ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം: ‘സല് പെരുമാറ്റം ഒരു നല്ല ശീലമാണ്. ദുഷ് പെരുമാറ്റം ഹീനമായ പ്രവര്‍ത്തിയുമാണ്.(ഇബ്നു ഹിബ്ബാന്‍)
ആത്മീയ പരിപോഷണത്തിനും വ്യക്തിത്വ വികാസത്തിനും നമ്മുടെ ദിനേനയുളള ആരാധനകള്‍ എത്രമാത്രം ഉപകരിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു പ്രവാചക വചനമാണ് മേല്‍ ഉദ്ധരിച്ചത്. ആരാധനയുടെ പ്രധാന്യം കുറേകൂടി വെളിപ്പെടുത്തുന്ന മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം. ‘ഒരാള്‍ സത്യം മാത്രം പറയുന്നു, എന്നിട്ട് അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അയാളെ സംബന്ധിച്ച് സത്യസന്ധന് എന്ന് അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെടും. മറ്റൊരാള്‍ കളളം പറയുന്നു എന്നിട്ട് അതില്‍ ഉറച്ച് നില്ക്കുന്നു. അയാളെ കുറിച്ച് കളളം പറയുന്നവന് എന്നും അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെടും’ ( ബുഖാരി, മുസ്ലിം).
ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുമ്പോഴാണ് ശീലമാകുന്നത്. ക്രമേണ, ചെയ്യുന്നവന്റെ വ്യക്തിത്തത്തിന്റെ തന്നെ ഭാഗമായിത്തീരുന്നു അത്. ഒരാള്‍ നന്മ ചെയ്യാനും സത്യം ചെയ്യാനും ബോധപൂര്‍വ്വം പരിശ്രമിക്കുകയും അതില്‍ തന്നെ നില കൊളളുകയും ചെയ്യുമ്പോള്‍ (അത് പലപ്പോഴും അവന്റെ സ്വകാര്യ താല്പര്യത്തിന് എതിരായിരിക്കും) സത്യസന്ധത അയാളുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരുന്നു. അവസാനം അല്ലാഹു ആ മനുഷ്യനെ സച്ചരിതരുടെ പദവിയിലേക്ക് ഉയര്‍ത്തുന്നു. സച്ചരിതരായ ആളുകളെ സംബന്ധിച്ചിടത്തോളം, സത്യന്ധത അവരുടെ ശീലമായി മാറിയിട്ടുണ്ടാവും. നന്മകള് ജീവിതത്തിന്റെ പതിവ് ശീലമായിപ്പോയതിന്റെ പേരില്‍, സല്‍ക്കര്‍മ്മമായി സ്വീകരിക്കപ്പെടാതിരിക്കില്ല. നന്മകള് ശീലമായാലും അവയ്ക്ക് പ്രതിഫലമുണ്ട്.
സ്ഥിരത:
പതിവ് ശീലങ്ങളെയും ഭക്തിയെയും തമ്മില്‍ പ്രവാചകന് വേര്‍തിരിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല. ഒരിക്കല്‍ നബിതിരുമേനി പറഞ്ഞു: ‘ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ്, അതെത്ര ചെറുതാണെങ്കിലും’.(ബുഖാരി, മുസ്്ലിം)
ആയിശ(റ) പറയുന്നു: റസൂല്‍(സ) ഒരു സല്‍ക്കര്‍മ്മം ചെയ്താല്‍ ആ കാര്യം സ്ഥിരമായി ചെയ്യും.
പ്രവര്‍ത്തികള്‍ ഉദ്ദേശ്യപൂര്‍വ്വമല്ലാതെ ചെയ്യുമ്പോഴാണ് ശീലമാക്കാന്‍ പ്രയാസമേറുന്നത്. തല ചീകുന്ന രീതി, കൈ ആട്ടുന്ന രീതി, നഖം കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ ആളുകളില്‍ രൂഢമൂലമാകുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരാറുണ്ട്. അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ചിലപ്പോള്‍ അവരത് സ്വീകരിച്ച് കൊള്ളണമെന്നില്ല. ചില നല്ല ശീലങ്ങള്‍ ഒരാളുടെ സ്വഭാവത്തെയും ജീവിത വീക്ഷണത്തെയും അനുകൂലമായി ബാധിക്കുന്നത് കാണാം. ഉദാഹരണത്തിന് ഒരാള്‍ക്ക്, ദിവസവും ഒരു പ്രത്യേക സമയത്ത് ദൈവത്തെ ധ്യാനിക്കുന്ന പതിവുണ്ട്. അല്ലെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പതിവുണ്ട്. ഇത്തരം നന്മകള് ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ സ്വാഭാവികമായും അതിനെത്തുടര്‍ന്ന് ആത്മീയ ചൈതന്യവും ഭക്തിയും അവനിലുണ്ടാകുന്നു.
