Articles

ജീവിത പരിവര്‍ത്തനത്തിന് സജ്ജരാവുക

തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം കൈവരിച്ചു, അതിനെ കളങ്കടപ്പെടുത്തിയവന്‍ പരാജയപ്പെടുകയും ചെയ്തു.'(സൂറ: അശംസ്: 9,10)നമ്മുടെ ഹൃദയങ്ങളെ സംശുദ്ധമാക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് റമദാന്‍. നോമ്പെടുക്കുമ്പോള്‍ ഒരാളുടെ ആഗ്രഹങ്ങള്‍ കുറയുകയും ആത്മ നിയന്ത്രണ പരത വര്‍ദ്ധിക്കുകയും ചെയ്യും. നന്മകള്‍ക്ക് ഇരട്ടിയായി പ്രതിഫലം നല്‍കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. നല്ല ശീലങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമാണ് റമദാന്‍. അതുവഴി നാം പുതിയ മനുഷ്യരായി മാറുന്നതാണ്. ഇതൊരു മെഗാ റമദാന്‍ പ്രൊജക്റ്റാണ്. റമദാന്‍ അല്ലാത്ത മറ്റ് മാസങ്ങളില്‍ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ഗുരുത്വാകര്‍ഷണം പോലെ ദുഷ്ചിന്തകള്‍ നമ്മെ നിരന്തരം മലീമസപ്പെടുത്തുന്നു. പിശാചും നാമും തമ്മില്‍ നിരന്തര സംഘട്ടനത്തിലായിരിക്കും. എന്നാല്‍ റമദാനില്‍, പ്രവാചക വചനം സൂചിപ്പിക്കുന്നത് പോലെ പിശാചുക്കള്‍ ഈ മാസത്തില്‍ ബന്ധനസ്ഥരായിരിക്കും. റമദാനില്‍ നിന്ന് വ്യത്യസ്ഥമായി മറ്റ് മാസങ്ങളില്‍ നമ്മുടെ മനസ്സില്‍ അതിയായ സംഘര്‍ഷങ്ങളും മോഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ദുര്‍മോഹങ്ങളും ദുശ്ശീലങ്ങളും ഒഴിവാക്കാതെയാണ് നാം റമദാനിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ സംസ്‌ക്കരണം ഒരിക്കലും സാധ്യമാവുകയില്ല.

എന്താണ് പരിഹാരം?

റമദാന്‍ വരുന്നതിന് മുമ്പുതന്നെ അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്ന് നാം ആസൂത്രണം ചെയ്യുക. സ്വയം അച്ചടക്കം ശീലിക്കുക.

ചില പ്രായോഗിക നിര്‍ദേശങ്ങള്‍:

1. ലക്ഷ്യം നിര്‍ണയിക്കുക:
പ്രാഥമികമായി വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്്. തീരുമാനങ്ങള്‍ സ്വയം രേഖപ്പെടുത്തി വെക്കുക. ഇടക്കിടെ അവ സ്വയം ബോധ്യപ്പെടുത്തുക. ഉദാഹരണത്തിന് റമദാനില്‍ ഒരു ദിവസം എത്ര ഖുര്‍ആന്‍ ഓതണം. ഓരോ ദിവസത്തെയും ലക്ഷ്യം നിര്‍ണയിച്ച ശേഷം അതു പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുക. അല്ലെങ്കില്‍ നിലവിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് പുറമെ മറ്റേതെങ്കിലും ഒരു ഇബാദത്ത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുക.

2. സമയ ക്രമീകരണം:
ഓരോ ദിവസവും പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങള്‍ സമയ ബന്ധിതമായി ക്രമപ്പെടുത്തിയാല്‍, പിന്നീട് വലിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായകമാണ്. പതിവായി നോമ്പനുഷ്ഠിക്കാന്‍ പാകപ്പെടുമാറ് മാനസികമായും ശാരീരികമായും ശരീരത്തെ സജ്ജമാക്കുക.

3. പുരോഗതി വിലയിരുത്തുക.
കര്‍മ്മങ്ങള്‍ ചെയ്തു തുടങ്ങേണ്ട സമയമാണ് ഇനി. ഇനി റമദാനിലെ പ്രത്യേക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക. പ്രാര്‍ത്ഥനയിലൂടെയും സ്വയം വിലയിരുത്തലിലൂടെയും മാത്രമേ വിജയം നേടാനുള്ള ഇച്ഛാ ശക്തിയും അര്‍പ്പണ മനോഭാവവും നേടിയെടുക്കാനാവൂ. ആത്മീയ പരിശീലനമാകുന്ന റമദാന്‍ കഴിയുന്നതോടുകൂടി നമ്മുടെ ദിനചര്യയില്‍ റമദാനിലൂടെ ആര്‍ജിച്ചെടുത്ത നന്മകള്‍ പ്രതിഫലിക്കണം. പുരോഗതി വിലയിരുത്താന്‍ മറ്റൊരാളുടെ സഹായം തേടാവുന്നതാണ്. ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കാര്യത്തിലോ തറാവീഹ് നമസ്‌ക്കാരത്തിന്റെ കാര്യത്തിലോ പുരോഗതി വിലയിരുത്താന്‍ മറ്റുള്ളവരെ ആശ്രയിക്കാം. ഈ മാസത്തില്‍, എണ്ണമറ്റ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നമ്മുടെ പുതിയ സൃഷ്ടിക്കായി നമുക്ക് ഒരുങ്ങാം.