Special Coverage ബദ്ര്‍

ബദ്ര്‍ : ഇസ്‌ലാമിന്റെ യുദ്ധ മാതൃക

ഇസ് ലാമിക ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ് ബദര്‍. ഹിജ്‌റയുടെ രണ്ടാം വര്‍ഷം മുഹമ്മദ് നബിയും സ്വഹാബാക്കളുമടങ്ങുന്ന സത്യവിശ്വാസികളും സത്യനിഷേധികളും തമ്മില്‍ മക്കക്കും മദീനക്കുമിടയിലുള്ള ബദര്‍ എന്ന പ്രദേശത്ത് നടന്ന ചരിത്ര പ്രസിദ്ധമായ പോരാട്ടമാണ് ബദര്‍ യുദ്ധം. സത്യാസത്യവിവേചനത്തിന്റെ ദിനമെന്ന അര്‍ത്ഥത്തില്‍ ‘യൗമുല്‍ ഫുര്‍ഖാന്‍’ എന്നാണ് ബദര്‍ ദിവസത്തെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചത്. റമദാന്‍ പതിനേഴിന് നടന്ന ബദര്‍ യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലവും സംഭവവിവരണങ്ങളും മുഴുവന്‍ വിശ്വാസികളുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അധ്യായമാണ്. കേരളീയ മുസ്‌ലിം പശ്ചാത്തലത്തില്‍ ഏറെ പുകള്‍പെറ്റ ഇസ്‌ലാമിക ചരിത്രം ഒരു പക്ഷേ ബദര്‍ യുദ്ധത്തിന്റേതാകാം. നമ്മുടെ പൂര്‍വ കാല ചരിത്രാഖ്യാനങ്ങള്‍ ബദ്ര്‍ യുദ്ധ വിവരണങ്ങളാലും  ബദ്‌രീങ്ങളുടെ രണവീര്യത്താലും പ്രശോഭിതമാണ്. കേരളീയ മുസ്‌ലിംകവികളുടെ ഇഷ്ടവിഷയമായിരുന്നു ബദ്ര്‍ എന്നതിനാല്‍, ഒരു ശരാശരി പാരമ്പര്യ മുസ്‌ലിമിന്ന് ഇസ്‌ലാമെന്ന ദൈവികമതത്തെക്കാള്‍ അറിവുണ്ടായിരിക്കുക ബദ്‌റിലും ബദ്ര്‍ കിസ്സകളിലുമായിരിക്കും.
ബദ്ര്‍ എന്ന ചരിത്രസംഭവത്തോട് ഒരു ശരാശരി മുസ്‌ലിമിന്റെ അനിര്‍വചനീയമായ  വൈകാരിക അടുപ്പത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ബദ്ര്‍ ഒരു കേവല ചരിത്ര സംഭവം എന്നതിലപ്പുറം അത് സത്യവിശ്വാസികളുടെ വിശ്വാസത്തിലുംജീവിതത്തിലും നല്‍കേണ്ട ഗുണപാഠങ്ങള്‍ എന്ത് എന്നനിലക്കുള്ള വായനകളും പഠനങ്ങളും നമ്മുടെ കേരളക്കരയിലും ഉണ്ടായിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നതും ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതും ആ വീക്ഷണകോണില്‍നിന്നുകൊണ്ടാണ്.

