സത്യമാര്‍ഗത്തിന്റെ പ്രഭാതകിരണങ്ങള്‍ അറേബ്യന്‍ മണല്‍ക്കാടുകളില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തനിക്കുലഭിച്ച ഒളിചിതറുന്ന വിശ്വാസ കിരണങ്ങളെ സ്വീകരിക്കാന്‍ തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ക്ഷണിക്കാന്‍തുടങ്ങിയതേയുള്ളൂ. അതിനിടയിലാണ് ഒരു സംഘമാളുകള്‍ അദ്ദേഹത്തിനെതിരില്‍ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ശക്തമായ പീഡനവും ആക്രമണവും പുതുവിശ്വാസികള്‍ക്ക് മേല്‍ അവര്‍ അഴിച്ചുവിട്ടു . വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളിലും സുഹൃദ് വലയങ്ങളിലുമായിരുന്നു ദീന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. പക്ഷേ, നിക്ഷിപ്തതാല്‍പര്യക്കാര്‍ വെറുതെയിരുന്നില്ല. ജനങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്യുന്നവര്‍ ഹീനവൃത്തികള്‍ ഉപേക്ഷിച്ച് സന്മാര്‍ഗത്തിലേക്ക് മടങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുതല്ലോ.
തനിക്കുള്ള പ്രമാണിത്വം തന്റെ അടിമയായ ബിലാലിന് സമൂഹത്തില്‍ ലഭിക്കുന്നത് അംഗീകരിക്കാന്‍ യജമാനന്‍ ഉമയ്യത്ത് ബിന്‍ ഖലഫ് തയ്യാറാവുമെന്ന് ബുദ്ധിയുള്ളവരാരും കരുതുമോ? സല്‍മാനുല്‍ ഫാരിസിയുടെ കൂടെ ഒരേ അണിയില്‍ ചേര്‍ന്നുനില്‍ക്കാന്‍ അബൂജഹല്‍ മുന്നോട്ടുവരുമെന്ന് സങ്കല്‍പിക്കുന്നത് മൗഢ്യമല്ലേ? പൗരന്മാര്‍ക്കിടയിലെ വിവേചനം അവരുടെ ദുരഭിമാനം സംരക്ഷിക്കാന്‍ അനിവാര്യമാണെന്നതായിരുന്നു സത്യം.
മുസ്‌ലിംകള്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയരായി. മുശ്‌രിക്കുകള്‍ തന്റെ സത്യസന്ദേശത്തില്‍ വിശ്വസിക്കാതിരുന്നത് പ്രവാചകന്‍(സ)യെ അങ്ങേയറ്റം വിഷണ്ണനാക്കിരുന്നു. പക്ഷേ, കല്ലുകളേക്കാള്‍ കടുത്ത ഹൃദയങ്ങള്‍ക്ക് മേല്‍ ഒരു ചെറുമഴ എന്തുസ്വാധീനം ചെലുത്താനാണ്! തുരുമ്പിയ ഹൃദയങ്ങളെ മിനുക്കിയെടുക്കാന്‍ പേമാരിക്ക് പോലും സാധിക്കില്ലല്ലോ. ഒടുവില്‍ സഹികെട്ട് മുസ്ലിംകള്‍ തങ്ങളുടെ കുട്ടികളെയും സ്ത്രീകളെയും കൂട്ടി പുതിയ മേച്ചില്‍പുറം അന്വേഷിച്ച് യാത്രയായി. യഥ്‌രിബിലേക്കാണ് അവര്‍ മുഖംതിരിച്ചത്. തങ്ങളുടെ സ്വത്തും വീടും മക്കയില്‍ ഉപേക്ഷിച്ചായിരുന്നു അവരുടെ യാത്ര.
പലായനത്തിന് കഴിയാതിരുന്ന ബന്ധുജനങ്ങളെ കരുണാനിധിയായ അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവര്‍ മക്കവിട്ടു. കൂടെവരാന്‍ കൊതിച്ചുകൊണ്ട് നിശബ്ദം തേങ്ങുന്ന തങ്ങളുടെ വീടുകളുടെ രൂപം മനസ്സില്‍ കോറിയിട്ട് അവര്‍ പുറപ്പെട്ടു. തങ്ങളുടെ സകലസമ്പത്തും യാതൊരു ഖേദവുംപ്രകടിപ്പിക്കാതെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായി. അല്ലാഹുവിന്റെ സ്വര്‍ഗീയാരാമമായിരുന്നു അവര്‍ക്ക് വേണ്ടത്.
