Eid

പെരുന്നാള്‍ ചിന്തകള്‍

അനുഗ്രഹീത ചെറിയ പെരുന്നാളിന്റെ പ്രശോഭിതമായ പ്രഭാതത്തിലാണ് നാമുള്ളത്. ഖുര്‍ആന്റെയും, നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും മാസമായ റമദാനെ നാം യാത്രയാക്കിയിരിക്കുന്നു. അതിന്റെ രാപ്പകലുകള്‍ നമ്മില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. നോമ്പ് മുഖേനെ കേവലം വിശപ്പും ദാഹവും മാത്രം ലഭിച്ചവര്‍ പരാജയപ്പെട്ടത് തന്നെ. രാത്രി നമസ്‌കാരം കൊണ്ട് ക്ഷീണവും ഉറക്കമിളക്കലും മാത്രം നേടിയവര്‍ ദുഖിച്ചത് തന്നെ. റമദാനില്‍ നോമ്പൊഴിവാക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തവര്‍ നശിച്ചിരിക്കുന്നു. സ്വീകാര്യമായ സുകൃതങ്ങള്‍ ചെയ്തവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു.

റമദാന്റെ അവസാന രാവില്‍ അലി(റ) ഇപ്രകാരം വിളിച്ച് പറയാറുണ്ടായിരുന്നു (കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടവനെവിടെ…

നമുക്കവനെ അഭിനന്ദിക്കാം. നന്മകള്‍ നഷ്ടപ്പെട്ടവനെവിടെ? നമുക്ക് അവന്റെ കാര്യത്തില്‍ അനുശോചിക്കാം). ഇതിനോട് സദൃശ്യമായ ഉദ്ധരണികള്‍ ഇബ്‌നു മസ്ഊദ്(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. നമുക്കും ഇത് തന്നെ ആവര്‍ത്തിച്ച് ഉച്ചരിക്കാം.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഖുത്തുബ നിര്‍വഹിക്കാനായി എഴുന്നേറ്റ് നിന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) ഇപ്രകാരം പറഞ്ഞു (ജനങ്ങളേ, നിങ്ങള്‍ അള്ളാഹുവിനായി മുപ്പത് ദിവസം നോമ്പെടുത്തു. മുപ്പത് രാവുകളില്‍ എഴുന്നേറ്റ് നമസ്‌കരിച്ചു. അവയെല്ലാം സ്വീകരിക്കണമെന്നാവവശ്യപ്പെട്ടാണ് നിങ്ങളിന്ന് പുറപ്പെട്ടിരിക്കുന്നത്).

ശവ്വാലിന്റെ ആദ്യദിനത്തിലാണ് നാമിപ്പോഴുള്ളത്. റമദാനില്‍ നിന്ന് നാമെന്ത് പ്രയോജനമാണെടുത്തതെന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. ദൈവബോധം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ദേഹേഛയോടും തന്നിഷ്ടത്തോടും പോരാടാനുള്ള മനസ്സ് അത് നമ്മില്‍ സൃഷ്ടിച്ചിട്ടുണ്ടോ? പള്ളിയോടും, വിശുദ്ധ ഖുര്‍ആനോടും ഹൃദയ ബന്ധം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതല്ല അവയെല്ലാം മാറ്റിവെച്ച് റമദാന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തന്നെ നാമിനിയും മടങ്ങുമോ?

മഹത്തായ റമദാനില്‍ നാം അല്ലാഹുവിന് ഭക്തിയും, നന്മയും, നൈരന്തര്യവും കാണിച്ച് കൊടുക്കുകയുണ്ടായി. ധാരാളം ആരാധനകളും, വിധേയത്വവും അവന് മുന്നില്‍ പ്രകടിപ്പിച്ചു. നാം റമദാനില്‍ പ്രവര്‍ത്തിച്ചവയൊക്കെയും ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

അല്ലാഹുവിലേക്ക് മുഖം തിരിച്ചതിന് ശേഷം നാം ഒരിക്കലും പിന്തിരിഞ്ഞ് കളയരുത്. അല്ലാഹുവിന്റെ വീടുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം നാമത് ഉപേക്ഷിക്കരുത്. പാരായണം ചെയ്തതിന് ശേഷം നാം ഖുര്‍ആനെ മാറ്റിവെക്കരുത്. അല്ലാഹുവിനോട് കരാറെടുത്ത ശേഷം അത് ലംഘിക്കുന്നവരാവരുത് നാം.

ജുമുഅയോ, ജമാഅത്തോ ഉപേക്ഷിക്കാന്‍ നമുക്ക് ന്യായങ്ങളൊന്നുമില്ല. പ്രാര്‍ത്ഥനയുടെയും നന്മയുടെയും സദസ്സുകളില്‍ നിന്ന് നാം അകന്ന് പോവരുത്. റമദാന് ശേഷം ഇനി നിഷിദ്ധമായ ഒരുറുള ഭക്ഷണം പോലും സമ്പാദിക്കുകയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

എല്ലാ സന്ദര്‍ഭത്തിലും ദൈവികമാര്‍ഗത്തില്‍ നാം ഉറച്ച് നില്‍ക്കേണ്ടതുണ്ട്. എപ്പോഴാണ് മരണത്തിന്റെ മാലാഖ നമ്മെ സമീപിക്കുകയെന്ന് പറയാനാവില്ല. നാം തിന്മയിലായിരിക്കുമ്പോഴാണ് അത് സംഭവിക്കുന്നതെങ്കില്‍ നാം ദൗര്‍ഭാഗ്യവാന്മാര്‍ തന്നെ.

നമ്മുടെ പെരുന്നാള്‍ അല്ലാഹുവിങ്കലേക്കുള്ള മടക്കമാണ്. പ്രവാചകന്റെ ചര്യയാണ് നമുക്കതില്‍ മാതൃക. വീട്ടില്‍ ഖുര്‍ആനിക മാര്‍ഗം സ്ഥാപിച്ചവര്‍ക്കും, വീടിനെ പ്രാര്‍ത്ഥനകള്‍ കൊണ്ട് അലങ്കരിച്ചവര്‍ക്കുമുള്ളതാണ് പെരുന്നാള്‍. നമ്മോട് ബന്ധം മുറിച്ചവനിലേക്ക് നാം ചേര്‍ക്കുകയും, നമ്മില്‍ നിന്ന് തടഞ്ഞ് വെച്ചവന് നാം നല്‍കുകയും, നമ്മോട് അക്രമം പ്രവര്‍ത്തിച്ചവന് നാം പൊറുത്ത് കൊടുക്കുകയും ചെയ്യലാണ്.

പെരുന്നാള്‍ ദിനത്തില്‍ എല്ലാ വെറുപ്പും മാറ്റിവെച്ച് നമ്മുടെ ഹൃദയങ്ങള്‍ ഒന്നിക്കുന്നതിന് പെരുന്നാളിനെ നാം വേദിയാക്കേണ്ടിയിരിക്കുന്നു.

പെരുന്നാളിന്റെ ഈ സുപ്രഭാതത്തില്‍ നമുക്ക് പരസ്പരം ഹസ്തദാനം ചെയ്യാം. നല്ല വര്‍ത്തമാനങ്ങള്‍ പറയാം. കുടുംബ ബന്ധം ചേര്‍ക്കാം. വിദ്വേഷവും, പകയും ഹൃദയത്തില്‍ നിന്ന് കഴുകിക്കളയാം.