ഇവിടെ ബദ്ര്‍ എന്ന ഇസ്‌ലാമിലെ ആദ്യയുദ്ധത്തെ മുന്‍ നിര്‍ത്തി മറ്റു ചില ചിന്തകള്‍ പങ്കു വെക്കാനാണുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ യുദ്ധ രീതിശാസ്ത്രം എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി ഗ്രഹിക്കാതെയാണ് ഇസ്‌ലാം വിരുദ്ധര്‍,  വാളാല്‍ പ്രചരിപ്പിക്കപ്പെട്ട അസഹിഷ്ണുതയുടെ മതമാണ് ഇസ്‌ലാമെന്ന് പ്രചരിപ്പിക്കുന്നത്. ഇസ്‌ലാമിലെ ആദ്യ യുദ്ധമായ ബദ്ര്‍ ഇസ്‌ലാമിന്റെ യുദ്ധരീതിശാസ്ത്രം കൂടി നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ബദ്ര്‍ മാത്രമല്ല, പ്രവാചകന്റെ കാലത്തുണ്ടായ തിരുമേനി പങ്കെടുത്തതും അല്ലാത്തതുമായ യുദ്ധങ്ങളെല്ലാം ഇസ്‌ലാമിന്റെ യുദ്ധനയസമീപനത്തിന്റെ നേര്‍ക്കാഴ്ചകളാണ്.

ഇസ്‌ലാമിലും യുദ്ധമോ?

യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന നടുക്കം ചെറുതല്ല. 90കളില്‍ പശ്ചിമേഷ്യയില്‍ ഇറാഖില്‍ നടന്ന യുദ്ധവും സിറിയയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമെല്ലാം ഇസ് ലാമികസമൂഹത്തിന് മനസ്സില്‍ നീറ്റലുണ്ടാക്കുന്നു. ആധുനികകാലഘട്ടത്തിലെ യുദ്ധങ്ങള്‍ നീതിപൂര്‍വമല്ലെന്നും സാമ്രാജ്യത്വശക്തികളുടെ നിഗൂഢതാല്‍പര്യാര്‍ഥമാണെന്നും  ലോകജനതയ്ക്കറിയാം. ലോകനന്‍മക്കു വേണ്ടിയോ ഏതെങ്കിലും ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടിയോ അല്ല ഇന്നുനടക്കുന്ന യുദ്ധങ്ങളിലധികവും.

ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥിതിയാണ് എന്നതിനാല്‍ മനുഷ്യ ജീവിതത്തിന്റെ നിഖിലമേഖലകളിലും അതിന് വ്യക്തമായ കാഴ്ചപ്പാടുകളും നിയമനിര്‍ദ്ദേശങ്ങളുമുണ്ട്. വ്യക്തിത്വരൂപവത്കരണംപോലെ  ഉത്തമ സമൂഹനിര്‍മ്മിതിയും ഇസ്‌ലാമിന്റെ അജണ്ടയുടെ ഭാഗമാണ്. അടിസ്ഥാനപരമായി മനുഷ്യ പ്രകൃതം സമാധാനത്തിന്റേതും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടേതുമാണെങ്കിലും മനുഷ്യ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. കാബീലിന്റെയും ഹാബീലിന്റെയും ചരിത്രം മുതല്‍ക്കിങ്ങോട്ട് സംഘര്‍ഷത്തിന്റെയും സംഘട്ടനനങ്ങളുടെയും ഉദാഹരണങ്ങള്‍ മനുഷ്യചരിത്രത്തില്‍ ധാരാളമുണ്ട്. സംഘര്‍ഷവും യുദ്ധവും മനുഷ്യ നിലനില്‍പ്പിന്റെ ഭാഗമാണെന്നു ഖുര്‍ആന്‍ പറയുന്നു. ‘മനുഷ്യരില്‍ ചിലരെ മറ്റു ചിലരാല്‍ നാം പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ ഭൂലോകം ആകെ താറുമാറാകുമായിരുന്നു’. ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നത് അക്രമികളെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടാണ്.

യുദ്ധം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതോടൊപ്പം മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ അതിന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുകയും ഉന്നതമായ മൂല്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. പ്രശ്‌ന കലുഷിതമായ ആധുനിക കാലഘട്ടത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ എല്ലാതരത്തിലുള്ള നെറികേടുകളും മനുഷ്യാവകാശലംഘനങ്ങളും അതിക്രമങ്ങളും ശത്രു രാജ്യത്തിനെതിരെ ചെയ്യുന്നത് ശത്രുതയുടെ പേരില്‍ ന്യായീകരിക്കപ്പടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ബദ്ര്‍ ഇസ്‌ലാമിന്റെ സുന്ദരമായ യുദ്ധരാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിലെ യുദ്ധം എന്തിനായിരുന്നു.?

