Eid

നന്മ തുടര്‍ന്ന് പെരുന്നാള്‍

വിശ്വാസികളെന്ന് അല്ലാഹു അഭിസംബോധന ചെയ്തവരാണ് നാം. അത് മുഖേനെ അല്ലാഹു നമ്മെ ആദരിക്കുകയും, ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു നമ്മോട് സ്വയം വിചാരണ നടത്താന്‍ കല്‍പിച്ചിരിക്കുന്നു. അത് മുഖേനെ സ്വര്‍ഗത്തിലേക്ക് മുന്നേറാന്‍ നമുക്ക് സാധിച്ചേക്കും. നന്മയുടെ കവാടങ്ങള്‍ അടക്കപ്പെടുന്നതിന്, കര്‍മരേഖ അടച്ച് വെക്കുന്നതിന് മുമ്പ് നമുക്ക് അല്ലാഹുവിലേക്ക് മടങ്ങാം. (വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്ക് വേണ്ടി എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് ഓരോ ആത്മാവും പരിശോധിച്ച് കൊള്ളട്ടെ). ഹശ്ര്‍ 18.

കര്‍മത്തിന്റെ ഭവനമായ ഇഹലോകത്ത് നിന്ന് പ്രതിഫലത്തിന്റെ ഭവനമായ പരലോകത്തേക്ക് മടങ്ങാനുള്ളവരാണെന്ന കാര്യം നാം വിസ്മരിക്കരുത്.

അതിനാല്‍ നമുക്ക് അല്ലാഹുവിന്റെ വിചാരണ നേരിടുന്നതിന് വേണ്ടി തയ്യാറെടുക്കാം. സല്‍ക്കര്‍മങ്ങള്‍ മുഖേനെ നമുക്ക് അതിന് വേണ്ട പാഥേയമൊരുക്കാം. ഓരോ ദിവസം കഴിയുംതോറും നാം പരലോകത്തേക്ക് അടുത്ത് കൊണ്ടേയിരിക്കുകയാണ്. അബൂബക്ര്‍(റ) പറയുന്നു (മരണം പാദരക്ഷയുടെ വാറിനോട് ചേര്‍ന്ന് നില്‍ക്കേയാണ് ഓരോരുത്തരും പുതിയ പ്രഭാതത്തെ സ്വീകരിക്കുന്നത്). ഉമര്‍(റ) പറയുന്നു (വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം വിചാരണ നടത്തുക. കര്‍മങ്ങള്‍ തൂക്കപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ തൂക്കുക. അല്ലാഹുവിന്റെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കേണ്ട ആ മഹത്തായ നാളിനായി തയ്യാറെടുക്കുക).

പിശാചിന്റെ കാര്യത്തില്‍ അല്ലാഹു നമുക്ക് താക്കീത് നല്‍കിയിരിക്കുന്നു. അവന്‍ നിങ്ങളെ വഴി തെറ്റിക്കുകയോ, നാശത്തിലേക്ക് തള്ളുകയോ ചെയ്യാതിരിക്കട്ടെ. അല്ലാഹു ആട്ടിയോടിച്ചപ്പോള്‍ അടിമകളെ വഴിതെറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയവനാണ് അവന്‍. അവന്‍ അതിന് വേണ്ടി പതിയിരിക്കുകയാണ്. ധാരാളം അടിമകളെ വഴി തെറ്റിക്കുന്നതില്‍ അവന്‍ വിജയിക്കുകയുണ്ടായി. മുസ്ലിം സമൂഹം വിവിധ കക്ഷികളായി ചിദ്രിക്കുകയും പരസ്പരം കലഹിക്കുകയും ചെയ്തു. അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കാത്തവര്‍ അവരിലുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ മദ്യവും പലിശയും പോലുള്ളവ അനുവദനീയമാക്കിയവര്‍ അവരിലുണ്ട്. നോമ്പ് സകാത്ത് പോലുള്ള് ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തവരും അവരിലുണ്ട്. നമസ്‌കാരത്തിന് യാതൊരു വിലയും കല്‍പിക്കാത്തവര്‍ അവരിലുണ്ട്. സോഷ്യലിസത്തിന്റെ പേരില്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭുജിക്കുന്നവരും അവരിലുണ്ട്. തല്‍ഫലമായി മുസ്ലിം ഉമ്മത്ത് ദുര്‍ബലപ്പെടുകയും നിന്ദിക്കപ്പെടുകയുമുണ്ടായി. ശത്രുക്കളുടെ കൈകളില്‍ ചോറുരുള പോലെയായി അവരുടെ അവസ്ഥ. ശത്രുക്കള്‍ മുസ്ലിംകള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും നട്ട് വളര്‍ത്തി. മുസ്ലിം ഉമ്മത്ത് ചിന്നഭിന്നമായി. അവരെ തമ്മിലടിപ്പിക്കുന്നതിനായി പഴയതും പുതിയതുമായ ആയുധങ്ങള്‍ നല്‍കി ശത്രുക്കള്‍ സഹായിച്ചു. (സ്വയം പരിവര്‍ത്തിതമാവുന്നത് വരെ ഒരു സമൂഹത്തെയും അല്ലാഹു പരിവര്‍ത്തിപ്പിക്കുകയില്ല). അര്‍റഅ്ദ് 11.

