Articles റമദാനും ആരോഗ്യവും

റമദാനും ഭക്ഷണ ശീലങ്ങളും

റമദാന്‍ ആഗതമായാല്‍ നമ്മുടെ ഭക്ഷണക്രമം പാടെ മാറുകയായി. സൂരോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമാണ് പിന്നീട് നാം ഭക്ഷണം കഴിക്കുന്നത്. പല തരം മനുഷ്യര്‍ക്ക് പലതരം ഭക്ഷണങ്ങളോടാണ് ഇഷ്ടം. ചിലര്‍ക്ക് എണ്ണയടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ പ്രിയം, മറ്റു ചിലര്‍ക്ക് മാംസ വിഭവങ്ങളോടാണ് താല്‍പര്യം. വേറെ ചിലര്‍ ശീതള പാനീയങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. റമദാനില്‍ സംഭവിക്കുന്ന ഈ ഭക്ഷണ മാറ്റം എല്ലാവരുടെ ശരീര പ്രകൃതിയും ഒരു പോലെയല്ല സ്വീകരിക്കുന്നത്.

റമദാനിലെ നമ്മുടെ ഭക്ഷണക്രമം മറ്റു മാസങ്ങളില്‍ നിന്ന് വല്ലാതെയൊന്നും മാറേണ്ടതില്ല. കഴിവതും ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളയിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഭക്ഷണ രീതി. എന്നാല്‍ അമിത വണ്ണമുള്ളവര്‍ക്ക് ശരീര ഭാരം കുറയ്ക്കാവുന്ന ഒരു നല്ല സമയം കൂടിയാണ് റമദാന്‍. ശരീരത്തിന് ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം എത്താത്തതിനാല്‍, സാവധാനം ദഹിക്കുന്ന ഭക്ഷണത്തിന് പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മൂന്ന് മുതല്‍ നാലു മണിക്കൂര്‍കൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ദഹിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും.
വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബാര്‍ലി, ഗോതമ്പ്, ബീന്‍സ് പോലുള്ള പയറും ധാന്യ വര്‍ഗങ്ങളും. ഇവയെ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നു വിളിക്കുന്നു. സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്കുള്ള ഉദാഹരണം ഇറച്ചി, പഞ്ചസാര, മൈദ പോലുള്ളവയാണ്. ഇവയെ സംസ്‌കൃത അന്നജം എന്ന് പറയുന്നു. ഗോതമ്പ്, ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തൊലിയുള്ള ഫലങ്ങള്‍ ഉണങ്ങിയ പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ നാരുകളടങ്ങിയ ഭക്ഷണത്തിന് നല്ല ഉദാഹരണമാണ്.
റമദാനിലെ ഭക്ഷണ രീതി സന്തുലിതമായിരിക്കണം. വൈവിധ്യമാര്‍ന്ന എല്ലാതരം ഭക്ഷണവും ഉള്‍പ്പെട്ടതായിരിക്കണം നമ്മുടെ ഭക്ഷണ ക്രമം. പഴവര്‍ഗങ്ങളും ഇറച്ചിയും മത്സ്യവും റൊട്ടിയും ധാന്യങ്ങളും പാലുല്‍പ്പന്നങ്ങളും തുടങ്ങി എല്ലായിനം ഭക്ഷണങ്ങളും അവയുടെ ക്രമമനുസരിച്ച് കഴിക്കുന്നതാണ് ഉത്തമം. നമ്മില്‍ പലര്‍ക്കും ഒഴിച്ചു കൂടാനാവാത്തതാണ് വറുത്ത (വറ-പൊരി) ഭക്ഷണങ്ങള്‍. എന്നാല്‍ നോമ്പ് കാലത്ത് അവ പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യപ്രദമല്ല. വറുത്തതും പൊരിച്ചതും അമിതമായി ആഹരിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, തൂക്കവ്യതിയാനം ഇവയ്ക്ക് കാരണമാകും.
നമ്മുടെ റമദാന്‍ ഭക്ഷണക്രമത്തില്‍ പാലിക്കേണ്ട ചില നിര്‍ദേശങ്ങളാണ് ചുവടെ.
ഒഴിവാക്കേണ്ടവ
* വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍
* പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
* അത്താഴത്തിന് അമിതമായ ഭക്ഷണം കഴിക്കല്‍
* ചായയുടെ അമിതോപയോഗം. ചായ അധികം കുടിച്ചാല്‍ ധാരാളം മൂത്രവിസര്‍ജ്യമുണ്ടാകും. ഒരു ദിവസം മുഴുവനും ശരീരത്തിനാവശ്യമായ ധാതുലവണങ്ങള്‍ അതുവഴി വേഗത്തില്‍ നഷ്ടപ്പെടും.
* പുകവലി. പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാത്തവര്‍, കുറഞ്ഞ പക്ഷം റമദാനിന്ന് ആഴ്ച്ചകള്‍ക്ക് മുമ്പേ തന്നെ ക്രമേണ പുകവലി കുറച്ചുകൊണ്ടു വരികയെങ്കിലും ചെയ്യണം.