ഇസ് ലാമികവീക്ഷണമനുസരിച്ച്, യുദ്ധം ശത്രുതയില്‍ നിന്ന് ഉടലെടുക്കുന്നതല്ല. ദീനും രാജ്യവും അക്രമിക്കപ്പെടുന്നതിനെതിരെയുള്ള പ്രതിരോധം മാത്രമായിരുന്നു  ഇസ് ലാമിലെ യുദ്ധം. ‘നിങ്ങളോടു യുദ്ധത്തിനുവരുന്നവരോടു നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ അതിരു കടക്കരുത്. അല്ലാഹു അതിരുവിടുന്നവരെ ഇഷ്ടപ്പെടുന്നില്ല.’ (അല്‍ ബഖറ 192). അത് ജനങ്ങളെ അടിച്ചമര്‍ത്തുകയോ സ്വേഛ അടിച്ചേല്‍പ്പിക്കുകയോ ഇല്ല. മറിച്ച് അതിക്രമകാരികളും സേച്ഛാധിപതികളുമായ ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ്. തങ്ങളുടെ രാജ്യത്തെ അധിനിവേശം ചെയ്യുന്ന ശക്തികള്‍ക്കെതിരെ ഒരു മുസ്‌ലിമിന് പ്രതിരോധിക്കേണ്ടിവരും.  സന്ധിയ്ക്കും സമാധാനത്തിനും ഇസ്‌ലാം നല്‍കുന്ന പരിഗണനനയും യുദ്ധത്തോടുള്ള ഇസ്‌ലാമിന്റെ  വെറുപ്പും ‘ഫിഖ്ഹുല്‍ ജിഹാദ’്  എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രസിദ്ധ പണ്ഡിതനായ ശൈഖ് യൂസുഫുല്‍ ഖറദാവി ഊന്നിപ്പറയുന്നുണ്ട്. അഥവാ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ യുദ്ധമില്ല എന്നതാണ് ഇസ്‌ലാമിന്റെ നയം

പ്രവാചകനും യുദ്ധവും

റസൂല്‍ തിരുമേനിയുടെ ഒരു യുദ്ധവും യുദ്ധത്തിനുവേണ്ടിയായിരുന്നില്ല. ഇഹലോകനേട്ടങ്ങള്‍ മോഹിച്ചു കൊണ്ടോ അധികാരലബ്ധി ലക്ഷ്യമിട്ടോ അല്ല തിരുമേനി യുദ്ധം ചെയ്തത്. രാജ്യത്തിന്റെ വിസ്തൃതിയും വികാസവും അടിസ്ഥാനപരമായി നബിയുടെ യുദ്ധലക്ഷ്യങ്ങളേ ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ സന്‍മാര്‍ഗ്ഗമായിരുന്നു ആ യുദ്ധങ്ങളുടെ താല്‍പ്പര്യം. ജനങ്ങളെ അവരുടെ രക്ഷിതാവുമായി ബന്ധിപ്പിക്കുന്നതിനും അക്രമ ഭരണാധികാരികളില്‍ നിന്ന് മോചിപ്പിച്ച് ചിന്താസ്വാതന്ത്ര്യം നല്‍കുന്നതിനായിരുന്നു ആ യുദ്ധങ്ങള്‍. അഭിനവ ലോകത്ത് ഭൗതിക താല്‍പ്പര്യങ്ങളിലധിഷ്ഠിതമായ, സമ്പത്തും അധികാരവും  പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യവും ലാക്കാക്കിയുള്ള യുദ്ധങ്ങള്‍മാത്രം പരിചയിച്ച ആധുനിക ലോകത്തിന് ആദര്‍ശ സംരക്ഷണത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധങ്ങളെപ്പറ്റി കേട്ടിട്ടുപോലുമുണ്ടാവില്ല. ലോകത്തിലെ എക്കാലത്തെയും യുദ്ധങ്ങള്‍ക്ക് മികച്ച മാതൃകയാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍. യുദ്ധവെറിയന്‍ എന്ന് പാശ്ചാത്യര്‍ ആക്ഷേപിക്കുന്ന പ്രവാചകന്റെ ഒമ്പതു വര്‍ഷത്തെ യുദ്ധക്കാലയളവില്‍ അദ്ദേഹം സ്വകരംകൊണ്ട്  വധിച്ചത് ഒരേ ഒരാളെ മാത്രമാണ്. ഉഹ്ദ് യുദ്ധത്തില്‍ ഉബയ്യു ബ്‌നു ഖലഫിനെയാണ് തിരുമേനി വധിച്ചത്.

