Special Coverage റമദാന്‍ ഇതര നാടുകളില്‍

ദമസ്‌കസിന്റെ തെരുവില്‍ റമദാന്‍ പെയ്തിറങ്ങുമ്പോള്‍

റമദാന്‍ പ്രവേശിക്കുന്നതോടെ വിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവും വര്‍ഷിക്കുന്നു. ഇതരമാസങ്ങളില്‍ നിന്ന് ഭിന്നമായ പതിവുകളും സമ്പ്രദായങ്ങളുമായാണ് റമദാന്‍ ഇസ്ലാമിക ലോകത്തേക്ക് കടന്നുവരിക. ലോകത്തിന്റെ വിവിധങ്ങളായ തലസ്ഥാന നഗരികളില്‍ തീര്‍ത്തും വ്യത്യസ്തവും ആകര്‍ഷകവുമായ മാറ്റങ്ങള്‍ റമദാന്റെ ആഗമനത്തോടെ സംഭവിക്കുന്നു. 

അറബ്-ഇസ്ലാമിക ലോകത്തെ തലസ്ഥാനനഗരികളില്‍ ഏറ്റവും വിശിഷ്ഠവും വ്യതിരിക്തവുമായ ആചാരങ്ങളും ആഘോഷങ്ങളുമായി ദമസ്‌കസ് വേറിട്ടുനില്‍ക്കുന്നു. തങ്ങളുടെ പ്രപിതാക്കളില്‍ നിന്നും അനന്തരമെടുത്ത, പരസ്പര സ്‌നേഹവും സൗഹാര്‍ദവും മഹത്തായ പാരമ്പര്യവും അടയാളപ്പെടുത്തുന്ന സമ്പ്രദായങ്ങളാണ് ദമസ്‌കസുകാര്‍ റമദാനില്‍ വീണ്ടെടുക്കുന്നത്.

സിറിയയില്‍ ഇസ്‌ലാം എത്തിയതുമുതല്‍, ശാമിലെ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ യൗവനകാലം തൊട്ടേ സവിശേഷമായ പല ആചാരങ്ങളും സമ്പ്രദായങ്ങളും അവിടെ നടപ്പിലുണ്ടായിരുന്നു. സിറിയന്‍ ജനതയോട് ഇഴുകിച്ചേര്‍ന്ന കുര്‍ദ്-തുര്‍കുമാന്‍-അടിമ- പേര്‍ഷ്യന്‍-ടര്‍ക്കിഷ് തുടങ്ങി വംശങ്ങളുടെ പാരമ്പര്യ രീതികളും, സമ്പ്രദായങ്ങളും പ്രസ്തുത സാമൂഹിക ആചാരങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിറിയന്‍ ജനതയുടെ ഭക്ഷണ-വസ്ത്ര-പാര്‍പിട രീതികളിലും സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകങ്ങളിലും ഇവ കാര്യമായ മാറ്റം വരുത്തുകയുണ്ടായി.

റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ തന്നെ ദമസ്‌കസ് മുസ്‌ലിംകള്‍ വരവേല്‍പ് തുടങ്ങുകയായി. റജബ് ഇരുപത്തിയേഴിനും ശഅ്ബാന്‍ പതിനഞ്ചിനും ഇസ്‌റാഅ് രാവുകള്‍ സജീവമാക്കുന്നു അവര്‍. പ്രസ്തുത രണ്ടുദിവസങ്ങളിലും പകല്‍ അവര്‍ നോമ്പനുഷ്ഠിക്കുകയും രാത്രികളില്‍ നമസ്‌കരിക്കുകയും ചെയ്യുന്നു.

ദമസ്‌കസില്‍ പ്രസിദ്ധമായ കാരക്ക കൊണ്ടുനിര്‍മിച്ച മധുര പലഹാരങ്ങള്‍ ഒരുക്കിയും വിളമ്പിയും ശഅ്ബാന്‍ പതിനഞ്ചാംരാവ് അവിടത്തെ കുടുംബങ്ങള്‍ മുറതെറ്റാതെ ആഘോഷിക്കുന്നു. റമദാനില്‍ അത്താഴത്തിനായി ഉണര്‍ത്താന്‍ അത്താഴവെടിയും, അബൂത്വലബ എന്ന് വിളിക്കപ്പെടുന്ന തബലയുടെ അകമ്പടിയോടുകൂടിയ താളമേളവും ദമസ്‌കസിന്റെ തെരുവില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കാം.

മുട്ടയും മാംസവും പച്ചക്കറികളും തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ ചേര്‍ന്ന വിഭവങ്ങളാണ് സിറിയന്‍ കുടുംബങ്ങള്‍ അത്താഴത്തിനൊരുക്കുന്നത്. പ്രഭാത നമസ്‌കാരത്തിന് ശേഷം കുറച്ച് നേരം ഉറങ്ങുകയും ശേഷം തങ്ങളുടെ പതിവുജോലിക്കായി പുറപ്പെടുകയും ചെയ്യുന്നു. പകല്‍സമയത്ത്  തെരുവില്‍ കച്ചവടക്കാരും, പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തിയവരും സജീവമാവുന്നു.

