വിശന്നുവലഞ്ഞ ഹജ്ജാജിന് മുന്നില്‍ അന്നും വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരപ്പെട്ടു. അദ്ദേഹം പറഞ്ഞു ‘എന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ആരെയെങ്കിലും അന്വേഷിക്കൂ’. പടയാളികള്‍ അന്വേഷണം തുടങ്ങി. പക്ഷേ ആരെയും കണ്ടെത്തിയില്ല. ഒടുവില്‍ അവര്‍ക്ക് ലഭിച്ചത് ഒരു അഅ്‌റാബിയെ(ഗ്രാമീണഅറബി)യായിരുന്നു. അവര്‍ അയാളെയും കൊണ്ട് ഹജ്ജാജിന്റെ അടുത്തുവന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു.
ഹജ്ജാജ് : വരൂ, നമുക്ക് ഉച്ചഭക്ഷണം കഴിക്കാം.
ആഗതന്‍ : താങ്കളേക്കാന്‍ മഹോന്നതനായവന്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ അവിടെ നിന്ന് കഴിക്കുകയും ചെയ്തു.
ഹജ്ജാജ് : ആരാണ് അത്?
ആഗതന്‍ : അല്ലാഹു… അവന്‍ എന്നെ നോമ്പിലേക്ക് ക്ഷണിച്ചു. ഞാന്‍ നോമ്പെടുക്കുകയും ചെയ്തു.
ഹജ്ജാജ് : ഇത്ര കഠിനമായ ചൂടില്‍ താങ്കള്‍ നോമ്പെടുക്കുകയോ?
ആഗതന്‍ : ഇതിനേക്കാള്‍ കഠിനമായ ചൂടില്‍ ഞാന്‍ നോമ്പെടുത്തിട്ടുണ്ട്.
ഹജ്ജാജ് : താങ്കള്‍ ഇന്ന് നോമ്പുമുറിക്കൂ, നാളെ എടുക്കാം…
ആഗതന്‍ : ഞാന്‍ നാളെ വരെ ജീവിക്കുമെന്ന് താങ്കള്‍ക്ക് ഉറപ്പ് നല്‍കാനാകുമോ?
ഹജ്ജാജ് : അത് എന്റെ പണിയല്ല, അല്ലാഹു മാത്രമാണ് അതറിയുന്നവന്‍.
ആഗതന്‍ : ഇന്ന് എന്റെ കയ്യിലുള്ളത് ഉപേക്ഷിച്ച് ഒരു ഉറപ്പുമില്ലാത്ത നാളത്തേത് ആഗ്രഹിക്കണമെന്നാണോ താങ്കള്‍ പറയുന്നത്?
ഹജ്ജാജ് : ഇത് വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ്.
ആഗതന്‍ : അല്ലാഹുവാണ, താങ്കളുടെ റൊട്ടിക്കാരനോ, പാചകക്കാരനോ അല്ല അതിന് സ്വാദുനല്‍കിയത്. മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹമാണ്.
ഹജ്ജാജ് : അല്ലാഹുവാണ, ഇയാളെപ്പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടേയില്ല. അല്ലാഹു താങ്കള്‍ക്ക് നന്മ വരുത്തട്ടെ.- അയാള്‍ക്ക് സമ്മാനം നല്‍കാന്‍ നിര്‍ദ്ദേശിച്ച്് യാത്രയാക്കി.
Add Comment