ജനങ്ങള്‍ക്ക് സന്‍മാര്‍ഗ സന്ദേശവുമായി അയക്കപ്പെട്ട മുഹമ്മദ് നബിയെങ്ങനെയാണ് മനുഷ്യരുടെ ഘാതകനാകുന്നത്?

തിരുമേനി നേരിട്ടോ അല്ലാതെയോ പങ്കെടുത്ത ഒമ്പതു വര്‍ഷക്കാലയളവിലെ യുദ്ധങ്ങള്‍ രക്തരഹിതവും അക്രമരഹിതവുമായിരുന്നു. ഏറ്റവും കുറവുരക്തം ചിന്തപ്പെട്ട യുദ്ധങ്ങള്‍ എന്ന നിലയിലാണ് ഇവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ എക്കാലത്തും യുദ്ധത്തിന്റെ വലിപ്പവും ഗാംഭീര്യവും മനുഷ്യര്‍ അളക്കുന്നത് അതുണ്ടാക്കിയ സദ്ഫലങ്ങളേക്കാള്‍ അതുണ്ടാക്കിയ തീരാ നഷ്ടങ്ങളുടെയും നാശത്തിന്റെയും തോതുകളിലാണല്ലോ. ലക്ഷക്കണക്കായ മനുഷ്യജീവനുകളെ ഹനിച്ച ലോകയുദ്ധങ്ങള്‍ ഉദാഹരണം. പ്രവാചകന്റെ ഈ ഒമ്പതു വര്‍ഷക്കാലത്തെ യുദ്ധത്തില്‍ ഇരു ഭാഗത്തുനിന്നുമായി കൊല്ലപ്പെട്ടത് 1018 പേര്‍ മാത്രമാണ്. ശത്രുപക്ഷത്ത് നിന്ന് 759 പേരും മുസ്‌ലിംകളില്‍ നിന്ന് 259 പേരും.

യുദ്ധത്തിന് ഒരു അമീറിനെ നിശ്ചയിച്ചാല്‍ ആ അമീറിനോട് പ്രത്യേകമായും സൈന്യത്തോട് പൊതുവായും തഖ്‌വകൊണ്ടു ഉപദേശിക്കുമായിരുന്നു പ്രവാചകന്‍. അവിടുന്ന് പറയും. ‘നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ യുദ്ധത്തിന് പോയ്‌ക്കൊള്ളുവിന്‍. സത്യ നിഷേധികള്‍ക്കെതിരെ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യൂ. നിങ്ങള്‍ അതിരു കടക്കരുത്. യുദ്ധത്തില്‍ വഞ്ചിക്കരുത്. ഛിത്രവധം നടത്തരുത്. നിങ്ങള്‍ കുട്ടികളെ വധിക്കരുത്. സത്യ നിഷേധികളില്‍പെട്ട ശത്രുക്കളെ നിങ്ങള്‍ കണ്ടുമുട്ടുന്ന പക്ഷം നിങ്ങള്‍ അവനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അല്ലെങ്കില്‍ മുസ്‌ലിം രാജ്യത്തിന്റെ ആശ്രിതനെന്ന നിലയില്‍ ജിസ്‌യ നല്‍കി കഴിയാനുള്ള സ്വാതന്ത്ര്യം നല്‍കുക അവര്‍ സന്ധിക്ക് തയ്യാറെങ്കില്‍ അവരോടു യുദ്ധം അരുത്.

