Special Coverage

റമദാന്‍ : സ്വാതന്ത്ര്യം വിടരുന്ന പൂന്തോട്ടം

ഭരണത്തിനും നിയമം നടപ്പിലാക്കുന്നതിനുമുള്ള അധികാരലബ്ധിയാണ് സ്വാതന്ത്ര്യമെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. അത് കേവലം രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. അതിനുമപ്പുറം ബൗദ്ധികസ്വാതന്ത്ര്യത്തിന്റെയും സാംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെയും വിവിധതലങ്ങളുണ്ട്. 

ചിലര്‍ധരിച്ചുവശായതുപോലെ തന്നിഷ്ടം ജീവിക്കുകയും, വികാരങ്ങള്‍ക്കും ദേഹേഛകള്‍ക്കും പൂര്‍ത്തീകരണമുണ്ടാവുകയും ചെയ്യുക എന്നതല്ല സ്വാതന്ത്ര്യം. അതിനെ അരാജകത്വമെന്നോ, വൃത്തികെട്ട വിധേയത്വമെന്നോ ആണ് പറയാനാകുക. 

പ്രത്യേക നിയമം കൊണ്ട് വ്യവസ്ഥപ്പെടുത്താത്ത ഒരു സ്വാതന്ത്ര്യവും ഇഹലോകത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തിലെ എല്ലാ ഓരോ വസ്തുവിനും നിയമവും വ്യവസ്ഥയും ഉണ്ട്. അതിനാല്‍ തന്നെ വ്യക്തി സ്വാതന്ത്ര്യം പൂര്‍ണമാവുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി അതിനെ വ്യവസ്ഥപ്പെടുത്തുമ്പോഴാണ്. 

 ഇസ്ലാമിക ശരീഅത്തിന്റെയും മറ്റുഭരണഘടനകളുടെയും നിയമങ്ങളുടെയും അടിസ്ഥാനം ഇതാണ്. ഉദാഹരണമായി ഒരു പട്ടണത്തിലെ സഞ്ചാര സ്വാതന്ത്ര്യം. പട്ടണത്തിലെ ഏതുറോഡിലൂടെയും തോന്നിയപോലെ യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തിനല്ലല്ലോ സഞ്ചാര സ്വാതന്ത്ര്യം എന്ന് പറയുക;മറിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഗതാഗതനിയമങ്ങളനുസരിച്ച് സഞ്ചരിക്കുന്നതിനാണല്ലോ. 

ചിലപ്പോള്‍ സ്വാതന്ത്ര്യം പൂര്‍ത്തീകരിക്കപ്പെടുക ആളുകളെ ചിലസംഗതികളില്‍ നിന്ന് വിലക്കുന്നതിലൂടെയാണ് . ഉദാഹരണമായി രോഗി നിര്‍ണിതമായ ഭക്ഷണങ്ങളില്‍ നിന്ന് വിലക്കപ്പെടുമ്പോള്‍ അവന്റെ സ്വാതന്ത്ര്യത്തിന് താല്‍ക്കാലിക പരിധി നിശ്ചയിക്കപ്പെടുന്നു. അതുവഴി അവന്റെ മറ്റ് ചില സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതാണ് കാരണം. ഒരു കുറ്റവാളി ജയിലിലടക്കപ്പെടുന്നതോടെ അവന്റെ സ്വാതന്ത്ര്യത്തിന് താല്‍ക്കാലിക വിലക്കേര്‍പെടുത്തുകയാണ് ചെയ്യുന്നത്.  മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അപഹരിക്കാത്ത വിധം എങ്ങനെ തന്റെ സ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്യണം എന്ന ശിക്ഷണം നല്‍കുന്നതിനാണത്. 