ഒരിക്കല്‍ ഒരാള്‍ പ്രവാചകനോട് ചോദിച്ചു. ഇസ്്ലാമിന്റെ അനുഷ്ഠാനങ്ങളെല്ലാം ഞാന്‍ മുറക്ക് ചെയ്യുന്നുണ്ട്, എന്നാല്‍ ഏറ്റവും വേഗം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തന്നാലും. നബി പറഞ്ഞു: ‘നിന്റെ നാവിനെ എപ്പോഴും ദൈവ സ്മരണയില്‍ നിലനിര്‍ത്തുക.’ (തിര്‍മുദി, ഇബ്നുമാജ)
ദൈവസ്മരണ ഒരു പതിവ് ശീലമാക്കാനുള്ള പ്രവാചകന്റെ നിര്ദേശംകൂടിയാണിത്. നമസ്കാരത്തെ ഒരിക്കലും ഒരു ശീലമായിട്ടല്ല നാം കാണുന്നത്. ഒരു ഉല്‍കൃഷ്ട ആരാധനാ കര്‍മ്മമായാണ് നാമതിനെ കാണുന്നത്. എന്നാല്‍ നമസ്ക്കാരം തീര്‍ച്ചയായും ഒരു ആരാധനാകര്‍മ്മം തന്നെയാണ്. അതോടൊപ്പം അത് ജീവിതത്തിന്റെ ഭാഗമായിതീര്ന്നിട്ടുണ്ടെങ്കില് ഒരു നല്ല ശീലം കൂടിയാണത്. അതുതന്നെയാണ് ഏറ്റവും ഉത്തമവും.
നമസ്ക്കരിക്കുന്ന ശീലമുണ്ടാക്കിയെടുക്കുക എന്നത് ഒരു നല്ല കാര്യമാണ്. ഉദ്ദേശ്യപൂര്‍വ്വമല്ലാതെ ഒരു ചടങ്ങ് മാത്രമായി ചെയ്ത് പോരുന്ന നമസ്ക്കാരമല്ല നാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശീലമെന്ന വാക്കിന് നമ്മള് ഉദ്ദേശിക്കുന്ന അര്‍ത്ഥം സമര്‍പ്പണ ബോധത്തോടെ, സ്ഥിരതയോടെ നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ക്കാണ്. ഇത്തരം ശീലങ്ങള്‍, ചെയ്യുമ്പോള്‍ സന്തോഷമുണ്ടാകും. ഉപേക്ഷിക്കുമ്പോള്‍ പ്രയാസവും. നമസ്ക്കാരം നിര്‍വഹിക്കുന്ന ഒരാള്‍ക്ക് ആശ്വാസവും വളരെ സന്തോഷവുമുണ്ടാകുന്നത് അങ്ങനെയാണ്.
ഒരിക്കല്‍ പ്രവാചകന് ബിലാലിനെ വിളിച്ചിട്ട് പറഞ്ഞു: ‘അല്ലയോ ബിലാല്‍, ജനങ്ങളെ നമസ്ക്കാരത്തിന് വിളിക്കുവിന്‍(ബാങ്ക്), നമസ്ക്കാരത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താം’. (അബൂദാവൂദ്). പ്രവാചകനും അനുചരന്മാര്ക്കും ആശ്വാസം നല്കുന്ന ഒരു കര്‍മ്മമായിരുന്നു നമസ്ക്കാരം.
പരിവര്‍ത്തനത്തിന് വിധേയമാകുക
ഭക്തിയും ആത്മാര്‍ത്ഥതയും തന്നെ പലപ്പോഴും ശീലങ്ങളായി മാറാറുണ്ട്. ഒരാള്‍ നമസ്ക്കാരം തുടങ്ങുമ്പോള്‍ ആദ്യമാദ്യം അയാള്‍ക്ക് നമസ്ക്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. എന്നാല്‍ വര്‍ഷങ്ങളുടെ നിരന്തര പരിശീലനത്തിലൂടെ ഭക്തിയും മനസ്സാന്നിദ്ധ്യവും ഒരു ശീലമായി തന്നെ മാറുന്നു.
സത്യസന്ധമായി നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക. റമദാനിന്റെ ആഗമനത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? അതല്ലാ നിരാശയാണോ? അതുമല്ല സമ്മിശ്രവികാരമാണോ?
അശുഭ ചിന്തകള്‍ നിങ്ങളെ കീഴടക്കിയിട്ടുണ്ടെങ്കില്‍, റമദാനിന്റെ പുണ്യങ്ങളെക്കുറിച്ച് അല്‍പ്പം സമയമെടുത്ത് പഠിക്കുക. നിങ്ങളുടെ ജീവിതത്തെക്കുറിച്ചും നിങ്ങളുടെ പോരായ്മകളെക്കുറിച്ചും ചിന്തിക്കുക. ദൈവ കൃപയും പാപമോചനവും നമുക്ക് എത്രമാത്രം ആവശ്യമാണെന്ന് ആലോചിച്ച് നോക്കുക.