മുസ്ലിം ഉമ്മത്തിന് മയക്കത്തില്‍ നിന്നും ഉണരാന്‍ സമയമായിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ കല്‍പനയാണ് അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ച് നില്‍ക്കാത്തിടത്തോളം കാലം ഈ ഉമ്മത്തിന് നഷ്ടപ്പെട്ടുപോയ പ്രതാപവും മഹത്വവും തിരിച്ച് പിടിക്കാനാവില്ല.

നോമ്പെടുക്കാനും, ആരാധനകള്‍ നിര്‍വഹിക്കാനും ആയുസ്സ് നല്‍കിയ അല്ലാഹുവിന് നമുക്ക് നന്ദി പ്രകടിപ്പിക്കാം. സല്‍ക്കര്‍മങ്ങളുടെ മാര്‍ഗത്തില്‍ നമുക്കിനിയും കഠിനാധ്വാനം ചെയ്യാം. ഒരു കര്‍മം സ്വീകരിക്കപ്പെട്ടതിന്റെ അടയാളം അതിനെ തുടര്‍ന്ന് മറ്റ് നന്മകള്‍ ചെയ്യുകയെന്നതാണ്. നന്മകള്‍ക്ക് ശേഷം തിന്മകളാണ് നാം ചെയ്യുന്നതെങ്കില്‍ നമ്മുടെ കര്‍മങ്ങള്‍ തള്ളപ്പെട്ടുവെന്നാണ് അര്‍ത്ഥം.

അതിനാല്‍ റമദാന് ശേഷം നമുക്ക് ശവ്വാലിലെ ആറ് നോമ്പുകള്‍ അനുഷ്ടിക്കാം. അത് മുഖേനെ വര്‍ഷം മുഴുവന്‍ നോമ്പെടുത്തതിന്റെ പ്രതിഫലമാണ് നമുക്ക് ലഭിക്കുക. അഞ്ച് നേരത്തെ നമസ്‌കാരം ജമാഅത്തായി പള്ളിയില്‍ ചെന്ന് നമസ്‌കരിക്കാം. ദീനിന്റെ അടിസ്ഥാനമാണ് അത്. ദീനില്‍ നിന്ന് ഏറ്റവും അവസാനമായി നഷ്ടപ്പെടുക അതാണ്. അത് ബോധപൂര്‍വം ഉപേക്ഷിക്കുന്നവന്‍ ദീനില്‍ നിന്ന് പുറത്താണ്. ശത്രുക്കളുടെ സംസ്‌കാരത്തെ ഹൃദയത്തില്‍ നിന്നും ജീവിതരീതിയില്‍ നിന്നും നമുക്ക് മാറ്റിവെക്കാം. ഒരു സമൂഹത്തോട് സാദൃശ്യപ്പെട്ടവന്‍ അവരില്‍ പെട്ടവനാണ്.

നമുക്ക് നമ്മുടെ കര്‍മങ്ങള്‍ പരിശോധിക്കാം. പ്രവാചകന്റെ കര്‍മങ്ങളോട് അവ യോജിക്കുന്നുണ്ടോ? അതുമുഖേനെയാണ് നമുക്ക് നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. നരകത്തെ സഹിക്കാന്‍ ശേഷിയുള്ളവരല്ല നാം. അല്ലാഹു നമ്മെ അതില്‍ നിന്ന് രക്ഷിക്കട്ടെ.

പ്രവാചക മാതൃക പിന്‍പറ്റി കര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചവര്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനാണ് നമുക്ക് സന്മാര്‍ഗം കാണിച്ച് തന്നത്. കര്‍മങ്ങള്‍ പ്രവാചകമാതൃകയില്‍ നിന്ന് വ്യതിചലിച്ചവര്‍ പശ്ചാത്തപിക്കട്ടെ. അവര്‍ക്ക് തങ്ങളുടെ കര്‍മം നന്നാക്കാനുള്ള അവസരമാണ് ഇത്. വിധി വന്നിറങ്ങുന്നതിന് മുമ്പ് അതിനെ സ്വീകരിക്കാന്‍ സല്‍കര്‍മം കൊണ്ട് തയ്യാറെടുക്കുന്നവനാണ് വിശ്വാസി.

അല്ലാഹുവിനോടുള്ള ബാധ്യതയില്‍ ഒരുപാട് വീഴ്ചകള്‍ വരുത്തിയവരാണ് നാം. അല്ലാഹുവിന്റെ കല്‍പനകള്‍ നാം എത്ര ധിക്കാരത്തോടെയാണ് അവഗണിക്കുന്നത്! അന്ത്യനാള്‍ വരുന്നതിന് മുമ്പ്, അല്ലാഹുവിന്റെ കോപം വന്നിറങ്ങുന്നതിന് മുമ്പ് നമുക്ക് കര്‍മങ്ങളെ നന്നാക്കിയെടുക്കാം.