യാതൊരുവിധകെട്ടുപാടുകളുമില്ലാത്ത  ഏകാന്തജീവിയല്ല മനുഷ്യന്‍. പരസ്പരം ഇടപഴകി ജീവിക്കുന്ന സമൂഹത്തിന്റെ ഒരു ചെറിയ ഭാഗമാണ് അവന്‍. അതിനാല്‍ അതിലെ ഏതെങ്കിലുംഘടനയ്ക്ക് പോറലേല്‍പിക്കുന്ന പ്രവര്‍ത്തനം സമൂഹത്തെതന്നെ അപകടപ്പെടുത്തും. നബി തിരുമേനി(സ) അതിന് മനോഹരമായ ഒരു ഉദാഹരണം സമര്‍പിച്ചിട്ടുണ്ട്. കപ്പലില്‍ യാത്ര ചെയ്യുന്ന ഒരു സംഘം ആളുകള്‍. ചിലര്‍ മുകളിലും മറ്റു ചിലര്‍ താഴെയുമാണ് ഉള്ളത്. താഴെയുള്ളവര്‍ തങ്ങള്‍ക്കാവശ്യമായ വെളളത്തിനായി മുകളിലേക്ക് പോവുകയായിരുന്നു പതിവ്. അപ്പോഴവര്‍ ചിന്തിച്ചു. നാമെന്തിന് മുകളിലേക്കുപോകണം? നമുക്കാവശ്യമായ വെള്ളം ഇവിടെ തന്നെ ഒരു ദ്വാരമുണ്ടാക്കി ശേഖരിക്കാമല്ലോ? ശേഷം നബി തിരുമേനി(സ) പറഞ്ഞു ‘അവരപ്രകാരം ചെയ്യുന്ന പക്ഷം അവരും മറ്റുള്ളവരും നശിച്ചതുതന്നെ. അതല്ല അവരെ അതില്‍ നിന്ന് തടയുന്ന പക്ഷം എല്ലാവരും രക്ഷപ്പെടുകയും ചെയ്യും.’

മാനവകുലത്തിന്റെ അധ്യാപകനില്‍ നിന്നുള്ള മഹത്തായ ഉപമയാണ് ഇത്. വ്യക്തി സ്വാതന്ത്ര്യത്തിനും സാമൂഹിക സ്വാതന്ത്ര്യത്തിനും ഇടയിലെ പരിധി നിശ്ചയിക്കുകയാണ് പ്രവാചകന്‍(സ) ഇവിടെ ചെയ്തത്. വ്യക്തി സ്വാതന്ത്ര്യം ഈയര്‍ത്ഥത്തില്‍ പരിധി വിടുമ്പോഴാണ് അത് അരാജകത്വമായി മാറുന്നത്. എന്നാല്‍ അത് വൃത്തികെട്ട അടിമത്തമായി മാറുന്ന സാഹചര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. പരമമായ സ്വാതന്ത്ര്യം എന്നത് നിനക്ക് തുല്യനായ, നിന്നേക്കാള്‍ താഴെയുള്ള ഒരു സൃഷ്ടിയും നിന്നെ അടിമയാക്കാതിരിക്കുക എന്നതാണ്.  

എന്നാല്‍ മനുഷ്യന്‍ എല്ലാ കെട്ടുപാടുകളും നിയമങ്ങളും വലിച്ചെറിഞ്ഞ് ആസ്വാദനത്തിന് പിന്നാലെ ചരിക്കുന്നതോടെ അവന്‍ ആസ്വാദനത്തിന്റെ അടിമയായിത്തീരുന്നു. അതിന്റെ താല്‍പര്യത്തിനും ബോധനത്തിനും അനുസരിച്ചാണ് പിന്നീടവന്‍ മുന്നോട്ടുപോവുക. ഈ സ്വാതന്ത്ര്യം വഷളായ,നിന്ദ്യമായ അടിമത്തമല്ലാതെ മറ്റെന്താണ്? മനുഷ്യന്റെ വില അവന്‍ നേടുന്ന കേവല ആസ്വാദനത്തിന് തുല്യമാണെങ്കില്‍, അവനെക്കാള്‍ വിലയുള്ളത് മൃഗങ്ങള്‍ക്കാണ്. 

