മുനീര്‍ മുഹമ്മദ് റഫീഖ്
മുസ്്‌ലിമിനെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തിന് നിരവധി മാനങ്ങളുണ്ട്. കുഞ്ഞുനാളിലേ റമദാനിലെ അവന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നാട്ടുനടപ്പുകളുമാണ് വിശുദ്ധ റമദാന്‍ മാസത്തെക്കുറിച്ച് ഒരു ചിത്രം അവന്റെ മനസ്സില്‍ രൂപപ്പെടുത്തുന്നത്.
ലോകത്തെല്ലായിടത്തുമുള്ള റമദാന്‍ മാസത്തിന് ഒരേ സത്തയും ആത്മാവുമാണ്. പ്രവാചക കാലം മുതല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് 1433 ല്‍ എത്തി നില്‍ക്കുമ്പോഴും ഒന്നാമത്തെ റമദാന്‍ പ്രസരിപ്പിച്ച അതേ ആത്മാവ് തന്നെയാണ് ഇന്നത്തെ റമദാനിനും. സ്ഥലകാല പരിമിതികള്‍ക്കപ്പുറത്താണ് റമദാന്റെ സന്ദേശവും ആത്മാവും.
എന്നാല്‍ കാലാന്തര ഗമനത്തില്‍ റമദാനിന്റെ മണത്തിനും രുചിക്കും വ്യത്യാസങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല എന്ന് പറയുന്നത് ശരിയായിരിക്കില്ല. റമദാനിന്റെ ബാഹ്യ മോടികളിലും ആധുനികതയുടെ അടയാളങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ഈ ബാഹ്യ രൂപത്തിന്റെ മാറ്റങ്ങള്‍ക്ക് സ്ഥല കാലങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഈ ബാഹ്യ മോടികളില്‍ സ്വീകരിക്കുന്ന വ്യതിരിക്തതകള്‍ റമദാന്‍ സ്വയം തിരഞ്ഞെടുക്കുന്ന വൈജാത്യങ്ങളല്ല. വ്യത്യസ്ഥ സ്ഥല കാലഘട്ടങ്ങളിലെ ജനങ്ങള്‍ അതിനെ സ്വീകരിക്കുമ്പോള്‍ അവരുടെ നാടും കാലവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഉടയാടകള്‍ റമദാനിനെ അലങ്കരിക്കുമ്പോഴാണ് ഈ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്ഥ സ്ഥലകാലങ്ങളില്‍ സംഭവിച്ചിട്ടുള്ള റമദാനിന്റെ വൈവിധ്യമാര്‍ന്ന പ്രത്യേകതകള്‍ ഒക്കെയും ഉണ്ടായിരിക്കെ തന്നെ, റമദാനിന്റെ ആത്മാവിനെ തിരിച്ചറിയാത്ത ഒരു കാലമോ സമൂഹമോ മുസ്്‌ലിം ലോകത്ത് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.
വിശുദ്ധ റമദാനെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആനും റമദാനുമായുള്ള അഗാധമായ ബന്ധത്തെ കാണാതിരിക്കാനാവില്ല. എന്നല്ല, വിശുദ്ധ റമദാന്‍ പോലും വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതിന്റെ നന്ദിസൂചകമായി സൃഷ്ടികള്‍ അല്ലാഹുവിനോട് നടത്തേണ്ട ഇബാദത്തുകളുടെ മാസമായണല്ലോ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അഥവാ ഈ മാസം സ്വയം തന്നെ പവിത്രമായതല്ല. അതിനെ പവിത്രവും മഹത്തരവുമാക്കിയതിന് പിന്നിലെ പ്രധാന കാരണം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് തന്നെയാണ്. റമദാന്‍ മാസത്തിലെ നോമ്പ് സ്വയം ഒരു ഇബാദത്തായി മാത്രം മനസ്സിലാക്കി ക്രിത്യമായും ആത്മാര്‍ത്ഥമായും നോമ്പനുഷ്ഠിക്കുന്ന അനേകം മുസ്്‌ലിംകള്‍ ഉണ്ട്. അത്തരം ആളുകള്‍ നിത്യേനെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുന്നവരാണെങ്കിലും, വിശുദ്ധ ഖുര്‍ആനെ ഈ മാസവുമായി ബന്ധപ്പെടുത്തി വായിക്കാനോ മനസ്സിലാക്കാനോ അവര്‍ പലപ്പോഴും മുതിരുന്നില്ല. റമദാനെ വരവേല്‍ക്കുന്ന ശരാശരി മുസ്്‌ലിം കുടുംബത്തിന്റെ റമദാന്‍ ആശ്ലേഷണം ഖുര്‍ആനുമയി അതിനെ ബന്ധപ്പെടുത്തുന്നതിനോ ഖുര്‍ആന്‍ ഇറക്കിയത് കൊണ്ടാണ് റമദാന്‍ മാസം എന്ന് പോലുമോ മനസ്സിലാക്കാന്‍ പര്യാപ്തമല്ല.
