Special Coverage റമദാന്‍ വിടപറയുമ്പോള്‍

റമദാന്‍ വിടവാങ്ങുമ്പോള്‍

ഇന്നലെ നിറഹൃദയത്തോടെ സ്വീകരിച്ച റമദാനെ ഇന്ന് യാത്രയാക്കുകയാണ് നാം. റമദാനാകട്ടെ, യാത്രക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിശിഷ്ടമായ അതിഥിയായി റമദാന്‍ നമ്മിലേക്കെത്തുകയും,  വന്നതുപോലെ പോവാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍പെട്ടതാണിത്. മാസം വരികയും അതിനേക്കാള്‍ വേഗത്തില്‍ മടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം തന്നെയാണ് ഇഹലോകവും.
റമദാനെ യാത്രയാക്കുന്ന വേളയില്‍ നമുക്ക് അല്‍പം ചിന്തിക്കാം. റമദാന് നാം എന്താണ് നല്‍കിയതെന്ന് സ്വയം ചോദിക്കാം. റമദാനില്‍ നാമെന്താണ് പ്രവര്‍ത്തിച്ചത് ? നാം പൂര്‍ണാര്‍ത്ഥത്തില്‍ നോമ്പെടുത്തിട്ടുണ്ടോ? നമസ്‌കാരം മുറപോലെ നിര്‍വഹിച്ചിട്ടുണ്ടോ? റമദാന്റെ യുക്തിയായ ദൈവബോധം(തഖ്‌വ) നമ്മില്‍ ഉടലെടുത്തിട്ടുണ്ടോ? റമദാനില്‍ നാം കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തിട്ടുണ്ടോ? അതല്ല, നാം കളിയിലും അശ്രദ്ധയിലുമായിരിക്കെയാണോ റമദാന്‍ കടന്നുപോയത്?
നബിതിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’റമദാന്‍ കടന്നുവരികയും ശേഷം പാപങ്ങള്‍ പൊറുക്കപ്പെടാതെ അത് കഴിഞ്ഞുപോവുകയും ചെയ്തവന്‍ നശിച്ചിരിക്കുന്നു’. അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിച്ച ദിനങ്ങളെ അവഗണിച്ച് നശിച്ചുപോയവരുടെ ഗണത്തിലാണോ നമ്മുടെ സ്ഥാനം? അതോ, പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍പിടിച്ച് മുങ്ങിപ്പൊങ്ങുന്നവരാണോ നാം?
റമദാന്‍ മാസം മുഖേനെ അല്ലാഹു നമ്മെ ആദരിച്ചിരിക്കുന്നു. അവനതില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. നഷ്ടപ്പെട്ടുപോയ സുകൃതങ്ങള്‍ക്ക് പകരം വെക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ സമ്മാനത്തെ വിലമതിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? അല്ലാഹുവിന്റെ ഔദാര്യത്തെ പരിഗണിക്കാന്‍ നാം സമയം കണ്ടെത്തിയിട്ടുണ്ടോ?
റമദാനില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് മംഗളം. റമദാനില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് മംഗളം. റമദാനില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങിയവര്‍ക്ക് മംഗളം. റമദാനെ അവസരത്തിനൊത്തുയര്‍ന്ന് ഉപയോഗപ്പെടുത്താത്തവന് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവന് ഒരുപക്ഷേ ഇനിയത് ലഭിച്ചുകൊള്ളണമെന്നില്ല. റമദാനില്‍ പശ്ചാത്തപിക്കാത്തവന്‍ പിന്നെ എപ്പോഴാണ് പശ്ചാത്തപിക്കുക? റമദാനില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങാത്തവന്‍ പിന്നെ എപ്പോഴാണ് മടങ്ങുക? റമദാന്റെ രാവുകളില്‍ നിന്ന് ലഭിക്കാത്ത ഏത് ആവശ്യമാണ് പിന്നീട് നിറവേറ്റപ്പെടുക?
റമദാന് ശേഷം എന്താണ് നമ്മുടെ അവസ്ഥ? പൂര്‍വകാല പതിവുകളിലേക്കും, തിന്മകളിലേക്കും നാം മടങ്ങുമോ? റമദാനില്‍ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ച് കഴിച്ചുകൂട്ടിയതിന് ശേഷം അവയെല്ലാം പാഴാക്കിക്കളയുകയാണ് അധികപേരും ചെയ്യുന്നത്.
റമദാനിലെ പതിവുകള്‍ റമദാന് ശേഷവും തുടരണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ദൈവബോധം സാക്ഷാല്‍ക്കരിക്കാനും ദൈവികവിധേയത്വത്തില്‍ മനസ്സിനെ ഒരുക്കാനുമാണ് അല്ലാഹു റമദാന്‍ നിയമമാക്കിയത്.
പക്ഷേ… നാം എങ്ങനെയാണ് റമദാനെ യാത്രയാക്കുന്നത്? വേദനയോടും നിറകണ്ണുകളോടെയുമാണോ? അങ്ങനെയല്ല, നാം അതിനെ സ്വീകരിച്ചതുപോലെ തന്നെ സുകൃതങ്ങള്‍ കൊണ്ട് യാത്രയാക്കണം. പ്രവാചകന്‍(സ)യും അനുയായികളും റമദാന്റെ അവസാനത്തില്‍ കര്‍മങ്ങള്‍ അധികരിപ്പിക്കാറായിരുന്നു പതിവ്. അവസാന പത്ത് ആഗതമായാല്‍ തിരുമേനി രാത്രി ഉറക്കൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും ആരാധനകള്‍ സജീവമായി നിര്‍വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു.
നമ്മുടെ സുകൃതങ്ങള്‍ സ്വീകരിക്കാനുള്ള പ്രാര്‍ത്ഥനയോടെയായിരിക്കണം നാം റമദാനെ യാത്രയാക്കേണ്ടത്. അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലവും സന്തോഷവും നമുക്ക് ലഭിക്കേണ്ടതുണ്ട്.
പെരുന്നാളിന്റെ സന്തോഷമാണ് അത്. പെരുന്നാള്‍ നമുക്ക് ആരാധനയാണ്. ആരാധാനകള്‍ക്കുശേഷമാണ് ആഘോഷം വരുന്നത്. ചെറിയ പെരുന്നാള്‍ വരുന്നത് നോമ്പിന് ശേഷമാണ്. ബലി പെരുന്നാള്‍ വരുന്നത് ഹജ്ജിനുശേഷവും. നമ്മുടെ ആഘോഷങ്ങള്‍ തുടങ്ങുന്നതും ആരാധനകള്‍ കൊണ്ടുതന്നെ. നാമതിനെ പെരുന്നാള്‍ നമസ്‌കാരം എന്ന് വിളിക്കുന്നു. അതിനാലാണ് ഇപ്രകാരം പറയപ്പെട്ടത് ‘പെരുന്നാള്‍ പുതുവസ്ത്രം ധരിച്ചവര്‍ക്കുള്ളതല്ല. സുകൃതങ്ങള്‍ വര്‍ധിപ്പിച്ചവര്‍ക്കുള്ളതാണ് എന്ന്്’.
പെരുന്നാള്‍ രാവില്‍ പിശാചുക്കള്‍ പുറത്തുവരുന്നത് നാം സൂക്ഷിക്കേണ്ടതുണ്ട്. റമദാനിലെ നന്മകളെ നിഷിദ്ധങ്ങള്‍ കൊണ്ട് അവസാനിപ്പിക്കുന്നവരാവരുത് നാം. നമുക്കതില്‍ നിന്ന് ലോകതമ്പുരാനായ നാഥനോട് അഭയം തേടാം.