മക്കയെ വെറുത്തതുകൊണ്ടല്ല അവരവിടം വിട്ടത്. അവര്‍ക്ക് മക്കയിലെ എല്ലാം എന്തിനുപറയുന്നു അവിടത്തെ കല്ലുകള്‍ പോലും പ്രിയപ്പെട്ടതായിരുന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഇടം മക്കയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു അവര്‍ ഹിജ്‌റ ചെയ്തത്.
കയ്യില്‍ കാശില്ലാതെ, തങ്ങളുടെ നിത്യവൃത്തിക്കുപോലും വഴിയില്ലാതെയാണ് അവര്‍ യഥ്‌രിബിലെത്തിയത്. പക്ഷേ അവരുടെ മദീനയിലെ സഹോദരന്മാര്‍ (അന്‍സ്വാറുകള്‍) യാതനകളുടെ പുറമ്പോക്കില്‍ അവരെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. തങ്ങളുടെ സ്വത്ത് അവര്‍ നവാഗതര്‍ക്ക് പകുത്തുനല്‍കി. എല്ലാം പൂര്‍ണ താല്‍പര്യത്തോടും അനുസരണത്തോടും കൂടിയായിരുന്നു. ഇസ് ലാം അവരെ ഒരുമിപ്പിച്ചത് അങ്ങനെയായിരുന്നു, അവര്‍ക്കിടയില്‍ യാതൊരു വേര്‍തിരിവുമുണ്ടായിരുന്നില്ല. അവരെല്ലാം സ്വന്തത്തെ ഇസ്‌ലാമികമൂശയിലിട്ട് വാര്‍ത്തെടുത്തു. പ്രവാചകന്‍ ആ സമൂഹത്തെ വിശ്വാസപരമായി വ്യവസ്ഥപ്പെടുത്തിയിരുന്നല്ലോ. നിര്‍ബന്ധ കര്‍മങ്ങളും ആരാധനകളും നിര്‍വഹിക്കാന്‍ അതിയായ ഔത്സുക്യം അവര്‍ കാണിച്ചു. തിന്മകളില്‍ നിന്നും അശ്രദ്ധകളില്‍ നിന്നും മനസ്സിനെ അവര്‍ മോചിപ്പിച്ചിരുന്നു. പരിപൂര്‍ണമായ ഇസ്‌ലാമിക മാനവിക സമൂഹമായിരുന്നു അത്. നന്മകല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും പരസ്പരം സഹായിച്ചും, കരുണ കാണിച്ചും പ്രതിബദ്ധത പുലര്‍ത്തിയിരുന്നു അവര്‍.
എന്നാല്‍ മക്കാമുശ്‌രിക്കുകള്‍ വിശ്വാസികള്‍ വിട്ടേച്ചുപോയ വീടുകളും സമ്പത്തും അപഹരിച്ചു. താമസക്കാരന് ലഭിക്കേണ്ട വീടും ഉടമക്ക് ലഭിക്കേണ്ട സമ്പത്തും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അവര്‍ക്കും സ്വത്തിനുമിടയില്‍ അത്രയധികം അകലമുണ്ടായിരുന്നു. പരന്നുകിടക്കുന്ന വിശാലമായ മരുഭൂമി അവര്‍ക്കും സ്വത്തിനുമിടയില്‍ മറയിട്ടുകഴിഞ്ഞിരുന്നു. എന്നാല്‍ സമ്പത്ത് അതിന്റെ ഉടമയെ തിരിച്ചേല്‍പിക്കാന്‍ അല്ലാഹു തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. സത്യം അതിന്റെ വക്താക്കള്‍ക്ക് ആദരവും പ്രതാപവും സമ്മാനിക്കണമെന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം.
