Eid

നമുക്കിനി നീതി നടപ്പാക്കാം

പുതുവസ്ത്രം അണിഞ്ഞ് പെരുന്നാളിന് സാക്ഷികളായിരിക്കുന്നു നാം. നോമ്പും നമസ്‌കാരവും സകാത്തും നിര്‍വഹിച്ചതിന് ശേഷമാണ് നാമിവിടെ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നത്. നാം അല്ലാഹു ഏകനാണെന്ന് പ്രഖ്യാപിക്കുകയും, അവനോട് വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു. അവനില്‍ പ്രതീക്ഷയര്‍പിച്ച് അവനിലേക്ക് മടങ്ങിയിരിക്കുന്നു നാം. നാമിവിടെ അനുഗ്രഹമാസ്വദിച്ച് ജീവിക്കുകയും നന്മകള്‍ വാരിവിതറുകയും ചെയ്യുന്നു.

പ്രപഞ്ചത്തെ പരിപാലിക്കേണ്ടതിന്റെയും, ആകാശഭൂമികള്‍ നിലകൊള്ളേണ്ടതിന്റെയും, നാട് നന്നാവേണ്ടതിന്റെയും അടിസ്ഥാനം നീതിയും സത്യവുമാണ്. അല്ലാഹു വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും പ്രവാചകന്മാരെ നിയോഗിച്ചതും അതിന് വേണ്ടിയായിരുന്നു.

സമൂഹങ്ങള്‍ പാഴാക്കിയതില്‍ ഇതിനേക്കാള്‍ വിലകൂടിയ മറ്റൊന്നില്ല. രാഷ്ട്രങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ അതിനേക്കാള്‍ മഹത്തരമായ മറ്റൊന്നില്ല. അതിനാലാണ് കുഴപ്പങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തത്. അതിന്റെ പേരിലാണ് നീണ്ട കാലത്തോളം യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവ കുഴിച്ച് മൂടപ്പെട്ടത് കൊണ്ടാണ് ലോകത്ത് നാശവും അരാജകത്വവും വ്യാപിച്ചത്. (നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ സന്ദേശങ്ങളുമായി നിയോഗിച്ചു. അവരുടെ കൂടെ നാം വേദഗ്രന്ഥങ്ങളും തുലാസും ഇറക്കി. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാനായിരുന്നു അത്. നാം ഇരുമ്പും ഇറക്കുകയുണ്ടായി. അതിന് നല്ല ശക്തിയും, ജനങ്ങള്‍ക്കതില്‍ ഉപകാരവും ഉണ്ട്. അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അദൃശ്യത്തില്‍ ആരാണ് സഹായിക്കുന്നതെന്ന് അവന് അറിയുന്നതിന് വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും ശക്തിയുള്ളവനുമാണ്).

അല്ലാഹു നീതിയും നന്മയും കല്‍പിച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് സൂചിപ്പിക്കുന്നു. അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും വിലക്കുന്നു. തനിക്ക് പ്രിയപ്പെട്ടവര്‍ക്കും ഉറ്റമിത്രങ്ങള്‍ക്കും എതിരാണെങ്കില്‍ പോലും നീതിക്ക് സാക്ഷ്യം വഹിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുമ്പോള്‍ മാനദണ്ഡം നീതിയായിരിക്കണമെന്ന് നിര്‍ദേശിക്കുന്നു. ശത്രുക്കളോട് പോലും ഇതിന് വിരുദ്ധമായ സമീപനം സ്വീകരിക്കാവതല്ലെന്ന് അല്ലാഹു വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു.

നേതാക്കളുടെയും ഭരണാധികാരികളുടെയും നീതിയേക്കാള്‍ മനോഹരമായ, സമ്പൂര്‍ണമായ ഒന്നും തന്നെയില്ല. അത് മുഖേനെയാണ് ഒരു നാട്ടില്‍ നന്മയും അനുഗ്രഹവും വര്‍ഷിക്കുക. പ്രജകളുടെ ഹൃദയത്തില്‍ സമാധാനവും ശാന്തിയും നിറക്കുക. അതിനാലാണ് അല്ലാഹു അന്ത്യാനാളില്‍ പ്രത്യേകം തണലേകുന്ന ഏഴ് വിഭാഗങ്ങളിലൊന്നില്‍ നീതിമാനായ ഭരണാധികാരിയെ പ്രവാചകന്‍(സ) എണ്ണിയത്. എന്നല്ല പ്രാര്‍ത്ഥനകള്‍ തള്ളപ്പെടാത്ത മൂന്ന് വിഭാഗങ്ങളില്‍ ഒന്നാമതായി തിരുമേനി(സ) സൂചിപ്പിച്ചത് നീതിമാനായ ഭരണാധികാരി ആയിരുന്നു.

