Fathwa

തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ വീട്ടില്‍ വെച്ച് തറാവീഹ് നമസ്‌കരിച്ചാല്‍ പള്ളിയില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന് ചിലര്‍ പറയുന്നു. പള്ളിയിലാകുമ്പോള്‍ ഭക്തിയുളവാക്കുന്ന ഖുര്‍ആന്‍ പാരായണം കേള്‍ക്കാം. ഏതാനും സൂറത്തുകള്‍ മാത്രം മനഃപാഠമുള്ള സ്ത്രീകള്‍ വീട്ടില്‍ വെച്ചുള്ള തറാവീഹ് നമസ്‌കാരത്തില്‍ അവ ആവര്‍ത്തിക്കേണ്ടിവരുമ്പോള്‍ പള്ളിയിലാണെങ്കില്‍ ഒരു മാസം കൊണ്ട് ഇമാം ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ കഴിയും. എല്ലാവരും ഒന്നിച്ച് നമസ്‌കരിക്കുമ്പോള്‍ സാഹോദര്യ ചിന്തയും ഐക്യബോധവും ഉളവാകാറുമുണ്ട്. ഈ ഗുണങ്ങളെല്ലാമുണ്ടായിരിക്കെ, സ്ത്രീകളുടെ തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ചാകുമ്പോള്‍ പ്രതിഫലം കുറയുന്നതെങ്ങനെ?
പുരുഷന്മാര്‍ കൂടുതല്‍ പ്രതിഫലത്തിനുവേണ്ടി പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ സ്ത്രീകള്‍ വീട്ടില്‍ വെച്ച് നമസ്‌കരിച്ചാല്‍ തന്നെ പൂര്‍ണമായി പ്രതിഫലം ലഭിക്കുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കാരത്തിന് പങ്കെടുക്കുന്നത് നബി(സ) വിലക്കിയിട്ടില്ല. അല്ലാഹുവിന്റെ ദാസിമാര്‍ക്ക് അവന്റെ ഭവനം വിലക്കരുതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ വെച്ചും നമസ്‌കരിച്ചിരുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് പള്ളിയിലെ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിന് സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. നമസ്‌കാരത്തിന്റെ പ്രതിഫലത്തിനു പുറമെ ഖുര്‍ആന്‍ പാരായണം കേള്‍ക്കല്‍, മതപരമായ കാര്യങ്ങള്‍ പഠിക്കല്‍, കുട്ടികള്‍ക്ക് ഇസ്്‌ലാമിക വിഷയങ്ങളില്‍ പഠനവും പരിശീലനവും നല്‍കല്‍, മറ്റുള്ളവരെ സഹായിക്കല്‍, ഐക്യബോധം തുടങ്ങിയ ധാരാളം നല്ല കാര്യങ്ങള്‍ക്കുള്ള അവസരവവും അതിന്റെ പ്രതിഫലവും പള്ളിയില്‍ വെച്ചുള്ള നമസ്‌കാരത്തിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കും.