Features Special Coverage റമദാന്‍ ഇതര നാടുകളില്‍

മുംബൈയിലെ റമദാന്‍

രാവിനെ പകലാക്കി എന്നൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കേള്‍ക്കാമെങ്കിലും വിഭിന്നതകള്‍ കൊണ്ടു സമ്പന്നമായ മുംബൈ മഹാനഗരം റമദാന്‍ മാസത്തിലെ തിളക്കം കൊണ്ട് ശ്രദ്ധേയമാണ്. മുംബൈയിലെ അധികം മേഖലകളിലും മുസ്‌ലിംകള്‍ ഉണ്ടെങ്കിലും താരതമ്യേന മുസ്‌ലിം ഭൂരിപക്ഷകേന്ദ്രങ്ങളായ പൈഥുനി, നല്‍ബജാര്‍, ബെണ്ടി ബജാര്‍, ഡോംഗ്രി, ജോഗേശ്വരി, ബാന്ദ്ര, അന്ധേരി തുടങ്ങിയിവിടങ്ങളില്‍ റമദാന്‍ മാസത്തിലെ രാവുകളെ പകലുകള്‍ എന്നു തന്നെ പറയാം. പകല്‍ മുഴുവന്‍ ഒരൊറ്റ ഭക്ഷണകടയും തുറക്കാത്തതുമൂലം രാത്രി മുഴുവന്‍ തിരക്കോടു തിരക്കാണിവിടം. നല്‍ബജാറിനടുത്തുള്ള മിനാര മസ്ജിദ്, സക്കരിയ മസ്ജിദ് എന്നീ വലിയ പള്ളികള്‍ റമദാന്‍ തുടങ്ങുന്നതിനും ആഴ്ചകള്‍ക്കു മുമ്പേ ദീപങ്ങള്‍ കൊണ്ട് അലംകൃതമാക്കുന്നു. പ്രദേശങ്ങള്‍ മുഴുവന്‍ വര്‍ണബള്‍ബുകളും തോരണങ്ങളും കൊണ്ടു പ്രകാശപൂരിതമാക്കുന്നു.

പൊതുവെ എല്ലാ നമസ്‌കാരങ്ങള്‍ക്കും കഷ്ടിച്ചു നിറയാറുള്ള ഇവിടത്തെ പള്ളികള്‍ റമദാന്‍ തുടങ്ങിയതോടെ വിശ്വാസികളെക്കൊണ്ട് തിങ്ങിനിറയുന്നു. വെള്ളിയാഴ്ചയും മറ്റും മണിക്കൂറുകള്‍ക്കു മുമ്പേ സീറ്റ് പിടിച്ചില്ലെങ്കില്‍ പള്ളിക്കു പുറത്ത് റോഡിലോ മറ്റോ നമസ്‌കരിക്കേണ്ടിവരും.

ഏതു വലിയ കച്ചവടക്കാരനും നോമ്പുതുറ സമയത്ത് തന്റെ കച്ചവടം നിര്‍ത്തിവയ്ക്കുന്നു. എത്ര തിരക്കുള്ളവനും ഇവിടെ എല്ലാം മാറ്റിവച്ച് റമദാന്‍ പുണ്യം നുകരാന്‍ ഒന്നിക്കുന്നു. ഭയഭക്തിയില്‍ മുഴുകുന്ന വലിയവനെയും ചെറിയവനെയും മുതലാളിയെയും തൊഴിലാളിയെയും ഒരേയൊരു കണ്ണിയില്‍ കോര്‍ക്കുന്നത് മുംബൈയില്‍ റമദാനിന്റെ മാത്രം പ്രത്യേകതയാണ്. ബാങ്കുവിളി എല്ലായിടത്തും എത്താത്തതുകൊണ്ട് മുംബൈക്കാര്‍ ഏറെയും ആശ്രയിക്കുന്നത് പള്ളിയില്‍നിന്നു ലഭിക്കുന്ന സമയവിവര കാര്‍ഡിനെയാണ്. ഇത്തരം കാര്‍ഡുകള്‍ അച്ചടിച്ചിറക്കാന്‍ വമ്പന്‍ കമ്പനികള്‍ വരെ മല്‍സരിക്കാറുണ്ട്. ചില രാഷ്ട്രീയപ്പാര്‍ട്ടികളാവട്ടെ സമയവിവരബോര്‍ഡുകള്‍ തന്നെ പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. അതുപോലെ നിരത്തുകളില്‍ പച്ചയും ചുവപ്പും നിറത്തിലുള്ള സിഗ്‌നല്‍ ബള്‍ബുകള്‍ സ്ഥാപിച്ചും ചിലയിടത്ത് പടക്കം പൊട്ടിച്ചും റമദാന്‍ സമയം അറിയിക്കുന്നു. പൊതുവെ തിരക്കുള്ള മുംബൈയില്‍ റമദാനില്‍ തിരക്ക് വീണ്ടും കൂടും.

നോമ്പുതുറ അഥവാ ‘ഇഫ്താറി’ന് ഭക്ഷണവിഭവങ്ങള്‍ കൊണ്ടും സമ്പന്നമാണിവിടം. കാരക്കയും വെള്ളവുമാണ് മുഖ്യമെങ്കിലും മാല്‍പുവ, കാന്തബജിയ,  മിര്‍ച്ചി ബജിയ, ഗോല്‍ബജിയ, ചിക്കന്‍ കബാബ്, കബാബ് പാവ്, കീമപാവ്, കീമപൊറോട്ട, റുമാല്‍ റൊട്ടി, കിച്ചടി, ഫലൂദ, സമൂസ, വിവിധയിനം പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുമുണ്ടാവും. മുസ്‌ലിം മേഖലകളില്‍ റോഡിനിരുവശത്തും ജനങ്ങള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ പായ വിരിച്ച് നോമ്പുതുറ വിഭവങ്ങള്‍ നിരത്തിയിടും. പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ തോളോടു തോളുരുമ്മി നോമ്പു തുറക്കാന്‍ ഇതുമൂലം സാധ്യത ഒരുങ്ങുന്നു. നോമ്പുതുറ കഴിഞ്ഞാല്‍ വിവിധ ഹോട്ടലുകളുടെ മുന്നില്‍ വരിവരിയായി ഇരിക്കുന്ന നൂറുകണക്കിന് പാവങ്ങള്‍ക്ക് ഒരു നേരത്തെയോ മാസത്തെയോ മുഴുവന്‍ ഭക്ഷണവും സ്‌പോണ്‍സര്‍ ചെയ്യാന്‍ നിരവധി സമ്പന്നര്‍ എത്താറുണ്ടെന്ന് സക്കരിയ മസ്ജിദിനടുത്തുള്ള മലയാളി ഹോട്ടല്‍ മുതലാളി അസീസ് പറയുന്നു.