Features Special Coverage ലൈലത്തുല്‍ ഖദര്‍

നബി (സ) റമദാനിലെ അവസാന പത്തുകളില്‍

റമദാനിലെ അവസാന പത്തില്‍, മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ നബി (സ) ഇബാദത്തുകളില്‍ സജീവമായിരുന്നു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ കര്‍മ്മനിരതനായിരുന്നത് അവസാന പത്തിലായിരുന്നു. ആ സന്ദര്‍ഭത്തിലെ മുഴുവന്‍ വേളകളിലും പ്രവാചകന്‍ ആരാധനകളിലായിരുന്നു ചിലവഴിച്ചിരുന്നത്. പള്ളിയില്‍ ഇഅ്തികാഫിരിക്കാനും ലൈലത്തുല്‍ ഖദ്‌റിനു വേണ്ടിയും നബി (സ) സമയം ഉഴിഞ്ഞു വെച്ചു. ആയിശാ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം

. ‘റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ ആഗതാമായാല്‍ നബി (സ) രാത്രിയെ ജീവിപ്പിക്കുമായിരുന്നു. തന്റെ കുടുംബത്തെ വിൡച്ചുണര്‍ത്തും. അരയും തലയും മുറുക്കും’.
ഇവിടെ ‘അരയും തലയും’ എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. ഇബാദത്തുകള്‍ക്ക് വേണ്ടി സുസജ്ജമാകുക എന്നാണ് അതിന്റെ അര്‍ത്ഥം. ഭാര്യമാരെ വിട്ടു നില്‍ക്കുന്നതിനും അവരുമായി സംസര്‍ഗത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനുമുള്ള ആലങ്കാരിക പ്രയോഗമാണിതെന്നും അഭിപ്രായമുണ്ട്.
ഹദീസിലെ മറ്റൊരു പദം ‘രാത്രിയെ ജീവിപ്പിച്ചു’ എന്നതാണ്. നമസ്‌കാരവും മറ്റു ഇബാദത്തുകളുമായി ഉറക്കമൊഴിച്ചിരിക്കുന്നതിനാണ് ഈ പദം പ്രയോഗിച്ചത്. ആയിശ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ‘രാത്രി മുഴുവന്‍ നബി (സ) ഖുര്‍ആന്‍ ഓതുന്നതും, പ്രഭാതം വരെ നിന്ന് നമസ്‌കരിക്കുന്നതും, ഒരു മാസം പൂര്‍ണ്ണമായും നോമ്പെടുക്കുന്നതും, റമദാന്‍ മാസത്തിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല’. രാത്രിയെ സജീവമാക്കുകയെന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് രാത്രിയുടെ ഭൂരിഭാഗം സമയവും എന്നതാണ്. ഇശാഇന്റെയും അത്താഴത്തിന്റെയും മറ്റു വേളകളിലൊഴിച്ച്  മുഴുവന്‍ സമയവും നബി (സ) പ്രാര്‍ത്ഥനാ നിരതനായിരുന്നുവെന്നര്‍ത്ഥം.
‘തന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തി’ അഥവാ തന്റെ ഭാര്യമാരെ നമസ്‌കാരത്തിന് വേണ്ടി വിളിച്ചുണര്‍ത്തി. വര്‍ഷം മുഴുവനും നബി (സ) അങ്ങനെ ചെയ്തിരുന്നുവെങ്കിലും, റമദാനല്ലാത്തപ്പോള്‍ അത് ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതമായിരുന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസില്‍ കാണാം. ‘സുബ്ഹാനല്ലാഹ്! എന്താണ് അവന്‍ ഈ രാത്രിയില്‍ ഇറക്കിയത്? അവന്റെ ഖജനാവില്‍ നിന്ന് ഇറക്കിയത് എന്താണ് ? തങ്ങളുടെ ശയന മുറികളില്‍ കിടന്നുറങ്ങുന്നവരെ ആരാണ് ഉണര്‍ത്തുക ? ദുന്‍യാവില്‍ വസ്ത്രം ധരിച്ചു നടന്നവര്‍ ഒരുപക്ഷെ, ആഖിറത്തില്‍ നഗ്‌നരായേക്കാം’.
അപ്രകാരം നബി (സ) ആയിശ (റ) യെ വിത്ര്‍ നമസ്‌കാരത്തിന് വേണ്ടി വിളിച്ചുണര്‍ത്തിയിരുന്നു. എന്നാല്‍ റമദാനിലെ അവസാന പത്തുകളില്‍ നബി (സ) യുടെ വിളിച്ചുണര്‍ത്തല്‍ മറ്റേതു സന്ദര്‍ഭത്തേക്കാളും പ്രത്യേകതയുള്ളതാണ്.
