Eid

ഭിന്നിപ്പിനെ മാറ്റിവെച്ച് നമുക്ക് ഒരുമിക്കാം

Pakistani Muslims share Eid greeting after offering Eid al-Fitr prayers at the historical Badshahi mosque, Sunday, Oct. 14, 2007 in Lahore, Pakistan. Eid al-Fitr marks the end of Muslim’s holy fasting month of Ramadan. (AP Photo/K M Chaudary)

റമദാന്‍ നോമ്പെടുക്കുകയും, നാഥനെ തൃപ്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം സമ്മാനം സ്വീകരിക്കുന്നതിനായി നാം പെരുന്നാള്‍ മൈതാനിയില്‍ സന്നിഹിതരായിരിക്കുന്നു. നമുക്ക് റമദാന് ശേഷവും അല്ലാഹുവിനോടുള്ള കരാര്‍ പുതുക്കിക്കൊണ്ടേയിരിക്കാം. അല്ലാഹു എല്ലാ കാലത്തും, പ്രദേശത്തും ആരാധിക്കപ്പെട്ട് കൊണ്ടേയിരിക്കും. (വിശ്വാസികളായ എന്റെ അടിമകളെ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങളെന്നെ ആരാധിച്ചാലും. എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും. പിന്നീട് നിങ്ങള്‍ എന്നിലേക്കാണ് മടങ്ങുക). അന്‍കബൂത്ത് 56,57.

അശ്രദ്ധയിലും വിനോദത്തിലും, ഉറക്കത്തിലും ആലസ്യത്തിലും റമദാന്‍ കഴിച്ച് കൂട്ടിവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങേണ്ടതുണ്ട്. ഇഹലോകം വഞ്ചനയുടെ വീടാണ്.

മരണം പൊടുന്നനെയാണ് പിടികൂടുക. (നിങ്ങളറിയാതിരിക്കെ ശിക്ഷ പൊടുന്നനെ വന്ന് പിടികൂടുന്നതിന് മുമ്പ് നിങ്ങളുടെ നാഥങ്കല്‍ നിന്ന് അവതരിപ്പിക്കനിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്കു ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കിക്കിട്ടിയ വേദത്തിലെ വചനങ്ങളെ പിന്‍പറ്റുക.

ആരും ഇങ്ങനെ പറയാന്‍ ഇടവരാതിരിക്കട്ടെ: ‘എന്റെ നാശം, അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഞാന്‍ വല്ലാതെ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ അതിനെ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയി). സുമര്‍ 55, 56.

ഏറ്റവും വലിയ പരീക്ഷണം ദീനിലെ പരീക്ഷണമാണ്. മുസ്ലിം ഉമ്മത്ത് നിലവില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പരീക്ഷണം ഭിന്നിപ്പും പിളര്‍പ്പുമാണ്. ഇഛകള്‍ അധികരിക്കുകയും, അഭിപ്രായങ്ങള്‍ വ്യത്യസ്തമാവുകയും ചെയ്യുന്നതോടെ ഹൃദയങ്ങള്‍ അകലുകയും മനസ്സുകള്‍ പരസ്പരം വെറുക്കുകയും ചെയ്യുന്നു. ഇഹലോകത്തും, പരലോകത്തും നാശം വിതക്കുന്ന മാരക രോഗമാണ് അത്. ഛിദ്രിച്ച സമൂഹത്തിന് ഇഹലോകത്ത് പിടിച്ച് നില്‍ക്കാനോ, ശരിയായ വിധത്തില്‍ ദീന്‍ നിലനിര്‍ത്താനോ സാധിക്കില്ല. മുസ്ലിം ഉമ്മത്തിനെ മുമ്പും ഇപ്പോഴും ദുര്‍ബലപ്പെടുത്തിയ ദുരന്തം ഈ ഭിന്നിപ്പ് തന്നെയായിരുന്നു. ഇഛയെയും ആഗ്രഹങ്ങളെയും പിന്‍പറ്റുന്നതിലൂടെയാണ് ഭിന്നിപ്പും പിളര്‍പ്പുമുണ്ടാവുന്നത്.