 

ഈ ഉമ്മത്തിലെ ആദ്യ തലമുറയില്‍ നീതി പുലര്‍ന്നപ്പോള്‍ അവര്‍ക്ക് മേല്‍ നന്മയും ഐശ്വര്യവും വര്‍ഷിക്കപ്പെടുകയുണ്ടായി. വിശ്വാസികള്‍ തങ്ങളുടെ ഭരണാധികാരികളെ സ്‌നേഹിക്കുകയും അവരെ ഗുണദോഷിക്കുകയും ചെയ്തു. അവരെ അനുസരിക്കുകയും, പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടെ ഭരണാധികാരികളും പ്രജകളും തമ്മിലുള്ള ബന്ധം വേലിയേറ്റവും വേലിയിറക്കവും പോലെയായി. നീതി പുലര്‍ത്തേണ്ട ഭരണാധികാരികള്‍ അക്രമം കാണിച്ച് തുടങ്ങി. അല്ലാഹു ഇറക്കിയ വിധികള്‍ക്ക് ഭരണത്തില്‍ പങ്കില്ലാതായി. സ്വന്തം കുടുംബത്തില്‍ ബന്ധുക്കളോടൊപ്പം ജീവിക്കെ തന്നെ അപരിചിതത്വം അനുഭവിച്ചു മുസ്ലിംകള്‍. മതത്തിന്റെ പേരില്‍ അവര്‍ പീഢിപ്പിക്കപ്പെടുകയും അവരുടെ രക്തം ചിന്തപ്പെടുകയും ചെയ്തു. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കപ്പെടുകയും ആരാധനകളിലേക്ക് ചാരക്കണ്ണുകളെത്തുകയും ചെയ്തു. നിഷേധികളുടെ പല സമ്പ്രദായങ്ങളും അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ടു.

ഇപ്രകാരം ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമിടയില്‍ ഭീമമായ വിടവ് രൂപപ്പെട്ടു. ജനങ്ങള്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുകയും, വന്യമൃഗങ്ങളെപ്പോലെ മുരളുകയും ചെയ്തു. കോപത്തിന്റെ കടല്‍ അവരുടെ ഹൃദയങ്ങളില്‍ ഇളകി മറിഞ്ഞു. അവര്‍ തങ്ങളുടെ ഭരണാധികാരികളെ സിംഹാസനത്തില്‍ നിന്നും വലിച്ചിറക്കി. തെരുവിലിട്ട് തല്ലിച്ചതച്ചു. തങ്ങളുടെ സകല പ്രതികാരവും അവര്‍ക്ക് മേല്‍ ചൊരിഞ്ഞു. തിരുമേനി(സ) പറയുന്നു (നിങ്ങളിലെ നല്ല നേതാക്കള്‍, നിങ്ങളവരെ സ്‌നേഹിക്കുകയും അവര്‍ നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. നിങ്ങള്‍ വെറുക്കുന്ന, നിങ്ങളെ വെറുക്കുന്ന ഭരണാധികാരികളാണ് ഏറ്റവും വൃത്തികെട്ടവര്‍. നിങ്ങളവരെ ശപിക്കുകയും അവര്‍ നിങ്ങളെ ശപിക്കുകയും ചെയ്യുന്നു).

അക്രമത്തെ നേരിടുകയും അതിനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുകയെന്നത് ഈ ഉമ്മത്തിന്റെ ബാധ്യതയാണ്. സമൂഹത്തിന്റെ സുരക്ഷിതത്തിന് അത് അനിവാര്യവുമാണ്. അല്ലാത്ത പക്ഷം ഈ സമൂഹം ഒന്നടങ്കം നശിച്ച് പോവുന്നതാണ്. തിരുമേനി(സ) പറയുന്നു (അക്രമിയെ കാണുകയും അവനെ പിടിച്ച് വെക്കുകയും ചെയ്യാത്ത സമൂഹത്തെ അല്ലാഹു തന്റെ ശിക്ഷ കൊണ്ട് പൊതിയുന്നതാണ്).