അത്യുധാരനും കാരുണ്യവാനും ഏറെ പൊറുത്തുതരുന്നവനുമായ അല്ലാഹു, വ്രതം നിര്‍ബന്ധമാക്കിയത് നമ്മെ ശിക്ഷിക്കാനല്ല. മറിച്ച്, നമ്മുടെ ഹൃദയത്തെ, മനസ്സിനെ ശുദ്ധീകരിക്കാനും ഉദാരമതികളും അനുകമ്പയുമുള്ള മനുഷ്യരാക്കി മാറ്റാന്‍ വേണ്ടിയാണ്. ഇത്തരം ചിന്തകളുമായി റമദാനെ സമീപിക്കുന്നവര്‍ക്ക്, അതിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകില്ല.
ചില നിര്‍ദേശങ്ങള്‍
നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന സ്ഥലം നിങ്ങള്‍ (പള്ളി) നമസ്ക്കാരത്തിനായി കണ്ടെത്തുക. ഏറ്റവും മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമിന് കീഴില്‍ തന്നെ നമസ്ക്കരിക്കുക.
നമസ്കാരത്തില്‍ ഏകാഗ്രതയുളളിടത്തോളം സമയം നിങ്ങള്‍ അതില്‍ മുഴുകുക. ക്ഷീണം മൂലം നിങ്ങള്‍ക്ക് ഏകാഗ്രത നഷ്ടപ്പെുടുന്നുവെങ്കില് നിങ്ങള്‍ നമസ്കാരത്തില്‍ നിന്ന് വിട്ട് നില്ക്കുക. ജമാഅത്ത് നമസ്കാരത്തിനാണ് അല്ലാഹുവിന്റെ കാരുണ്യമുളളതെന്ന് എപ്പോഴും ഓര്‍ക്കുക. സുജൂദിലായിരിക്കുമ്പോള്‍ നിങ്ങളുടെ പ്രയാസങ്ങള്‍ അല്ലാഹുവുമായി പങ്കുവെക്കുക. പാപമോചനത്തിന് വേണ്ടി അവനോട് താണപേക്ഷിക്കുക. നിങ്ങളുടെ പാപങ്ങള്‍ എത്ര വല്ലതും നീചവുമാണങ്കിലും, അല്ലാഹുവിന്റെ കാരുണ്യവും ഉദാരതയുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊന്നുമല്ല. വീഴ്ച്ചകളും കുറവുകളും ഉണ്ടങ്കില്‍ കൂടിയും, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ വേണം പ്രാര്‍ത്ഥിക്കാന്‍. എല്ലാ കാര്യങ്ങളിലും പരിശ്രമം അനിവാര്യമാണ്, നമുക്കെല്ലാവര്‍ക്കും അവരവരുടേതായ കുറ്റങ്ങളും കുറവുകളുമുണ്ട്. എന്നിരുന്നാലും അല്ലാഹുവില്‍ നാം പ്രതീക്ഷയര്‍പ്പിക്കുക.
കൂടുതല്‍ സല്‍കര്‍മ്മങ്ങളിലേക്കും കൂടുതല്‍ മെച്ചപ്പെട്ടവയിലേക്കുമുളള പരിവര്‍ത്തനമാകണം റമദാന് മാസം. നമുക്ക് അനുഭൂതി പകരുന്ന ദൃഢവിശ്വാസത്തിന്റെ അനുഭവമായി മാറണം നമുക്ക് റമദാന്.
ഈ റമദാന് മാസത്തില്‍ ദാനദര്‍മ്മങ്ങള്‍ ചെയ്യല്‍ നമ്മുടെ പതിവുശീലമായി മാറണം. നോമ്പ് തുറക്കുമ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുന്നില്‍വരുമ്പോള്‍ മിതമായ ഭക്ഷണം കൊണ്ട് നോമ്പുതുറക്കുക. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മതിയായ ഭക്ഷണം നല്കാന് കഴിയാത്ത നൂറുകണക്കിന് ഉമ്മമാരെ ഓര്ത്തിട്ടല്ലാതെ നാം ഭക്ഷണം കഴിക്കരുത്.
റമദാന്, കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കണം. വീട്ടില്‍ സ്നേഹോഷ്മളമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുക. മക്കളുമായി എന്നെന്നും ഓര്‍ക്കുന്ന കുറെ നല്ലനിമിഷങ്ങള്‍ ചിലവഴിക്കാനുള്ള അവസരം കൂടിയാണ് റമദാന്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ തുടങ്ങി മനുഷ്യരുമായി ബന്ധം സുദൃഢമാക്കാനുള്ള അവസരം കൂടിയാണ് റമദാന്. ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും അവരുമായി ബന്ധം പുതുക്കുക. റമദാന് ആശംസകള്‍ നേരുക. അമിത ഭോജനം ഒഴിവാക്കുന്ന റമദാനായി മാറണം ഈ വരുന്ന റമദാന് മാസം. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ഒരു മാസമായിക്കൂടാ നമുക്ക് റമദാന്.
കോപം നിയന്ത്രിക്കാനും മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കാനും വിനയത്തോടെ പെരുമാറാനും പരിശീലിക്കുന്ന ദിനങ്ങളാകട്ടെ ഈ റമദാനിലേത്. പരിശുദ്ധ റമദാന് മാസത്തിലെ നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ.
ശൈഖ് സല്‍മാനുല്‍ ഔദ
Add Comment