Eid Special Coverage ഈദുല്‍ ഫിത്വര്‍

ഈദുല്‍ ഫിത്ര്‍ : ചില മുന്നൊരുക്കങ്ങള്‍

വിശ്വാസികളുടെ മനസ്സില്‍ കുളിര്‍ മഴയായി ഈദ് സമാഗതമാവുകയാണ്. ഒരു മാസക്കാലം നീണ്ടുനിന്ന നോമ്പും ഖുര്‍ആന്‍ പാരായണവും നിശാ നമസ്‌ക്കാരവും പാപമോചന പ്രാര്‍ത്ഥനകളും ശുദ്ധീകരിച്ച മനസ്സോടെയാണ് വിശ്വാസി ഈദിനെ വരവേല്‍ക്കുന്നത്. വിശ്വാസി അനുഷ്ഠിച്ച വ്രതവും, നീരുകെട്ടിയ കാലില്‍ നിന്നുകൊണ്ടുള്ള രാത്രി നമസ്‌ക്കാരങ്ങളും ഇഅ്തികാഫിന്റെ രാത്രിയില്‍ നനുത്ത ശബ്ദത്തില്‍ കരഞ്ഞുകൊണ്ടുള്ള പാപമോചന പ്രാര്‍ത്ഥനകളും അവനെ അല്ലാഹുവിലേക്ക് ഏറെ അടുപ്പിച്ചിരിക്കുന്നു. ഈ മാസത്തില്‍ അവന്‍ നേടിയെടുത്ത ദൈവ സാമീപ്യം വഴി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലങ്ങള്‍ അവന് ലഭിക്കുമെന്ന ആത്മവിശ്വാസം വിശ്വാസിക്ക്  നല്‍കുന്നുണ്ട്.

ഈയൊരാത്മവിശ്വാസത്തോടെയാണ് വിശ്വാസി, പെരുന്നാള്‍ ദിവസം ഈദ് ഗാഹിലേക്ക് നടന്നടുക്കുക. ഓരോ കാലടികളിലും എന്റെ നോമ്പും റമദാനിലെ കര്‍മങ്ങളും സ്വീകരിക്കേണമേ എന്ന പ്രാര്‍ത്ഥനയിലായിരിക്കും അവന്‍. പെരുന്നാള്‍ ആഘോഷത്തിനുള്ള ചില ഒരുക്കങ്ങളാണ് ചുവടെ.

1. ഈദ്ഗാഹിലേക്ക് പോകാന്‍ ഒരുങ്ങുക.
കുളിച്ച് ശുദ്ധിയായി വൃത്തിയോടെ പുതിയ വസ്ത്രങ്ങള്‍ ധരിച്ചുവേണം ഈദ് ഗാഹിലേക്ക് പോകാന്‍. ഇമാം മാലിക്ക് അദ്ദേഹത്തിന്റെ ‘മുവത്വ’യില്‍ ഉദ്ധരിച്ചത് ഇങ്ങനെ: ‘ഇബ്‌നു ഉമര്‍ (റ) ഈദുല്‍ ഫിത്ര്‍ ദിവസം മുസല്ലയിലേക്ക് പോകുന്നതിന് പ്രത്യേകം ഒരുങ്ങുമായിരുന്നു.’
പ്രവാചകന്‍ തിരുമേനിയെ കണിശമായി പിന്‍പറ്റിയിരുന്ന സഹാബിയായിരുന്നു ഇബ്‌നു ഉമര്‍. നബി(സ) ഈദ് ഗാഹിന് പുറപ്പെടുന്നതിന് മുമ്പ് കുളിച്ച് ശുദ്ധിയാകുമായിരുന്നു. നബിയെ അനുകരിച്ച് പുതുവസ്ത്രങ്ങള്‍ ധരിക്കലും ഇബ്‌നു ഉമറിന്റെ പതിവായിരുന്നു.