ഭക്ഷിക്കേണ്ടവ
* അന്നജങ്ങള്‍. വളരെ നേരം ആമാശയത്തില്‍ അവശേഷിക്കുന്ന അന്നജനങ്ങള്‍ കഴിക്കുക വഴി വിശപ്പ് ലഘൂകരിക്കാം.
* ഈത്തപ്പഴം. പഞ്ചസാര, നാരുകള്‍, പൊട്ടാസ്യം, അന്നജം, മഗ്നീഷ്യം തുടങ്ങിയവയടങ്ങിയ ഈത്തപ്പഴം നോമ്പുകാലത്ത് അത്യുത്തമമാണ്.
* മാസ്യവും നാരുകളും ധാരാളമടങ്ങിയ ബദാം.
* പൊട്ടാസ്യം, മഗ്നീഷ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ പഴങ്ങള്‍.
പാനീയങ്ങള്‍
* ആവശ്യം വേണ്ട പഴച്ചാറുകളും ശീതള പാനീയങ്ങളും കുടിക്കുക. ഇഫ്താര്‍ മുതല്‍ കിടക്കും വരെ കുടിക്കാവുന്ന ഈ പാനീയങ്ങളാണ് ശരീരത്തിലെ ദ്രവനില നിലനിര്‍ത്തുന്നത്.

റമദാനില്‍ സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളും അവയുടെ പ്രതിവിധിയും

* മലബന്ധം
മലബന്ധം മൂലക്കുരു, അര്‍ശ്ശസ് എന്നിവക്ക് കാരണമാകും. വയറു വീര്‍ത്ത് ദഹനക്കുറവും അനുഭവപ്പെടും. കാരണങ്ങള്‍ : സംസ്‌കൃത ഭക്ഷണപദാര്‍ത്ഥങ്ങളുടെ അമിതോപയോഗം, ശരീരത്തിലെ ജലാംശത്തിന്റെ കുറവ്, മതിയായ നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ അപര്യാപ്തത.
* ദഹനക്കുറവും ഗ്യാസിന്റെ ബുദ്ധിമുട്ടും
കാരണങ്ങള്‍: അമിതമായി ഭക്ഷണം കഴിക്കലും, വറുത്തതും കൊഴുപ്പുള്ളതമായ മസാലകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസുണ്ടാക്കാന്‍ കാരണമാണ്.
പരിഹാരം: മിതമായി ഭക്ഷണം കഴിക്കുക. പഴച്ചാറുകളും വെള്ളവും കുടിക്കുക. വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
* തലവേദന
കാരണങ്ങള്‍: കഫീനിന്റെയും പുകയിലയുടെയും അമിതമായ ഉപയോഗമാണ് അധിക പേര്‍ക്കും റമദാനില്‍ കാണുന്ന തല വേദനയ്ക്ക് കാരണം, ഇതു കൂടാതെ ഉറക്കക്കുറവും വിശപ്പും ക്ഷീണവും നോമ്പു തുറക്കുന്നതിനു മുന്‍പ് തന്നെയുള്ള രക്ത സമ്മര്‍ദ്ദ വ്യതിയാനങ്ങവും തല വേദനയ്ക്ക് കാരണമാകാറുണ്ട്.
പരിഹാരം: നോമ്പു തുടങ്ങുന്നതിന് രണ്ടാഴ്ച്ച മുന്‍പ് മുതലേ കഫീനിന്റെയും പുകയിലയുടെയും ഉപയോഗം ക്രമേണ കുറച്ചു വരിക. ഇതിനു പകരം, ഹര്‍ബല്‍ (ഔഷധ ചേരുവകള്‍) ചായയും കഫീന്‍ മുക്തമായ ചായയും ഉപയോഗിക്കാവുന്നതാണ്. ഈ മാസത്തില്‍ കൃത്യമായ വിശ്രമവും ഉറക്കവും ആവശ്യമാണ്.

* പെപ്റ്റിക് അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ് ട്രൈറിസ്, ഹയാറ്റസ് ഹെര്‍ണിയ
കൃത്യനിഷ്ഠയില്ലാതെ ഭക്ഷണം കഴിക്കുന്നതു വഴി മേല്‍ പറഞ്ഞ അസുഖങ്ങള്‍ റമാദിനില്‍ കൂടുതല്‍ കണ്ടുവരുന്നു. വയറിലും വാരിയെല്ലിന്റെ താഴെയും കത്തുന്നതു പോലെ അനുഭവപ്പെടലാണ് നെഞ്ചെരിച്ചില്‍.
മസാല ഭക്ഷണങ്ങള്‍, കാപ്പി, കൊള പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഈയവസ്ഥ മൂര്‍ച്ചിക്കാന്‍ ഇടവരുത്തുന്നു. വയറിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അള്‍സറും ഹയാറ്റസ് ഹര്‍ണിയയും ഉള്ളവര്‍ റമദാനു മുമ്പ് തന്നെ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

റമദാനില്‍ സ്വീകരിക്കേണ്ട ഭക്ഷണക്രമങ്ങളെക്കുറിച്ച് ഷെമീറ മുനീര്‍ (ഡയറ്റീഷ്യന്‍, കിംസ് ഹോസ്പിറ്റല്‍, ഇടപ്പള്ളി) സംസാരിക്കുന്നു…
നോമ്പ്: ശ്‌സ്ത്രീയ വെളിപ്പെടുത്തലുകള്‍

ഷെമീറ മുനീര്‍, ഡയറ്റീഷ്യന്‍, കിംസ് ഹോസ്പിറ്റല്‍, ഇടപ്പള്ളി