അടിമത്വത്തിലൂടെയും അനുസരണത്തിലൂടെയും മനുഷ്യന്‍ അല്ലാഹുവിനോട് ഇണങ്ങുകയാണ് ചെയ്യുക. പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് മഹത്ത്വമായി കാണുന്നവനാണ് വിശ്വാസി. അല്ലാഹുവിന്റെ അടിമയായിത്തീരുന്നതും, പ്രവാചകന്‍ മുഹമ്മദ്(സ)യുടെ അനുയായിത്തീരുന്നതും എനിക്ക് പ്രതാപവും മഹത്വവും നല്‍കുന്നുവെന്ന് മഹാനായ ഖുബൈബ്(റ) ക്രൂശിതനായപ്പോള്‍ പാടിയിരുന്നു.
ഈ മഹത്ത്വം തിരിച്ചറിയുമ്പോഴാണ് വിശ്വാസത്തിന്റെയും ആരാധനകളുടെയും മാധുര്യം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കുക. അല്ലാഹു ഹസന്‍ ബസ്വരിയോട് കരുണ ചെയ്യട്ടെ, അദ്ദേഹം പറഞ്ഞിരിക്കുന്നു:’ഞങ്ങള്‍ അനുഭവിക്കുന്ന ആനന്ദം രാജാക്കന്മാരും, അവരുടെ സന്താനങ്ങളും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവര്‍ വാളുപയോഗിച്ച് ഞങ്ങളോട് കലഹിക്കുമായിരുന്നു’.
അടിമകള്‍ തനിക്കായി ആരാധനകള്‍ അര്‍പ്പിക്കുന്നതിന് അല്ലാഹു പ്രത്യേക സന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നു. നന്മകള്‍ക്ക് ധാരാളം ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസമാണ് അത്. അവയില്‍ ഏറെ സവിശേഷമായതാണ് റമദാന്‍ മാസം. അതിനാല്‍തന്നെ അതിന്റെ ആഗമനത്തിനുമുമ്പ് വിശ്വാസി പ്രസ്തുതഫലങ്ങള്‍ അനുഭവിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുതുടങ്ങും. റമദാന്റെ നന്മകള്‍ നേടുന്നതിനും, കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് അത്. അവന്‍ തന്റെ നാവുകൊണ്ട് ഉരുവിടും:’അല്ലാഹുവേ, റമദാന്‍ ഞങ്ങള്‍ക്കെത്തിച്ച് തരേണമേ’. ഒരുവ്യക്തി തന്റെ ഉറ്റസുഹൃത്തിനെ കാണാന്‍ ആഗ്രഹിക്കുന്നതുപോലെ, നീണ്ട കാലത്തെ വേര്‍പാടിനുശേഷം ഒരാള്‍ തന്റെ ഉറ്റ ബന്ധുവിനെ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയാണ് ആ അര്‍ത്ഥന. അപ്രകാരമാണ് റമദാന്‍. അത് അവന്റെ മുന്നിലെത്തുന്നതോടെ വര്‍ഷം മുഴുവന്‍ റമദാനാവാന്‍ അവന്‍ കൊതിക്കുന്നു. അത്രമാത്രം നന്മയും അനുഗ്രഹവുമാണ് അവന് അതില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, വിശ്വാസി കണ്ടെത്താത്ത വേറെയും നന്മകള്‍ റമദാനില്‍ ഉണ്ടെന്ന് നബിതിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’റമദാനിലെ നന്മകള്‍ എന്റെ ഉമ്മത്ത് തിരിച്ചറിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ റമദാന്‍ ആയിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹിച്ചേനേ!’.
റമദാന്‍ പാപമോചനത്തിന്റെയും നരകവിമോചനത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും മാസമാണെന്ന് ഉമ്മത്തിന് അറിയാം. അതിന്റെ നന്മകള്‍ നിഷേധിക്കപ്പെട്ടവന് എല്ലാ നന്മയും പാഴായിരിക്കുന്നുവെന്നും ഉമ്മത്ത് മനസ്സിലാക്കിയിരിക്കുന്നു. റസൂല്‍ കരീം(സ) പറഞ്ഞു:’റമദാന്‍ ലഭിച്ചിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന് എല്ലാം നശിച്ചുപോവട്ടെ എന്ന് ജിബ്‌രീല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറഞ്ഞു’.
