ ബദ്‌റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സുപ്രധാനം അതിന്റെ കാരണങ്ങളെക്കുറിച്ച് നിലവില്‍ ഉദ്ധരിക്കപ്പെടുന്ന പരാമര്‍ശങ്ങളാണ്. ഇസ്ലാമിക പ്രബോധനത്തില്‍ അങ്ങേയറ്റം സ്വാധീനമുള്ള വിഷയങ്ങളാണ് അവ. സത്യാസത്യ വിവേചനത്തിന്റെ ദിനം എന്ന് അല്ലാഹു നല്‍കിയ വിശേഷണം തന്നെ പ്രസ്തുത പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.
‘അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ സത്യാസത്യങ്ങള്‍ വ്യക്തമായി വേര്‍തിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍! അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ’. (അന്‍ഫാല്‍ 41)
ബദ്‌റിന്റെ നിമിത്തങ്ങള്‍ വിലയിരുത്തുമ്പോള്‍ നിസാരസംഗതിയെ മുഖ്യലക്ഷ്യമായി അവതരിപ്പിക്കുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. ഖുറൈശികളുടെ കച്ചവസ്വത്ത് പിടിച്ചടക്കുന്നതിന് വേണ്ടിയാണ് തിരുമേനിയും അനുചരന്മാരും പുറപ്പെട്ടതെന്നാണ് പതിവുപല്ലവികള്‍. എന്നാല്‍ സാമ്പത്തിക നേട്ടത്തിനോ, പ്രതികാരദാഹം തീര്‍ക്കാനോ ആയിരുന്നില്ല മുസ്ലിം സമൂഹം ഇറങ്ങിത്തിരിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.
യാഥാര്‍ത്ഥ്യത്തിന്റെ ഒരു അംശം മാത്രമാണ് അത്. സുപ്രധാനമായ കാരണവും അതായിരുന്നില്ല. അപൂര്‍ണമായ ഈ സങ്കല്‍പം ഇബ്‌നു ഹിശാമിന്റെ ചരിത്ര ഗ്രന്ഥത്തെ അവലംബിച്ചത് മുഖേന രൂപപ്പെട്ടതാണ്. പ്രവാചക ചരിത്രത്തില്‍ മൂല്യവത്തായ ഒട്ടേറെ കൃതികള്‍ രചിക്കപ്പെട്ടിരിക്കെ അവയെല്ലാം അവഗണിച്ച് സീറതു ഇബ്‌നു ഹിശാം മാത്രം പരിഗണിക്കുന്നതില്‍ നീതിയില്ല.
ഇസ്‌ലാമിനെ ആക്രമിക്കാനും, ഇസ്‌ലാമിന്റെ മുഖം പൊതുസമൂഹത്തിന് മുന്നില്‍ വികൃതമാക്കാനും ഓറിയന്റലിസ്റ്റുകള്‍ ദുരുപയോഗം ചെയ്യുന്ന ചരിത്ര വിവരണമാണത്. പ്രമുഖ ഓറിയന്റലിസ്റ്റായ ഫിലിപ് ഹിറ്റി തന്റെ താരീഖുല്‍ അറബ് എന്ന് ഗ്രന്ഥത്തില്‍ പറയുന്നു:’മദീനയില്‍ ആദ്യമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നം ദരിദ്രരായ മുഹാജിറുകള്‍ക്ക് വേണ്ട അഭയവും ഭക്ഷണവുമായിരുന്നു. മുഹമ്മദ് മുഹാജിറുകളെ അന്‍സ്വാറുകള്‍ക്ക് വീതിച്ചു നല്‍കി. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം മദീനയിലെ അവസ്ഥ കൂടുതല്‍ വഷളായി. സാമ്പത്തികമായി അങ്ങേയറ്റം തകര്‍ന്നുപോയി മുസ്‌ലിം സമൂഹം. മദീനയില്‍ പരിമിതമായ സാമ്പത്തിക സ്രോതസ്സുകളെ ഉണ്ടായിരുന്നുള്ളൂ. സിറിയയില്‍ നിന്ന് മക്കയിലേക്ക് മടങ്ങുന്ന കച്ചവട സംഘങ്ങളിലായി മദീനക്കാരുടെ കണ്ണ്. വിലകൂടിയ ചരക്കുകളും, കീശയില്‍ ദീനാറുമായാണ് അവര്‍ മടങ്ങുക. അങ്ങനെ റമദാന്‍ പകുതിയില്‍ അവര്‍ ഒരു കച്ചവട സംഘത്തെ തേടി പുറപ്പെടുകയും ബദ്ര്‍ സംഭവിക്കുകയും ചെയ്തു’.
