Articles

വ്രതം ശറഇല്‍

ഡോ: യൂസുഫുല്‍ ഖറദാവി
മുസ്്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നോമ്പ്, ഒരര്‍ത്ഥത്തില്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ്. വിശപ്പിന്റെയും ആസക്തിയുടെയും വഴികളില്‍ നിന്ന് ദൈവ സാമിപ്യം പ്രതീക്ഷിച്ച് ശരീരത്തെ തടഞ്ഞുനിര്‍ത്തുകയും നിയന്ത്രിക്കുകയുമാണ് വിശ്വാസി നോമ്പിലൂടെ.

നോമ്പ് ശറഇല്‍:
ഭക്ഷണ പാനിയങ്ങള്‍ സ്വയം വിലക്കുകയും, ലൈഗീക ബന്ധവും അതിലേക്ക് നയിക്കുന്ന വിചാര വികാരങ്ങളില്‍ നിന്ന് ദിവസം മുഴുവന്‍ അകന്നുനില്‍ക്കുന്നതിനുമാണ് വൃതം എന്ന് പറയുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഇത്തരം അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് നോമ്പുകാരന്‍ വിട്ടുനില്‍ക്കുന്നത് ദൈവസാമീപ്യം കൊതിച്ചും അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുമാണ്. മേല്‍പ്പറഞ്ഞ പ്രകാരം മനുഷ്യന്റെ പ്രകൃതിദത്തമായ രണ്ടുതരം വികാരങ്ങളെ തടഞ്ഞുനിര്‍ത്തലാണ് വ്രതം എന്ന് സൂചിപ്പിക്കുന്ന ഒരു ഖുര്‍ആനിക സൂക്തം കാണുക. ‘നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗ്ഗം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു.’ (അല്‍ ബഖറ: 187)
മുന്‍ ആയത്തുകളില്‍ സൂചിപ്പിച്ച നോമ്പ്, എങ്ങനെയായിരിക്കണമെന്നും അതിന്റെ സമയ പരിധികള്‍ ഏതൊക്കെയെന്നും വിശദീകരിക്കുന്ന സൂക്തമാണിത്. റമദാന്‍ രാത്രികളില്‍ സ്ത്രീ പുരുഷ ബന്ധം അഥവാ ഭാര്യ-ഭര്‍തൃ ബന്ധം അനുവദനീയമാക്കുന്ന സൂക്തമാണിത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരുടെയും, പുരുഷന്മാര്‍ സ്ത്രീകള്‍ക്കും പരസ്പരം വസ്ത്രങ്ങളാകുന്നു വെന്നതാണ്. അതുപോലെ രാത്രിയില്‍ തീനും കുടിയും അനുവദനീയമാണ്. പിന്നീട് പ്രഭാതം മുതല്‍ പ്രദോശം വരെ നോമ്പു പൂര്‍ത്തീകരിക്കുവാന്‍ അല്ലാഹു കല്‍പ്പിക്കുന്നു.
ഇതിനെ ബലപ്പെടുത്തുന്ന ഒരു ഹദീസ് കാണാം: അല്ലാഹു പറയുന്നതായി പ്രവാചകന്‍(സ) പറയുന്നു: ‘ ആദം സന്തതികളുടെ നോമ്പൊഴികെയുള്ള മുഴുവന്‍ കര്‍മങ്ങളും അവന് തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ്  എനിക്കുള്ളതാണ്. എനിക്ക് വേണ്ടി അവന്റെ ഭക്ഷണ പാനിയങ്ങളും വികാര വിചാരങ്ങളും ഒഴിവാക്കുന്ന നോമ്പുകാരന് പ്രതിഫലം നല്‍കുന്നത് ഞാന്‍ തന്നെയാണ്.’
