Eid

ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും പെരുന്നാള്‍

ജീവിതത്തിന് നവോന്‍മേഷംപകര്‍ന്നുനല്‍കുന്ന പുതിയ ദിനമാണ് പെരുന്നാള്‍. ഇതരദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരേ ഒരു ദിനമാണ് പെരുന്നാള്‍ ദിനം. സുദീര്‍ഘമായ ജീവിതത്തില്‍ നാം അപൂര്‍വമായി അനുഭവിക്കുന്ന ഹ്രസ്വമായ നിമിഷങ്ങളാണ് അവ. അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ മഹത്തായ ഔദാര്യമാണത്. അവന്‍ നമുക്ക് പെരുന്നാള്‍ നിശ്ചയിക്കുകയും അതിനെ പരസ്പര കൂട്ടായ്മക്കുള്ള വേദിയാക്കുകയും ചെയ്തിരിക്കുന്നു. കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കപ്പെട്ട ഏതാനും നാളുകള്‍ക്ക് ശേഷമാണ് അവനത് സമ്മാനിക്കുന്നത്. പെരുന്നാള്‍ ദിനത്തിലാണ് പ്രസ്തുത ദിനങ്ങളോട് വിശ്വാസി യാത്ര പറയുന്നത്. അല്ലാഹു പ്രവാചകന് നല്‍കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്.

പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും നന്മ വര്‍ഷിക്കുമെന്നും ചുരുക്കം.
സമൂഹം മുഴുവന്‍ സന്തോഷിക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. നന്മയില്‍ നിന്ന് കൊളുത്തിയെടുത്ത് പൂര്‍ത്തീകരിക്കേണ്ട ഓരോ സ്വപ്‌നവുമായാണ് എല്ലാവരും പെരുന്നാളിനെ സമീപിക്കാറ്. അവയില്‍ ഏറ്റവും ഉന്നതമായ സ്വപ്‌നം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കലും, ജനസമൂഹത്തിന് സേവനമര്‍പ്പിക്കലും തന്നെയാണ്. എല്ലാവര്‍ക്കും സ്വപ്‌നവും ആശയും ഉണ്ടായിരിക്കും. എന്നാല്‍ വ്യക്തികളുടെ താല്‍പര്യം സമൂഹത്തിന് മുന്നില്‍ പ്രതിബന്ധമാവരുതെന്ന് ചുരുക്കം.
ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്. വിയോജിപ്പുകളിലും, ഭിന്നതകളിലും പരിഹാരത്തിന് ഏകീകൃത-സുസമ്മത കേന്ദ്രമുണ്ടാവുകയെന്നതാണ് അതിന്റെ ഏറ്റവും അഴകാര്‍ന്ന രൂപം. ഭരണാധികാരി ജനതയുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയോ, ഭരണാധികാരിയോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുന്നതില്‍ ജനത അലസത കാണിക്കുകയോ അരുത്. സുബദ്ധമായ അഭിപ്രായത്തിന് -അത് ആരില്‍ നിന്ന് തന്നെ ആയാലും- ചെവി കൊടുക്കുകയെന്നതും ഇതിന്റെ തന്നെ ഭാഗമാണ്. പ്രദേശത്തിന്റെയോ, വര്‍ണത്തിന്റെയോ, നിറത്തിന്റെയോ പേരില്‍ ഏതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ, നിഷേധിക്കപ്പെടുകയോ അരുത്. പരിപാവനമായ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ അണിയില്‍ സമൂഹത്തിലെ ഓരോ പൗരനും ചേര്‍ന്നുനില്‍ക്കേണ്ടതാണ്. അധിനിവിഷ്ട രാഷ്ട്രങ്ങളില്‍ പോരാടുന്ന മുജാഹിദുകളെ ഒന്നിപ്പിക്കാന്‍ ഇസ്‌ലാമിക ശരീഅത്തിനെക്കാള്‍ മഹത്തായ അടിസ്ഥാനമൂല്യം മറ്റെന്തുണ്ട്്?
ദയയും കാരുണ്യവും പ്രക്ഷേപിക്കുകയെന്നതും പെരുന്നാള്‍സന്ദേശങ്ങളില്‍ പെട്ടതാണ്. പരസ്പരം കരുണകാണിക്കുന്ന സമൂഹം എത്ര മനോഹരമായിരിക്കും! നമുക്കിടയില്‍ എത്രയെത്ര ദരിദ്രരും, കഷ്ടപ്പാടനുഭവിക്കുന്നവരുമുണ്ട്? ഒരു നേരത്തെ ഭക്ഷണം കയ്യിലില്ലാത്ത അവര്‍, കുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അല്ലാഹു മനുഷ്യ ഹൃദയത്തില്‍ നിക്ഷേപിച്ച കാരുണ്യം ഭൂമിക്കുമുകളില്‍ ഒരു ദരിദ്രനെയും കണ്ണീരൊലിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല. നമ്മുടെ സമൂഹത്തില്‍ അനാഥകളുണ്ട്. മാതാപിതാക്കളുടെ വാല്‍സല്യവും സ്‌നേഹവും ഉപദേശവും നഷ്ടപ്പെട്ടവരാണ് അവര്‍. അനാഥകളോടുള്ള ബാധ്യതയും, അവരെ സംരക്ഷിച്ചാലുള്ള പ്രതിഫലവും നമുക്ക് നന്നായറിയാം. പക്ഷേ പ്രായോഗിക ജീവിതത്തില്‍ നാമത് നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നു.
നമുക്കിടയില്‍ വിധവകളും വിവാഹമോചിതകളുമുണ്ട്. അവരുടെ കണ്ണുകളിലെ പ്രഭ മങ്ങിയിരിക്കുന്നു. ജനങ്ങളുടെ സഹതാപത്തോടെയുള്ള തുറിച്ചുനോട്ടം ആ നിര്‍ഭാഗ്യവതികളുടെ കണ്ണുകളില്‍ അവശേഷിച്ചതിളക്കത്തെയും ഊതിക്കെടുത്തിയിരിക്കുന്നു. നമുക്കിടയില്‍ ഒരുപാട് സാമൂഹികസേവകരും പ്രവര്‍ത്തന കേന്ദ്രങ്ങളും ഉണ്ടായിരിക്കെ തന്നെ ഈ രണ്ടുവിഭാഗങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു. തേങ്ങലുകളടക്കി വിങ്ങുന്ന ഹൃദയവുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് അവര്‍. ജയിലുകളില്‍ തടവിലാക്കപ്പെട്ട, പെരുന്നാള്‍ സന്തോഷം നിഷേധിക്കപ്പെട്ട നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമുണ്ട്. കര്‍ശനമായ നിയമം കാരണം നമുക്കവരെ സന്ദര്‍ശിക്കാന്‍ പോലും സാധിക്കില്ല.
ഐക്യവും ഒരുമയുമില്ലാത്ത പെരുന്നാളിന് മധുരം നല്‍കാനാകുമോ? വിട്ടുവീഴ്ചയും കാരുണ്യവുമില്ലാത്ത പെരുന്നാളിന് അഴകുപ്രസരിപ്പിക്കാനാകുമോ?  നമുക്ക് നമ്മുടെ സാംസ്‌കാരിക മിമ്പറുകളെ ഐക്യാഹ്വാനത്തിന്റെ ജിഹ്വകളാക്കി മാറ്റിക്കൂടെ? കാരുണ്യവും നന്മയും പ്രചരിപ്പിക്കാന്‍ സാമൂഹിക ഐക്യം നമുക്ക് മുറുകെ പിടിച്ചുകൂടെ? തിന്മയുടെയും പാപങ്ങളുടെയും കൊട്ടാരങ്ങള്‍ നമുക്ക് തച്ചുതകര്‍ത്തു കൂടെ? സമൂഹത്തിന്റെ ഹൃദയമിടിപ്പറിയാത്ത ഒരു പൗരനും നമുക്കിടയിലുണ്ടാവാന്‍ പാടില്ല. സമൂഹ നിര്‍മാണത്തില്‍ പങ്കാളിയാവാതെ ഒരു സ്ത്രീയും പുരുഷനും എഴുന്നേറ്റുനില്‍ക്കരുത്. കാലം എത്ര തന്നെ കടന്നുപോയാലും, തിന്മകള്‍ എത്ര തന്നെ നിറഞ്ഞൊഴുകിയാലും സത്യം പുറത്തുവരികയും തിന്മയുടെ പ്രതീകങ്ങളെ തകര്‍ത്തുകളയുകയും ചെയ്യുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ എല്ലാ ഊടുവഴികളിലേക്കും, ഗ്രാമത്തിലേക്കും, കുടിലുകളിലേക്കും നന്മയുടെയും ഐക്യത്തിന്റെയും പ്രകാശമെത്തിക്കുകയെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടുംപ്രയാസകരമല്ല.