ലൈലതുല്‍ ഖദ്ര് രാത്രിയിലാണെങ്കിലും, ആ രാത്രിക്ക് വേണ്ട ഒരുക്കങ്ങള്‍ നോമ്പ് 20 ന് സുബ്ഹ് നമസ്കാരം മുതലേ ആരംഭിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും വിശ്വാസി പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകള്‍ ഉരുവിടുക.
‘അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവനു പങ്കുകാരാരുമില്ല. അധികാരമുടയവനായ അവനാകുന്നു സര്‍വ്വ സതുതിയും, അവന് എല്ലാത്തിനും കഴിവുള്ളവനുമാകുന്നു’
ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ പിശാചില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുമെന്ന് പ്രവാചകന് (സ).
മഗ്രിബിലെ പ്രാര്‍ത്ഥന
മഗ്രിബ് ബാങ്ക് വിളിക്കുന്നതോടെ, തനിക്ക് വേണ്ടിയും മറ്റു സത്യവിശ്വാസികള്‍ക്ക് വേണ്ടിയും പാപമോചനത്തിന് പ്രാര്‍ത്ഥിക്കുക. നരക മോചനത്തിനും അല്ലാഹുവിന്റെ സഹായത്തിനും, ലൈലത്തുല്‍ ഖദ്റില്‍ നിന്നു നമസ്കരിക്കാനുള്ള ഉതവി നല്‍കാനും പ്രാര്‍ത്ഥിക്കുക.
നോമ്പു തുറപ്പിക്കാന്‍ പ്രേരിപ്പിക്കുക
നോമ്പുകാരനെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടോ, അവന് വേണ്ട ഭക്ഷണം അവന്റെ വീട്ടിലേക്ക് എത്തിച്ചു കൊടുത്തോ, അല്ലെങ്കില്‍ പണം നല്‍കിയോ നോമ്പു തുറപ്പിക്കുക. നബി (സ) പറഞ്ഞു. ‘ആരെങ്കിലും നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അവന് നോമ്പുകാരന്റെ പ്രതിഫലമുണ്ട്’.
പശ്ചാത്താപം പുതുക്കുക
അല്ലാഹുവിന്റെ മുന്നില്‍ സന്നിഹിതനാവുന്നതിന് മുന്‍പ് തൗബയിലൂടെ ഹൃദയത്തെ പൂര്‍ണ്ണമായും ശുദ്ധീകരിക്കേണ്ടതുണ്ട്. നന്മകളിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് പറയുന്ന നിരവധി ഹദീസുകളുണ്ട്. ചെറിയ പാപങ്ങള്‍ മാത്രമേ അത്തരം നന്മകളിലൂടെ പൊറുക്കപ്പെടുകയുള്ളൂ. വലിയ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ ആത്മാര്‍ത്ഥമായ പശ്ചാതാപമല്ലാതെ വേറെ മാര്‍ഗമില്ല.
സമസൃഷ്ടികളുമായി ബന്ധപ്പെട്ട വന്‍പാപങ്ങളില്‍ നിന്ന് അകന്നു നില്ക്കുക
ഒരാളുടെ അവകാശം കവര്ന്നെടുത്തിട്ടുണ്ടങ്കില്, അയാളുടെ പൊരുത്തത്തിലൂടെ മാത്രമേ അല്ലാഹു പൊറുത്തു തരികയുള്ളൂ. അയാള്‍ മാപ്പ് തരാന്‍ സന്നദ്ധനല്ലെങ്കില്‍ ആ പാപങ്ങളില്‍ നിന്ന് ഒരാളും മുക്തനാകുകയില്ല. പ്രവാചകന് (സ) പറഞ്ഞു: ‘ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തിന് ക്ഷതം വരുത്തുകയോ, സഹോദരന്റെ അവകാശം കവരുകയോ ചെയ്താല്‍, ദീനാറും ദിര്‍ഹവും ഉപകാരപ്പെടാത്ത ദിവസത്തിന് മുമ്പേ ആ തെറ്റില്‍ നിന്ന് അവന് മുക്തനാവട്ടെ! തെറ്റ് ചെയ്തവന് വല്ല നന്മയുമുണ്ടെങ്കില്‍, തന്റെ സഹോദരനോട് കാണിച്ച തെറ്റിന്റെ തോതനുസരിച്ച് ആ നന്മകളില് നിന്ന് അക്രമത്തിന് ഇരയായവന് നല്കപ്പെടും. അക്രമിച്ചവന് നന്മകള് ഇല്ലെങ്കില്‍, അക്രമിക്കപ്പെട്ടവന്റെ തിന്മകള്, അക്രമിച്ചവന്റെ മേല്‍ ചുമത്തപ്പെടും’ (ബുഖാരി).
