Special Coverage

ആളുകളുടെ ഖദ്ര്‍ അറിയിച്ച ബദ്ര്‍

സമ്പൂര്‍ണമായ പ്രവാചക പാഠശാലയാണ് പ്രവാചകചരിത്രം. അതിലെ സംഭവങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമിടയില്‍ മഹത്തായ പാഠങ്ങളും, ഉത്തമമായ മാതൃകകളുമാണ് ഉള്ളത്. ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് മുറുകെപ്പിടിക്കാനാവശ്യമായ മൂല്യവും, സന്ദേശവും ജീവിതരേഖയും പ്രസ്തുത ചരിത്രത്തിലുണ്ട്. ഇത്തരത്തില്‍ സന്ദേശവും ഗുണപാഠവും കൊണ്ട് പുഷ്‌കലമായ സംഭവമാണ് ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബദ്ര്‍. 

കൂടിയാലോചനയുടെ പ്രാധാന്യം മുസ്ലിം ഉമ്മത്തിനെ ബോധ്യപ്പെടുത്തിയെന്നതാണ് ബദ്‌റില്‍ സവിശേഷമായി കാണുന്ന പാഠങ്ങളിലൊന്ന്. ഇസ്ലാമിക ശരീഅത്തിലെ അടിസ്ഥാനങ്ങളിലൊന്നാണ് അത്. നന്മയിലുള്ള പരസ്പര സഹകരണത്തിന്റെയും സാമൂഹിക സന്തുലിതത്വം സംരക്ഷിക്കുന്നതിന്റെയും ചിന്തയിലും അഭിപ്രായത്തിലും പരസ്പരം പങ്കാളിയാവുന്നതിന്റെയും ഉദാത്തരൂപമാണത്.

ദിവ്യബോധനം ലഭിക്കുന്ന പ്രവാചകന്‍(സ) ബദ്ര്‍ യുദ്ധത്തില്‍ മാത്രം നാലുതവണ അനുയായികളുമായി കൂടിയാലോചന നടത്തുകയുണ്ടായി. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ നേരിടാന്‍ പുറപ്പെടുംമുമ്പ് അദ്ദേഹം അനുയായികളുമായി കൂടിയാലോചന നടത്തി. ഖുറൈശികള്‍ തങ്ങളുടെ സമ്പത്തിനെ പ്രതിരോധിക്കാന്‍ പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം കൂടിയാലോചന നടത്തി. ബദ്‌റില്‍ തമ്പടിക്കേണ്ട അനുയോജ്യമായ സ്ഥലത്തിന്റെ കാര്യത്തില്‍ അഭിപ്രായമാരാഞ്ഞു. ബന്ദികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും അദ്ദേഹം അനുയായികളുമായി ചര്‍ച്ച ചെയ്തിരുന്നു. ഏതൊരു വീക്ഷണവും നടപ്പാക്കുംമുമ്പ് സഹപ്രവര്‍ത്തകരോട് കൂടിയാലോചിക്കണമെന്നും, അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നും, പ്രതിസന്ധികളിലകപ്പെടുമ്പോള്‍ അവ പരിഹരിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഉമ്മത്തിനെ പഠിപ്പിക്കുകയാണ് അതിലൂടെ തിരുമേനി(സ) ചെയ്തത്.
മേല്‍പറഞ്ഞതിനേക്കാള്‍ ഒട്ടും പ്രാധാന്യം കുറയാത്ത മറ്റൊരു അടിസ്ഥാനം കൂടി തിരുമേനി(സ) ബദ്‌റില്‍ പഠിപ്പിക്കുകയുണ്ടായി. സൈന്യാധിപനും സൈനികര്‍ക്കുമിടയില്‍ സമത്വം കല്‍പിക്കുകയെന്നതായിരുന്നു അത്. വിവിധസന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് തുല്യപ്രാധാന്യവും പങ്കാളിത്തവും നല്‍കുകയും ചെയ്തു. മുന്നൂറോളം പേര്‍ക്ക് ആകെ എഴുപതുവാഹനങ്ങളാണ് ഉണ്ടായിരുന്നത്. തിരുമേനിയും അലിയും അബൂലുബാബയും ഊഴമിട്ടായിരുന്നു ഒരു വാഹനത്തില്‍ യാത്ര ചെയ്തിരുന്നത്. ഇപ്രകാരം തന്നെയായിരുന്നു മറ്റുള്ളവരും.