ഖുറൈശികള്‍ അവരുടെ കച്ചവടസ്വത്തുമായി ശാമിലേക്ക് പോവുകയായിരുന്നു. അബൂസുഫ്‌യാന്‍ ആയിരുന്നു കച്ചവട സംഘത്തിന്റെ നേതാവ്. യാത്രാസംഘത്തിന്റെ വിവരം പ്രവാചകന്‍(സ) യുടെ ചെവിയിലെത്തി. ബദ്‌റില്‍ വെച്ച് വിശ്വാസികളും നിഷേധികളും ഏറ്റുമുട്ടണമെന്നതായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. മുസ്ലിംകളാവട്ടെ അങ്ങനെയൊരു യുദ്ധത്തെ മുന്നില്‍ക്കാണുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. പ്രവാചകന്റെ കല്‍പനപ്രകാരം കച്ചവടസംഘത്തെ നേരിടാനാണ് വിശ്വാസികള്‍ പുറപ്പെട്ടത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. മുന്നില്‍ അഭിമുഖീകരിക്കേണ്ടിവന്നത് സര്‍വായുധസജ്ജരായ സൈന്യത്തെ. ഖുറൈശികള്‍ ഒന്നടങ്കം മുസ്ലിംകളോട് യുദ്ധം ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. ചരിത്രത്തിലെ മഹത്തായ പോരാട്ടം, ബദ്ര്‍ ജനിക്കുന്നത് ഇവിടെയാണ്. പരിശുദ്ധ റമദാന്‍ ആദ്യം സാക്ഷ്യം വഹിച്ച ചരിത്രസംഭവം. വിശ്വാസികള്‍ക്കും നിഷേധികള്‍ക്കുമിടയിലെ നിര്‍ണായക പോരാട്ടം.
കച്ചവടസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടിരുന്നു. പകരം സര്‍വസന്നാഹങ്ങളുമായി, തിമര്‍ത്താടി വന്ന ഖുറൈശികളാണ് മുന്നിലുള്ളത്. പ്രവാചകന്‍(സ) അനുയായികളെ പോരാട്ടത്തിനായി അണിനിരത്തുകയാണ്. അന്‍സ്വാറുകളുടെ മുന്നില്‍ കൊടിപിടിച്ച് നായകനായുണ്ടായിരുന്നത് സഅ്ദ് ബിന്‍ മുആദ് ആയിരുന്നു. അദ്ദേഹം വളരെ ഹൃദയാവര്‍ജകമായ വാക്കുകളില്‍ പ്രവാചകനോട് ഇങ്ങനെ മൊഴിഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കുകയും, താങ്കളെ സത്യപ്പെടുത്തുകയും ചെയ്തു. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. അതിന്റെ പേരില്‍ ഞങ്ങള്‍ താങ്കളോട് കരാര്‍ ചെയ്യുകയും തങ്ങളെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു. അതിനാല്‍, അല്ലാഹുവിന്റെ ദൂതരേ, താങ്കളുദ്ദേശിച്ചത് നടപ്പാക്കുക. ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്. താങ്കളെ സത്യവുമായി നിയോഗിച്ചവനാണ, മുന്നില്‍ ഒരു മഹാസമുദ്രം പ്രത്യക്ഷപ്പെടുകയും താങ്കളതില്‍ പ്രവേശിക്കുകയും ചെയ്താല്‍ പോലും ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ടായിരിക്കും. ഒരാള്‍പോലും ഞങ്ങളില്‍ നിന്ന് പിന്തിരിയുകയില്ല. താങ്കള്‍ ഞങ്ങളെയുംകൊണ്ട് ശത്രുവിനെ കണ്ടുമുട്ടുന്നത് ഞങ്ങള്‍ വെറുക്കുന്നുമില്ല. ശത്രുക്കള്‍ക്ക് മുന്നില്‍ പോരാട്ടത്തില്‍ ക്ഷമയോടും, ധീരതയോടും നിലകൊള്ളുന്നവരാണ് ഞങ്ങള്‍. അല്ലാഹു ഒരു പക്ഷേ, ഞങ്ങളാല്‍ താങ്കളുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ച താങ്കള്‍ക്ക് നല്‍കിയേക്കാം. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ താങ്കള്‍ യാത്ര തുടങ്ങുക’.