നബി (സ) യുടെ റമദാനിലെ തയ്യാറെടുപ്പുകള്‍ തന്റെ സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഉള്‍ക്കടമായ ആഗ്രഹത്തെ കുറിക്കുന്നുണ്ട്. ആയുഷ് കാലത്തിലെ ഏറ്റവും ശ്രേഷ്ഠകരമായ ദിനരാത്രങ്ങളെ അല്‍പം പോലും പാഴാക്കാതെയായിരുന്നു നബി (സ) ഉപയോഗപ്പെടുത്തിയിരുന്നത്. മാനവകുലത്തിന്റെ ഉത്തമ മാതൃകയായ നബി (സ) യെ പിന്‍പറ്റുകയാണ് നമ്മള്‍ മുസ്‌ലിംകളുടെ കടമ. ഇനിയൊരവസരം കൂടി നമുക്ക് ലഭ്യമാകുമോ ഇല്ലേയെന്ന് നമുക്ക് അറിയില്ല. മരണം ഏതു സമയത്തും നമ്മെ കൂട്ടികൊണ്ടു പോകാം. മരണ വേളയില്‍ ഖേദിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ.
അവസാന പത്തിന്റെ ശ്രേഷ്ടതകള്‍
‘വേദ ഗ്രന്ഥം തന്നെയാണ സത്യം, തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പ്പന, തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു’ (സൂറ : ദുഖാന്‍ 2-5).
അനുഗ്രഹീത രാവ് എന്ന് അല്ലാഹു വിശേഷിപ്പിച്ച ഈ രാവിലാണ് അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ ഇറക്കിയത്. മുന്‍കാല പണ്ഡിതന്‍മാരില്‍ പെട്ട ഇബ്‌നു അബ്ബാസ്, ഖതാദ, സഈദുബ്‌നു ജുബൈര്‍, ഇക് രിമ, മുജാഹിദ് തുടങ്ങിയ പണ്ഡിതന്‍മാര്‍ ഖുര്‍ആന്‍ അവതീര്‍ണ്ണമായ ഈ രാത്രി ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
‘ആ രാത്രിയില്‍ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു’  അഥവാ, ഭൂമിയിലെ സകല സൃഷ്ടിജാലങ്ങളുടെയും ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ആ ദിവസത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ആ ദിവസത്തില്‍ മരണവും ജീവിതവും രേഖപ്പെടുത്തപ്പെടുന്നു. വിജയികള്‍ ആരെന്നും പരാജിതര്‍ ആരെന്നും, സൗഭാഗ്യവാന്‍മാര്‍ ആരെന്നും നിര്‍ഭാഗ്യവാന്‍മാര്‍ ആരെന്നും തീരുമാനിക്കപ്പെടുന്ന രാത്രിയാണത്.
സൃഷ്ടികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ‘ലൗഹുല്‍ മഹ്ഫൂളില്‍ (സുരക്ഷിത ഫലകത്തില്‍) നിന്ന് ഇറങ്ങുന്നത് അന്നേ ദിവസമാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നത് കാണുക: ‘ ഒരുവന്റെ മരണം എന്നാണെന്നു തീരുമാനിക്കുന്നതും ഈ രാവിലാണ്’. സൃഷ്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നതിന്റെ വിശദീകരണം മലക്കുകള്‍ക്ക് കൈമാറുന്ന ദിവസമെന്നും അഭിപ്രായമുണ്ട്.
‘അല്‍ഖദ്ര്‍’  എന്നാല്‍ ശ്രേഷ്ഠമെന്നാണ് ഒരര്‍ത്ഥം. അഥവാ, ഖദര്‍ ഉള്ള രാത്രിയാണിത്. അഥവാ ഈ രാത്രിയെ സജീവമാക്കുന്നവന്‍ കഴിവുള്ളവനാകുന്നു. ‘ഖദ്‌റിന്’  ‘കുടുസ്സത’ എന്ന് അര്‍ത്ഥം പറയുന്ന പണ്ടിതന്‍മാരുമുണ്ട്. അവരുടെ വീക്ഷണത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന പേര് ലഭിക്കാനുള്ള കാരണം ആ രാത്രിയില്‍, അനേകം മലക്കുകളുടെ സാന്നിധ്യത്തില്‍ ഭൂമി നിറഞ്ഞു കവിഞ്ഞ്, ഭൂമി കുടുസ്സായതായി തോന്നും എന്നതു കൊണ്ടാണ്.
എന്തു തന്നെയായാലും അല്ലാഹു ഈ രാത്രിയെ അപാരമായ ശ്രേഷ്ടതയുള്ള ഒരു രാത്രിയായി തെരഞ്ഞെടുത്തിരിക്കുന്നു. അല്ലഹുവിന്റെ അടുക്കല്‍ ഈ രാത്രിയ്ക്ക് ഉന്നതമായ സ്ഥാനമാണുള്ളത്. ഈ രാത്രി പാപ മോചനത്തിന്റെ രാത്രി കൂടിയാണ്.
റസൂല്‍ (സ) പറഞ്ഞു: ‘ഈമാനോടും പ്രതിഫലേഛയോടെയും ലൈലത്തുല്‍ ഖദ്‌റില്‍ നിന്ന് നമസ്‌കരിക്കുന്നവരുടെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും’.

ഡോ. അഹ്മദ് ബ്‌നു ഉസ്മാന്‍ അല്‍ മസീദ്.