മദീന രാഷ്ട്രമായതോടെ മക്കക്കാരോടുള്ള പ്രതികാരദാഹം തീര്‍ക്കലായിരുന്നു മുസ്‌ലിംകളുടെ ലക്ഷ്യമെന്ന് മറ്റൊരു ഓറിയന്റലിസ്റ്റ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. വേറെ ചിലര്‍ അല്‍പം കൂടികടന്ന് ഇസ്ലാമിലെ ജിഹാദിന്റെ മുഖ്യലക്ഷ്യം സാമ്പത്തിക നേട്ടങ്ങളാണെന്ന് വിശദീകരിച്ചു.
ഇത്തരം ചരിത്രപരമായ അബദ്ധങ്ങള്‍ ശത്രുക്കള്‍ എഴുന്നള്ളിക്കുമ്പോള്‍ അവയ്ക്ക് കൊടിപിടിക്കുന്ന സമീപനമല്ല മുസ്‌ലിം ഉമ്മത്ത് സ്വീകരിക്കേണ്ടത്. നബിതിരുമേനി(സ) ഒരിക്കലും അക്രമം പ്രവര്‍ത്തിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. അക്രമികളില്‍ നിന്ന് അകന്ന് അല്ലാഹുവിന് വിധേയപ്പെട്ട് ജീവിക്കാന്‍ ആവശ്യമായ ഇടമന്വേഷിച്ചാണ് അദ്ദേഹവും അനുയായികളും മദീനയിലെത്തിയത്. ദൈവിക ദീനിന്റെ മാര്‍ഗത്തില്‍ സര്‍വസ്വത്തും ഉപേക്ഷിക്കാന്‍ തയ്യാറായ സംഘമായിരുന്നു അത്.
ചരിത്ര ഗ്രന്ഥങ്ങളില്‍ വലിയ പ്രധാന്യം ലഭിക്കാത്ത, സ്വഹീഹായ പരമ്പരയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഒരു സംഭവമുണ്ട്. ഖുറൈശികളുടെ കച്ചവട സംഘത്തെ നേരിടാന്‍ പ്രവാചകന്‍(സ) ഇറങ്ങിത്തിരിച്ചതിന്റെ കാരണം അത് വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ യഥ്‌രിബില്‍ എത്തിയ അന്നുമുതല്‍ തന്നെ അവരോട് ഖുറൈശികള്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. മദീനയില്‍ ഫിത്‌നയും പ്രതിസന്ധിയും സൃഷ്ടിക്കുകയായിരുന്നു അവരുടെ മുഖ്യ അജണ്ട. സ്വന്തം വീടും നാടും ഉപേക്ഷിച്ച് യാത്ര ചെയ്ത വിശ്വാസികളെ മദീനയിലും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നതായിരുന്നു ഖുറൈശികളുടെ നയം.
ഖുറൈശികളെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയ സംഘത്തിന്റെ ഉദയം അവര്‍ക്ക് വലിയ ഭീഷണിയായിരുന്നു. അതുവരെ അറബികള്‍ തങ്ങളുടെ ആത്മീയവും ദീനീപരവുമായ നേതൃത്വം ഖുറൈശികള്‍ക്കായിരുന്നു വകവെച്ച് നല്‍കിയിരുന്നത്. മക്കയിലെ ഹറമിന്റെ സാന്നിധ്യം അവര്‍ക്ക് അനുകൂല ഘടകവുമായിരുന്നു. അബ്ദുര്‍റഹ്മാന്‍ ബിന്‍ കഅ്ബ് ബിന്‍ മാലികില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട് ഇപ്രകാരമാണ്:’ഖുറൈശികള്‍ മദീനയിലെ അബ്ദുല്ലാഹ് ബിന്‍ ഉബയ്യിനും ഔസിലും ഖസ്‌റജിലും പെട്ട മറ്റ് ബിംബാരാധകര്‍ക്കും -ബദ്‌റിന് മുമ്പ്, പ്രവാചകന്‍(സ) മദീനയില്‍ എത്തിയതിന് ശേഷം- ഇപ്രകാരം കത്തയച്ചു. ഞങ്ങളുടെ ആള്‍ക്ക് -മുഹമ്മദിന്- നിങ്ങള്‍ അഭയം നല്‍കുന്ന പക്ഷം അല്ലാഹുവാണ നിങ്ങള്‍ അയാളോട് യുദ്ധം ചെയ്യുകയും അവിടെ നിന്ന് പുറത്താക്കുകയും ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് നിങ്ങളുമായി യുദ്ധംചെയ്യുകയും നിങ്ങളുടെ സ്ത്രീകളെ തടവിലാക്കുകയും ചെയ്യുന്നതാണ്. ഈ സന്ദേശമെത്തിയതിനെ തുടര്‍ന്ന് അബ്ദുല്ലാഹ് ബിന്‍ ഉബയ്യും കൂടെയുള്ളവരും പ്രവാചകനോട് യുദ്ധം ചെയ്യാന്‍ ഒരുക്കം നടത്തി. വിവരമറിഞ്ഞ തിരുമേനി(സ) അവരെ കണ്ടു പറഞ്ഞു. നിങ്ങളെ ഖുറൈശികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളോടും സഹോദരന്മാരോടും യുദ്ധം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണോ? ഇതുകേട്ട അവര്‍ പിരിഞ്ഞു പോയി.