ഹിജ്‌റക്ക് പത്ത് വര്‍ഷം മുമ്പ് റമദാന്‍ 17 (റമദാന്‍ 21 നെന്നും അഭിപ്രായമുണ്ട്) ക്രി. 610 ആഗസ്റ്റ് 10 ന്, ചന്ദ്രവര്‍ഷ പ്രകാരം മുഹമ്മദ് നബി(സ)ക്ക് 40 വയസ്സും ആറ് മാസവും 12 ദിവസവുമായിരിക്കെയാണ് (സൗര വര്‍ഷ പ്രകാരം 39 വയസ്സും 3 മാസവും 22 ദിവസവും ആകുന്നേയുള്ളൂ.) നബിക്ക് ഖുര്‍ആന്‍ ആദ്യമായി അവതീര്‍ണമാകുന്നത്.
വിശുദ്ധ ഖുര്‍ആന്റെ ഭൂമിയിലേക്കുള്ള അവതരണം രണ്ട് രീതിയിലാണ്. ഒന്ന്: മേല്‍ സൂചിപ്പിച്ച വിധം ഹിറാ ഗുഹയില്‍ പ്രവാചകന്‍(സ) ധ്യാന നിരതനായിരിക്കുന്ന സന്ദര്‍ഭത്തില്‍ ജിബ് രീല്‍(അ) പ്രത്യക്ഷപ്പെട്ടുകൊണ്ട് പറയുന്നു: ‘വായിക്കുക’ നബി(സ) പറഞ്ഞു: ‘ ഞാന്‍ വായിക്കുന്നവനല്ല, എനിക്ക് വായിക്കാന്‍ അറിയില്ല’ അപ്പോള്‍ ജിബ്‌രീല്‍ എന്നെ പിടിച്ച് ശക്തിയായി പൊതിഞ്ഞു. ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു. എന്നെ പര്‍വ്വസ്ഥിതിയിലാക്കി വീണ്ടും എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ അപ്പോഴും പറഞ്ഞു: ‘എനിക്ക് വായിക്കാന്‍ അറിയില്ല. ‘ജിബ് രീല്‍ വീണ്ടും എന്നെ പൊതിഞ്ഞ് പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. ഞാന്‍ വീണ്ടും കുതറി മാറാന്‍ നോക്കി എന്നെ പൂര്‍വ്വ സ്ഥിതിയിലാക്കി വീണ്ടും വായിക്കാന്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ വായിക്കുന്നവനല്ല’ വീണ്ടും ആവര്‍ത്തിച്ചു. ഒരിക്കല്‍ കൂടി എന്നെ ശക്തിയായി പിടിച്ച് പൊതിഞ്ഞശേഷം എന്നെ വിട്ടിട്ട് പറഞ്ഞു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക, മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചു. നീ വായിക്കുക, നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചുരിക്കുന്നു’ (സൂറ. അലഖ്: 1-5)
പേടിച്ചരണ്ട്, മേല്‍സൂചിപ്പിച്ച ആയത്തുകളുമായിട്ടാണ് നബി(സ) ഹിറാഗുഹയില്‍ നിന്ന് മടങ്ങുന്നത്. പ്രവാചക തിരുമേനിക്ക് ആദ്യമായി ഖുര്‍ആന്‍ അവതീര്‍ണമാകുന്നത് അങ്ങനെയാണ്. ആകാശ ലോകവുമായി ഈ ലോകം ബന്ധപ്പെടുന്ന അനുഗ്രഹീതമായ ദിവസങ്ങളായിരുന്നു അത്. ഭൂമുഖത്തെ പൊതിഞ്ഞ അന്തകാരത്തെ തുടച്ച് നീക്കാന്‍ ആകാശ ലോകത്തുനിന്നുള്ള സൃഷ്ടാവിന്റെ പ്രകാശം മണ്ണില്‍ പരക്കുന്നത് അങ്ങനെയാണ്.
വിശുദ്ധ ഖുര്‍ആനിന്റെ രണ്ടാമത്തെ അവതരണം ഇതിനു മുമ്പേ നടന്നതാണ്. സുരക്ഷിതമായ ഫലകങ്ങളില്‍ നിന്ന് സമ്പൂര്‍ണ ഖുര്‍ആന്‍ ഒന്നാം ആകാശത്ത് (ഭൂമിയുടെ അടുത്ത ആകാശത്ത്) അവതരിക്കപ്പെടുന്ന ‘ ബൈത്തുല്‍ ഇസ്സ’യില്‍ ഇറക്കപ്പെട്ട സന്ദര്‍ഭമാണത്. ഇത് റമദാനിലെ ലൈലത്തുല്‍ ഖദറിലാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ‘ ഒന്നാം ആകാശത്തേക്ക് വിശുദ്ധ ഖുര്‍ആനെ സമ്പൂര്‍ണമായി അല്ലാഹു ഇറക്കുന്നത് ലൈലത്തുല്‍ ഖദറിന്റെ ദിവസമാണ്. ശേഷം ഇരുപത് വര്‍ഷങ്ങളിലായി പലപ്പോഴായി അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലേക്ക് ഇറക്കി.
മനുഷ്യന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ അതിനെ വേണ്ട വിധം പരിഗണിക്കാതെ വിശുദ്ധ റമദാന്‍ പൂര്‍ണമാവുകയില്ല. റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കിയ ആയത്തിന് ശേഷം എന്ത് കൊണ്ടാണ് നോമ്പ് നിര്‍ബന്ധമാക്കിയതെന്ന് തുടര്‍ സൂക്തത്തില്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്. ‘നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരാകാനും വേണ്ടിയത്രെ’ (അല്‍ ബഖറ: 18)
Add Comment