മറ്റുചില നിവേദനങ്ങളില്‍ ഇങ്ങനെയും കാണാം. ‘ എനിക്ക് വേണ്ടിയാണ് അവന്‍ ഭക്ഷണം ഉപേക്ഷിക്കുന്നത്. പാനീയം ഉപേക്ഷിക്കുന്നത,് എനിക്ക് വേണ്ടിയാണ് വികാരങ്ങളേയും ഭാര്യയേയും ഉപേക്ഷിക്കുന്നത്’.
നോമ്പിനെ ഈ അര്‍ത്ഥത്തില്‍ ഇസ്്‌ലാമിന് മുമ്പുതന്നെ അറബികള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ജാഹിലിയ്യാ കാലഘട്ടത്തില്‍ അവര്‍ ആശൂറാഅ് നോമ്പുകള്‍ നോറ്റിരുന്നു. നബി(സ) ആശൂറാഅ് നോമ്പിനൊപ്പം റമദാനിലെ നോമ്പും നോല്‍ക്കുവാന്‍ അവരോട് കല്‍പ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ ഉദ്ദേശ്യവും ആശയവും അറബികള്‍ മനസ്സിലാക്കിയിരുന്നു എന്ന് സാരം. അതുകൊണ്ടുതന്നെ ആ കല്‍പ്പന നിറവേറ്റുവാന്‍ അവര്‍ നിസ്സങ്കോചം മുന്നോട്ടുവന്നു.
കാട്ടറബികള്‍ നബിയോട് ഇസ്്‌ലാമിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നമസ്‌ക്കാരത്തെക്കുറിച്ചും റമദാനിലെ നോമ്പിനെക്കുറിച്ചും പ്രവാചകന്‍ (സ) അവര്‍ക്ക് പറഞ്ഞ് കൊടുത്തു. നോമ്പെന്താണെന്നോ അതിന്റെ അര്‍ത്ഥമെന്താണെന്നോ അവര്‍ ചോദിച്ചില്ല. കാരണം, നോമ്പെന്താണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
മനുഷ്യ കുലത്തിന് ഇതിനുമുമ്പ് നിശ്ചയിച്ചിട്ടുള്ള ഏതൊരു വൃതത്തെക്കാളും ഇസ്്‌ലാമിന്റെ ഈ വൃതം ശ്രേഷ്ഠമാണ്. നമ്മുടെ സഹോദര മതത്തില്‍പ്പെട്ട ആളുകള്‍ അങ്ങേയറ്റം ആത്മീയത പ്രകടിപ്പിച്ച് നോമ്പെടുക്കുന്നത് കാണാം. എന്നാല്‍ ആത്മീയത മാത്രമേ അവരുടെ ഉപവാസത്തിലുള്ളൂ. അവര്‍ക്കിഷ്ഠപ്പെട്ടത് അവര്‍ തിന്നുന്നു. കുടിക്കുന്നു. മാത്രമല്ല, ലൈംഗിക ആസക്തിക്കും മറ്റ് വികാര വിചാരങ്ങള്‍ക്കും ഒരു മുടക്കവുമില്ല.!
ചിലര്‍ ദിവങ്ങള്‍ നീണ്ടുനില്‍ക്കുന്ന വൃതം അനുഷ്ഠിക്കുന്നവരാണ്. സ്വയം ശരീരത്തെ പീഡിപ്പിച്ച്, ക്ലേശകരമായാണ് അവരുടെ വൃതാനുഷ്ഠാനം. വളരെ ചുരുക്കം പേര്‍ മാത്രമേ ഇത്തരം കഠിനമായ വൃതം അനുഷ്ഠിക്കുന്നുള്ളൂ. എന്നാല്‍ ഇസ്്‌ലാമിലെ നോമ്പ് എല്ലാ മുസ്്‌ലിംകള്‍ക്കുമുള്ളതാണ്. അത് നിര്‍വഹിക്കുവാന്‍ എല്ലാ മുസ്്‌ലിംകളും ബാധ്യസ്തരുമാണ്.
അവലംബം : www.qaradawi.net
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