വേദനയും ദുഖവും സിറിയന്‍ ജനതക്ക് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയത് 2011-ലെ റമദാനിന്റെ തുടക്കത്തിലാണ്. 1982-ലെ കൂട്ടക്കൊലക്ക് സാക്ഷിയായ ഹുമാ പട്ടണത്തിലേക്ക് സൈന്യം ഇരച്ചുകയറിയപ്പോഴായിരുന്നു അത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ പോരാട്ടംതുടങ്ങി അഞ്ചുമാസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. പിന്നീട് രണ്ടുവര്‍ഷമായി സിറിയന്‍ തെരുവില്‍ രക്തം ഉണങ്ങിയിട്ടില്ല. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ ഏതു നിമിഷവും എന്താണ് സംഭവിക്കുകയെന്നറിയാതെ ഭീതിയിലും അസ്വസ്ഥതയിലുമാണ് സിറിയന്‍ ജനത ജീവിക്കുന്നത്. രാജ്യത്തെ ഏകദേശം എല്ലാ പട്ടണങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളെല്ലാം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പറയുന്നത്. സിറിയയില്‍ വിഭാഗീയത ആളിക്കത്തിക്കുന്നതിനും ആഭ്യന്തരഭദ്രത നശിപ്പിക്കുന്നതിനുമായി ശത്രുക്കള്‍ ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അദ്ദേഹം പറയുന്നു. ‘വിഭാഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തെ നമ്മുടെ ജനതയുടെ പിന്തുണയും ഐക്യവും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്നു.
ഈ രാജ്യത്തെ വിഭജിച്ച് പരസ്പരമേറ്റുമുട്ടുന്ന പ്രദേശങ്ങളാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ സിറിയയില്‍ നടക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത ഫിത്നയാണ് ഇക്കൂട്ടര്‍ സിറിയയില്‍ ഉദ്ദേശിക്കുന്നത്. പക്ഷേ അവര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ ഉയരത്തിലാണ് സിറിയന്‍ ജനത. അതിനാല്‍ ഫിത്ന അവസാനിപ്പിക്കാന്‍ ജനങ്ങളുടെ സഹകരണത്തോടെ ഞങ്ങള്‍ക്കു സാധിച്ചു. ഉത്തരവാദിത്തോടും തന്റേടത്തോടും കൂടി അവയെ നേരിടാനും കൈകാര്യം ചെയ്യാനും നമുക്കുകഴിഞ്ഞു. സമഗ്രമായ വികസനത്തിനായി വിശാലപദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുകയാണ്.
1982-ലെ ഹുമാ കൂട്ടക്കൊല സിറിയന്‍ ജനതയുടെ മനസ്സില്‍ വല്ലാത്ത ഭീതി നിറച്ചിട്ടുണ്ട്. ന്യൂനപക്ഷം വരുന്ന ഏതാനും പേര് അസദ് കുടുംബം നേതൃത്വം നല്കുന്ന ഭരണത്തിനെതിരെ പരസ്യമായി രംഗത്ത് വരാനുണ്ടായ പ്രേരകവും ആ ഭീതി തന്നെയായിരുന്നു. ഈജിപ്തിലെയും തുനീഷ്യയിലെയും ഭരണനേതൃത്വത്തെ താഴെയിറക്കാന്‍ ജനകീയ വിപ്ലവങ്ങള്‍ക്ക് കഴിഞ്ഞസമയത്തുതന്നെയാണ് സിറിയയിലും പ്രക്ഷോഭം ആരംഭിക്കുന്നത്. എന്നാല്‍ സിറിയയിലെ രക്തം ചിന്തലിന് കാരണക്കാര്‍ അവിടത്തെ നേതൃത്വമാണെന്നാണ് ഇഖ്വാന് ആരോപിക്കുന്നത്. ‘സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശീയ ഉന്മൂലനമാണ്. വ്യക്തമായ യുദ്ധം തന്നെയാണ് ഭരണകൂടം ലക്ഷ്യമാക്കുന്നത്. സിറിയന്‍ ജനതയുടെ വിശ്വാസാചാരങ്ങള്‍ക്കും, അസ്തിത്വത്തിനും, മുസ്ലിം അറബ് സിറിയക്കും മേലുള്ള യുദ്ധമാണ് അത്.’
അതേസമയം സായുധ ധാരികളായ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് അസദ് ഭരണകൂടം ആരോപിക്കുന്നു. അതിന് ന്യായമായി അവര്‍ പറയുന്നത് സിറിയയിലെ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അഞ്ഞൂറോളം സൈനികരും സുരക്ഷാ പോരാളികളും കൊല്ലപ്പെട്ടുവെന്നാണ്.
സിറിയന്‍ വാര്‍ത്താ വിതരണ ഏജന്‍സി പറയുന്നത് സായുധ സംഘടനകളില്‍ നിന്ന് ഹുമാ പട്ടണത്തെ മോചിപ്പിക്കുന്നതിനായി അവിടെ പ്രവേശിച്ച സൈന്യം റോഡുകള്‍ ഉപരോധിച്ച് അലക്ഷ്യമായി വെടിയുതിര്‍ക്കുകയും മുന്നില്‍ കാണുന്നവരെ കൊലപ്പെടുത്തുകയുമാണ് ചെയ്തതെന്നാണ്.’
പൗരന്മാര്ക്ക് നേരെ നടത്തുന്ന ആക്രമണത്തിലൂടെ കൂടുതല്‍കാലം അധികാരത്തില്‍ തുടരാമെന്നാണ് സിറിയന്‍ ഭരണകൂടം കരുതുന്നതെന്ന് അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജെ ജെ ഹാര്‍ഡര്‍ റോയിട്ടറിന് നല്കിയ പ്രസ്താവനയില്‍ പറയുന്നു.
പുകപടലങ്ങള്‍ കൊണ്ട് നിറഞ്ഞ പട്ടണത്തിന്റെ ചില ഭാഗങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. തെരുവില്‍ ജീവനറ്റ മൃതദേഹങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നവരുടെയും പരുക്കേറ്റ് നിലവിളിക്കുന്നവരുടെയും ദൃശ്യങ്ങളായിരുന്നു അവ.
11 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന തങ്ങള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് അസദ് ഭരണകൂടം ശ്രമിച്ചത്. പ്രക്ഷോഭം തുടങ്ങിയപ്പോള്‍ തന്നെ സ്വതന്ത്രപത്രപ്രവര്ത്തകരെ രാജ്യത്തുനിന്ന് ഭരണകൂടം നാടുകടത്തി. അതിനാല്‍ തന്നെ സിറിയയിലിപ്പോഴും തുടരുന്ന സംഘട്ടനങ്ങളുടെയും അതിലെ ഇരകളുടെയും യഥാര്‍ത്ഥ വിവരം ഇപ്പോള്‍ അജ്ഞാതമാണ്
Add Comment