പ്രവാചകന്‍(സ) അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, സൈനികരെ സമാധാനിപ്പിക്കുകയും ചെയ്തു. സത്യത്തിന്റെയും നിഷേധത്തിന്റെയും വക്താക്കള്‍ തമ്മിലെ പോരാട്ടം ആരംഭിക്കുകയായി. ഖുറൈശുകളുടെ ഭാഗത്തുനിന്ന് മൂന്നുപേര്‍ ഇറങ്ങി. അവര്‍ മൂവരും മുസ്‌ലിംപോരാളികള്‍ക്കുമുന്നില്‍ കീഴടങ്ങിയതോടെ സ്വപ്‌ന മനോഹരമായ വിജയത്തിന്റെ ചവിട്ടുപടികള്‍ മുസ്ലിം സമൂഹം കയറിത്തുടങ്ങി. അഹങ്കാരികളുടെ മുഖം കറുത്തിരുളാന്‍ തുടങ്ങി. ജാഹിലിയ്യത്തിന്റെ പ്രതാപം ചവിട്ടിത്താഴ്ത്തപ്പെട്ടു. ഭദ്രമായ കോട്ട പോലെ വിശ്വാസികള്‍ നിരന്നുനിന്നു ആക്രമണം നടത്തി. അല്‍ഭുതപൂര്‍വമായ സ്ഥൈര്യം അവര്‍ പ്രകടിപ്പിച്ചു. പരാജയം മണത്ത നിഷേധികള്‍ പാദങ്ങള്‍ പിന്നിലേക്ക് വച്ചുതുടങ്ങി. സത്യത്തിന്റെ വെന്നിക്കൊടി ബദ്‌റില്‍ ഉയര്‍ന്നുപാറിക്കളിച്ചു.
ഖുറൈശികളുടെ കച്ചവടംസഘത്തെ തേടി പുറപ്പെട്ട ഈ കൊച്ചു വിശ്വാസി സംഘത്തിന് അല്ലാഹുവിന്റെ സഹായത്തിലുള്ള വിശ്വാസം ഇതോടെ ദൃഢമായി. സാധുയ സജ്ജീകരണത്തിലോ, ആയുധ മേന്മയിലോ അല്ല, മാനസിക വിശുദ്ധിയിലാണ് വിജയം കുടികൊള്ളുന്നതെന്ന് ബദ്ര്‍ നിഷേധികളെ പഠിപ്പിച്ചു. കായികബലമല്ല ആത്മീയ ചൈതന്യമായ പോരാട്ടത്തെ നിര്‍ണയിക്കുന്നതെന്ന സന്ദേശം ബദ്ര്‍ ലോകത്ത് പ്രചരിപ്പിച്ചു. നമസ്‌കാരത്തിലൂടെയും നോമ്പിലൂടെയും ആത്മീയാഭിവൃദ്ധി കരഗതമാക്കിയ, പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്ത സംഘമായിരുന്നല്ലോ വിശ്വാസികളുടേത്.
ഇപ്രകാരം മുസ്‌ലിംകള്‍ റമദാനില്‍ നിന്ന് വിജയത്തിന്റെ മൂല്യങ്ങള്‍ പെറുക്കിയെടുത്തു. പരിശുദ്ധ റമദാനിലെ മഹത്തായ വിജയങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണ് ഇത്. തങ്ങളുടെ മഹത്തായ മാസത്തിന്റെ ആത്മാവില്‍ നിന്ന് ക്ഷമ കടഞ്ഞെടുത്ത്, നന്മ കോരിക്കുടിച്ച് പൂര്‍ണ വിശുദ്ധരായാണ് വിശ്വാസികള്‍ ബദ്‌റിലെത്തിയത്. റമദാന്റെ പാഠശാലയില്‍ നിന്ന് വളര്‍ന്നുവന്നവരായിരുന്നു അവര്‍. ക്ഷമയാണ് വിജയത്തിന്റെ രഹസ്യമെന്ന് മനസ്സിലാക്കിയ അവര്‍ രണഭൂമിയില്‍ ക്ഷമാചിത്തരായി ഉറച്ചുനില്‍ക്കുകയും നിഷേധികളില്‍ നിന്ന് വിജയം പിടിച്ചുവാങ്ങുകയും ചെയ്തു.
റമദാന്‍ അതിന്റെ സകല ഐശ്വര്യങ്ങളുമായി വിശ്വാസി സമൂഹത്തിന്റെ മേല്‍ പെയ്തിറങ്ങി. അത് ത്യാഗത്തിന്റെയും ധീരതയുടെയും അച്ചില്‍ അവരെ വാര്‍ത്തെടുത്തു. ദേഹേഛകളെ അവര്‍ മലര്‍ത്തിയടിച്ചു. നോമ്പുകാരായ എല്ലാ മുസ്‌ലിമിന്റെയും അഭിമാനഭൂമിയാണ് ബദ്ര്‍. റമദാന്‍ ആലസ്യത്തിന്റെയോ, ദൗര്‍ബല്യത്തിന്റെയോ മാസമല്ല, പ്രതാപത്തിന്റെയും അഭിമാനത്തിന്റെയും നാളുകളാണ് എന്ന് അവരെ പഠിപ്പിച്ച പാഠശാല കൂടിയാണ് ബദ്ര്‍
Add Comment