യാതൊരു നിയമവും, പരിധിയുമില്ലാതെ ആസ്വാദനത്തിന്റെ പിന്നാലെ ചരിക്കുക മൃഗങ്ങളാണ്. താനാഗ്രഹിക്കുന്ന ആസ്വാദനങ്ങള്‍ക്ക് പിന്നാലെ മനുഷ്യന്‍ എത്ര തന്നെ ഓടിയാലും അവക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ കടന്നുവരികതന്നെ ചെയ്യും. 

തനിക്കിഷ്ടപ്പെട്ട ഒരു യുവതിയുടെ പിന്നാലെ പായുന്ന മനുഷ്യന്‍ അവളുടെ അധികാരത്തില്‍ നിന്ന് സ്വതന്ത്രനാണെന്ന് കരുതുന്നുണ്ടോ? എന്നല്ല, അവന്‍ അപ്പോള്‍ അവള്‍ക്കായി വിനിയോഗിക്കുന്ന നിമിഷങ്ങളുടെ ബന്ധിയാണ്. അല്ലെങ്കില്‍ അവളുടെ അടിമയാണ്. ഈ വിധേയത്വത്തെക്കാള്‍ നിന്ദ്യകരമായ അടിമത്തം മറ്റെന്തുണ്ട്? 

ചങ്ങലകളും ജയിലറകളും മാത്രമല്ല അടിമത്തം.  അതിനേക്കാള്‍ നിന്ദ്യകരമായ അടിമത്തമാണ് മേല്‍ സൂചിപ്പിച്ചത്. ഒരു രാഷ്ട്രത്തില്‍ നിന്നും മറ്റൊരു രാഷ്ട്രത്തിലേക്ക് കടക്കാനുള്ള അനുവാദം മാത്രമല്ല സ്വാതന്ത്ര്യം. മറിച്ച് അത് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നിസ്സാരമായ തലം മാത്രമാണ്. സ്വന്തം ഇഛകള്‍ക്കും ആഗ്രഹങ്ങള്‍ക്കും മേല്‍ നേടുന്ന അധികാരമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. 

ഈയര്‍ത്ഥത്തില്‍ വിശ്വാസികള്‍ പൂര്‍ണ സ്വാതന്ത്ര്യം നേടിയവരായിരുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് യാതൊരു വിലക്കും പരിധിയും ഉണ്ടായിരുന്നില്ല. കാരണം വിശ്വാസം അവരുടെ മനസ്സുകളെ ഇഛകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി പ്രപഞ്ച നാഥനായ അല്ലാഹുവോട് ബന്ധിപ്പിച്ചിരുന്നു. സത്യം അടിമപ്പെടുത്തിയവരാണ് അസത്യത്തിന്റെ അടിമകളേക്കാള്‍ ഉത്തമര്‍. ദൈവഭയത്തില്‍ നിന്നും ഉടലെടുക്കുന്ന മാനവിക ബോധം അടിമപ്പെടുത്തിയവരാണ് ഇഛകളുടെ അടിമകളേക്കാള്‍ ശ്രേഷ്ഠര്‍. അല്ലാഹുവിന് വിധേയപ്പെടുന്ന, അവന്റെ നിയമങ്ങള്‍ അനുസരിക്കുന്നവരാണ്  തരുണിക്കും, ചഷകത്തിനും  വിധേയപ്പെടുന്നവരേക്കാള്‍ ഉന്നതര്‍. 

ജനങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളവര്‍ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ വിധേയത്വമുള്ളവരാണ്. അവരെ പാട്ടുകാരികള്‍ കീഴ്‌പെടുത്തുകയോ, വികാരങ്ങള്‍ അടിമപ്പെടുത്തുകയോ, സമ്പത്ത് ഭരിക്കുകയോ ഇല്ല. അല്ലാഹുവിനുള്ള ഇബാദത്ത് അവരെ മറ്റെല്ലാ ഭയങ്ങളില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.