നന്മയുടെ മാസം പൂര്‍ത്തിയാവുകയും പെരുന്നാള്‍ പ്രഭാതം പുലരുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് അവന്റെ സാമീപ്യം കൊതിച്ച് വിശ്വാസികള്‍ മത്സരിച്ച നാളുകള്‍ക്ക് ശേഷമാണ് പെരുന്നാളിന്റെ മധുരം നുണയുന്നത്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതിലേക്ക് വിശ്വാസികള്‍ ഓരോ പടവുകള്‍ ചവിട്ടിക്കയറുകയാണ്. റമദാന്‍ മുഖേനെ പാപമോചനം ലഭിച്ചവര്‍ക്ക് മംഗളം. റമദാന്റെ നന്മ തടയപ്പെട്ടവന് നാശം.
മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ അവസ്ഥ ശത്രുക്കള്‍ അതിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ്.
നിലവിലുള്ള സാഹചര്യത്തില്‍ നമ്മുടെ ഉമ്മത്ത് അഭിമുഖീകരിക്കുന്നത് പ്രസ്തുത സാഹചര്യമാണ്. ചിന്നഭിന്നമായ മുസ്ലിം നാടുകളില്‍ വിവിധങ്ങളായ പദ്ധതികളിലൂടെ ശത്രുക്കളുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നു. അവിടത്തെ വിഭവങ്ങള്‍ അവര്‍ ഊറ്റിയെടുക്കുന്നു. അവിടത്തെ മുസ്ലിംകളെ അരികുവല്‍ക്കരിച്ച് അവരവിടെ അടക്കി ഭരിക്കുന്നു. ഏറ്റവും ഉയര്‍ന്നതിന് പകരം ഏറ്റവും താഴ്ന്നത് കൊണ്ട് ഈ ഉമ്മത്ത് തൃപ്തിപ്പെടുന്നു. സല്‍ക്കര്‍മികള്‍ക്കാണ് ഭൂമിയുടെ അനന്തരാവകാശമെന്ന് ഖുര്‍ആന്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് ആധിപത്യം നല്‍കുകയാണ് തന്റെ നടപടിക്രമമെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ഈ ഉമ്മത്തിന് ലോകത്തിന്റെ നേതൃസ്ഥാനവും അധികാരവും നല്‍കണമെന്നതാണ് അല്ലാഹുവിന്റെ തീരുമാനം.
നിലവില്‍ മുസ്ലിം ഉമ്മത്ത് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാന ലക്ഷ്യവും ഇത് തന്നെയാണ്. നഷ്ടപ്പെട്ട് പോയ കിരീടം വീണ്ടെടുക്കാനുള്ള പാതയിലാണ് ഈ ഉമ്മത്ത്. പരീക്ഷണങ്ങളാണ് ഈ സമൂഹത്തെ ശുദ്ധീകരിക്കുന്നത്. അല്ലാഹു ഈ സമൂഹത്തെ വെറുതെ പീഢിപ്പിക്കുകയല്ല, മറിച്ച് അടിസ്ഥാനപരമായ ലക്ഷ്യത്തിലേക്ക് അവരെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. തന്റെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇസ്ലാമിനെ എടുത്തണിഞ്ഞവരുടെ പൊള്ളത്തരം ഈ പരീക്ഷണം തുറന്ന് കാട്ടുകയും ചെയ്യും.
