Articles

പ്രാര്‍ത്ഥന റമദാനില്‍

മുഹമ്മദ് അസ്സമാന്‍
സൂറത്തുല്‍ ബഖറയിലെ നോമ്പിനെക്കുറിച്ച് പ്രതിപാതിക്കുന്ന 183-ാം സൂക്തം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയത്രെ അത്’.

തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ നോമ്പിനെക്കുറിച്ചും അതിന്റെ നിയമ വശങ്ങളെക്കുറിച്ചും അല്ലാഹു സംസാരിക്കുന്നു. 183-ാം സൂക്തം മുതല്‍ 187-ാം സൂക്തം വരെ നോമ്പിനെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുണ്ടെങ്കിലും, ഇതൊന്നുമല്ലാത്ത മറ്റൊരു കാര്യം കൂടി ഈ ആയത്തുകള്‍ക്കിടയിലൂടെ അല്ലാഹു പറയുന്നുണ്ട്. പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കുന്ന 186-ാം സൂക്തമാണത്. ‘നിന്നോട് എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു(എന്നു പറയുക). പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്’.
അല്ലാഹുവിന്റെ സാമീപ്യവും അവന് നമ്മോടുള്ള അടുപ്പവും വളരെ ശക്തമാകുന്ന ഒരു മാസമാണ് വിശുദ്ധ റമദാന്‍ എന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഇവിടെ. ഇമാം ഇബ്‌നു കസീര്‍ പറയുന്നത,് നോമ്പിന്റെ നിയമ വശങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കുന്ന ഈ ആയത്ത്, നോമ്പ് തുറയുടെ വേളകളിലും നോമ്പിന്റെ എണ്ണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിക്കുന്നതാണ്. ഒരു ഹദീസില്‍ കാണാം ‘നോമ്പുതുറവേളയിലെ നോമ്പുകാരന്റെ പ്രാര്‍ത്ഥ അവഗണിക്കപ്പെടുകയില്ല’.
ഇമാം ഖുര്‍ത്വുബി പറയുന്നു: ‘ ‘വഇദാ സഅലക്ക’ എന്നതിന്റെ ആശയം ഇതാണ്. നബിയേ, അല്ലാഹുവിനെക്കുറിച്ച് അവര്‍ താങ്കളോട് ചോദിച്ചാല്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കുക, അല്ലാഹു ഏറെ സമീപസ്ഥനാണ്. അവനെ അനുസരിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. അവനെ വിളിക്കുന്നവര്‍ക്ക് അവന്‍ ഉത്തരം നല്‍കുന്നു. അടിമ ചെയ്യുന്ന നമസ്‌ക്കാരം, നോമ്പ,് മറ്റ് ഇബാദത്തുകള്‍ എല്ലാം അറിയുന്നവനാണ് അവന്‍. അല്ലാഹു ഏറെ സമീപസ്ഥനും വിളിക്കുന്നവന് ഉത്തരം നല്‍കുന്നവനാണെന്നും നമ്മെ ഓര്‍മപ്പെടുത്തുന്നതാണ് ഈ സൂക്തം.’
ഖൈബറില്‍ യുദ്ധത്തിന് പോകവെ റസൂല്‍ (സ) ഒരു താഴ് വരയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. പ്രവാചകനെ കണ്ട് ജനങ്ങള്‍ അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഇതുകേട്ട് റസൂല്‍(സ) പറഞ്ഞു: ‘ശബ്ദം കുറച്ച് പറയൂ. നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ബധിരനോ, അശ്രദ്ധനോ ആയ അല്ലാഹുവിനെ അല്ല. മറിച്ച് നിങ്ങള്‍ക്ക് ഏറ്റവും സമീപസ്ഥനായ നിങ്ങളോടൊപ്പമുള്ള നിങ്ങളെ നന്നായി കേള്‍ക്കുന്നവനെയാണ് നിങ്ങള്‍ വിളിച്ചുകൊണ്ടിരിക്കുന്നത്.
അബ്ദുല്ലാഹിബ്‌നു ഖൈസ് പറയുകയാണ്. തിരുമേനിയുടെ വാഹനത്തിന് തൊട്ടുപുറകിലാണ് ഞാന്‍ നിന്നിരുന്നത്. ഇത് കേട്ട് ഞാന്‍ ‘ലാ ഹൗല വലാ കൂവത്ത ഇല്ലാ ബില്ലാഹ്’ എന്ന് പറഞ്ഞു. ഇത് കേട്ട് പ്രവാചകന്‍ എന്നെ വിളിച്ചു. റസൂല്‍ പറഞ്ഞു. സ്വര്‍ഗത്തിലെ നിധികുംഭങ്ങളില്‍ ഒരു നിധിയാകുന്ന വാക്ക് ഞാന്‍ പറഞ്ഞ് തരട്ടയോ ‘ലാ ഹൗല വലാ കൂവത്ത ഇല്ലാ ബില്ലാഹ്’ [അല്ലാഹുവിന്റെ ശക്തിയല്ലാതെ മറ്റൊരു ശക്തിയുമില്ല] (ബൂഖാരി)
