അനുഗ്രഹത്തിന്റെയും നന്മയുടെയും അമ്പിളിക്കീറ് ചക്രവാളത്തില്‍ തെളിഞ്ഞു. അന്നം ശേഖരിക്കാനും മറ്റുള്ളവരെ ഊട്ടാനും വിശ്വാസികള്‍ പരസ്പരം മത്‌സരിച്ചുതുടങ്ങിയിരിക്കുന്നു. റമദാന്‍ ലഭിച്ചവന്റെ മേല്‍ അല്ലാഹു മഹത്തായ അനുഗ്രഹങ്ങളാണ് വര്‍ഷിച്ചിരിക്കുന്നത്. അനുസരണത്തിന്റെ കവാടങ്ങളും, നന്മയുടെ വഴികളും, സ്വര്‍ഗീയാരാമങ്ങളും അവന്നുമുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളെ ബന്ധിച്ച്, നരക കവാടങ്ങള്‍ കൊട്ടിയടച്ച് തിന്മയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും അവന്‍ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു.
വിശ്വാസിയുടെ മുഖം പ്രശോഭിതമാവുന്ന മാസമാണിത്. നാഥന്റെ മുന്നില്‍ പ്രണാമമര്‍പിച്ച് റമദാന്റെ പകല്‍ നോമ്പനുഷ്ഠിച്ച്, രാത്രി എഴുന്നേറ്റ് നമസ്‌കരിച്ച്, റമദാനികനിമിഷങ്ങളുടെ മൂല്യം മനസ്സിലാക്കി, മുതലെടുക്കുന്നവനാണ് അവന്‍.
വിശന്നുവലഞ്ഞ്, ദാഹിച്ചവശനായി വീട്ടിലിരിക്കുന്നതിന് പകരം, ഉന്മേഷത്തോടും ആവേശത്തോടും കൂടി ആരാധനകള്‍ നിര്‍വഹിച്ച് ക്ഷമയോടെ പ്രതിഫലം കാംക്ഷിച്ച് ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു വിശ്വാസി.
അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച നിമിഷങ്ങളാണ് ഏറ്റവും നിര്‍ഭയമായത്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു:’ നബി തിരുമേനി(സ) അരുളി:’അനുഗ്രഹങ്ങളുടെ മാസമായ റമദാന്‍ നിങ്ങള്‍ക്കെത്തിയിരിക്കുന്നു. അതില്‍ നോമ്പനുഷ്ഠിക്കുന്നത് അല്ലാഹു നിങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.
സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന മാസമാണ് അത്. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ ഒരു രാത്രിയുണ്ട് അതില്‍. അതിന്റെ നന്മ തടയപ്പെട്ടവന് എല്ലാ നന്മയും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’.
ഇബ്‌നു റജബ് പറയുന്നു:’റമദാന്‍ ആഗതമാവുന്നതോടെ ജനങ്ങള്‍ക്ക് പരസ്പരം അഭിവാദ്യങ്ങള്‍ നേരാമെന്നതിന് തെളിവാണ് ഈ ഹദീസ്. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ വിശ്വാസി എങ്ങനെ സന്തോഷിക്കാതിരിക്കും? നരകകവാടങ്ങള്‍ അടക്കപ്പെടുമ്പോള്‍ കുറ്റവാളി ആനന്ദാശ്രു പൊഴിക്കില്ലേ? പിശാചുക്കള്‍ ബന്ധിക്കപ്പെട്ട സുവര്‍ണാവസരത്തെ മുതലെടുക്കാതിരിക്കാന്‍ ഒരു ബുദ്ധിമാന് സാധിക്കുമോ?’.
മഅ്‌ല ബിന്‍ ഫദ്ല്‍ പറയുന്നു:’റമദാന്‍ ആഗതമാകാന്‍ വേണ്ടി മുമ്പിലുള്ള ആറു മാസക്കാലവും റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കുന്നതിനായി ശേഷമുള്ള ആറുമാസവും സലഫുസ്സാലിഹുകള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു’.
റമദാനില്‍ കരുണ കാണിച്ചവനാണ് കരുണ കാണിക്കപ്പെട്ടവന്‍. റമദാന്റെ നന്മ നിഷിദ്ധമാക്കപ്പെട്ടവനാണ് എല്ലാം നിഷിദ്ധമാക്കപ്പെട്ടവന്‍. റമദാനില്‍ നിന്ന് ആഖിറത്തിന് വേണ്ടി പാഥേയമൊരുക്കാത്തവനാണ് ഏറ്റവും വലിയ നഷ്ടകാരി.
നമ്മില്‍ നിന്ന് അപ്രത്യക്ഷമായ അതിഥിയിതാ വീണ്ടും വന്നണഞ്ഞിരിക്കുന്നു. നിരന്തരമായി നഷ്ടങ്ങള്‍ പേറിയവന് ലാഭം നേടാനുള്ള നാളുകളാണ് ഇത്. ഈ മാസം ലാഭം നേടാന്‍ കഴിയാത്തവന് പിന്നെ എപ്പോഴാണ് അതിനുസാധിക്കുക? ഈ മാസത്തില്‍ സ്വന്തം നാഥനോട് അടുക്കാന്‍ കഴിയാത്തവന്‍ എന്നന്നേക്കുമായി അല്ലാഹുവിങ്കല്‍ നിന്ന് വിദൂരത്തായിരിക്കും.
എത്ര കാലമാണ് മനുഷ്യന്‍ സ്വന്തം താമസസ്ഥലം അലങ്കരിച്ച് കഴിഞ്ഞുകൂടുക?എത്ര തന്നെ മനോഹരമാക്കിവെച്ചാലും അവന്‍ വന്നുചേരുക ഖബ്‌റിലേക്ക് തന്നെയല്ലേ?.
Add Comment