പ്രപഞ്ച നാഥന്റെ അടുക്കല്‍നിന്നാണ് യഥാര്‍ത്ഥ സഹായമെന്നും, അവനിഛിക്കുന്നവരെ അവന്‍ സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്നും മറ്റുമുള്ള പാഠം ബദ്ര്‍ ലോകത്തിന് പകര്‍ന്നുനല്‍കി.’യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ’.(അന്‍ഫാല്‍ 10). വിജയത്തിനും ദൈവിക സഹായത്തിനും അതിന്റെതായ നിബന്ധനകളുണ്ട്. അവ പൂര്‍ത്തീകരിക്കപ്പെടാതെ സഹായമെത്തുകയില്ല. ശക്തി മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. അങ്ങനെയായിരുന്നുവെങ്കില്‍ മുശ്‌രിക്കുകളായിരുന്നു ബദ്‌റില്‍ വിജയിക്കേണ്ടിയിരുന്നത്. അവര്‍ അതിനുമാത്രം സായുധസജ്ജരായിരുന്നു. എന്നാല്‍ വിജയത്തിന്റെ കാരണങ്ങള്‍ പൂര്‍ത്തീകരിച്ചത് മുസ്ലിംകളായിരുന്നു അവരായിരുന്നു ബദ്‌റില്‍ തലയുയര്‍ത്തിപ്പിടിച്ച് വിജയശ്രീലാളിതരായി  മടങ്ങിയതും.

ദൈബോധം ജീവിതത്തില്‍ പകര്‍ത്തുകയും ദിവ്യബോധനത്തിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുകയെന്നതാണ് അല്ലാഹുവിന്റെ സഹായത്തിലേക്കുള്ള വഴി. ശത്രുവിനെ കാണുമ്പോള്‍ ക്ഷമ കൈകൊള്ളുകയും, യുദ്ധക്കളത്തില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുകയും, അല്ലാഹുവിന്റെ മാത്രം പ്രീതി കാംക്ഷിച്ച് പോരാടുകയും ചെയ്യുകയെന്നത് അവയുടെ ഭാഗമാണ്. അല്ലാഹു പറയുന്നു:’വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രുസേനയുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്’.(അന്‍ഫാല്‍ 45-46.)

അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം ഉറപ്പാക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമാണ്. ബദ്‌റിലെ പോരാട്ടത്തിനുമുമ്പ് തിരുമേനി(സ) നടത്തിയ പ്രാര്‍ത്ഥന ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ദൈവികസഹായത്തിനും വിജയത്തിനും മുസ്ലിം ഉമ്മത്ത് അര്‍ഹരായതോടെ അല്ലാഹു തന്റെ ആസൂത്രണം വിശ്വാസികളിലൂടെ നടപ്പിലാക്കി. വിശ്വാസികളെ സഹായിക്കാന്‍ അല്ലാഹു മാലാഖമാരെ അയച്ചു. വിശ്വാസികളുടെ ഹൃദയത്തില്‍ സ്ഥൈര്യവും സമാധാനവും നിറച്ചു. അവരുടെ ഹൃദയത്തെ ശുദ്ധീകരിക്കാനും പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താനും മഴ വര്‍ഷിച്ചു. വിശ്വാസികളുടെ കണ്ണുകളില്‍ നിഷേധികളെ കുറച്ചുകാണിക്കുകയും നിഷേധികള്‍ക്ക് വിശ്വാസികള്‍ ഭീമാകാര സൈന്യമായി അനുഭവപ്പെടുകയും ചെയ്തത് അല്ലാഹുവിന്റെ മറ്റൊരു സഹായമായിരുന്നു.

