വിശ്വാസിക്ക് ഈദ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സുദിനമാണ്. അല്ലാഹുവിന്റെ കല്‍പ്പന സ്വീകരിച്ച്, അവന്റെ തൃപ്തിയും പ്രതിഫലവും പ്രതീക്ഷിച്ച് നിണ്ട മുപ്പത് ദിനരാത്രങ്ങള്‍ തന്റെ രക്ഷിതാവിനു വേണ്ടി ആരാധനാ നിരതനായിരുന്നു അവന്‍. തന്റെ രക്ഷിതാവിന്റെ പൊരുത്തവും പ്രീതിയും പ്രതീക്ഷിച്ച് അങ്ങേയറ്റത്തെ ശൂഭാപ്തി വിശ്വാസത്തോടെയാണ് വിശ്വാസി പെരുന്നാള്‍ ആഘോഷിക്കുക.
ഇവിടെ വിശ്വാസിയുടെ സന്തോഷത്തിനും ആഹഌദത്തിനുമുണ്ട് അല്ലാഹുവിന്റെ പ്രതിഫലം. സത്യവിശ്വാസിയുടെ സന്തോഷം അല്ലാഹു ഒരു ഇബാദത്താക്കിയിരിക്കുകയാണ്. ഈ ദിവസത്തില്‍ ഒരു മുസ് ലിം നോമ്പെടുക്കാന്‍ പാടില്ല. നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. ഈ സുദിനത്തില്‍ മുസ് ലിം സമൂഹത്തിലെ ഒരാളും പട്ടിണി കിടന്നു കൂടാ. പെരുന്നാള്‍ സുദിനത്തില്‍ ദരിദ്രര്‍ക്കും വയറു നിറച്ചുണ്ണാന്‍ കഴിയണം. അതുകൊണ്ടാണ് മുഴുവന്‍ മുസ് ലിംകളോടും ഫിത്വര്‍ സകാത്ത് നല്‍കാന്‍ അല്ലാഹു കല്‍പ്പിച്ചത്.
മനുഷ്യ കുലം, സൗഭാഗ്യത്തിന്റെ പട്ടികയില്‍ ആദ്യമെണ്ണുന്നത് ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനമാണ്. അല്ലെങ്കില്‍ വിശന്നിരിക്കാതെ, ഉണ്ണാനും ഉടുക്കാനുമുണ്ടാവുകയെന്നതാണ്. മനുഷ്യന്റെ സൗഭാഗ്യങ്ങളിലെ പ്രാഥമിക ഘടകങ്ങളാണിവ. എന്നാല്‍ കഴിക്കാന്‍ ഭക്ഷണമുണ്ടാവലാണ് സൗഭാഗ്യത്തിന്റെ പ്രഥമ താല്‍പര്യം. ഈദുല്‍ ഫിത്വര്‍ മുഴുവന്‍ വിശ്വാസിക്കും ഈ സൗഭാഗ്യത്തിന്റെ സന്തോഷം പ്രദാനം ചെയ്യുന്നു.
ഇവിടെ ഈദ് സുദിനത്തില്‍ മുഴുവന്‍ മുസ് ലിംകളും സന്തോഷിക്കാനും ആഹഌദിക്കാനും അല്ലാഹു ആവശ്യപ്പെടുന്നു. വിശ്വാസികളുടെ ഏറ്റവും വലിയ സന്തോഷവും ആനന്ദവും അവന്റെ രക്ഷിതാവ് അവന് നല്‍കുന്ന സന്തോഷമാണ്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘പരിപൂര്‍ണ്ണമായ സന്തോഷവും ആഹഌദവും കണ്‍കുളിര്‍മയും ഹൃദയ ശാന്തിയും വിശ്വാസിക്ക് അല്ലാഹുവില്‍ നിന്ന് മാത്രമാണ് ലഭ്യമാവുക. അത് അല്ലാഹുവില്‍ നിന്ന് തടയപ്പെട്ടാല്‍ അവന്‍ ദുഃഖിതനാകും. അല്ലാഹുവിനെ കൊണ്ടല്ലാതെ വിശ്വാസികള്‍ക്ക് ആഹഌദവും സന്തോഷവും ലഭിക്കില്ല. ഭൗതിക ലോകത്തെയും അതിന്റെ അലങ്കാരങ്ങളെയും കണ്ട് അത്യാഹഌദിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. സന്തോഷം അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നുമാണ്’. സഹാബാക്കളും താബിഉകളും പഠിപ്പിച്ച ഇസ് ലാമതാണ്. ഈദ് നമുക്ക് പ്രദാനം ചെയ്യുന്ന ആഹഌദവും ആനന്ദവും അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തില്‍പ്പെട്ടതാണ്.