മുസ്‌ലിംകളോട് ശത്രുത പ്രഖ്യാപിച്ച് അവര്‍ക്ക് മേല്‍ അതിക്രമം നടത്തുകയായിരുന്നു ഖുറൈശികളുടെ സ്വഭാവമെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദീനയില്‍ നിന്നും പ്രവാചകനെ പുറത്താക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. അറേബ്യന്‍ ഉപദ്വീപില്‍ എവിടെയും മുഹമ്മദിനും അനുയായികള്‍ക്കും ഇടം ലഭിക്കരുതെന്നും, അവയെല്ലാം തങ്ങള്‍ക്ക് കീഴിലായിരിക്കണമെന്നും ഖുറൈശികള്‍ ആഗ്രഹിച്ചു.
അതിനാല്‍ ശാമില്‍ നിന്ന് മടങ്ങിയ ഖുറൈശികളുടെ കച്ചവടസംഘം കേവലം സാമ്പത്തിക സ്രോതസ്സ് മാത്രമായിരുന്നില്ല ഖുറൈശികള്‍ക്ക്. മറിച്ച് യഥ്‌രിബിലെ മുസ്‌ലിംകള്‍ക്ക് മേല്‍ ആക്രമണം നടത്താനുള്ള സാമ്പത്തികസ്രോതസ്സുകൂടിയായിരുന്നു അത്. മുസ്‌ലിംകള്‍ക്കുമേല്‍ ആക്രമണം ചൊരിയാന്‍ തങ്ങളുടെ കച്ചവടസംഘത്തിന്റെ വരവും കാത്തിരിക്കുകയായിരുന്നു അവര്‍. ഇതായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചതും. അടുത്ത വര്‍ഷം നടന്ന ഉഹ്ദ് യുദ്ധത്തിന് വേണ്ട മുഴുവന്‍ സമ്പത്തും ബദ്‌റില്‍ അബൂസുഫ്‌യാന്‍ രക്ഷപ്പെടുത്തിയ കച്ചവടസംഘത്തില്‍ നിന്നായിരുന്നു സമാഹരിച്ചത്.
ഖുറൈശികള്‍ യഥ്‌രിബിലെ ജനങ്ങളോട് മാത്രം സ്വീകരിച്ച നയമായിരുന്നില്ല അത്. മറിച്ച് പ്രവാചകനോട് കരാര്‍ ചെയ്ത എല്ലാ ജൂതഗോത്രങ്ങള്‍ക്കും അവര്‍ സമാനമായ സന്ദേശമയക്കുകയുണ്ടായി.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ അബൂസുഫ്‌യാന്റെ കച്ചവട സംഘം മക്കയിലെത്താന്‍ തിരുമേനി(സ) അനുവദിക്കുമെന്ന് പ്രാഥമിക രാഷ്ട്രീയ പരിജ്ഞാനമുള്ള ആരെങ്കിലും ചിന്തിക്കുമോ? തങ്ങളോട് നിരന്തരമായി യുദ്ധം ചെയ്യുന്ന ശത്രുവിനുള്ള സാമ്പത്തിക സഹായത്തിന് ആരും തടയിടാതിരിക്കുകയില്ലല്ലോ? സ്വന്തത്തെ പ്രതിരോധിക്കാനുള്ള അവകാശം മുസ്‌ലിം സമൂഹത്തിനുമുണ്ടല്ലോ?
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ ഘട്ടമായിരുന്നു മദീനയിലെ ആദ്യനാളുകള്‍. ആയുധം കയ്യിലില്ലാതെ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം. മക്കയിലെ സൈന്യമോ, മദീനയിലെ നിഷേധികളോ ആക്രമിക്കുമെന്ന ശങ്ക ഏതു സമയത്തും നിലനിന്നിരുന്നു. അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണെന്ന വചനം അവതരിപ്പിക്കപ്പെട്ടതിന് ശേഷമാണ് തിരുമേനി(സ)ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ തന്നെ സാധിച്ചത്.
ഇത്തരത്തില്‍ യുദ്ധഭീതി നിലനില്‍ക്കെ ശത്രുസൈന്യത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങളുമായി കടന്നുപോവുന്ന കച്ചവടസംഘത്തെ തടയിടുന്നത് കേവലം ഭൗതിക മോഹം മുന്‍നിര്‍ത്തിയായിരുന്നുവെന്ന ദുഷ്പ്രചാരണങ്ങള്‍ക്കെന്തുണ്ട് ന്യായം?
Add Comment