കഴിഞ്ഞ റമദാനില്‍ നമ്മോടൊപ്പമുണ്ടായിരുന്ന, ഇപ്പോള്‍ ഖബ്‌റിടങ്ങളില്‍ വസിക്കുന്ന ധാരാളമാളുകളെ നമുക്കറിയാം. അവര്‍ നമുക്കുമുമ്പെ അല്ലാഹുവിങ്കലേക്ക് മടങ്ങിയിരിക്കുന്നു. നമുക്കാവട്ടെ, ഈ വര്‍ഷത്തെ റമദാന്‍ സമാഗതമായിരിക്കുകയാണ്. ഒരു പക്ഷേ, ഇത് നമ്മുടെ അവസാനത്തെ റമദാന്‍ ആകാനും സാധ്യതയുണ്ട്. നാമതിനെ അങ്ങനെ പരിഗണിച്ചിട്ടുണ്ടോ? കഴിഞ്ഞ റമദാനുകളില്‍ നമുക്ക് സംഭവിച്ച വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടോ? വ്യാമോഹങ്ങളെയും അര്‍ത്ഥമില്ലാത്ത സ്വപ്‌നങ്ങളെയും റമദാന്റെ ആദ്യദിനത്തില്‍ തന്നെ നമുക്ക് മാറ്റി വെക്കാം. ആത്മാര്‍ഥമായ തൗബയിലൂടെ, നിരന്തരമായ കര്‍മങ്ങളിലൂടെ നമുക്ക് തുടങ്ങാം.
കഴിഞ്ഞ റമദാനില്‍ നമുക്ക് ധാരാളം സ്വപ്‌നങ്ങളുണ്ടായിരുന്നു, അവയൊന്നും നാം സാക്ഷാല്‍ക്കരിക്കുകയുണ്ടായില്ല. ദാനധര്‍മം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മിലുണ്ടായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. റമദാന്റെ എല്ലാ രാവുകളിലും ദീര്‍ഘനേരം നിന്നുനമസ്‌കരിക്കാന്‍ തീരുമാനിച്ചവര്‍ നമ്മിലുണ്ടായിരുന്നു. പക്ഷേ അതിനും അവര്‍ക്ക് സാധിച്ചില്ല. ഖുര്‍ആന്‍ ഒരു തവണ മുഴുവനായി പാരായണം ചെയ്യും എന്ന് പ്രതിജ്ഞ ചെയ്തവരും നമുക്കിടയിലുണ്ടായിരുന്നു. പക്ഷേ അതും നിറവേറ്റാനായില്ല. അങ്ങനെ എത്രയെത്രയാളുകള്‍!… ഇങ്ങനെ എല്ലാവരും വ്യാമോഹത്തിന്റെയും സ്വപ്‌നങ്ങളുടെയും ആഴക്കടലില്‍ മുങ്ങിയിരിക്കുന്നു. അല്ലാഹു പറയുന്നു:’നിങ്ങള്‍ മോഹിക്കുന്നത് പോലെയോ, വേദക്കാര്‍ മോഹിക്കുന്നത് പോലെയോ അല്ല കാര്യങ്ങള്‍. ആര്‍ തിന്മ സമ്പാദിക്കുന്നുവോ അതിനനുസരിച്ച പ്രതിഫലമായിരിക്കും അവനുണ്ടാവുക. അല്ലാഹുവെക്കൂടാതെ അവന് സഹായിയോ, രക്ഷകനോ ഉണ്ടായിരിക്കുന്നതല്ല’.
സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നതും അതില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കണമെന്നും, നരകത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും ആഗ്രഹിക്കുന്നത് വ്യാമോഹമല്ല. പക്ഷേ, കറയറ്റ വിശ്വാസത്തോടും, നിസ്വാര്‍ഥകര്‍മങ്ങളോടും കൂടി ആയിരിക്കണം അതെന്നുമാത്രം. ന്യൂനതകളുടെ കാര്‍മേഘങ്ങളില്ലാത്ത, പൂര്‍ണതയുടെ നീലാകാശത്തില്‍ നിതാന്തപരിശ്രമങ്ങളിലൂടെയായിരിക്കണം പ്രസ്തുത സ്വപ്‌നലോകത്തേക്ക് പറന്നുയരേണ്ടത്.
Add Comment