ശത്രുക്കള്‍ക്ക് യുദ്ധം വേണമോ സന്ധി വേണമോ എന്നത് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന യുദ്ധത്തിന്റെ രീതി ശാസ്ത്രം ആധുനിക ലോകത്തിന്റെ യുദ്ധനയങ്ങളില്‍ നമുക്ക് കാണാനാകുന്നില്ല. യുദ്ധത്തടവുകാര്‍ക്കു നേരെയുള്ള ക്രൂരതകള്‍ ആധുനിക ലോകത്തെ  ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്‌നമായി മാറിയിരിക്കുന്നു. ഇറാഖില്‍ അമേരിക്കന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്ത ഇറാഖി പട്ടാളക്കാരെ തടവിലിട്ട അബൂ ഗുറൈബും, കുറ്റക്കാരെന്ന് അമേരിക്ക ആരോപിക്കുന്ന, അഫ്ഗാനിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും കരുതല്‍തടവുപുള്ളികളെയും പാര്‍പ്പിച്ചിട്ടുള്ള ഗ്വാണ്ടനാമോയും പോലുള്ള ആധുനിക ജയിലറകള്‍ മനുഷ്യാവകാശ ലംഘനംകൊണ്ടും ക്രൂരമായ പീഢനങ്ങള്‍ കൊണ്ടും കുപ്രസിദ്ധമായവയാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ തടവിലാക്കിയ ശത്രുക്കള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന രചനാത്മകമായ ശിക്ഷ വിധിക്കുന്ന പ്രവാചകന്റെ യുദ്ധരീതിയെ നോക്കിക്കാണാന്‍.

ഇസ്‌ലാമിന്റെ യുദ്ധം പ്രകൃതിസൗഹൃദം

ഇസ് ലാമിന്റെ യുദ്ധങ്ങള്‍ രക്തരൂഷിതങ്ങളായിരുന്നില്ല. ചരിത്രത്തില്‍ യുദ്ധത്തിന്റെ ഗാംഭീര്യവും വലിപ്പവും അളക്കുന്നത് ജീവഹാനിയുടെയും നാശനഷ്ടങ്ങളുടെയും തോതനുസരിച്ചാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത്തുണ്ടായ രണ്ടുയുദ്ധങ്ങളെ ലോകയുദ്ധങ്ങള്‍ എന്ന് വിളിക്കാന്‍ കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ജീവഹാനിയും നാശവും ഉണ്ടാക്കിയ യുദ്ധങ്ങളായിരുന്നു അവ എന്നതു കൊണ്ടാണ്.

ഉത്തരാധുനികലോകത്തെ യുദ്ധങ്ങളില്‍   ഉപയോഗിക്കുന്ന ആയുധങ്ങള്‍ ജീവഹാനി  മാത്രമല്ല, പരിസ്ഥിതിമലിനീകരണവും വരുത്തിവെക്കുന്നു. ഒരു യുദ്ധത്തില്‍ അബൂ ബക്കര്‍ സിദ്ദീഖ് ( റ) തന്റെ സേനാ നായകന് നല്‍കിയ ഉപദേശം ചരിത്രത്തില്‍ സുവിദിതമാണ്. ‘നിങ്ങള്‍ യുദ്ധത്തില്‍ വഞ്ചന കാണിക്കരുത്. നിങ്ങള്‍ അതിരു കവിയരുത്. നിങ്ങള്‍ ശത്രുക്കളെ ചിത്രവധം ചെയ്യരുത്. കുഞ്ഞുങ്ങളെയും വൃദ്ധരെയും സ്ത്രീകളെയും നിങ്ങള്‍ വധിക്കരുത്. നിങ്ങള്‍ ചെടികള്‍ വെട്ടി നശിപ്പിക്കുകയോ അവയ്ക്ക് തീയിടുകയോ അരുത്. ഫല വൃക്ഷങ്ങള്‍ വെട്ടരുത്. ആടുമാടുകളെ നിങ്ങള്‍ ഭക്ഷിക്കാനല്ലാതെ അറുക്കരുത്. നിങ്ങളുടെ വഴിയില്‍  യഹൂദ ക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനകഴിഞ്ഞ് പോകുന്നവരെ കണ്ടാല്‍ അവരെ ഉപദ്രവിക്കാതെ വിട്ടേക്കണം’.

ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ സഹിഷ്ണുതയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനംചെയ്യപ്പെട്ട വസ്തുതകളാണ്. റോമക്കാരെ പരാജയപ്പെടുത്തി അംറുബ്‌നു ആസ് ബൈതുല്‍ മഖ്ദിസ് കീഴടക്കിയപ്പോള്‍ ബൈതുല്‍ മഖ്ദിസിന്റെ അന്നത്തെ പുരോഹിതനായ ക്രിസ്ത്യന്‍ പാതിരി ഉമറിനെ നേരില്‍ കണ്ട് പട്ടണത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പാതിരിയുടെ ആഗ്രഹ പ്രകാരം ഉമര്‍ ബൈതുല്‍ മഖ്ദിസില്‍ വരികയും പാതിരി താമസിക്കുന്ന ക്രിസ്ത്യന്‍ പള്ളിയിലെത്തുകയും ചെയ്തു. മുസ്‌ലിം സൈന്യം കീഴടക്കിയ നഗരത്തിലെ പുരോഹിതന്‍മാരെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് ഇസ്‌ലാമിന്റെ നടപടിയായിരുന്നില്ല. പാതിരിയെ പള്ളിയില്‍ പോയി കണ്ട ഉമര്‍ അവിടെ നിന്നാണ് നഗരത്തിന്റെ താക്കോല്‍ കൂട്ടം സ്വീകരിക്കുന്നത്. നമസ്‌ക്കാര സമയമായപ്പോള്‍ പാതിരി നിര്‍ബന്ധിച്ചിട്ടും ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌കരിക്കാതെ അവിടെനിന്നു പുറത്തു പോയി നമസ്‌ക്കരിച്ചു ഉമര്‍. തനിക്കുശേഷം വരുന്ന മുസ്‌ലിം സമൂഹം താന്‍ നമസ്‌ക്കരിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍ അവകാശവാദമുന്നയിച്ചേക്കുമോ എന്ന ഭയത്താലായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. കുരിശുയോദ്ധാക്കളില്‍ നിന്ന് ബൈതുല്‍ മഖ്ദിസും പുണ്യഭൂമിയും തിരിച്ചു പിടിച്ച സലാഹുദ്ദീന്‍ അയ്യൂബിയെ യൂറോപ്യന്‍ ചരിത്രകാരന്‍പോലും മുക്തകണ്ഠം പുകഴ്ത്തിയത് അദ്ദേഹം യുദ്ധരംഗത്ത് ശത്രുക്കളോടു കാണിച്ച സഹിഷ്ണുതയായിരുന്നു. പുണ്യഭൂമിയില്‍ കുടുങ്ങിപ്പോയ ക്രിസ്ത്യന്‍ പുരോഹിതരെയും അവരുടെ കുടംബത്തെയും ഉപദ്രവിച്ചില്ലെന്നു മാത്രമല്ല, അവര്‍ക്ക് മുസ്‌ലിം സൈനികരില്‍ നിന്നും ഒരു ഉപദ്രവവും ഉണ്ടാകാത്തവണ്ണം മുസ്‌ലിംസൈനികരുടെ അകമ്പടിയോടെ മുസ്‌ലിം അധീനപ്രദേശത്തുനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച കാഴ്ച ചരിത്രത്തില്‍ ഒരു മുസ്‌ലിം ഭരണാധികാരിയില്‍ നിന്നു മാത്രമേ കാണാനാകൂ.