ശൈഖ് സഅദി പറയുന്നത്: ‘അല്ലാഹു ഏറ്റവും നന്നായി നിരീക്ഷിക്കുന്നവനും രഹസ്യവും പരസ്യവും അറിയുന്നവനും മുഴുവന്‍ കാര്യങ്ങള്‍ക്കും സാക്ഷിയുമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്ന കാര്യത്തിലും അല്ലാഹു അടിമയോട് ഏറെ അടുത്താണ്. അതുകൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്’.
പ്രാര്‍ത്ഥന ഒരു മഹത്തായ ഇബാദത്ത് ആണ്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ‘പ്രാര്‍ത്ഥന തന്നെയാണ് ആരാധന. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ‘ അല്ലാഹു പറയുന്നു. ഞാനെങ്ങനെയാണെന്നാണോ എന്റെ അടിമ കരുതുന്നത് അങ്ങനെയാണ് ഞാന്‍. അവന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ട്. സല്‍മാനുല്‍ ഫാരിസി നിവേദനം ചെയ്യുന്നു. ‘നിങ്ങളുടെ രക്ഷിതാവ് എന്നെന്നും ജീവിക്കുന്നവാണ്. തന്റെ അടിമ അവനിലേക്ക് കൈനീട്ടുമ്പോള്‍ വെറും കയ്യോടെ തിരികെ അയക്കാന്‍ അള്ളാഹുവിന് ലജ്ജയാണ ്’.
മറ്റൊരു ഹദീസില്‍ കാണാം. ‘ഒരടിമ പാപങ്ങളില്ലാതെ കുടുംബ ബന്ധം മുറിക്കാതെ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം മൂന്നു കാര്യങ്ങളിലേതെങ്കിലുമൊന്ന് അല്ലാഹു അടിമക്ക് നല്‍കാതിരിക്കില്ല. ഒന്നുകില്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉടന്‍ ഉത്തരം നല്‍കും. അല്ലെങ്കില്‍ അത് മറ്റൊരു സന്ദര്‍ഭത്തിന് വേണ്ടി സൂക്ഷിച്ച് വെക്കും. അല്ലെങ്കില്‍ അവനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ആപത്തിനെ തട്ടിയകറ്റും’. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: ‘അടിമ പ്രാര്‍ത്ഥന അധികരിപ്പിച്ചാല്‍?’ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹു അവന്റെ ഉത്തരവും വര്‍ദ്ധിപ്പിക്കും.’
മറ്റൊരു ശൈലിയിലും ഈ ഹദീസ് കാണാം. ‘ഭൂമിക്ക് മുകളില്‍ ഒരടിമ കുടുംബ ബന്ധം മുറിക്കാതെ പാപങ്ങള്‍ ഒന്നും തന്നില്‍ അവശേഷിപ്പിച്ചിട്ടില്ലാതെ, പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കുകയില്ല. അല്ലെങ്കില്‍ അവനില്‍ നിന്ന് എന്തെങ്കിലും ആപത്തിനെ തടയും’.(തിര്‍മുദി).
പ്രാര്‍ത്ഥനകള്‍ക്ക് ചില നിബന്ധനകളും മര്യാദകളുമുണ്ട്. ഇബ്‌നു അത്താഅ് പറയുന്നു: ‘പ്രാര്‍ത്ഥനകള്‍ക്ക് ചില ഘടകങ്ങളുണ്ട്, മാര്‍ഗങ്ങളുണ്ട്, അതിന് സന്ദര്‍ഭങ്ങളും കാരണങ്ങളുമുണ്ട്. ആരെങ്കിലും ആ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നപക്ഷം, ആകാശ ലോകത്തേക്ക് ചെല്ലുവാന്‍ കഴിയുംവിധം പ്രാര്‍ത്ഥനയുടെ ചിറകുകളെ ശരിയാക്കുന്നപക്ഷം, അതിന്റെ സമയവും സന്ദര്‍ഭവും ഒത്തുവരുന്നുവെങ്കില്‍, ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.
മനസ്സാന്നിധ്യം, വിനയം, ഭയഭക്തി, അല്ലാഹുവുമായുള്ള ആത്മബന്ധം തുടങ്ങിയവയാണ് അതിന്റെ നിബന്ധനകള്‍. പ്രാര്‍ത്ഥനയുടെ ചിറകുകള്‍ സത്യസന്ധതയാണ്. പ്രാര്‍ത്ഥിക്കാന്‍ അനുയോജ്യമായ സന്ദര്‍ഭം സന്മാര്‍ഗം തേടുന്ന സമയമാണ്. അതിനുള്ളമാര്‍ഗം നബിയുടെ മേലുളള സ്വലാത്താണ്.

അവലംബം: www.onislam.nte
വിവ : മുനീര്‍ മുഹമ്മദ് റഫീഖ്