ഗനീമത്തുസ്വത്തിന്റെ വിതരണം ഇസ്ലാമിക കാഴ്ചപ്പാടിലൂടെ  ഖുര്‍ആന്‍ വിശദീകരിച്ചു. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണെന്നും, മനുഷ്യനെ അല്ലാഹു അക്കാര്യത്തില്‍ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഖുര്‍ആന്‍ വ്യക്തമാക്കി.

മുസ്ലിം ഉമ്മത്തിന് ഗനീമത്ത് എടുക്കാനുള്ള അനുവാദം അല്ലാഹു നല്‍കിയത് മഹത്തായ ഔദാര്യമത്രെ. മുന്‍കഴിഞ്ഞ സമൂഹങ്ങള്‍ക്ക് അല്ലാഹു അവ നിഷിദ്ധമാക്കിയിരുന്നു. നബിതിരുമേനി(സ) പറയുന്നു: ‘നിങ്ങള്‍ക്കുമുമ്പ് തലകറുത്ത ആര്‍ക്കും ഗനീമത്ത് അനുവദനീയമായിരുന്നില്ല. ആകാശത്തുനിന്ന് തീയിറങ്ങി ഗനീമത്ത് ഭക്ഷിക്കുകയായിരുന്നു പതിവ്’.

ഗനീമത്ത് വിതരണവും വിശുദ്ധ ഖുര്‍ആന്‍ തന്നെ പഠിപ്പിച്ചു:’അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്’.(അന്‍ഫാല്‍ 41)

സൈന്യാധിപനും സൈനികര്‍ക്കുമിടയിലെ ബന്ധത്തെ ഊഷ്മളമാക്കുന്നത്  വിനയവും നീതിയുമാണ് എന്നത് ബദ്‌റിന്റെ സന്ദേശങ്ങളില്‍പെട്ടതാണ്. തന്റെ സേനാദളത്തിലെ സൈനികന് തന്നോട് പ്രതിക്രിയ ചെയ്യാനുള്ള അവസരം സൃഷ്ടിച്ച തിരുമേനിയുടെ മാതൃക നമുക്കറിയാവുന്നതാണ്.

ബന്ദികളുടെ കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു നിലപാടാണ് വ്യക്തമാക്കിയത്. അവരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കുന്നതിന് പകരം വധശിക്ഷനല്‍കി ശത്രുക്കളുടെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു വേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യമാണ് രക്തബന്ധത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതെന്ന് ബദ്ര്‍ വിളിച്ചോതുന്നു. ബഹുദൈവ വിശ്വാസിയായ തന്റെ പിതാവിനെ വധിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അബൂബക്ര്‍(റ) അതിനുള്ള ഉത്തമ മാതൃകയാണ്. തന്റെ സഹോദരന്റെ കാര്യത്തില്‍ മുസ്വ്അബ് ബിന്‍ ഉമൈര്‍ സ്വീകരിച്ച സമീപനവും ഇതുതന്നെയായിരുന്നു.

അബ്ബാസ്(റ)ല്‍ നിന്ന് മോചനദ്രവ്യം വാങ്ങുന്നതില്‍ കാര്‍ക്കശ്യം സ്വീകരിച്ച പ്രവാചകന്റെ മാതൃകയും മറ്റൊന്നല്ല. എത്ര തന്നെ അടുത്ത ബന്ധുവാണെങ്കിലും ആദര്‍ശത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നയമാണ് തിരുമേനി(സ) ഇതിലൂടെ ഉമ്മത്തിനെ പഠിപ്പിച്ചത്.

മദീനയില്‍ നമസ്‌കാരത്തിനും മറ്റും ചുമതലപ്പെട്ടവര്‍ക്ക് ഗനീമത്തില്‍ നിന്ന് ഓഹരി നല്‍കിയ പ്രവാചകന്‍(സ) മഹത്തായ മാതൃകയാണ് കാണിച്ചത്. യുദ്ധക്കളത്തില്‍ പോരാടിയവര്‍ക്കുമാത്രമല്ല, അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നാട്ടില്‍തന്നെ നില്‍ക്കേണ്ടിവന്നവര്‍ക്കും മഹത്തായ സ്ഥാനമുണ്ടെന്ന് തിരുമേനി(സ) ഉമ്മത്തിനെ പഠിപ്പിക്കുന്നു.