മനുഷ്യസ്വത്വം വികാരപ്രകടനങ്ങളുമുള്‍പ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന ഘട്ടത്തിലും മറ്റും അവന്‍ പ്രകടിപ്പിക്കുന്ന വികാരവിക്ഷോഭങ്ങള്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണ്. അതേസമയം പ്രകൃതിയുമായും ചുറ്റുപാടുകളുമായും മറ്റുള്ളവരുമായും ഇടപെടുന്ന വേളകളില്‍ നിര്‍വൃതി പകരുന്ന വൈകാരികതയ്ക്ക് തികച്ചും ധനാത്മകമായ ഇടമുണ്ടെന്നത് വിസ്മരിക്കരുത്. ദയാവായ്പിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങളെ തീര്‍ച്ചയായും നാം പോഷിപ്പിക്കേണ്ടതും സമൂഹത്തില്‍ അതിനെ ആഘോഷപൂര്‍വം ഉയര്‍ത്തിപ്പിടിക്കേണ്ടതുമാണ്. അത് നമ്മുടെ ആത്മീയതയുടെ ഭാഗമാണ്. എന്നാല്‍ നമ്മുടെ തലച്ചോറിനെയും മനസ്സിനെയും യുക്തിയെയും കീഴ്‌പ്പെടുത്തുംവിധം വികാരങ്ങള്‍ തെറ്റായ രീതിയിലൂടെ കടന്നുവരുന്നത് നാം കരുതിയിരിക്കേണ്ടതുണ്ട്. അത്തരം വൈകാരികപ്രകടനങ്ങളെ നാം നിയന്ത്രിച്ചേ മതിയാകൂ.
തിരുമേനിയുടെ അടുക്കല്‍ ഉപദേശമാവശ്യപ്പെട്ട ഒരു അനുയായിയോട് അദ്ദേഹം , ‘നീ കോപിക്കരുത്’ എന്ന് കല്‍പിച്ച സംഭവം നാം കേട്ടിട്ടുള്ളതാണ്. കോപം അടക്കിനിര്‍ത്തേണ്ട ഒരു വികാരമാണ്. അതിനുമേല്‍ കടിഞ്ഞാണിടാന്‍ നാം പരിശീലിക്കണം. അതുപോലെ നാവിനെ നിയന്ത്രിക്കാനും നമുക്ക് കഴിയണം. കോപത്തെ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ നാം പ്രയത്‌നിക്കണം.
അസ്വാഭാവികമായ വികാരാവസ്ഥകളും ചിലപ്പോള്‍ വിശ്വാസിക്കുണ്ടാവാം. ഉദാഹരണത്തിന്, മുഅ്ജിസത്ത് നല്‍കപ്പെട്ട ആദ്യവേളയില്‍ മൂസാ നബി വടി താഴെയിട്ടപ്പോള്‍ അത് പാമ്പിനെപ്പോലെ ആയത് കണ്ട് പേടിച്ചോടുകയുണ്ടായി. അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘മൂസാ , തിരിച്ചുവരിക പേടിക്കേണ്ട, നീ തികച്ചും സുരക്ഷിതനാണ്’ (അല്‍ഖസ്വസ് 31). ഇത്തരം ഘട്ടങ്ങളില്‍ എന്താണ് യഥാര്‍ഥ്യമെന്നും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും യുക്തിയുപയോഗിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. വൈകാരികാവസ്ഥയെ അതിജയിക്കാനും അതോടൊപ്പം അതിനെ യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുമുള്ള മാര്‍ഗം അതാണ്. വിശ്വാസിയെന്ന അസ്തിത്വവുമായി നീതിപുലര്‍ത്താനും ദൈവത്തിലേക്ക് അടുക്കുന്നയാളെന്ന നിലയില്‍ വികാരങ്ങളെ തടുക്കാനും ആവശ്യമുള്ളപ്പോള്‍ അവയെ നിയന്ത്രിക്കാനും മുസ്‌ലിം പ്രാപ്തനാകുന്നത് അങ്ങനെയെല്ലാമാണ്. ആത്മീയയാത്രകള്‍ക്ക് തുടക്കമിട്ട റമദാനില്‍ വികാരങ്ങളെ പ്രതിരോധിക്കുന്ന ജിഹാദ് പരിശീലിക്കേണ്ടത് എത്രമേല്‍ പ്രസക്തമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
Add Comment