Articles

റമദാന്‍ ഉണര്‍ത്തുന്ന ജലചിന്തകള്‍

രഹസ്യവും പരസ്യവുമായ സകല വികാരങ്ങളില്‍ നിന്നും, അന്നപാനീയങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയെന്നതാണ് നോമ്പിന്റെ സാമ്പ്രദായിക മുഖം. അതോടൊപ്പം ആത്മാവിന്റെയും ശരീരത്തിന്റെയും ഉല്ലാസത്തിനും ആനന്ദത്തിനുമായി അടിമ ഉടമയുമായി നടത്തുന്ന കൂടിക്കാഴ്ചയും, സംഭാഷണവും അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. മാനുഷസ്വഭാവങ്ങളില്‍ സന്തുലിതത്വം പാലിച്ച് പൗരോഹിത്യത്തിലേക്കോ, ദൈവികതയിലേക്കോ അവന്‍ അതിര്‍ലംഘിക്കാതിരിക്കാനുള്ള ഉപാധികള്‍ കൂടിയാണ് അവ. നമുക്ക് റമദാനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാം. നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രയാസം ശരീരത്തില്‍ വെള്ളത്തിന്റെ കുറവായിരിക്കും. കൂടുതലാളുകള്‍ക്കും റമദാന്റെ പകലില്‍ പട്ടിണി കിടക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദാഹമെന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയാണ്.

വിശിഷ്യ വെയിലോ, ചൂടോ ഉള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവരാണൈങ്കില്‍ അവരുടെ ദാഹം അതികഠിനമായിരിക്കും. അപ്രകാരം തന്നെയായിരിക്കും അല്ലാഹുവിന്റെ അടുത്ത് അവര്‍ക്കുള്ള പ്രതിഫലവും. വെള്ളം കുടിക്കുന്നത് ഉപേക്ഷിക്കണമെന്ന കല്‍പന കേവലം നമ്മുടെ ദൃഢനിശ്ചയം പരീക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതല്ല. മറിച്ച് റമദാനല്ലാത്ത അവസരങ്ങളില്‍ നാം പതിവാക്കിയ കാര്യങ്ങളുടെ മൂല്യം വിശ്വാസിക്ക് ബോധ്യപ്പെടുത്തുക എന്ന് കൂടി അത് ലക്ഷ്യമാക്കുന്നു. പതിവായി, ധാരാളമായി, അമിതമായി ഉപയോഗിക്കുന്നത് മുഖേന അതിന്റെ മൂല്യം നാം വിസ്മരിക്കുകയും, അതിന് നന്ദിപ്രകാശിപ്പിക്കാതിരിക്കുകയും  ചെയ്യുന്നു. റമദാന്റെ പകലില്‍ തണുത്ത മധുര പാനീയത്തേക്കാള്‍ കൂടുതലായി നാമെന്താണ് ആഗ്രഹിക്കുക? നോമ്പുതുറക്കാന്‍ കാത്തിരിക്കുന്ന നമ്മുടെ മുന്നില്‍ സ്വാദിഷ്ടമായ ജ്യൂസും പാലും മറ്റുപാനീയങ്ങളുമായിരിക്കും നിരത്തി വെച്ചിരിക്കുക. ദാഹം ശമിപ്പിക്കാന്‍ ഒരിറക്ക് വെള്ളം എന്നതല്ലേ നമ്മുടെ അപ്പോഴത്തെ ചിന്ത?

ഒരു തുള്ളി വെള്ളമാണ് റമദാന്‍ പകലിലെ യഥാര്‍ത്ഥ ഹീറോ. ഞാനിതാ നിന്റെ കണ്‍മുന്നില്‍, കയ്യെത്താവുന്ന അകലത്തില്‍. ഒരു നിമിഷത്തേക്ക് നിനക്കെന്നെ ആഗ്രഹിക്കാതിരിക്കാന്‍ കഴിയുമോ? അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായ എന്റെ മൂല്യം ഇപ്പോള്‍ നീ മനസ്സിലാക്കിയില്ലേ? ഞാന്‍ അപ്രത്യക്ഷമായാല്‍ തൊണ്ട വരളുകയും ഭൂമി ഉണങ്ങുകയും ജീവിതം മുട്ടുകയും ചെയ്യില്ലേ?