ഏഷണി, പരദൂഷണം, പരിഹാസം, ചീത്തപറയല്‍, കള്ള സാക്ഷ്യം ചെയ്യല്‍, സാമ്പത്തിക അവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍ എന്നിവയാണ് അടിമകളോടുള്ള തെറ്റുകള്‍.
ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക
അധിക ഇബാദത്തുകളുടെ ഈ വേളകളില്‍ ദാനധര്‍മങ്ങളില്‍ മത്സരിച്ചു മുന്നേറുക. നബി (സ) പറഞ്ഞു: ‘ദാന ധര്‍മ്മങ്ങള്‍ ഖബര്‍ ശിക്ഷയെ ലഘൂകരിക്കും, അന്ത്യനാളില്‍ വിശ്വാസിക്ക് അവന്റെ ദാനധര്‍മങ്ങള്‍ തണല്‍ വിരിക്കും’.
ഫര്‍ദു നമസ്കാരത്തിനും സുന്നത്ത് നമസ്കാരങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധിക്കുക
ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തന്നെ നമസ്കാരത്തിനു സജ്ജരായി പള്ളിയിലെത്തുക. ബാങ്ക് വിളിക്ക് കാതോര്‍ത്ത് ബാങ്കിന് ഉത്തരം നല്‍കുകയും ചെയ്യുക.
നോമ്പുതുറയില്‍ ധൃതികാണിക്കുക
പ്രവാചകന് (സ) ചര്യ പിന്‍പറ്റി നോമ്പ് തുറയില്‍ ധൃതി കാണിക്കുക. സമയമായാല്‍ നോമ്പ് തുറക്കാന്‍ ഒട്ടും വൈകിക്കൂടാ. ആ സന്ദര്‍ഭങ്ങളിലും പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടിരിക്കുക.
തറാവീഹ് നമസ്കാരം
റമദാന് മാസത്തിലെ ശ്രേഷ്ഠ ഇബാദത്തുകളില്‍ ഒന്നാണ് തറാവീഹ് നമസ്കാരം. നബി (സ) പറഞ്ഞു: ‘വിശ്വാസത്തോടും പ്രതിഫലേച്ഛയോടെയും ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും നിന്ന് നമസ്കരിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടും’. അവസാന പത്തുകളില്‍ തറാവീഹ് നമസ്കാരം ദീര്‍ഘിപ്പിക്കുക.
തഹജ്ജുദ് നമസ്കാരം
തഹജ്ജുദ് നമസ്കാരങ്ങളില്‍ പാപമോചനം അധികരിപ്പിക്കുക. അവസാന നാളുകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി കൊണ്ടിരിക്കുക. ആയിശ (റ) പറയുന്നു: ഞാന്‍ നബിയോട് ചോദിച്ചു: ‘ലൈലത്തുല്‍ ഖദ്ര് ദിവസം ഏതാണെന്നറിഞ്ഞാല്‍ ഞാന്‍ എന്താണ് പ്രാര്‍ത്ഥിക്കുക ?’ നബി പറഞ്ഞു: ‘അല്ലാഹുവേ നീ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവനാണ്, പൊറുത്തു കൊടുക്കുന്നത് നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു, എനിക്ക് നീ പൊറുത്തു തന്നാലും….’ അത്താഴത്തിന് മുമ്പ് ഖുര്‍ആന്‍ പാരായണവും നമസ്കാരവും മറ്റു പ്രാര്‍ത്ഥനകളും നിര്‍വഹിക്കുന്നതാണ് കൂടുതല്‍ നല്ലത്.
Add Comment