റമദാന്‍ പിറ അറിയിച്ചുകൊണ്ട് തലേദിവസം അസ്വ്‌റിന് മുഴങ്ങുന്ന വെടി ദമസ്‌കസിന്റെ റമദാന്‍ വിശേഷങ്ങളില്‍ സുപ്രധാനമാണ്. അതേതുടര്‍ന്ന് കമ്പോളവും കച്ചവടവും ഉണരുകയും സേമിയപ്പായസവും, എള്ളുചേര്‍ത്തുണ്ടാക്കിയ റൊട്ടിയും ഉള്‍പ്പെടെ വിവിധയിനം പലഹാരങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയും ചെയ്യുന്നു.

റമദാന്റെ മൂന്ന് പത്തുകളെ ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി വേര്‍തിരിക്കുന്നതുപോലെ തന്നെ ദമസ്‌കസുകാര്‍ തങ്ങളുടെ ആചാര-സമ്പ്രദായങ്ങള്‍ക്കായും മൂന്നായി തിരിച്ചിരിക്കുന്നു. ആദ്യത്തെ പത്ത് ഭക്ഷണത്തിന്റെ ദിനങ്ങളാണ്. തരാതരം  മധുര പലഹാരങ്ങളും സദ്യകളുമൊരുക്കുന്നതിനാണ് അവര്‍ ഈ ദിനങ്ങള്‍മാറ്റിവെച്ചിരിക്കുന്നത്. രണ്ടാമത്തെ പത്തുദിനങ്ങള്‍ വസ്ത്രങ്ങളുടേതാണ്. പെരുന്നാള്‍ വസ്ത്രം വാങ്ങാനും അത് തയ്ക്കാനുമുള്ള ദിനങ്ങളാണ് അവ. പെരുന്നാള്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് അവസാനത്തെ പത്തുദിനങ്ങളിലാണ് . വിവിധങ്ങളായ പഴങ്ങളും പച്ചക്കറികളും ഉണക്കിയ ഭക്ഷ്യ വസ്തുക്കളും അവര്‍ വാങ്ങുകയും വിഭവങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്നു. ഹമീദിയ്യ, ബസൂറിയ്യ, ഖാന്‍ ജംറക്, അസ്‌റൂനിയ്യ, ഹംറാഅ്, സ്വാലിഹിയ്യ തുടങ്ങി ദമസ്‌കസിലെ സുപ്രസിദ്ധ തെരുവുകളെല്ലാം നിറഞ്ഞൊഴുകുന്ന ദിനങ്ങളാണവ.

റമദാനില്‍ സിറിയന്‍ സമൂഹത്തിലെ വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും  കൂടുതല്‍ ദൃഢമാവുന്നു. നമസ്‌കരിക്കാനെത്തുന്നവര്‍ പരസ്പരം സ്‌നേഹാഭിവാദ്യങ്ങള്‍ കൈമാറുകയും സമ്പന്നര്‍ ദരിദ്രര്‍ക്ക് സമ്മാനങ്ങളും സഹായങ്ങളും നല്‍കുകയും ചെയ്യുന്നു. സ്വദഖവിഭവങ്ങള്‍ ശേഖരിച്ച് ദരിദ്ര കുടുംബങ്ങള്‍ക്ക് എത്തിക്കുന്നതിലും നോമ്പുതുറസല്‍ക്കാരത്തിന് അവരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുന്നതിലും സമൂഹത്തിലെ സമ്പന്നപ്രമാണികുടുംബങ്ങള്‍ പ്രത്യേകം ഔത്സുക്യം കാണിക്കുന്നു.

തീരപ്രദേശത്തെ കുടുംബങ്ങള്‍ അരിഭക്ഷണവും കൂടെ മത്സ്യവും മാംസവുമാണ് നോമ്പുതുറ സല്‍ക്കാരങ്ങളില്‍ ഉപയോഗിക്കാറ്. കടല്‍തീരത്തെ മനോഹരമായ അന്തരീക്ഷം നോമ്പ് തുറക്കുശേഷം ഒന്നിച്ചുനടക്കാനും കളിതമാശകളിലേര്‍പെടാനുമുള്ള സൗകര്യമൊരുക്കുന്നു.

ഇപ്രകാരം പ്രത്യേകവിഭവങ്ങളാലും, ആചാരസമ്പ്രദായങ്ങളാലും ഇതരപ്രദേശങ്ങളില്‍ നിന്നും തീര്‍ത്തും സവിശേഷമാണ് ദമസ്‌കസിലെ റമദാന്‍ രാവുകള്‍.