Articles

ഇനി പുണ്യങ്ങളുടെ കൊയ്ത്തുകാലം

അബൂഹുറൈറ (റ) റിപ്പോര്‍ട്ട്    ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. ‘ആദം സന്തതികള്‍ ചെയ്യുന്ന ഒരു നന്മക്കു പത്ത് മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലം നല്കപ്പെടുന്നതാണ്. അല്ലാഹു പറയുന്നു: നോമ്പൊഴികെ, നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.
നോമ്പുകാരന്‍ ഭക്ഷണപാനീയങ്ങളും വികാര വിചാരങ്ങളും അല്ലാഹുവിന് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. അതുകൊണ്ട് നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പുതുറക്കുമ്പോഴുള്ള സന്തോഷവും തന്റെ രക്ഷിതാവിനെ കണ്ട് മുട്ടുമ്പോഴുള്ള സന്തോഷവും. നോമ്പുകാരന്റെ വായ്‌നാറ്റം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ’്.
മൂന്ന് വിധത്തിലാണ് ആളുകള്‍ നോമ്പനുഷ്ടിക്കുന്നതെന്ന്്് പണ്ഡിതന്മാര്‍. അതിലൊന്നാമത്തേത് സാധാരണ നോമ്പാണ്. ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധവും ഉപേക്ഷിക്കുന്ന നോമ്പിന്റെ രീതിയാണ്്് ഇത്്്.

‘സിയാമുല്‍ ഖുസൂസ്’ എന്ന പേരില്‍ പണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്ന വിശിഷ്ട നോമ്പാണ് രണ്ടാമത്തേത്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന് പുറമെ ചെറിയ തിന്മകളിലേക്ക് പോലും വഴുതി വീഴാതിരിക്കാനുള്ള സൂക്ഷ്മത ഇത്തരം നോമ്പുകാര്‍ക്കുണ്ട്്്. അവന്റെ കേള്‍വിയും കാഴ്ചയും നാവും ഉദരവും കൈകാലുകളും അവനോടൊപ്പം നോമ്പെടുക്കുന്നു. ജാബിര്‍(റ) പറയാറുണ്ടായിരുന്നു. ‘നിങ്ങള്‍ നോമ്പെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കണ്ണും കാതുംകൂടി നോമ്പെടുക്കട്ടെ. അത് നിന്നെ പ്രതിരോധിക്കുകയും നിനക്ക് സമാധാനം നല്‍കുകയും ചെയ്യും. നോമ്പുള്ള ദിവസവും ഇല്ലാത്ത ദിവസവും ഒരുപോലെയാകരുത്്്്് ‘.
മൂന്നാമത്തെ നോമ്പിന്റെ അവസ്ഥ ‘സൗമു ഖുസൂസുല്‍ ഖുസൂസ്’ എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച സവിശേഷമായ നോമ്പാണ്. മേല്‍പ്പറഞ്ഞ രണ്ട് വിഭാഗം നോമ്പുകാരുടെയും സവിശേഷതകളോടൊപ്പം മറ്റൊന്നുകൂടി ചേരുമ്പോഴാണ് ഈ പദവിയിലേക്ക് നോമ്പുകാരന്‍ എത്തുന്നത്. മേല്‍ പറഞ്ഞ രണ്ട് വിഭാഗക്കാരുടെ സവിശേഷതകള്‍ക്കു പുറമെ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന് അകറ്റുന്ന മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. അഥവാ ഇവിടെ നോമ്പുകാരന്റെ  ഹൃദയം കൂടി നോമ്പുനോല്‍ക്കുകയാണ്. അതുകൊണ്ടാണ് ഹന്‍ദല(റ) ഇപ്രകാരം പറഞ്ഞത്: ‘ഹന്‍ദല മുനാഫിഖ് ആയിരിക്കുന്നു. കാരണം അല്ലാഹുവിന്റേതല്ലാത്ത കാര്യങ്ങളില്‍ ഞാന്‍ വ്യാപൃതനായി ‘.
പ്രിയ സഹോദരീ സഹോദരന്മാരെ, ഇവിടെ നമുക്ക് മുന്നില്‍ റമദാന്‍ സമാഗതമായിരിക്കുന്നു. ‘സിയാമു ഖുസൂസുല്‍ ഖുസൂസ്’ അതെത്ര മനോഹരമായ നോമ്പാണ്. ഈ മഹത്തായ മാസത്തില്‍ നോമ്പ്്് നിര്‍ബന്ധമാക്കിയതിന്റെ പൊരുള്‍ മനസ്സിലാകുന്നവര്‍ക്ക്, ഈ വിശുദ്ധ റമദാനിലെ നോമ്പുകള്‍ അവസാനം പറഞ്ഞ കൂട്ടരുടെ നോമ്പായിരിക്കട്ടെ. അല്ലാഹു അതിന് തൗഫീഖ് ന്ല്‍കട്ടെ , ആമീന്‍.
(സഈദിബ്‌നു മുഹമ്മദ് ആലു സാബിത്ത്)
വിവ : മുനീര്‍ മുഹമ്മദ് റഫീഖ്‌