പ്രവാചകാനുചരന്മാരുടെ കാലത്ത് മുസ്ലിം ഉമ്മത്ത് ഭദ്രവും സുശക്തവുമായിരുന്നു. കാരണം മതം അവരെ ഭിന്നിപ്പിച്ചില്ല. അവര്‍ക്ക് ശേഷം വന്നവര്‍ ഭിന്നിക്കുകയും വിവിധ കക്ഷികളായി വേര്‍പിരിയുകയുമുണ്ടായി.

ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രം പഠിപ്പിക്കുന്നത് അവരെ ബാധിച്ച ഏറ്റവും വലിയ ദുരന്തവും പിളര്‍പ്പ് തന്നെയായിരുന്നു. തല്‍ഫലമായി അവരുടെ ദര്‍ശനം തന്നെ നശിച്ച് പോവുകയും അതിന് മങ്ങലേല്‍ക്കുകയുമുണ്ടായി. അവയില്‍ മാറ്റത്തിരുത്തലുകളും, കൈകടത്തലുകളും നടന്നു. യഥാര്‍ത്ഥ ദൈവിക നിയമത്തെ അവര്‍ ഉപേക്ഷിച്ചു. പരസ്പരം പോരടിച്ച് കലഹിച്ച് അവര്‍ നശിച്ച് കൊണ്ടേയിരുന്നു.

ക്രൈസ്തവര്‍ ഒരൊറ്റ സമൂഹമായിരുന്നു. പ്രവാചകന്‍ ഈസാ(അ)ന് കീഴില്‍ അവര്‍ ഒരുമയോടെ നിലനിന്നിരുന്നു. പക്ഷെ അവര്‍ ഭിന്നിക്കുകയും, പരസ്പരം തര്‍ക്കിക്കുകയും ചെയ്തതോടെ സത്യം നഷ്ടപ്പെടുകയും അടിസ്ഥാന വിശ്വാസമായ തൗഹീദില്‍ തന്നെ വെള്ളം ചേരുകയുമുണ്ടായി.

നിലവിലെ മുസ്ലിം ഉമ്മത്ത് പിളര്‍പ്പിലും ഭിന്നിപ്പിലുമാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്. ഇസ്ലാമിക ലോകത്തിന്റെ പല ഭാഗത്ത് നിന്നും രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവര്‍ നടത്തിയത് പോലുള്ള വക്രീകരണവും കൈകടത്തലുകളും ഈ സമൂഹം നടത്തിയിട്ടില്ലെന്നത് ആശ്വാസമേകുന്ന കാര്യമാണ്. വേദക്കാരുടെ അനുഭവം മുന്‍ നിര്‍ത്തി അല്ലാഹു നല്‍കുന്ന കല്‍പന നമുക്ക് മുന്നിലുണ്ട് (വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്). ആലുഇംറാന്‍ 105.

മുസ്ലിംകള്‍ പരസ്പരം ഐക്യപ്പെട്ട് ഹൃദയങ്ങള്‍ ചേര്‍ത്ത് ദൈവിക മാര്‍ഗത്തില്‍ നിലകൊള്ളുകയാണ് വേണ്ടത്. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുക അപ്രകാരം നിലകൊള്ളുന്ന സംഘങ്ങള്‍ക്കാണ്. നമുക്ക് ദൈവിക മാര്‍ഗത്തില്‍ ഒന്നിച്ചൊന്നായി അണിനിരക്കാം. ഭിന്നിപ്പും പിളര്‍പ്പും മാറ്റിവെച്ച് അല്ലാഹുവിന്റെ ദീന്‍ നമുക്ക് മുറുകെ പിടിക്കാം. ഇഹലോകത്തെ രക്ഷയും, പരലോകത്തെ വിജയവും കുടികൊള്ളുന്നത് നമ്മുടെ ഐക്യത്തിലാണ്.