Fathwa റമദാനും ആരോഗ്യവും

വാര്‍ധക്യം, ഗര്‍ഭം, മുലയൂട്ടല്‍

നോമ്പ് നോറ്റാല്‍ കഠിനമായ പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്ന പടുവൃദ്ധന്നും വൃദ്ധക്കും റമദാനിലെ നോമ്പ് ഒഴിവാക്കാവുന്നതാണ്. രോഗം ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും നോമ്പ് ഒഴിവാക്കാം.

രോഗം ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതെന്നോ വിട്ടുമാറാന്‍ സാധ്യതയില്ലാത്തതെന്നോ ഡോക്ടര്‍ വിധിച്ചാല്‍ ആ രോഗിക്ക് നോമ്പ് ഒഴിവാക്കാം. അവര്‍ ഓരോ ദിവസത്തിനും ഓരോ അഗതിക്ക് ആഹാരം നല്കണം. അല്ലാഹു അനുവദിച്ച ഒരിളവാണിത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ആഗ്രഹിക്കുന്നത്. ക്ലേശമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല.’
‘ദീനില്‍ നിങ്ങള്‍ക്കവന്‍ ഒരു ക്ലേശവും ഉണ്ടാക്കിയിട്ടില്ല.’

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘പടുവൃദ്ധനു നോമ്പ് ഒഴിക്കാനും പകരം ഓരോ ദിവസവും ഒരു അഗതിക്ക് ആഹാരം നല്‍കാനും അനുമതിയുണ്ട്. അയാള്‍ നോമ്പു നോറ്റുവീട്ടേണ്ടതില്ല.’ ‘വഅലല്ലദീന യുത്വീഖൂനഹു ഫിദ്‌യതുന്‍ ത്വആമു മിസ്‌കീന്‍’ എന്ന ഖുര്‍ആന്‍ വാക്യം പടുവൃദ്ധന്‍മാരെയും തത്തുല്യരായ ആളുകളെയും സംബന്ധിച്ചാണ് അവതരിപ്പിച്ചതെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പടുവൃദ്ധന്‍, പടുവൃദ്ധ, വിട്ടുമാറാത്ത രോഗം ബാധിച്ചവര്‍ എന്നിവര്‍ നോമ്പെടുക്കേണ്ടതില്ല. ഓരോ ദിവസത്തിനും ഒരു അഗതിക്ക് ആഹാരം നല്കിയാല്‍ മതി.
നോമ്പുനോറ്റാല്‍ ഗര്‍ഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗര്‍ഭിണിയും നോമ്പെടുക്കേണ്ടതില്ല. പക്ഷേ, ഈ ഭയം മതനിഷ്ഠയുള്ള ഒരു വിദഗ്ധ ഭിഷഗ്വരന്‍ സ്ഥിരീകരിച്ചിരിക്കണം. എങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഗര്‍ഭിണിക്ക് നോമ്പ് ഒഴിക്കാം. ‘നിങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലരുത്’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ആദരണീയമായ ഒരസ്തിത്വമാണ്. അതിന്റെ കാര്യം അവഗണിച്ച് അതിനെ മരണത്തിലേക്ക് തള്ളിവിടാന്‍ ഒരു സ്ത്രീക്കോ പുരുഷന്നോ അവകാശമില്ല. അല്ലാഹു തന്റെ ദാസന്‍മാരെ ഒരിക്കലും വിഷമിപ്പിക്കുന്നില്ല. ‘വ അലല്ലദീന യുത്വീഖൂനഹു ഫിദ്‌യതുന്‍ ത്വആമു മിസ്‌കീന്‍’ എന്ന സൂക്തം ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും കൂടി ഉള്‍പ്പെടുത്തുമെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഗര്‍ഭിണിയും മുലയൂട്ടുന്നവളും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കിക്കുന്ന പക്ഷം അവര്‍ക്ക് നോമ്പ് ഒഴിവാക്കാമെന്നും അവര്‍ പിന്നീടത് നോറ്റുവീട്ടിയാല്‍ മാത്രം മതിയെന്നും ഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ അവര്‍ രോഗിയുടെ സ്ഥാനത്താണ്.
എന്നാല്‍, ഗര്‍ഭസ്ഥശിശുവിന്റെയോ പാലുണ്ണുന്ന പ്രായത്തിലുള്ള കുട്ടിയുടെയോ കാര്യത്തിലാണ് ആശങ്കയെങ്കില്‍ അവര്‍ക്ക് നോമ്പ് ഒഴിക്കാമെന്ന് ഏകകണ്ഠമായി സമ്മതിക്കുന്ന പണ്ഡിതര്‍, അവരത് നോറ്റുവീട്ടേണ്ടതുണ്ടോ, അതോ അഗതിക്ക് ആഹാരം നല്കിയാല്‍ മതിയോ, അതോ രണ്ടും വേണമോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്നു. ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ് തുടങ്ങിയവര്‍ അഗതിക്ക് ആഹാരം നല്കിയാല്‍ മതി എന്ന അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഭൂരിപക്ഷവും നോറ്റുവീട്ടുകയാണ് വേണ്ടത് എന്നു കരുതുന്നു. രണ്ടും വേണം എന്നു വാദിക്കുന്ന ഒരു വിഭാഗം പണ്ഡിതരുമുണ്ട്. എന്റെ അഭിപ്രായത്തില്‍ ഗര്‍ഭവും മുലയൂട്ടലും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അഗതിക്ക് ആഹാരം നല്കിയാല്‍ മാത്രം മതിയാകും. കാരണം, നോറ്റുവീട്ടാനുള്ള ഒരവസരം അവര്‍ക്കുണ്ടാവില്ല. ഒരു വര്‍ഷം ഗര്‍ഭിണി; അടുത്ത വര്‍ഷം മുലയൂട്ടല്‍; അതിന്നടുത്ത വര്‍ഷം വീണ്ടും ഗര്‍ഭിണി- ഇങ്ങനെയുള്ള ഒരു സ്ത്രീക്ക് നോമ്പുനോറ്റുവീട്ടാന്‍ സമയമെവിടെ! ഗര്‍ഭമോ മുലയൂട്ടലോ മൂലം വിട്ടുകളഞ്ഞ നോമ്പുകളെല്ലാം വീട്ടണമെന്ന് നിര്‍ബന്ധിക്കുന്ന പക്ഷം ഗര്‍ഭവും മുലയൂട്ടലും അവസാനിച്ചശേഷം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അവര്‍ വ്രതം അനുഷ്ഠിക്കേണ്ടതായി വരും. ഇത് ക്ലേശകരമാണ്. അല്ലാഹു തന്റെ മനുഷ്യര്‍ക്ക് ക്ലേശമുണ്ടാക്കണമെന്ന് ഉദ്ദേശിക്കുന്നില്ല.
റമദാനില്‍ സുഗന്ധദ്രവ്യങ്ങളുപയോഗിക്കാമോ എന്നതാണ് മൂന്നാമത്തെ ചോദ്യം. ഉപയോഗിക്കാം, റമദാനില്‍ സുഗന്ധദ്രവ്യങ്ങളുപയോഗിക്കു