ഈദുല്‍ ഫിത്വറിലേക്ക് പുറപ്പെടുന്നതിന് മുമ്പേ അല്‍പ്പം ഭക്ഷണം (കാരക്ക, ഈന്തപ്പഴം) കഴിക്കുന്നത് തിരുചര്യയില്‍ പെട്ടതാണ്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഏതാനും ഈന്തപ്പഴങ്ങള്‍ തിന്നിട്ടല്ലാതെ ഈദുല്‍ ഫിത്‌റില്‍ നബി തിരുമേനി ഈദ് ഗാഹിലേക്ക് പോകുമായിരുന്നില്ല.

2. ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി ഈദ്ഗാഹിലേക്ക് പോകുക.
അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം: ‘നബി(സ) രണ്ട് പെരുന്നാളിലും തക്ബീറും തഹ്്‌ലീലുകളും ഉച്ചത്തില്‍ ചൊല്ലിയാണ് പുറപ്പെട്ടത്. ഇബ്‌നു ഉമര്‍(റ) മുസല്ലയില്‍ എത്തുന്നത് വരെ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലിയാണ് വരിക. തക്ബീറിന്റെ രൂപം ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’
നമസ്‌കാര സ്ഥലത്തേക്ക് നടന്നു പോകുന്നതാണ് കൂടുതല്‍ ഉത്തമം. അലി (റ) പറയുന്നു: ‘ഈദ് നമസ്‌കാരത്തിന് നടന്നു പോകല്‍ നബി തിരുമേനിയുടെ ചര്യയില്‍ പെട്ടതാണ്. ഒരു വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോയി, മറ്റൊരു വഴിയിലൂടെ തിരിച്ചു വരല്‍ നബി (സ) യുടെ പതിവായിരുന്നു.’ ജാബിര്‍ (റ) പറയുന്നു: ‘ഈദ് ദിവസത്തില്‍ നബി (സ) വഴി മാറി പോകുമായിരുന്നു.’