സന്തോഷമെന്താണെന്നോ, സന്തോഷത്തിലെത്തിപ്പെടാനുള്ള മാര്‍ഗമേതാണന്നോ അറിയാത്ത നിരവധി മനുഷ്യരുണ്ട്. അത്തരമാളുകളെ ദുഃഖങ്ങളും പ്രയാസങ്ങളും കീഴ്‌പ്പെടുത്തുമ്പോഴേക്കുമതാ, റമദാന്‍ മാസം വന്നെത്തുന്നു. തുടര്‍ന്ന് വിശ്വാസിക്ക് സന്തോഷിക്കാനും ഉല്ലസിക്കാനും ആഹഌദിക്കാനുമായി ഈദുല്‍ ഫിത്വര്‍ കടന്നു വരുന്നു. തന്നെ കീഴ്‌പ്പെടുത്തിയ ദുഃഖ:വിശാദങ്ങളെ, ഈദ് അവനില്‍ നിന്ന് പകുത്തു മാറ്റുന്നു. ഒരു പുതിയ പ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാന്‍ അതവനെ പ്രേരിപ്പിക്കുന്നു. അതിലവന്റെ ആഹഌദം തിരതല്ലുന്നു. പ്രീതക്ഷകള്‍ കിളിര്‍ക്കുന്നു. പെരുന്നാള്‍ രാവില്‍ മുഴുവന്‍ നോമ്പും പിടിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യം അവന്റെ മുഖത്ത്് പ്രകടമാകുന്നു. തിരുചര്യക്കനുസൃതമായി ഉന്‍മേഷത്തോടെയവന്‍ പെരുന്നാളിനെ വരവേല്‍ക്കുന്നു. ഈദിന് വേണ്ടി കുളിച്ച്, പുതിയ വസ്ത്രങ്ങള്‍ ധരിച്ച്, പ്രാതല്‍ കഴിച്ച് അവന്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി പള്ളിയിലേക്ക് നടന്നടുക്കുന്നു. അങ്ങേയറ്റത്തെ താല്‍പര്യത്തോടും പ്രതീക്ഷയോടും കൂടി നമസ്‌കരിച്ച്്, ഖുതുബ ശ്രവിച്ച് തന്റെ സഹോദരങ്ങളെ പരസ്പരം കണ്ട്, അവരെ ഗാഢമായി ആലിംഗനം ചെയ്ത്, പിണങ്ങിയവരോടും മുഖം കറുപ്പിച്ചവരോടും ശകാരിച്ചവരോടും തെല്ലും പരിഭവമില്ലാതെ അവന്‍ സലാം പറയുന്നു. ഹൃദയവും ഹൃദയവും തമ്മില്‍ കൂട്ടി മുട്ടുന്ന, ആരുടെയും ശാത്രവത്തിന്റെയും വിദ്വേഷത്തിന്റെയും ദുഷ്‌വികാരങ്ങളെ ഉരുക്കാന്‍ പര്യാപ്തമായ ആലിംഗനത്തിലൂടെ പഴയതു മുഴുവന്‍ മറന്ന്, ഒരു നവ ചൈതന്യത്തോടെ അത്യധികം ആഹഌദത്തോടെയാണവര്‍ പെരുന്നാള്‍ സുദിനത്തിലെ നിമിഷങ്ങള്‍ ചിലവഴിക്കുന്നത്.
തിരികെയുള്ള അവന്റെ നടത്തത്തില്‍ പല മുഖങ്ങളും കാണുന്നു. എല്ലാവര്‍ക്കും തൂകുന്നു അവന്റെ സൗമ്യമായ പുഞ്ചിരി. കുശലം തിരക്കിയും, വിശേഷങ്ങള്‍ പറഞ്ഞും മറ്റുള്ളവരുമായി സന്തോഷം പങ്കുവെക്കുന്നു. പോയ വഴിയിലൂടെയല്ല അവന്റെ തിരിച്ചു നടത്തം. കാരണം പോയ വഴിയില്‍ കാണാത്ത മുഖങ്ങളെ അവന് കാണണം. അവരോട് കുശലം തിരക്കണം. സ്‌നേഹത്തോടെയുള്ള ക്ഷണത്തിന് അല്‍പ്പനേരം അതിഥിയാകണം. അടുത്തതും അകന്നതുമായ കുടുംബങ്ങളില്‍ ചെല്ലണം. തന്റെ സ്‌നേഹം പ്രകടിപ്പിക്കണം. ഈദാശംസകള്‍ മൊഴിയണം.
ഇസ് ലാമിന്റെ സൗന്ദര്യമാണിത്. ഇസ് ലാമിലെ പെരുന്നാള്‍ എത്ര സുന്ദരവും ലളിതവുമാണ്. അത്യാര്‍ഭാടങ്ങളില്ല, കരിമരുന്നു പ്രയോഗങ്ങളില്ല. വാദ്യ മേളങ്ങളും ഘോഷയാത്രയുമില്ല. ഇസ് ലാമിന്റെ പെരുന്നാള്‍ അങ്ങാടിയിലല്ല. വിശ്വാസികളുടെ സാഹോദര്യ ബന്ധത്തിലും ഐക്യത്തിലുമാണത്. സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയുന്നത് വിശ്വാസികളുടെ മനസുകളിലാണ്. സമസൃഷ്ടി സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. ആഹഌദത്തിലും ഉല്ലാസത്തിലും ദൈവ പ്രകീര്‍ത്തനത്തിന്റെ മന്ത്രങ്ങള്‍ തന്നെയാണ് വിശ്വാസിയുടെ കണ്ഡത്തില്‍ നിന്നും ഉതിര്‍ന്ന് വീഴുന്നത്. പ്രസന്നവദരായ വിശ്വാസികളുടെ തക്ബീറുകളാല്‍ മുഖരിതമാണ് ഈദുല്‍ ഫിത്വര്‍ അന്തരീക്ഷം.
വിശുദ്ധി ആര്‍ജിച്ചതിന്റെ ആനന്ദപെരുന്നാള്‍

Add Comment