ഇസ്ലാമിക സംസ്‌കാരത്തില്‍ വെള്ളത്തുള്ളിയോടൊപ്പം സുദീര്‍ഘമായ യാത്ര തന്നെയുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ വെളളവുമായി ബന്ധപ്പെട്ട, അതിനെ സംരക്ഷിക്കുന്നതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്ന നിയമങ്ങളെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരിയായ ഫ്രാന്‍സിസ്‌കാ ഡോ ശാതീല്‍ ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. ഒഴുകുന്ന പുഴയില്‍ നിന്നാണ് വുദു ചെയ്യുന്നതെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന് നബിതിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. ജലമുപയോഗത്തിന്റെയും സംരക്ഷിക്കുന്നതിന്റെയും കാര്യത്തില്‍ മഹത്തായ പാരമ്പര്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു ഇസ്ലാമിക കര്‍മ ശാസ്ത്രം. ഇസ്ലാമിക ലോകത്തിന്റെ പ്രമുഖ പട്ടണങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യതയെ ചെറുത്ത് തോല്‍പിക്കുന്നതിനുള്ള ഭദ്രമായ മാര്‍ഗങ്ങളാണ്. വെള്ളത്തെ കുത്തകവല്‍ക്കരിക്കാന്‍ രംഗത്തുള്ള അന്താരാഷ്ട്ര കമ്പനികളെ ചെറുത്ത് തോല്‍പിക്കാനും വെള്ളമെന്നത് ഒരു സമൂഹത്തിന്റെ അവകാശമാണെന്ന് ബോധ്യപ്പെടുത്താനും വേണ്ടി രംഗത്തിറങ്ങിയ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമായതും ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ പ്രസ്തുത പ്രാധാന്യം തന്നെയായിരുന്നു.

സയണിസ്റ്റ് ശക്തികള്‍ ഫലസ്തീനില്‍ തങ്ങളുടെ അധിനിവേശം കേന്ദ്രീകരിച്ച പ്രമുഖ മേഖലകള്‍ പരിശോധിച്ച് നോക്കുക. പ്രാദേശികമായ എല്ലാ ജലസ്രോതസ്സുകള്‍ക്കും, ആന്തരിക ജല ഉറവകളും മോഷ്ടിക്കുകയെന്നതാണ് അവരുടെ മുഖ്യപദ്ധതി. ജലസേവനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കാനും കാര്‍ഷിക മേഖല ശക്തിപ്പെടുത്താനും ജലചൂഷണം ചെയ്യാനും ഇസ്രായേല്‍ പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

ലോകത്തെ എല്ലാ സമൂഹങ്ങളുടെയും സാമ്പത്തിക സ്രോതസ്സ് കൂടിയാണ് ജലം. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും കാര്‍ഷിക വിളവുകള്‍ കൊയ്‌തെടുക്കുന്നതിനും പ്രധാന അവലംബം വെള്ളം തന്നെയാണ്.  സമീപ ഭാവിയില്‍ ലോകത്ത് പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന യുദ്ധം വെള്ളത്തിന്റെ പേരിലായിരിക്കുമെന്നത് അല്‍ഭുതകരമായ കാര്യമൊന്നുമല്ല. വെള്ളത്തിന്റെ ദൗര്‍ലഭ്യതയായിരിക്കും വരാനിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ദുരന്തം. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച വ്യവസായ വിപ്ലവത്തിന് ശേഷം സാമ്രാജ്യത്വ ശക്തികളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതുമൂലമുണ്ടായ അന്തരീക്ഷ മാറ്റം ഭൂമിയുടെ പാരിസ്ഥിതികസന്തുലിതത്വം തകര്‍ക്കുകയാണ് ചെയ്തത്. ഉപ്പുവെള്ളം ശുദ്ധജലത്തിലേക്ക് കടന്നുകയറുന്നതിനാണ് അത് വഴിയൊരുക്കിയത്.

അറബ് ലോകത്തിന്റെ ഭൂപടമെടുത്ത് പരിശോധിച്ചാല്‍ വമ്പിച്ച ജലദാരിദ്ര്യമാണ് ജനത അഭിമുഖീകരിക്കുന്നതെന്ന് കാണാം. ഗള്‍ഫ് മേഖലയിലെ ജലസ്രോതസ്സിന്റെ ചുമതലയുള്ളയാള്‍ ബൈറൂതില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്. ‘നിങ്ങള്‍ ഞങ്ങളുടെ പെട്രോളെടുത്ത് പകരം ഞങ്ങളുടെ വെള്ളം തരിക’. ഒരു തുള്ളി വെള്ളമെന്നത് മഹത്തായ അനുഗ്രഹമാണ്. നാം അതിന്റെ മൂല്യം റമദാനില്‍ മാത്രമെ അറിയാറുള്ളൂ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ജലത്തെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന കാര്യം തിരുചര്യ നമ്മെ പഠിപ്പിക്കുന്നുണ്ട്. ജലദൗര്‍ലഭ്യതയെക്കുറിച്ച ഉള്‍ക്കാഴ്ചയായിരിക്കണം റമദാന്‍ നമുക്ക് പകര്‍ന്ന് നല്‍കുന്ന സുപ്രധാന പാഠങ്ങളിലൊന്ന്. 

ഡോ. ഹിബ റഊഫ് ഇസ്സഃ