വിഷമത്തിന്റെ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കുകയും, പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യും. പ്രതിസന്ധികളുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് സംസ്‌കരണ നേതൃത്വവും, വിജയ നായകരും ജനിക്കുന്നത്. ഈ സമൂഹത്തെ പരീക്ഷിക്കുന്നതിന്റെ മറ്റൊരു ഉദ്ദേശ്യം അല്ലാഹുവിലേക്ക് അവരെ മടക്കുകയെന്നതാണ്. അല്ലാഹുവിലേക്ക് അഭയം തേടി അവനോട് പ്രാര്‍ത്ഥിച്ച് അവനില്‍ ഭരമേല്‍പിച്ച് ജീവിക്കുകയെന്ന മഹത്തായ ദൗത്യത്തിലേക്ക് ഉമ്മത്തിനെ സജ്ജീകരിക്കുന്നത് ഈ പരീക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള നിര്‍ണായക സന്ദര്‍ഭങ്ങളാണ് വിഷമാവസ്ഥകളില്‍ പ്രവാചകന്‍മാര്‍ സ്വീകരിച്ച നയങ്ങളെക്കുറിച്ച് പഠിക്കാന്‍ നമ്മെ പ്രേരിപ്പിക്കുക. പ്രവാചകന്മാരുടെ മാര്‍ഗം കുറ്റമറ്റതും, സുരക്ഷിതവുമാണല്ലോ. പ്രവാചക സമീപനത്തിലെ ഏറ്റവും മഹത്തായ പാഠം അല്ലാഹുവിനെക്കുറിച്ച ശുഭപ്രതീക്ഷയാണ്. തീയിലെറിയപ്പെട്ടപ്പോള്‍ ഇബ്രാഹീം നബിയും, ശത്രുക്കള്‍ നാനാഭാഗത്ത് നിന്നും ആക്രമണം നടത്തിയപ്പോള്‍ മുഹമ്മദ്(സ)യും പറഞ്ഞത് (ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ എത്ര നല്ലവനാണ് അവന്‍) എന്നായിരുന്നു. അക്രമിയായ ഭരണാധികാരിക്കും, ആഞ്ഞടിക്കുന്ന സമുദ്രത്തിനുമിടയില്‍ ഉപരോധിക്കപ്പെട്ട മൂസാ(അ) പറഞ്ഞത് (എന്റെ കൂടെ എന്റെ നാഥനുണ്ട്, അവന്‍ എനിക്ക് വഴികാണിക്കുന്നതാണ്).
പ്രവാചകന്മാരുടെ മാര്‍ഗത്തിന്റെ രണ്ടാമത്തെ സവിശേഷത ക്ഷമയും സഹനവുമാണ്. പരീക്ഷണങ്ങളില്‍ സഹനമവലംബിക്കുകയും ആത്മവിചാരണ നടത്തുകയുമാണ് അവര്‍ ചെയ്തിരുന്നത്. അതിന് സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള വഴി നമസ്‌കാരം തന്നെയാണ്. പ്രവാചകന്മാരുടെ മറ്റൊരു മാതൃക നിര്‍ണായ നിമിഷങ്ങളില്‍ വിജയത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.
ഇപ്രകാരം പ്രതിസന്ധികളുടെ സന്ദര്‍ഭത്തില്‍ പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റുന്ന പക്ഷം ഈ ഉമ്മത്തിന് വിജയം ഉറപ്പാണ്. കാരണം ആകാശഭൂമികളെ സൃഷ്ടിച്ച, പ്രപഞ്ചത്തെ സംവിധാനിച്ച നാഥനില്‍ നിന്നുള്ള മാര്‍ഗരേഖയാണ് അത്. അല്ലാഹുവിനെ സഹായിച്ചവരെ അവന്‍ സഹായിക്കുന്നതാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഈ വാഗ്ദാനം പ്രവാചക സമൂഹത്തിലും ഉത്തമ ഇസ്ലാമിക തലമുറകളിലും പുലര്‍ന്നതായി ചരിത്രം സാക്ഷി പറയുന്നു. നമുക്കും പ്രവാചകന്മാരുടെ ഉത്തമ മാതൃക കടമെടുത്ത് ഈ നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തത്തെ നേരിടാം. ‘അല്ലാഹുവെ, നീയല്ലാതെ ഞങ്ങള്‍ക്കാരുമില്ല’ എന്ന പ്രഖ്യാപനവുമായി നമുക്ക് തിന്മകള്‍ക്കെതിരെ സമരം പ്രഖ്യാപിക്കാം.
Add Comment