ഈദ് നമസ്‌കാരം
സൂര്യന്‍ ഉദിച്ച് അല്‍പ്പ സമയം പിന്നിട്ട ശേഷമാണ് ഈദ് നമസ്‌കാരം നിര്‍വ്വഹിക്കേണ്ടത്. ഈദ് നമസ്‌കാരത്തിന് ‘ബാങ്കോ’ ‘ഇഖാമത്തോ’ ഇല്ല. രണ്ട് റക് അത്തുള്ള പെരുന്നാള്‍ നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ 7 തക്ബീറും രണ്ടാമത്തെ റക്അത്തില്‍ 5 തക്ബീറുമാണുള്ളത്.
ജുമുഅ നമസ്‌കാരത്തിലേത് പോലെ, ഇമാം ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. ഫാതിഹക്ക് ശേഷം, ഒന്നാം റക്അത്തില്‍ സൂറത്തുല്‍ ‘അഅ്‌ലാ’ (സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ) യോ സൂറത്തുല്‍ ‘ഖാഫോ’ ഓതാം. രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ‘ഗാശിയ’ യോ സൂറത്തുല്‍ ‘ഖമറോ’ ഓതാം.
ആയിശ (റ) പറയുന്നു. നബി തിരുമേനി ഈദുല്‍ ഫിത്വറിനും ഈദുല്‍ അദ്ഹായിലും ആദ്യ റകഅ്ത്തില്‍ ഏഴ് തക്ബീറുകളും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലുമായിരുന്നു.
സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന മുസ് ലിം സമൂഹത്തിലെ മുഴുവന്‍ ആളുകളും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതാണ് സുന്നത്ത്. അശുദ്ധിയിലുള്ള സ്ത്രീകള്‍ വരെ പങ്കെടുക്കണമെന്ന് പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ട്. നമസ്‌കാരം ഒഴികെയുള്ള കാര്യങ്ങളില്‍ അവര്‍ക്കും പങ്കാളികളാമല്ലോ.
ഉമ്മു അതിയ്യ (റ) പറയുന്നു. ഈദ് ഗാഹിലേക്ക് ചെല്ലാന്‍ ഞങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ സ്ത്രീകള്‍ ഋതുമതികളും പ്രായമായവരും പ്രസവരക്തമുള്ളവരും അവിവാഹിതകളും ഈദ് ഗാഹിന് പോകും. അങ്ങനെ ഞങ്ങളില്‍ ആര്‍ത്തവകാരികള്‍ മുസ് ലിംകളുടെ ഒത്തുകൂടലിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. നമസ്‌കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യും.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ‘നബി (സ) യോടൊപ്പവും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരോടൊപ്പവും ഞാന്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കാളിയായിട്ടുണ്ട്. അവരെല്ലാവരും നമസ്‌കാരത്തിന് ശേഷമാണ് ഖുതുബ നിര്‍വ്വഹിച്ചത’്. വെള്ളിയായ്ച്ച ദിവസമാണ് പെരുന്നാള്‍ എങ്കില്‍ പെരുന്നാള്‍ നമസ്‌കരിച്ചവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ‘ഇന്ന് രണ്ട് പെരുന്നാളും ഒരുമിച്ച് സമാഗതമായിരിക്കുകയാണ്. ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന് ജുമുഅ ഒഴിവാക്കാം, ഇന്‍ശാ അല്ലാഹ് നാം ജുമുഅ നിര്‍വ്വഹിക്കുന്നതാണ്’.
ഒരു കൂട്ടര്‍ പെരുന്നാള്‍ ഏതു ദിവസമാണന്ന് അറിഞ്ഞില്ല. കുറെ കഴിഞ്ഞാണ് അവര്‍ അതറിഞ്ഞതെങ്കില്‍ അടുത്ത ദിവസം അവര്‍ക്ക് പെരുന്നാള്‍ നമസ്‌കരിക്കാം. ഉമൈറുബ്‌നു അനസ് പറയുന്നു. ‘ഒരു യാത്രാ സംഘം നബിയുടെ അടുക്കല്‍ വന്നു. തങ്ങള്‍ ഇന്നലെ തന്നെ നിലാവ് കണ്ടതായി അറിയിച്ചു. നബി (സ) അപ്പോള്‍ തന്നെ എല്ലാവരോടും നോമ്പു മുറിക്കാന്‍ കല്‍പ്പിച്ചു. അടുത്ത ദിവസം ഈദു ഗാഹില്‍ എത്തിച്ചേരാനും കല്‍പ്പിച്ചു’.
പെരുന്നാള്‍ നമസ്‌കാര ശേഷം മുസ് ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതും പരസ്പരം പ്രാര്‍ത്ഥിക്കുന്നതും സുന്നത്താണ്. ‘നമ്മില്‍ നിന്നും താങ്കളില്‍ നിന്നും അല്ലാഹു സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കട്ടെ’ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്.
ഈദ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സുദിനമാണ്. ഇസ് ലാം വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ട് നിന്ന് ആ ദിവസത്തെ മുസ് ലിംകള്‍ക്ക് ആഘോഷിക്കാം.
നബി (സ) മദീനയില്‍ വന്നപ്പോള്‍ ജനങ്ങള്‍ അവിടെ രണ്ട് ദിവസങ്ങളിലായി കളികളിലും ആഘോഷങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത് കാണാനിടയായി. നബി തിരുമേനി ചോദിച്ചു. ഈ രണ്ട് ദിവസങ്ങള്‍ എന്താണ്? ജനങ്ങള്‍ പറഞ്ഞു: ജാഹിലിയ്യാ കാലം മുതല്‍ ഈ രണ്ട് ദിവസങ്ങള്‍ ഞങ്ങള്‍ ആഘോഷിച്ചു വരുന്നതാണ്. അപ്പോള്‍ നബി (സ) പറഞ്ഞു. ‘അവ രണ്ടിനേക്കാള്‍ ശ്രേഷ്ഠമായ രണ്ട് ദിവസങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് പകരം തന്നിരിക്കുന്നു. ബലി പെരുന്നാളും, ഈദുല്‍ ഫിത്വറുമാണത്’.

മുനീര്‍ മുഹമ്മദ് റഫീഖ്