Fathwa

ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും

നോമ്പുകാരന്‍ പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിനെയും ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നതിനെയും പറ്റി താങ്കളുടെ അഭിപ്രായമെന്താണ്  ?

മധ്യാഹ്‌നത്തിന് മുമ്പ് പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് മറ്റെല്ലാ കാലത്തുമെന്നപോലെ റമദാനിലും അഭികാമ്യമാണ്. എന്നാല്‍, മധ്യാഹ്‌നത്തിനുശേഷം അത് ചെയ്യുന്നതിനെപറ്റി കര്‍മശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ചിലരുടെ വീക്ഷണത്തില്‍ അത് കറാഹത്താണ്. ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം, നോമ്പുകാരുടെ വായ്ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും’ എന്ന തിരുവചനമാണ് അതിന് നിദാനം. ഈ ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ സുഗന്ധമായി മാറുന്ന കാലത്തോളം അത് നീക്കിക്കളയുന്നത്

ഒരു മുസ്്‌ലിമിന് നന്നല്ല എന്നാണവരുടെ പക്ഷം. രക്തസാക്ഷിയുടെ മുറിവില്‍നിന്ന് ഒഴുകുന്ന രക്തത്തോടാണ് അവരതിനെ സമീകരിക്കുന്നത്.’ രക്തസാക്ഷികളെ അവരുടെ രക്തത്തോടും വസ്ത്രത്തോടും കൂടി പൊതിയുക. അന്ത്യദിനത്തില്‍ അതേ അവസ്ഥയിലാണവര്‍ പുനര്‍ജീവിപ്പിക്കപ്പെടുക. അവരുടെ നിറം രക്തത്തിന്റേതും ഗന്ധം കസ്തൂരിയുടേതുമായിരിക്കും’ എന്ന് റസൂല്‍ തിരുമേനി പറയുകയുണ്ടായി. ഇക്കാരണത്താല്‍ യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്ന യോദ്ധാവിനെ കുളിപ്പിക്കുകയോ രക്തപ്പാടുകള്‍ നീക്കിക്കളയുകയോ ചെയ്യാതെ മറമാടുകയാണ് പതിവ്. നോമ്പുകാരന്റെ വായിലെ ഗന്ധത്തെ രക്തസാക്ഷിയുടെ ഈ അവസ്ഥയോടാണ് ഉപമിക്കുന്നത്.
എന്നാല്‍, ഈ സാമ്യാനുമാനം ശരിയല്ല എന്നാണെന്റെ പക്ഷം. രക്തസാക്ഷിയുടേത് ഒരു പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല, ചില സഹാബികളില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത് പ്രകാരം തിരുദൂതര്‍ നോമ്പുകാരനായിരക്കെ എത്രയോ തവണ ദന്തശുദ്ധി വരുത്തുക പതിവായിരുന്നു. അതിനാല്‍, നോമ്പ് കാലത്ത് ഏതു നേരത്തും ദന്തശുദ്ധിവരുത്തുകയെന്നത് – പകലിന്റെ ആരംഭത്തിലോ അവസാനത്തിലോ ആകട്ടെ- നല്ല കാര്യമാണ്. നോമ്പിന്റെ മുമ്പും പിമ്പും അഭികാമ്യമായ അക്കാര്യം നോമ്പുകാലത്തും അതെ. തിരുദൂതര്‍ സ്വീകരിക്കാന്‍ ഉപദേശിച്ച ഒരു ചര്യയാണത്. ‘ദന്തശുദ്ധി വരുത്തല്‍ വായയെ ശുദ്ധീകരിക്കുന്നതും നാഥനെ തൃപ്തിപ്പെടുത്തുന്നതുമാണ്’ എന്ന് റസൂല്‍ തിരുമേനി പറയുകയുണ്ടായി.
എന്നാല്‍ ടൂത്‌പേസ്റ്റിന്റെ ഉപയോഗത്തില്‍, അതിലല്പം പോലും ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുവാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. അത് ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. അതിനാല്‍, നോമ്പു സമയത്ത് അത് ഉപേക്ഷിക്കുകയും നോമ്പ് തുറന്ന ശേഷം ഉപയോഗിക്കുകയും ചെയ്യുന്നതാണുത്തമം. എന്നാല്‍, വളരെ കരുതലോടെ ഉപയോഗിച്ചിട്ടും അബദ്ധവശാല്‍ അതിലല്പം ഉള്ളില്‍ പ്രവേശിച്ചുവെങ്കില്‍ അത് പൊറുക്കപ്പെടാവുന്നതാണ്. ‘നിങ്ങള്‍ക്ക് അബദ്ധം പിണയുന്നുവെങ്കില്‍ കുറ്റമില്ല; പക്ഷേ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില്‍ അല്ലാഹു നിങ്ങളെ പിടികൂടും’ എന്ന് അല്ലാഹു വ്യക്തമാക്കുന്നു. ‘ പിഴകളും മറവിയും നിര്‍ബന്ധിതമായി ചെയ്യുന്നതും എന്റെ സമുദായത്തില്‍നിന്ന് അല്ലാഹു എടുത്തുമാറ്റിയിരിക്കുന്നു’ എന്ന് തിരുദൂതരും പഠിപ്പിക്കുകയുണ്ടായി.