ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ പെരുന്നാള്‍ സന്തോഷം പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. നോമ്പെടുക്കാനും നമസ്‌കരിക്കാനും നന്മകള്‍ ചെയ്യാനും ഭാഗ്യം ലഭിച്ച, ലൈലതുല്‍ ഖദ്ര്‍ നേടിയെടുത്ത, ഫിത്വ്ര്‍ സകാത്ത് നല്‍കിയ, അല്ലാഹു സ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്ത അടിമക്ക് തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കാനുള്ള അര്‍ഹതയുള്ളത്.
അവന്‍ തന്റെ സന്തോഷം പെരുന്നാള്‍ ദിനത്തില്‍ പ്രകടിപ്പിക്കട്ടെ. കാരണം അവ പ്രകടിപ്പിക്കല്‍ അല്ലാഹുവിന്റെ താല്‍പര്യങ്ങളില്‍ പെട്ടതാണ്.’പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം’.(യൂനുസ് 58.) നബിതിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’നോമ്പുകാരന് രണ്ട് സന്തോഷമാണുള്ളത്. നോമ്പ് തുറക്കുമ്പോഴും അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും’.
ചെറിയ പെരുന്നാള്‍ ദിനം നോമ്പുതുറക്കുന്ന, ഭക്ഷണപാനീയങ്ങളുടെ ദിനമാണ്. അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗം തന്നെയാണ് അത്. അതിനാല്‍ നാമത് പരസ്യമായി പ്രകടിപ്പിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെയും അടയാളങ്ങളെയും നാം മുറുകെ പിടിക്കേണ്ടതുണ്ട്.’കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്’.(ഹജ്ജ്:32). അതിനാല്‍ പെരുന്നാളിന് ഭക്ഷണം കഴിക്കുന്നതും, സന്തോഷം പ്രകടിപ്പിക്കുന്നതും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നതിന്റെയും ദൈവഭക്തിയുടെയും ഭാഗമാണ്.
എന്നാല്‍ അതോടൊപ്പം ഒരു മുസ്‌ലിം നിര്‍ബന്ധമായും പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അല്ലാഹു അനുവദിച്ച പരിധികള്‍ക്കുള്ളില്‍നിന്നുകൊണ്ടായിരിക്കണം പ്രസ്തുത കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നതാണ് അത്. അല്ലാഹുനിരോധിച്ച, ദീനില്‍ അടിസ്ഥാനമില്ലാത്ത രീതികളാവഷ്‌കരിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി പിടിച്ചുപറ്റാനാകില്ല.. നന്മകള്‍ സമ്പാദിച്ച്, സുകൃതങ്ങള്‍ ശേഖരിച്ച്് അവയെല്ലാം വൃഥാവിലാക്കിക്കളയുന്നവരുടെ ഗണത്തില്‍ നാം പെട്ടുപോകരുത്. ധിക്കാരവും, തിന്മയും പ്രവര്‍ത്തിച്ച് പെരുന്നാള്‍ ദിനത്തിലും മറ്റവസരങ്ങളിലും അല്ലാഹുവിനെ വെല്ലുവിളിക്കുന്നവരാവരുത് നാം. നാളെ അല്ലാഹുവിന്റെ മുന്നില്‍ കര്‍മങ്ങള്‍ക്ക് ഉത്തരം ബോധിപ്പിക്കേണ്ടവരും, പ്രതിഫലം നല്‍കപ്പെടേണ്ടവരുമാണ് നാം. കര്‍മങ്ങളുടെ പേരില്‍ ഖേദിക്കുന്ന, വേദനിക്കുന്ന, വിരല്‍കടിക്കുന്നവരുടെ ഗണത്തിലാവരുത് നമ്മുടെ സ്ഥാനം.’ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയുന്നദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീതുനല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു’. (ആലുഇംറാന്‍ 30).
എത്രയെത്ര അക്രമികളാണ് അന്നേ ദിവസം ഖേദത്തോടെ കൈകടിക്കുന്നത്. ‘അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: ‘ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ. ‘എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍! എനിക്ക് ഉദ്‌ബോധനം വന്നെത്തിയിട്ടും അവനെന്നെ അതില്‍നിന്ന് തെറ്റിച്ചുകളഞ്ഞല്ലോ. പിശാച് മനുഷ്യനെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചകന്‍ തന്നെ’. (ഫുര്‍ഖാന്‍ 27-29). ആക്ഷേപിക്കപ്പെടുന്ന ഈ വിഭാഗത്തില്‍ ഉള്‍പെടാതിരിക്കാന്‍ ബുദ്ധിയുള്ളവന്‍ സൂക്ഷ്മത പാലിക്കുക തന്നെ ചെയ്യും.
കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് റമദാനില്‍ സദ്കര്‍മങ്ങള്‍ ചെയ്യാന്‍ അല്ലാഹു പ്രോല്‍സാഹിപ്പിച്ചത് വിശ്വാസി തന്റെ ജീവിതകാലം മുഴുവന്‍ പ്രസ്തുത ശീലം മുറുകെ പിടിക്കാനാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ കേവലം ഒരു പരിശീലന പാഠശാല മാത്രമായിരുന്നു. അവന്റെ ജീവിതത്തില്‍ സദ്കര്‍മങ്ങള്‍ പ്രസരിക്കുകയും, അവയെ കൂട്ടായി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
വിശിഷ്യ, ഓരോ ദിവസം കഴിയുംതോറും അവന്റെ അവധി അവസാനിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രതീക്ഷകള്‍ അകലുകയും, റബ്ബിലേക്ക് അടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരുവന്റെ അവസാനനാളുകളിലെ ഈമാനികനിലവാരം അനുസരിച്ചുള്ള കര്‍മങ്ങളാണ് വിലയിരുത്തപ്പെടുക.അതിനാല്‍ റമദാനില്‍ കുറെ കര്‍മങ്ങള്‍ ചെയ്യുകയും പിന്നീടുള്ള മാസങ്ങളില്‍ അവ ഉപേക്ഷിക്കുകയും ചെയ്തവന്‍ അനുഗ്രഹിക്കപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നവന്റെ റമദാനിലെ കര്‍മങ്ങള്‍ പാഴായിപ്പോവുകയായിരിക്കും ഫലം.
Add Comment